Image

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇ മലയാളി ഫിലിം Published on 11 April, 2021
മഹത്തായ ഭാരതീയ അടുക്കള  :വെന്തെരിയുന്ന വധുക്കളും  ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും
ഓണ്‍ലൈന്‍ റിലിസില്‍ അത്ഭുതം സൃഷ്ടിച്ച  ഈ മലയാളം സിനിമ 75 ദിവസങ്ങള്‍ക്ക് ശേഷമാണ് ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്നത് ..ഒരിക്കല്‍ നിരാകരിച്ചവര്‍ തന്നെ  കൊണ്ടാടുന്നതിലും വലിയ അംഗീകാരം ഇല്ലാല്ലോ !എന്തായിരുന്നു വളരെ സാധാരണമെന്ന് തോന്നാവുന്ന ഒരു കഥ ലക്ഷക്കണക്കിന്‌ കാണികളുടെ ഹൃദയ വികാരം പിടിച്ചു പറ്റിയതിനു പിന്നില്‍? .ജിയോ ബേബി എന്ന സംവിധായകന്റെ അര്‍പ്പണ ബോധം മാത്രമല്ല ഈ സിനിമയുടെ ശക്തി .,ഇന്നേ വരെ സാധാരണ കുടുബങ്ങളില്‍ അമര്‍ത്തി വെച്ചിരുന്ന സ്ത്രീകളുടെ വികാരം  കൂടിയാണ് ഈ സിനിമ തുറന്നു വിടുന്നത് .

ഒരു കുടുംബത്തിലെ നിഗൂഡതകളുടെ കലവറയാണ് അടുക്കള .ഒരിക്കലും പൂര്‍ണ്ണമായും തുറക്കപ്പെടാത്ത ബി നിലവറ .അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഓരോന്നും നമുക്ക് സുപരിചിതമായി തോന്നാം .അവിടെ കാണുന്ന  മുഖങ്ങള്‍ നാം എന്നും കാണുന്നവര്‍ തന്നെ .അവരുടെ വാക്ക് .അവിടെ നിന്ന് പടരുന്ന ഗന്ധങ്ങള്‍ .ആ വിയര്‍പ്പു പോലും നമുക്ക് പരിചിതം .വെണ്ടയ്ക്ക കഷണത്തിന്റെ നീളം ,ചായയുടെ മാധുര്യം , ചമ്മന്തിയുടെയും ചോറിന്റെയും രുചിഭേദങ്ങള്‍ എല്ലാം നമ്മുടെ നാവിലുണ്ട്.വീട്ടു രുചികളും  നൊമ്പരവുമെന്നു നാം അതിനെ സ്വയം അടയാളപ്പെടുത്തും .
ഫ്രിഡ്ജും വാഷിംഗ് മെഷിനും മറ്റു ഗൃഹോപകരണങ്ങളും ആധുനികമായി അവതരിപ്പിക്കപ്പെട്ടിട്ടും ആ ഇരുണ്ട മുറികളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്ക് മാറ്റമില്ല.സൌന്ദര്യം കശാപ്പു ചെയ്യപ്പെടുന്ന ഈ നിലവറയില്‍ എത്ര  നല്ല വേഷം ധരിച്ചാലും അതില്‍ സാമ്പാറിന്റെയും പച്ച്ചക്കറികളുടെയും മണം കാണും. ചവറിന്റെയും ജീര്നിച്ച വസ്തുക്കളുടെയും വെറുപ്പിക്കുന്ന മണം ചുരുങ്ങിയ നാള്‍ കൊണ്ടു  സുന്ദരിയായ ഒരു നവവധുവിനെ വികൃതമാക്കും സിനിമയില്‍, ആകാരസൌഷ്ടവം കൊണ്ടും അഭിനയശേഷി കൊണ്ടും അനുഗ്രഹീതയായ നിമിഷ സജയനാണ് ആ നവ വധു .നര്‍ത്തകി .ഗള്‍ഫില്‍ ജീവിച്ചു മടങ്ങിയ പെണ്‍കുട്ടി .വലിയൊരു നാലുകെട്ടില്‍ ,തലമുറകളുടെ ഭാരം പേറുന്ന ഒരു ആണവ കൂടുംബത്തില്‍ അടുക്കളയുടെ റാണിയാണ് ചുരിദാറില്‍  എപ്പോഴും കാണപ്പെടുന്ന ഈ വീട്ടുകാരി .അവളുടെ ആഭരണങ്ങള്‍  ഭര്‍തൃ പിതാവ് ലോക്കറില്‍ സൂക്ഷിക്കുന്നതില്‍ വൈമുഖ്യം കാട്ടുന്നില്ല .സ്നേഹധനനായ ഭര്‍ത്താവാണ് അഭിനയത്തിലെ അസാധാരണ മിതത്വം കൊണ്ടു തിളങ്ങുന്ന സൂരജ് വെഞാറന്മൂട് .സ്നേഹം കൊണ്ടു കൊല്ലാതെ കൊല്ലുന്ന  അഛന്‍.സര്‍വം സഹയായ അമ്മ മകളുടെ പ്രസവ ശുശ്രുഷക്ക് പോകുന്നതോടെ ഒരു നരകമാണ് ,ഒരിക്കലും മോചനമില്ലാത്ത തടവറയില്‍ ആണ് താന്‍ പെട്ടിരിക്കുന്നതെന്ന് നിമിഷ  തിരിച്ചറിയുന്നത് 

ഒരു പക്ഷെ ആ തിരിച്ചറിവിന്റെ നിമിഷം ശബരിമലയില്‍ പ്രായമാകാത്ത സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വേളയാണ് .അറിയാതെ അവളിലെ സ്ത്രീ ഉണരുന്ന നിമിഷം .അത് സംബന്ധിച്ച ഒരു പോസ്റ്റ്‌ അവള്‍ ഫോര്‍വേഡ് ചെയ്തത് വലിയൊരു കലാപത്തിനു വഴി തെളിക്കുകയാണ് .രാത്രി കിടക്കുമ്പോള്‍ അവള്‍ ഫോര്‍ പ്ലേ വേണമെന്ന് സൂചിപ്പിക്കുന്നുണ്ട് .സ്നേഹനിര്ഭരനായ ഭര്‍ത്താവിനെ ഞെട്ടിപ്പിച്ചു കൊണ്ടു .

സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ വിരസമായ അടുക്കളയാണ് നിറഞ്ഞു നില്‍ക്കുന്നത് .അതിനു ജീവന്‍ നല്‍കുന്നത് തികഞ്ഞ ഒതുക്കത്തോടെ ,പാകതയോടെ അഭിനയിക്കുന്ന നിമിഷയും.തനി മഫ്ഫനായ ഭര്‍ത്താവായി സൂരജും .സംവിധായകന്റെ വലിയ ഭാഗ്യമാണ് ഈ താരത്തിളക്കം .
അടുക്കളഎന്ന തടങ്കല്‍പ്പാളയത്തില്‍  നിന്ന് മോചിതയാകുന്നതു വരെ നിമിഷക്ക് മുന്‍പില്‍ നിറങ്ങള്‍ ഇല്ല .അതിനെല്ലാം പരിഹാരം എന്നാ നിലക്കാവണം അസാധാരണമായ വര്‍ണ്ണങ്ങളില്‍ ,ചടുലമായ ചുവടുകളില്‍ സിനിമ അവസാനിക്കുന്നത് .
 ആദ്യാവസാനം സംവിധായകന്റെ -ജിയോ ബേബി -കൈകളില്‍ സിനിമ ഭദ്രമാണ് .മൃദുലദേവിയുടെ ഗാനമാണ് ചിത്രത്തിലെ സവിശേഷമായ മറ്റൊരു ഘടകം .എലിപത്തായത്തിലെ പോലെ ക്യാമറയുടെ സാന്നിധ്യം നാം ഇവിടെ അറിയില്ല .ആദാമിന്റെ വാരിയെല്ല് ആണ് ഈ ചിത്രം കാണുമ്പോള്‍ എന്ത് കൊണ്ടോ ഓര്‍മ്മയില്‍ എത്തുന്നത് .വര്‍ഷങ്ങള്‍ക്കു ശേഷം കെ ജി ജോര്‍ജ് വീണ്ടും വീണ്ടും  ഒര്മിക്കപെടുന്നു എന്നത് മറ്റൊരു  മധുരമായ  അനുഭവമായി മാറുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക