Image

റാന്നി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Published on 08 April, 2021
റാന്നി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

റാന്നി: മന്ദമരുതി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ (ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകന്‍ അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും അഭിഷേക് കൊല്ലമുള ലിറ്റില്‍ ഫ്ളവര് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്.

വ്യാഴാഴ്ച പകല്‍ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കല്‍ ദുര്‍ഗ്ഗാദത്തും ചേര്‍ന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയില്‍ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവര്‍ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആള്‍ താമസമില്ല. 

സെല്‍ഫിയെടുക്കുന്നതിനായി മോബൈല്‍ ഫോണ്‍ എടുക്കുന്നതിനായി ദുര്‍ഗ്ഗാദത്ത് കരയിലേക്ക് പോയി. തിരികെ വന്നപ്പോള്‍  അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. തുടര്‍ന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യമെത്തിയ ദുര്‍ഗ്ഗാദത്തിന്റെ അച്ഛന്റെ സഹോദരന്‍ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തില്‍ നിന്നു ഇരുവരെയും കരയ്ക്കെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക