-->

kazhchapadu

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

Published

on

പാതി തുറന്നിട്ട ചില്ലുജാലകത്തിനിടയിലൂടെ അകത്തേക്ക് കയറിവന്ന തണുത്ത കാറ്റിന്റെ തലോടലേറ്റ്, പുറത്ത് തൂക്കിയിട്ട നീലയും മഞ്ഞയും കലർന്ന ചതുരാകൃതിയിലുള്ള കൂട്ടിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന തൂവെള്ള നിറത്തിലുള്ള ഫിഞ്ചസ് രണ്ടും കൊക്കുരുമ്മി നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ മനസ്സിൽ അസ്വസ്ഥത ഇടിവാളായി പുളഞ്ഞു. സ്വീകരണമുറിയുടെ മൂലയിൽ മരം കൊണ്ടുണ്ടാക്കിയ ഉയരമുള്ള സ്റ്റാൻഡിൽ വെച്ച വൈൻ ഗ്ലാസിൽ അവൻ ശ്വാസം മുട്ടലോടെ മുകളിലേക്കും താഴേക്കും നീന്തിക്കൊണ്ടിരുന്നു. ഉയർന്ന ഹീലുള്ള ലേഡീസ് ചെരുപ്പിന്റെ കീഴറ്റം പോലെയുള്ള നേർത്ത ഗ്ലാസ് ചീളിലായിരുന്നു ആ വൈൻ ഗ്ലാസ് നിന്നിരുന്നത്. 

തൊട്ടുതാഴെയുള്ള ചെറിയ ടാങ്കുകളിൽ മോളിയും എയ്ഞ്ചലും ഗ്രീൻ സീബ്രയും ഗോൾഡുമെല്ലാം ഉല്ലാസത്തോടെ നീന്തി രസിക്കുന്നു. താൻ മാത്രം ഒറ്റക്ക് ഒരു ഗ്ലാസിൽ. തൊട്ടപ്പുറത്ത് വൃത്താകൃതിയിലുള്ള മറ്റൊരു ബൗളിൽ നീലവർണ്ണമുള്ള സുന്ദരിയായ ഫീമെയിൽ ഫൈറ്ററും ഏകാന്തത മൂലം അസ്വസ്ഥയാണ്. അവളെ എന്തിനാണ് ഒറ്റക്ക് ബൗളിൽ ഇട്ടതെന്ന് മാത്രം അവന് മനസ്സിലായില്ല. അവളുടെ ബൗളിന് താഴെയുള്ള അക്വെറിയത്തിൽ ഒരുപാട് ഫീമെയിൽ ഫൈറ്റേഴ്സ് ഒരുമിച്ചു കളിക്കുന്നുണ്ടല്ലോ? 

പിന്നെ താൻ ഒറ്റക്കായിപ്പോയതിന് കാരണം ചില മനുഷ്യരുടെ അറിവില്ലായ്മയാണ്. ആക്രമണ സ്വഭാവമുള്ളവരാണ് തങ്ങളുടെ ജനുസ്സെന്നാണ് എല്ലാവരുടെയും ധാരണ. കൂടെ ആരെ ഇട്ടാലും അവരെയൊക്കെ ആക്രമിച്ചു നശിപ്പിക്കും, അതുകൊണ്ടാണ് ഫൈറ്റർ എന്ന പേര് വന്നതെന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണയുടെ അനന്തരഫലമാണ് ഈ ഒറ്റപ്പെടൽ. ഏതോ ചില മനുഷ്യരുടെ അറിവില്ലായ്മയും അന്ധവിശ്വാസവും കൊണ്ട് ഇരുട്ടിലായിപ്പോകുന്നത് ഒരു വിഭാഗത്തിന്റെ ജീവിതമാണ് എന്ന് എപ്പോഴാണ് ഇവർ തിരിച്ചറിയുക? അന്ധവിശ്വാസം മൂത്ത് സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന ഇവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്? 

കാര്യങ്ങൾ അറിയില്ലെങ്കിൽ പഠിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും തങ്ങളുടെ കൂടെ ആരെയെങ്കിലും ഒന്നിച്ചു വെച്ചു നോക്കണം. അല്ലാത്ത കാലത്തോളം  മനുഷ്യരുടെ ഇത്തരം അബദ്ധ വിശ്വാസങ്ങൾക്ക്‌ പകരം നൽകേണ്ടത് മടുപ്പിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലുമാണ്. ഇവരെന്തിനാണ് ഓസ്‌കാറിനെയും കോയികാർപ്പിനെയും പ്ലാറ്റിയെയുമൊക്കെ വെവ്വേറെ ടാങ്കിൽ ഇട്ടിരിക്കുന്നത്? മനുഷ്യരെപ്പോലെ പരസ്പരം തല്ലുകൂടുമെന്ന് വിചാരിച്ചിട്ടാണോ? പല വിഭാഗങ്ങളാണെങ്കിലും അങ്ങനെ തല്ലുകൂടി ചാവുന്നവരല്ല എല്ലാ അലങ്കാരമത്സ്യങ്ങളുമെന്ന് മനസ്സിലാവണമെങ്കിൽ വെറും കച്ചവടം ചെയ്താൽ മാത്രം പോരാ, ഞങ്ങളുടെ മനഃശാസ്ത്രം കൂടി അറിയണം. ഗപ്പികൾക്കെല്ലാം കൂടി ഒറ്റ ടാങ്കേ ഉള്ളുവല്ലോ. അതിൽ ഹാഫ് ബ്ലാക്കും കോയി ടെക്സിഡോയും വയലറ്റ് കോബ്രയുമെല്ലാം ഒരുമിച്ച് അടിച്ചുപൊളിക്കുന്നു.

"അച്ഛാ, കോക്ക്ടെയ്ലിനെ കിട്ടിയോ?" പത്താം ക്ലാസ്സിൽ പഠിക്കുന്ന അനുമോൾ, കടയിലേക്ക് പോകും മുമ്പ് പത്രം മറിച്ചുനോക്കി സോഫയിൽ ഇരിക്കുകയായിരുന്ന രാജനോട് ചോദിച്ചപ്പോഴാണ് അവന്റെ ചിന്തകൾക്ക് മുറിവേറ്റത്. "ഇല്ല മോളെ, അച്ഛൻ ഒരുപാട് ആളുകളോട് അന്വേഷിച്ചു. എവിടെയും ഇല്ല. മാത്രമല്ല നമുക്ക് ഫീമെയിൽ വേണ്ടേ? ഇപ്പോ കിട്ടാനില്ലത്രെ. നോക്കാം." അയാൾ പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി. പെറ്റ്സ് വില്ല എന്ന് പേരുള്ള ആ വീടിന്റെ മുൻഭാഗത്തുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ പോയാൽ അയാളുടെ പെറ്റ് ഷോപ്പാണ്. കടയുടെ പേര് പെറ്റ്സ് ഐലന്റ് എന്നാണ്. 'Pets can tell stories' എന്നാണ് അയാളുടെ കടയുടെ നെയിം ബോർഡിലും വീടിന്റെ ചുവരിൽ ഘടിപ്പിച്ച ഫലകത്തിലും എഴുതിവെച്ചിരിക്കുന്ന ക്യാപ്ഷൻ. 

അലങ്കാരമത്സ്യങ്ങളും പക്ഷികളും മുതൽ വിലകൂടിയ പേർഷ്യൻ പൂച്ചകളും ജർമ്മൻ പട്ടികളും മാത്രമല്ല, എല്ലാത്തിന്റെയും ഭക്ഷണസാധനങ്ങളും മരുന്നുകളും അവിടെ കിട്ടും. കൂടാതെ ചെടികളും ചെടിച്ചട്ടികളും. വീട്ടിൽ തിലോപ്പിയ അടക്കമുള്ള വളർത്തു മീനുകളുടെയും ചെടികളുടെയും സാഗരം തന്നെയുണ്ട് അയാൾക്ക്. വീടിന്റെ പിന്നിലെ പറമ്പിൽ ഗപ്പികൾ വളർത്താനുള്ള കൃത്രിമ തടാകങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് കുഞ്ഞുഗപ്പികൾ അതിൽ വളരുന്നുണ്ട്. കൂടാതെ ബ്രീഡിങ്ങിനുള്ള സൗകര്യങ്ങളും അവിടെ അയാൾ സെറ്റ് ചെയ്തിട്ടുണ്ട്. അയാളുടെ സ്വീകരണമുറി തന്നെ മറ്റൊരു കട പോലെയാണ്. അലങ്കാരമത്സ്യങ്ങളുടെയും ഇൻഡോർ പ്ലാന്റുകളുടെയും ഒരു കലവറ. പുറത്തും വരാന്തയിലുമായി ലൗ ബേർഡ്സിന്റെ കോലാഹലങ്ങളും. അതോടൊപ്പം വരാന്തയിൽ പലവർണ്ണങ്ങളിലും വ്യത്യസ്ത ആകൃതികളിലുമുള്ള പ്ലാസ്റ്റിക് ചെടിച്ചട്ടികൾ തൂങ്ങിക്കിടക്കുന്നു. അതിലെല്ലാം പലതരത്തിലുള്ള ചെടികൾ വളർന്നിട്ടുണ്ട്. ഒറ്റനോട്ടത്തിൽ മഴവില്ല് താഴേക്കിറങ്ങി വന്നത് പോലെ.

അകത്തു നിന്നും പേർഷ്യൻ വിഭാഗത്തിൽ പെട്ട ഡോൾ ഫെയ്സ് മാർജാരൻ ഒച്ചയുണ്ടാക്കിക്കൊണ്ട് ഓടിവന്ന് അനുമോളുടെ കാലിനിടയിലൂടെ നടന്നു. 'എന്റെ തങ്കൂ..'. എന്ന് വിളിച്ചു കൊണ്ട് അവൾ അതിനെ കോരിയെടുത്ത് സോഫയിൽ ഇരുന്ന് കൊഞ്ചിച്ചു. അവന്റെ അഹങ്കാരം കണ്ടില്ലേ? അനുമോളുടെ കൂടെയാണ് അവന്റെ നടത്തവും ഉറക്കവുമെല്ലാം. ഇതെല്ലാം കാണുമ്പോഴാണ് ഉള്ളിൽ ദേഷ്യം അരിച്ചുകയറുന്നത്. ഇവനെന്തിനാണ് തങ്കു എന്ന പേരിട്ടത്? സാധാരണ പെൺപൂച്ചകൾക്കല്ലേ ഇങ്ങനെയുള്ള പേരുകൾ ഉണ്ടാവുക? അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു അല്ലെ?

ഈ ഗ്ലാസ്സിനകത്തു നിന്നെങ്കിലും ഒന്നു രക്ഷപ്പെടാൻ പറ്റിയെങ്കിൽ? അല്ലെങ്കിൽ എല്ലാരുടെയും കൂടെ ഒന്ന് കളിക്കാനെങ്കിലും...? ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൻ വൈൻ ഗ്ലാസ്സിന്റെ താഴേക്ക് പോയി അനങ്ങാതെ കിടന്നു. താഴെ നീല സ്റ്റിക്കറൊട്ടിച്ച ടാങ്കിൽ ഗപ്പികളുടെ വിളയാട്ടമാണ്. അതൊക്കെ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതയും അരിശവും എവിടുന്നൊക്കെയോ കയറി വരും. മിക്ക കുട്ടികൾക്കും ഗപ്പി മതി. വില കൂടിയത് കൊണ്ടായിരിക്കും താൻ ഇങ്ങനെ ആർക്കും വേണ്ടാതെ പുര നിറഞ്ഞു നിൽക്കുന്നത്. എത്ര കാലമായി ആഗ്രഹിക്കുന്നു ഒരു മാറ്റം.  ഇന്നാണെങ്കിൽ ഭക്ഷണവും കിട്ടിയില്ല. അല്ലെങ്കിലും സാദാ ലോക്കൽ മീനുകൾക്ക് കൊടുക്കുന്ന ഭക്ഷണമൊന്നും തനിക്ക് വായിൽ വെക്കാൻ കൊള്ളാറില്ല. എത്ര കാലമായി നല്ലൊരു റോയൽ ചാമ്പ്യൻ ബേട്ടാ ഫുഡ്‌ കഴിച്ചിട്ട്. ഏറ്റവും ചുരുങ്ങിയത് ഒപ്റ്റിടിമം ബേട്ടയെങ്കിലും കിട്ടിയില്ലെങ്കിൽ വയറിനു ഒരു സുഖവുമുണ്ടാവില്ല. അവൻ രോഷത്തോടെ ഗ്ലാസിനു ചുറ്റും നീന്തിക്കൊണ്ടിരുന്നു. പട്ടം പോലെ വിശാലമായ വാലാട്ടിക്കൊണ്ട് അവൻ അതിൽ ചുറ്റിക്കറങ്ങി. ഒറ്റക്കളറിൽ ഫുൾ മൂണായിട്ടും തനിക്ക് ഒരു വിലയുമില്ല ഇവിടെ. "കമോൺ അപ്പൂ ലെറ്റസ്‌ പ്ലെ." ഒരു മാസം മുമ്പ് വന്ന  പുതിയ നായക്കുട്ടിയെ കയ്യിലെടുത്തു കൊണ്ട് മൂത്തവൻ അനുരാഗ് അങ്ങോട്ടേക്ക് വന്നു. ബെൽജിയൻ മെലിനോയ്സും ബുൾ ടെറിയറും ജർമ്മൻ ഷേപ്പേർഡുമൊക്കെ വാഴുന്നിടത്ത് താനൊക്കെ അധികപ്പറ്റാണ്.

 "മോളെ സുമേ, ഞാൻ കടയിലേക്ക് പോകട്ടെ." അയാൾ പത്രം മാറ്റിവെച്ചു കൊണ്ട് എഴുന്നേറ്റു. ഉടുത്ത സാരിയുടെ അറ്റത്ത് കൈകൾ തുടച്ചുകൊണ്ട് സുമ അടുക്കളയിൽ നിന്നും അവിടേക്ക് വന്നു. "നിങ്ങൾക്ക് ബ്രേക്ക്‌ഫാസ്റ്റ് വേണ്ടേ? ഇനി ഉച്ചക്കല്ലേ വരൂ രാജേട്ടാ, കഴിച്ചിട്ട് പോയ്ക്കൊ." അവളുടെ വാക്കുകളിൽ സ്നേഹം വരിഞ്ഞൊഴുകി. "വേണ്ടെടീ, വിശപ്പില്ല. ഉച്ചക്ക് വരാം. നിനക്കറിയാലോ തൊട്ടടുത്ത് മറ്റൊരു ഷോപ്പ് കൂടി തുടങ്ങുന്നുണ്ട്. ഇപ്പൊ എല്ലായിടത്തും പെറ്റ് ഷോപ്പുകളുടെ ചാകരയാണ്." അയാളുടെ ശബ്ദം അസ്വസ്ഥവും പരുഷവുമായിരുന്നു. "അതൊന്നും സാരമില്ല രാജേട്ടാ. നമുക്കുള്ളത് നമുക്ക് കിട്ടും. നിങ്ങൾ ടെൻഷനാവാതിരുന്നാൽ മതി." സാരിയുടെ തുമ്പ് കൊണ്ട് നെറ്റിയിലെ വിയർപ്പുതുള്ളികൾ അമർത്തിത്തുടച്ചു കൊണ്ട് സുമ പറഞ്ഞു. "ഉം. ഇതിനെപ്പറ്റിയുള്ള ഹരിശ്രീ പോലും അറിയാതെയാണ് ഓരോരുത്തർ പെറ്റ്സ് ഷോപ്പ് തുടങ്ങുന്നത്. ഇതിൽ നിന്നും വാരിക്കൊണ്ട് പോകാം എന്ന് വിചാരിച്ചിട്ടാണ് എല്ലാവരും വന്ന് ചാടുന്നത്. കുറച്ചു കഴിയുമ്പോൾ മനസ്സിലായിക്കോളും." 

അത് കേട്ടപ്പോൾ ഒന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നി അവന്. ഇത്രയും ദിവസങ്ങൾക്കിടയിൽ മനസ്സിന് ഇത്രയധികം സന്തോഷിക്കാനുള്ള അവസരമുണ്ടായിട്ടില്ല. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്നത് ഇതാണ്. അതിൽ കിടന്ന് ഒന്ന് ഡാൻസ് ചെയ്യണമെന്ന് വരെ തോന്നി അവന്.

തന്റെ ആദ്യത്തെ കടയുടെ ഉടമസ്ഥൻ നല്ല സ്നേഹമുള്ള ആളായിരുന്നു. ദിവസവും രാവിലെ ഓപ്ടിമം ബേട്ട ഇട്ടുതരും. മാത്രമല്ല ദിനേന വെള്ളം മാറ്റി വൃത്തിയായി സൂക്ഷിക്കും. അയാൾക്ക് അവിടുത്തെ മത്സ്യങ്ങളെല്ലാം സ്വന്തം മക്കളെപ്പോലെയാണ്. ചിലപ്പോൾ ബൗളിന്റെ അടുത്ത് വന്ന് തന്റെ ചലനങ്ങൾ വീക്ഷിക്കും. കൈകൾ ബൗളിലേക്ക് ചേർത്ത് വെക്കുമ്പോൾ താൻ ആ ഭാഗത്തേക്ക്‌ നീന്തിച്ചെല്ലും. എത്ര ദീപ്തവും പ്രസന്നവുമായിരുന്നു ആ നാളുകൾ. ഇത്രത്തോളം ഒറ്റപ്പെടലും മൂകതയും അനുഭവപ്പെട്ടിരുന്നില്ല. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. തൊട്ടടുത്ത് മറ്റൊരു വലിയ കട വന്നപ്പോൾ പാവത്തിന്റെ കച്ചവടം പൊളിഞ്ഞു. ആ വലിയ കട പെറ്റ്സ് ഐലന്റ് ഉടമ രാജന്റെ ആദ്യത്തെ കടയായിരുന്നു.  ആ പാവത്തിന്റെ കച്ചവടം കണ്ട് അസൂയ മൂത്ത് മത്സ്യങ്ങളുടെയും പക്ഷികളുടെയും ഹരിശ്രീ അറിയാതെ രാജൻ തുടങ്ങിയ ആദ്യത്തെ കട. വളരെ ചെറിയ പൈസക്കാണ് തന്നെയും മറ്റുള്ളവരെയുമൊക്കെ രാജൻ അയാളിൽ നിന്നും വാങ്ങിയത്. നോക്കാനറിയാത്തത് കൊണ്ട് എത്ര മീനുകളാണ് ആദ്യത്തെ ആഴ്ച്ചകളിൽ ചത്തൊടുങ്ങിയത്. തന്റെ ശരീരികവും മാനസികവുമായ കരുത്ത് കൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്. തന്റെ പഴയ മുതലാളി ഇപ്പോൾ എവിടെയാണാവോ? അയാളെക്കുറിച്ചോർത്തപ്പോൾ അവന്റെ ഹൃദയത്തിൽ നീറ്റലും നൊമ്പരവും നിറഞ്ഞു.

 "ഞാൻ ഇറങ്ങുകയാണ്." അതും പറഞ്ഞ് രാജൻ വണ്ടിയുടെ താക്കോലുമെടുത്ത് പോകാനൊരുങ്ങുമ്പോൾ മൊബൈൽ ശബ്ദിച്ചു. "ഹലോ, അതെ പെറ്റ്സ് ഐലന്റിലെ രാജനാണ്." ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അയാളുടെ കനമേറിയ വാക്കുകൾ ചിതറിവീണു. "നാടൻ തത്തയെ കിട്ടില്ല. അതിനെ വിൽക്കൽ നിയമവിരുദ്ധമാണ്. ആഫ്രിക്കൻ തത്തകൾ മതിയെങ്കിൽ എത്തിക്കാം. നിങ്ങൾ എന്തായാലും കടയിലേക്ക് വാ. നമുക്ക് നേരിട്ട് സംസാരിക്കാം." അയാളുടെ ശബ്ദം ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. കാൾ കട്ട് ചെയ്ത് അയാൾ പുറത്തേക്കിറങ്ങി. 

"അച്ഛാ കോക്ക്ടൈൽ നോക്കണേ. Yellow മതി." അനു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു."ഉം. " മൂളിക്കൊണ്ട് അയാൾ കാറിലേക്ക് കയറി. 'കുറേക്കാലം ഒന്നിച്ചു കളിച്ചു മദിച്ചതല്ലേ. കുറച്ചു ദിവസം ഒറ്റക്ക് നിൽക്ക്. താനൊക്കെ എത്ര കാലമായി ഒറ്റക്ക് കഴിയുന്നു.' വരാന്തയിൽ തൂക്കിയിട്ട ചെറിയ വൃത്താകൃതിയിലുള്ള കൂടിൽ ഏകാന്തനായി, വിഷണ്ണനായി ഇരിക്കുന്ന ആൺ കോക്ക്ടൈലിനെ നോക്കി, വൈൻ ഗ്ലാസ്സിന്റെ ഏറ്റവും താഴെ ബാക്കിയായ തായിയോ മണി വായിലേക്കെടുത്ത് ചവച്ചുകൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.  അതിന് തൊട്ടപ്പുറത്ത് തൂക്കിയിട്ട മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ചെടിച്ചട്ടിയിൽ ഒരു ടർട്ടിൽ വെയ്ൻ വളർന്നു പന്തലിച്ച് നീളത്തിൽ താഴേക്ക് തൂങ്ങിക്കിടക്കുന്നു. അന്നൊരിക്കൽ ടിവിയിൽ കണ്ട, തലയ്ക്കു ചുറ്റും താഴേക്ക് നീണ്ടുകിടക്കുന്ന മുടിയുള്ള മനുഷ്യനെ ഓർമ്മ വന്നു. ടിവി സ്വീകരണമുറിയിൽ തന്നെ വെച്ചതിനാൽ കാലികവിഷയങ്ങളിൽ തനിക്ക് അത്യാവശ്യം അവഗാഹമുണ്ട്.

പഴയ പ്രതാപമൊക്കെ നശിച്ച് ഒരു ആന്തൂറിയം ക്ഷീണിച്ചു തല കുനിച്ചു നിൽക്കുന്നുണ്ട്. പുതിയ ജനറേഷന് വഴിമാറിക്കൊടുക്കാൻ വിസമ്മതിക്കുന്ന കാരണവരുടേത് പോലുള്ള വിഷാദവും നിസ്സംഗതയുമൊക്കെ കൂടിച്ചേർന്ന ഒരു സമ്മിശ്ര ഭാവമാണതിന്. തന്റെ വിശാലമായ ലോകത്തെ ഒറ്ററൂമിലേക്ക് ചുരുക്കിയതിന്റെ രോഷവുമായി ബോൺസായിയും അതിനടുത്തായി പ്രസന്നതയോടെ ബോഗൺ വില്ലയും ഫാനിന്റെ കാറ്റിൽ തലയാട്ടുന്നു. മണിപ്ലാന്റും സാൻസവേരിയയും ഡ്രസീനയുമെല്ലാം ചേർന്ന് ആ സ്വീകരണമുറിയുടെ ഒരു ഭാഗത്തെ ഹരിതവർണ്ണത്തിലുള്ള ക്യാൻവാസ് പോലെ മനോഹരമാക്കിയിട്ടുണ്ട്.

എന്തോ ശബ്ദം കേട്ട് താഴേക്ക് നോക്കിയപ്പോൾ അനുമോൾ തങ്കുവിനെ താഴെ വെച്ച് മൊബൈലിൽ എന്തോ കാണുകയാണ്. അവൾ ഇടയ്ക്കിടെ അകത്തേക്കും പുറത്തേക്കും കണ്ണെറിയുന്നുണ്ട്. മുകളിലായത് കൊണ്ട് തനിക്കും കാണാം. മൊബൈലിലെ ദൃശ്യങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയ അവന് വല്ലാതെ ലജ്ജ തോന്നി. ഈ കുട്ടി എന്തൊക്കെയാണ് കാണുന്നത്? ഇതൊക്കെ ഇങ്ങനെ കാണാൻ പറ്റുന്നതാണോ? നാണം തോന്നിയ അവനിൽ എന്തൊക്കെയോ ആന്തരികവികാരങ്ങൾ അലയടിച്ചപ്പോൾ കഴുത്ത് തിരിച്ചു ബൗളിൽ ബോറടിച്ചിരിക്കുന്ന നീലസുന്ദരിയെ നോക്കി. അവളും തന്നെ നോക്കുന്നുണ്ട്. പക്ഷെ ദൂരെയായത് കൊണ്ട് അവളുടെ കണ്ണുകളിലെ ഭാവം മനസ്സിലാവുന്നില്ല. അവൾ നീന്തുമ്പോൾ മനോഹരമായ വാല് ഇളകിയാടുന്നത് കാണാൻ എന്തു ഭംഗിയാണ്. ഇവർക്ക് ഞങ്ങളെ അടുത്തടുത്ത് വെച്ചൂടെ? താനെന്താ അവളെ പിടിച്ചു തിന്നുമോ? വെള്ളത്തിൽ കുമിള പൊന്തുന്നത് കണ്ടിട്ടും ഇവർക്കെന്താണ് കാര്യം മനസ്സിലാവാത്തത്? മനുഷ്യർക്ക് മാത്രമേ വികാരങ്ങൾ ഉള്ളൂ എന്നാണോ ഇവരുടെ ധാരണ?

   മുരടനക്കം പോലെയുള്ള ശബ്ദം കേട്ടപ്പോൾ താഴേക്ക് നോക്കി. തങ്കുപ്പൂച്ച നേരെ താഴെ നിന്ന് തന്നെ നോക്കുന്നു. തൂവെള്ളയും നേർത്ത കറുപ്പും ഇടകലർന്ന നിറവും തിങ്ങിനിറഞ്ഞ രോമങ്ങളുമൊക്കെ അതിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ട്. അതിന്റെ രണ്ടു കണ്ണുകളും വ്യത്യസ്തമായ നിറങ്ങളിൽ തിളങ്ങുന്നു. ഒരു കണ്ണ് നേർത്ത സിൽവർ കളറാണെങ്കിൽ മറ്റേത് ഇളം നീല വർണ്ണത്തിലാണ്. കഴുത്തിൽ പച്ചനിറത്തിലുള്ള ബെൽറ്റും അതിന് താഴെ ചുവന്ന മണിയും കെട്ടിതൂക്കിയിട്ടുണ്ട്. അതങ്ങനെ തുറിച്ചു നോക്കുമ്പോൾ നേരിയൊരു ഭീതി അവന്റെ ഉള്ളിലേക്ക് അരിച്ചുകയറി. ഈ വൈൻഗ്ലാസ്‌ താഴേക്ക് വീണാൽ തന്റെ കാര്യം പോക്കാണ്. അവന്റെ നോട്ടം കാണുമ്പോൾ തന്നെ പേടിയാവുന്നു. ഞങ്ങളുടെ വർഗ്ഗത്തിന്റെ ശത്രുവാണവൻ. "അനൂ, നീ മൊബൈലിൽ കളിക്കുന്നുണ്ടോ? വേഗം പോയി ഡ്രസ്സ്‌ മാറ്റി റെഡിയാക്. പത്താം ക്ലാസ്സാണെന്ന ഓർമ്മയില്ല പെണ്ണിന്. സ്കൂളിൽ പോകേണ്ടതല്ലേ. ഇത്രയും കാലം വീട്ടിലിരുന്നു മതിയായില്ലേ നിനക്ക്?" സുമയുടെ ശബ്ദം ദോശ മൊരിയുന്ന ശബ്ദത്തെയും കൂട്ടുപിടിച്ച് സ്വീകരണമുറിയിലേക്ക് ഒഴുകിയെത്തി. പെട്ടെന്ന് അനു ഫോൺ സോഫയിൽ ഇട്ടിട്ട് അകത്തേക്ക് പോയി. ഇവൻ മാത്രമെന്താ പോകാത്തത്? ഫൈറ്റർ ആണെന്നെന്നും പറഞ്ഞിട്ട് കാര്യമില്ല. ഇവന്റെ വായിൽ പെട്ടാൽ പണി കിട്ടിയത് തന്നെ. ഇവന് പ്രത്യേകം ഭക്ഷണം വലിയ പാക്കറ്റിൽ മേടിച്ചു കൊണ്ടുവരുന്നുണ്ടല്ലോ? അതൊന്നും പോരെ. മാത്രമല്ല ഇവന് അപ്പിയിടാൻ ക്ലോസെറ്റും അതിലിടാനുള്ള സുഗന്ധമുള്ള ലിറ്ററിങ് സാൻഡ് വരെ കൊണ്ടുവന്നിട്ടുണ്ട്. നമ്മളൊക്കെ ഈ വെള്ളത്തിൽ തന്നെ കാര്യം സാധിക്കണം. വല്ലാത്ത ഒരു വാടയാണ്. എത്ര ദിവസമായി ഈ വെള്ളമൊന്ന് മാറ്റിയിട്ട്. താൻ എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും എന്ന വിചാരം കൊണ്ടാണ് തീരെ ശ്രദ്ധിക്കാത്തത്. തങ്കുവിനെയാണെങ്കിൽ എല്ലാ ദിവസവും ഷാമ്പൂ തേപ്പിച്ചു കുളിപ്പിക്കും. മുടി ചീകിക്കൊടുക്കും. ഒരു പേർഷ്യൻ ഡോൾ ഫെയ്സ് പൂച്ചയായി ജനിച്ചാൽ മതിയായിരുന്നു. 

   താഴെയുള്ള ടാങ്കിൽ നിന്നും വലിയൊരു കാർപ്പ് മുകളിലേക്ക് കുതിച്ചുചാടി വെള്ളത്തിലേക്ക് തന്നെ വീണു. അവനും തന്നെപ്പോലെ ഒറ്റക്കാണ്. പക്ഷെ താൻ എത്ര സൗഹൃദം ഭാവിച്ചാലും അവൻ തന്നെ മൈൻഡാക്കാറില്ല. കാണാൻ വലുപ്പമുള്ളത് കൊണ്ട് അഹങ്കാരമായിരിക്കും. പോട്ടെ.. ഇങ്ങോട്ട് എങ്ങനെയാണോ അങ്ങനെ തന്നെ അങ്ങോട്ടും. അല്ല പിന്നെ. ഇളം സ്വർണ്ണനിറത്തിൽ വെളുപ്പ് കലർന്ന അവനെ കാണാൻ ഒരു രസമൊക്കെയുണ്ടെങ്കിലും ഇവിടെയുള്ള എല്ലാ മത്സ്യങ്ങളെക്കാളും ഭംഗി തനിക്ക് തന്നെയാണ്. മഞ്ഞയും നീലയും കലർന്ന തന്റെ വാല് കണ്ടാൽ തന്നെ ആരും നോക്കിപ്പോകും. പക്ഷെ ആരോടും സംസാരിക്കാനാവാതെയുള്ള ഈ ജീവിതം വല്ലാതെ മടുപ്പിക്കും. മൗനം അസഹനീയമാണ്. നിശബ്ദത ഹൃദയത്തിൽ ആലസ്യവും മ്ലാനതയും പടർത്തും. ഒന്നും മിണ്ടാനാവാതെ ചിലപ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നും. എങ്കിലും തകരാൻ പാടില്ല. ഏറ്റവും ചുരുങ്ങിയത് തന്റെ പേരിനോടെങ്കിലും നീതി പുലർത്താൻ ഈ അലോസരപ്പെടുത്തുന്ന ഏകാന്തതയോട് പൊരുതിയേ മതിയാവൂ. അല്ലാതെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെപ്പോലെ ചെറിയ കാര്യത്തിന് ആത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ല. എന്നാലും ചിലപ്പോൾ പലതും ഓർക്കുമ്പോൾ മൊത്തത്തിൽ ജീവിതത്തെ ശൂന്യത പൊതിഞ്ഞത് പോലെ. വിഷാദാത്മകമായ മുഖവുമായി അവൻ മുകളിലേക്ക് നോക്കിയപ്പോൾ കോണിപ്പടിയിറങ്ങി മൊബൈലിൽ സംസാരിച്ചുകൊണ്ട് സ്കൂൾ യുണിഫോമിൽ അനുരാഗ് താഴേക്ക് വന്നു. പിന്നിൽ കറുത്ത ബാഗ് അണിഞ്ഞിട്ടുണ്ട്. ഒരു കൈ കൊണ്ട് ഫോൺ ചെവിയിൽ ചേർത്തുപിടിച്ച് മറ്റേ കൈ കൊണ്ട് ഷൂ ധരിക്കുകയാണ്. "ഡാ അത് മറ്റാർക്കും കൊടുക്കല്ലേ പ്ളീസ്. എനിക്ക് തന്നെ വേണം. പൈസ ഞാൻ തരാം. കുറേ ദിവസായിട്ട് കിട്ടാത്തത് കൊണ്ട് എന്തോ ഭ്രാന്ത് പിടിക്കുന്നത് പോലെ. അതിനായിട്ടാ ഇപ്പോൾ സ്കൂളിൽ തന്നെ വരുന്നത്. പ്ളീസ് വേറാർക്കും കൊടുക്കല്ലേ. ഞാൻ ഡബിൾ പൈസ തരാം." ഫോൺ പോക്കറ്റിലേക്കിട്ട് അവൻ പുറത്തേക്ക് നീങ്ങി. പിന്നാലെ വലിയൊരു ബാഗും വാട്ടർബോട്ടിലും തൂക്കിപ്പിടിച്ചു കൊണ്ട് അനുവും. റോഡിൽ നിന്നും സ്കൂൾ ബസ്സിന്റെ ഹോൺ കേൾക്കാം. പുറത്തെ കൂട്ടിൽ നിന്നും ജാവ എന്തോ ശബ്ദം പുറപ്പെടുവിച്ചു. ഇവർക്ക് മിണ്ടാതിരിക്കാൻ പാടില്ലേ?എപ്പോ നോക്കിയാലും ഭയങ്കര ബഹളമാണ്. ജാവ മാത്രമല്ല ആഫ്രിക്കൻ തത്തകളും കണക്കാണ്. കടുത്ത മഞ്ഞനിറമുള്ള ശരീരത്തിൽ തലയുടെ ഭാഗത്ത് റോസ് കളറും കൂടിയാവുമ്പോൾ ആഫ്രിക്കൻ ലൗ ബേർഡ്സിന്റെ ഭംഗി ഇരട്ടിക്കും. കൂടാതെ പുതുതായി കൊണ്ടുവന്ന കൊണിയൂർ വിഭാഗത്തിൽ പെട്ട ഒരെണ്ണം ബഹളത്തിൽ എല്ലാവരെയും തോൽപ്പിക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഇപ്പോൾ ഇവർക്കാണത്രേ ഡിമാൻഡ്. വരിഞ്ഞുമുറുക്കിയ ചിന്തകളെ കുടഞ്ഞു തെറിപ്പിച്ച് അവൻ മെല്ലെ തിരിഞ്ഞ് സുന്ദരിയെ നോക്കി. അവൾ താനറിയാതെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ? അവന്റെ മനസ്സിൽ അനിർവചനീയമായ മൃദുലവികാരങ്ങളുടെ വേലിയേറ്റമുണ്ടായി. ഉള്ളിൽ നിറഞ്ഞ കാമനകളുടെയും അടക്കാനാവാത്ത തൃഷ്ണകളുടെയും ആഴങ്ങളിൽ പെട്ടുഴറിയെങ്കിലും പതിയെ അവൻ മനോഹരമായ പകൽസ്വപ്നങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ട് താഴേക്ക് നീന്തി.

   അവന്റെ മധുരസ്മരണകളെ തകർത്തുകൊണ്ട് കാളിങ്ങ് ബെല്ലടിച്ചു. സുമ സ്വീകരണമുറിയിലേക്ക് വന്നു വാതിൽ തുറന്നു. ബ്രൗൺ നിറത്തിലുള്ള പാന്റും ആകാശനീലനിറത്തിൽ ഫുൾ സ്ലീവ് ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കടന്നുവന്ന് സോഫയിൽ ഇരുന്നു. കൂളിംഗ് ഗ്ലാസ്‌ ഊരി കയ്യിൽ പിടിച്ചിട്ടുണ്ട്. "നീ എന്തിനാ ഇത്ര നേരത്തെ വന്നത്. കുട്ടികൾ ഇപ്പൊ പോയതേ ഉള്ളൂ." സുമ ചിരിച്ചുകൊണ്ട് പരിഭവം പറഞ്ഞു. ഇവനെ താൻ മുമ്പെവിടെയോ കണ്ടിട്ടുണ്ട്. അവന്റെ മനസ്സിലൂടെ പഴയ സ്മരണകൾ ട്രെയിൻ ബോഗികൾ പോലെ കടന്നുപോയി. അന്നൊരിക്കൽ ഒരു ബാഗുമായി വന്ന് എന്തൊക്കെയോ സാധനങ്ങൾ സുമയാന്റിക്ക്‌ കൊടുത്തത് ഇവനല്ലേ? അന്ന് വായ പൂട്ടാതെ സംസാരിച്ച് തനിക്ക് അലോസരമുണ്ടാക്കിയവൻ. രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വൈൻ ഗ്ലാസിന്റെ അടുത്തേക്ക് വന്നു. "ഈ മീനിനെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ. എന്താണ് ഇതിന്റെ പേര്?" അയാൾ അങ്ങനെ പറഞ്ഞത് അവനെ വല്ലാതെ സുഖിപ്പിച്ചു. ഗ്ലാസിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ ഒന്നുകൂടി ശ്രദ്ധിച്ച് അവൻ ഇടംകണ്ണിട്ട് കാർപ്പിനെ ഒന്നു നോക്കി. "ഇവനെ മാത്രമെന്താ ഒറ്റക്ക് വെച്ചിരിക്കുന്നത്?" അയാളുടെ അടുത്ത സംശയം. "അത് നിന്നെപ്പോലെ ഭയങ്കര പ്രശ്നക്കാരനാ. ഫൈറ്റർ എന്നാണ് പേര്." സുമ കൊഞ്ചിക്കൊണ്ട് തുടർന്നു. "വേറെ ആരെയെങ്കിലും കൂടെയിട്ടാൽ അവൻ അതിനെ കൊല്ലും." "ഹോ ഭയങ്കരനാണല്ലോ." അയാൾ സുമയാന്റിയെ സുഖിപ്പിക്കാനായി കണ്ണുകളിൽ മനഃപൂർവം അത്ഭുതം വരുത്തിക്കൊണ്ട് പറഞ്ഞു. പിന്നേ..നിങ്ങളൊക്കെ വലിയ മാന്യൻരാണല്ലോ. ആരെയും ഉപദ്രവിക്കാത്തവർ. പൈസക്ക് വേണ്ടി സ്വന്തം സഹോദരൻമാരെയും മാതാപിതാക്കളെയും വരെ കൊല്ലുന്ന ടീമാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി ചവച്ചു തുപ്പുന്നവരാണ് തന്നെ കുറ്റപ്പെടുത്തുന്നത്. അവന്റെയുള്ളിൽ രോഷവും വെറുപ്പും നുരഞ്ഞു.


 സുമയാന്റിയും അയാളും സ്റ്റെയർകേസ് കയറി മുകളിലേക്ക് പോകുന്നത് കണ്ടപ്പോൾ അവന്റെ ചിന്തകൾ മറ്റൊരു ദിശയിലേക്ക് ഗതിമാറി.  ഇവനെന്താ ഈ വീട്ടിൽ കാര്യം? ഒറ്റക്ക് ടാങ്കിൽ കളിച്ചു നടന്ന കാർപ്പ് ദേഷ്യം കൊണ്ട് വീണ്ടും മുകളിലേക്ക് ചാടി തിരിച്ചു വെള്ളത്തിലേക്ക് തന്നെ വീണു. ഒന്ന് തെറ്റിയിരുന്നെങ്കിൽ താഴെ ഗപ്പികൾക്ക് വേണ്ടി തയ്യാറാക്കി വെച്ച മൊയ്ന കൾച്ചറിലേക്ക് വീണേനെ. ഇന്നലെയാണ് അനു അവനെ വലിയ ടാങ്കിൽ നിന്നും എടുത്ത് ഒറ്റക്ക് ഈ ടാങ്കിലേക്ക് മാറ്റിയത്. അപ്പോൾ മുതൽ അവൻ അതിൽ കിടന്ന് ഞെരിപിരി കൊള്ളുകയാണ്. അവനൊന്നു സ്വതന്ത്രമായി നീന്താൻ പോലും സൗകര്യമില്ലാത്ത ചെറിയൊരു അക്വെറിയമായിരുന്നു അത്. ഒരു ഫിൽറ്റർ വെച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവൻ അസ്വസ്ഥനാണ്. തനിക്കാണെങ്കിൽ ഫിൽറ്ററൊന്നും വേണ്ട. പക്ഷെ ഈ വൈൻ ഗ്ലാസിൽ നിന്നും ആറിഞ്ച് ബൗളിലേക്കെങ്കിലും മാറ്റം കിട്ടിയിരുന്നെങ്കിൽ... ടൈഗർ ഫിഷിനും ടെട്രക്കുമൊക്കെ വലിയ ടാങ്കുണ്ട്. ചുവരിൽ ഘടിപ്പിച്ച ഹാഫ് റൗണ്ട് ബൗളിൽ സിൽവർ കളറിലുള്ള ക്രൗൺ ടയിൽ ഫൈറ്റർ സാവധാനം നീന്തുന്നുണ്ട്. അവന്റെ വാലിന്റെ കളർ ഇളം പച്ചയാണ്. ബൗളിൽ പലവർണ്ണങ്ങളിലുള്ള കല്ലുകളും പ്ലാസ്റ്റിക് ചെടിയും വെച്ച് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ടേബിളിൽ വെച്ച ഡാൻസിംഗ് ജാറിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് മോളികൾ സല്ലപിക്കുന്നു. പരിചയമില്ലാത്ത കവലയിലെത്തിപ്പെട്ടത് പോലെയുള്ള ഭാവവുമായി സ്വർണ്ണനിറമുള്ള മറ്റൊരെണ്ണം ജാറിന്റെ താഴെ ബാക്കിയായ തായിയോ മണികൾ കൊത്തിത്തിന്നുന്നു. അവന്റെ ചിന്തകളിൽ പിന്നെയും നീലസുന്ദരി വന്നു. എന്തൊക്കെയോ മധുരസ്മരണകളാൽ മനം നിറഞ്ഞ് വൈൻ ഗ്ലാസിൽ നട്ടംതിരിയുന്നതിനിടയിലെപ്പോഴോ ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് തിരിച്ചു പോകുന്ന ശബ്ദം കേട്ടെങ്കിലും അവൻ ആ ഭാഗത്തേക്ക്‌ നോക്കിയില്ല. അവന്റ കണ്ണുകൾ നീലസുന്ദരിയുടെ പുറത്തായിരുന്നു. മങ്ങിത്തുടങ്ങിയ മഞ്ഞവെയിൽ ചീളുകൾ വരാന്തയിലേക്കും, തുറന്നിട്ട ജനലിലൂടെ അകത്തേക്കും ചെരിഞ്ഞു വീണുകൊണ്ടിരുന്നു.  സായാഹ്നവെയിലേറ്റിട്ടാവാം കലേഡിയവും സ്‌പൈഡർ പ്ലാന്റുമെല്ലാം ഉദാസീനവും നിശ്ചലവുമായിരുന്നു.

     ഫോൺ ബെല്ലടിക്കുന്നത് കേട്ട സുമ സ്വീകരണമുറിയിലേക്ക് വന്നു. അപ്പോൾ അവർ റോസ് നിറത്തിലുള്ള നൈറ്റിയായിരുന്നു ധരിച്ചിരുന്നത്. അതിൽ സുമയാന്റി കൂടുതൽ സുന്ദരിയായിരിക്കുന്നു. അന്നൊരിക്കൽ അനുവിന്റെ കൂട്ടുകാരി വന്നപ്പോൾ സുമയാന്റി എന്ന് വിളിക്കുന്നത് കേട്ടത് മുതലാണ് താനും അവരെ ആന്റി എന്ന് വിളിച്ചുതുടങ്ങിയത്. സുമയാന്റിയെ കാണാൻ നല്ല ഭംഗിയുണ്ട്.

     "എന്താണ് രാജേട്ടാ, ഇങ്ങള് ഉച്ചക്ക് ചോറിനു വരാഞ്ഞത്? ഇതിപ്പോൾ 4 മണിയായല്ലോ.. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചെമ്മീൻ ഫ്രൈ ഉണ്ടാക്കി ഞാൻ എത്ര സമയം കാത്തിരുന്നു." സുമയാന്റിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അവന്റെ ഉള്ളിൽ രോഷം പുകഞ്ഞു. അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടികൾ രണ്ടും ഡോർ തുറന്നു സംസാരിച്ചു കൊണ്ട് അകത്തേക്ക് വന്നു. അപ്പോഴേക്കും തങ്കു ഓടിവന്ന് അനുവിന്റെ കാലിൽ ചുറ്റിത്തിരിഞ്ഞു. തങ്കുവിനെ എടുത്ത് മാറോട് ചേർത്തുപിടിച്ച് അവൾ മുകളിലേക്ക് നടന്നു. പിന്നാലെ അനുരാഗും. "വേഗം രണ്ടാളും മുകളിൽ പോയി കുളിച്ചു ഡ്രസ്സ്‌ മാറി വാ. ഞാൻ ചായയെടുത്ത് വെക്കാം." അതും പറഞ്ഞ് സുമ അടുക്കളയിലേക്ക് നടന്നു. അവൻ വൈൻ ഗ്ലാസിന്റെ ചില്ലിനിടയിലൂടെ അപ്പുറത്തെ ബൗളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ടി.വി.യുടെ ഇരുഭാഗങ്ങളിലുമായി വെച്ച രണ്ട് സിലിണ്ടർ ജാറുകളിൽ ചില്ലി മൊസേക്കിന്റെയും മോസ്‌ക്കോ വയലറ്റിന്റെയും നെടുവീർപ്പുകൾക്കൊപ്പം ജാറിന്റെ താഴെ ചെറിയ വെളുത്ത കല്ലുകളും അടുക്കിവെച്ചിട്ടുണ്ട്. 

  

     വിവശമായ പലവിധ ചിന്തകൾ മനസ്സിനെ ചുറ്റിവരിയുന്നതിനിടയിലുള്ള ഏതോ ഒരു നിമിഷത്തിലാണ് നിലത്തു നിന്നും ഒരു ശബ്ദം കേട്ട് അവൻ താഴേക്ക് നോക്കിയത്. ആ കാഴ്ച കണ്ട അവന്റെ ഹൃദയത്തിൽ ഒരു പ്രകമ്പനമുണ്ടായി. തറയിൽ കിടന്ന് ജീവന് വേണ്ടി പിടയുകയാണ് സ്വർണ്ണനിറമുള്ള വലിയ കാർപ്പ്. എന്തു ചെയ്യണമെന്നറിയാതെ അവൻ പതറിപ്പോയി. കുറേ സമയമായി അവൻ  തുള്ളിക്കളിക്കുന്നത് ശ്രദ്ധിച്ചിരുന്നെങ്കിലും പുറത്തേക്ക് തെറിച്ചു വീഴുമെന്ന് കരുതിയില്ല. അവൻ പാരവശ്യത്തോടെ അപ്പുറത്തെ ബൗളിലേക്ക് നോക്കി. അവളും ഭയന്ന് വിളറിയിരിക്കുന്നു. 'പെട്ടെന്ന് എന്തെങ്കിലും ചെയ്യൂ' എന്ന് അവളുടെ കണ്ണുകൾ തന്നോട് പറയുന്നത് പോലെ. അവൻ പരിഭ്രാന്തനായി അതിനകത്തു ചുറ്റിനടന്നു. ഇടക്ക് സ്റ്റെയർ കേസിലേക്കും ഡൈനിംഗ് ഹാളിലേക്കും പ്രത്യാശയോടെ നോക്കി. നാശം. ആരെയും കാണുന്നില്ലല്ലോ. വിഭ്രമവും  നിസ്സഹായതയും വരിഞ്ഞുമുറുക്കിയപ്പോൾ അവന്റെ ശരീരം വിറകൊണ്ടു. കാർപ്പാണെങ്കിൽ അവസാനശ്വാസത്തിന് വേണ്ടി പിടയുകയാണ്. അവന്റെ ഹൃദയത്തിൽ എവിടെയോ ഒരു മിന്നൽപ്പിണർ കാളി. ഉള്ളിലെവിടെയോ ഒരു സ്പാർക്ക്. അവൻ ഗ്ലാസ്സിൽ കിടന്ന് ശക്തിയായി ഇരുഭാഗത്തേക്കും താഴേക്കും മുകളിലേക്കും നീന്തി. ഇടക്ക് ഗ്ലാസിൽ ശരീരം കൊണ്ടിടിച്ചു. അവന്റെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ഏതോ ഒരു നിമിഷത്തിൽ ആ വൈൻ ഗ്ലാസ്‌ മറിഞ്ഞു താഴേക്കു വീണു പൊട്ടിച്ചിതറി. അതിനിടയിൽ അവൻ ദൂരേക്ക് തെറിച്ചു സോഫയുടെ താഴേക്ക് നീങ്ങിപ്പോയി. ശബ്ദം കേട്ട് സ്റ്റെയർ കേസിറങ്ങി ഓടിവന്ന അനു തറയിൽ കിടന്നു പിടയുന്ന കാർപ്പിനെ ഇരുകൈ കൊണ്ടും കോരിയെടുത്ത് ടാങ്കിലേക്കിട്ടു. ടാങ്കിലെ വെള്ളത്തിൽ കിടന്ന് അവൻ ഒരു ദീർഘശ്വാസമെടുത്തു. അതിനിടയിൽ സോഫയുടെ താഴെ ശ്വാസം കിട്ടാതെ അതിദയനീയമായി പിടയുകയായിരുന്നു ഫുൾ മൂൺ ഫൈറ്റർ. അവൻ ശബ്ദമുണ്ടാക്കിക്കൊണ്ട് പിടഞ്ഞു പുറത്തേക്ക് നീങ്ങാൻ ശ്രമിച്ചു. അനുവാണെങ്കിൽ അവനെ ശ്രദ്ധിക്കാതെ കാർപ്പിനെ തന്നെ നോക്കി നിൽക്കുകയാണ്. അവൾ തന്നെ മറന്നോ? അവസാന പിടച്ചിലിനിടയിലും അവൻ സോഫയുടെ താഴെ നിന്നും പുറത്തേക്ക് വരാൻ സർവ്വശക്തിയുമെടുത്ത് പൊരുതുന്നുണ്ടായിരുന്നു. അടയാൻ പോകുന്ന കണ്ണുകൾ ആയാസപ്പെട്ട് വലിച്ചു തുറന്നു. ശരീരമാകെ വേദനിക്കുന്നു. ഒരിറ്റു ശ്വാസത്തിനു വേണ്ടി പൊരുതുന്നതിനിടെ പതിയെ കണ്ണുകൾ അടയുമ്പോൾ വെള്ളയും കറുപ്പും കലർന്ന ഒരു രൂപം അടുത്തേക്ക് വരുന്നത് പോലെ അവന് തോന്നി. അവൻ പതിയെ കണ്ണുകൾ പൂർണ്ണമായും അടച്ചു.

    വലിയൊരു റൗണ്ട് ബൗളിൽ നിന്നും മിഴികൾ തുറക്കുമ്പോൾ അവൻ കണ്ടത് തൊട്ടടുത്ത് മറ്റൊരു ബൗളിൽ വിഹ്വലമായ മുഖത്തോടെ തന്നെ നോക്കുന്ന ഫീമെയിൽ ഫൈറ്ററിനെയാണ്. അവന് വിശ്വസിക്കാൻ പറ്റിയില്ല. കണ്ണുമിഴിച്ച് ചുറ്റും നോക്കി. താഴെ തന്നെ നോക്കി സന്തോഷത്തോടെ നിൽക്കുന്ന തങ്കുപ്പൂച്ച. ചാരിതാർഥ്യം നിറഞ്ഞ ആ കണ്ണുകൾക്ക് അവന്റെ തൂവെള്ള നിറത്തിലുള്ള ശരീരത്തെക്കാൾ മിഴിവും സൗമ്യതയുമുണ്ട്. എപ്പോഴേക്കെയോ ഉള്ളിൽ അടിഞ്ഞുകൂടിയ തെറ്റായ മുൻധാരണകളുടെ മാറാലകൾ അഴിഞ്ഞു വീഴുന്നു എന്ന തിരിച്ചറിവിനൊപ്പം നന്ദിയോടെ ഫൈറ്റർ അവനെ നോക്കിയപ്പോൾ തങ്കുപ്പൂച്ച ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു...

----------------------
നജീബ് കാഞ്ഞിരോട്.       
 കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. പുറവൂർ L.P.സ്കൂൾ, കാഞ്ഞിരോട് U.P. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കോമേഴ്‌സ് ബിരുദവും നേടി. നജീബ് കാഞ്ഞിരോട് എന്ന പേരിൽ ആനുകാലികങ്ങളിൽ എഴുതുന്നു. കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കഥാമത്സരത്തിലും, എടക്കാട് സാഹിത്യവേദി നടത്തിയ സംസ്ഥാനതല കഥാരചനാ മത്സരത്തിലും രണ്ടാം സ്ഥാനം നേടി. പാനൂർ സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കഥാമത്സരത്തിൽ മൂന്നാം സ്ഥാനത്തിന് അർഹനായി.  ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫുട്ബോൾ ബോംബ് എന്ന കഥക്ക് 2020-ൽ  പേരക്ക ബുക്ക്സ് പുരസ്ക്കാരം ലഭിച്ചു.  ഭാഷ ബുക്സ് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ കണ്ണൂർ ജില്ലയിൽ ലേഖനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു.
ഇപ്പോൾ കാഞ്ഞിരോടിൽ താമസം.                                
പ്രസിദ്ധീകരിച്ച കൃതികൾ.                       
 മഴ പെയ്ത വഴികളിൽ   (കഥാ സമാഹാരം)
മഞ്ഞ് പെയ്യും താഴ് വരകളിലൂടെ    (യാത്രാവിവരണം)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

View More