Image

കോവിഡ്  ബാധിച്ച മൂന്നിൽ ഒരാൾക്ക് ദീർഘകാലത്തേക്ക് മാനസിക തകരാറുകൾ 

Published on 07 April, 2021
കോവിഡ്  ബാധിച്ച മൂന്നിൽ ഒരാൾക്ക് ദീർഘകാലത്തേക്ക് മാനസിക തകരാറുകൾ 

കോവിഡ് ബാധിച്ച മൂന്ന് പേരിൽ ഒരാൾക്ക് എന്ന തോതിൽ ദീർഘകാലത്തേക്ക് മാനസികാരോഗ്യ തകരാറുകൾ അഥവാ  ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ഉണ്ടാകുമെന്ന്  ഗവേഷകർ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
കോവിഡ്  അതിജീവിച്ചവരിൽ 34% പേരിൽ  രോഗനിർണയത്തിന് ആറ് മാസത്തിനുള്ളിൽ ഇത്തരം അവസ്ഥ കണ്ടെത്തിയാതായി ജേണലിൽ പറയുന്നു.

17% പേരിൽ ഉത്കണ്ഠയും  14 % പേരിൽ മൂഡ് ഡിസോഡറും കണ്ടെത്തി.കോവിഡിന്റെ കാഠിന്യം അനുസരിച്ച് അസ്വാസ്ഥ്യങ്ങളിലും ഏറ്റക്കുറച്ചിൽ പ്രകടമാണ്.

ആശുപത്രിയിൽ പ്രവേശിക്കേണ്ട രീതിയിൽ രോഗം സങ്കീർണമായവരിൽ  മാനസികപ്രശ്നങ്ങളുടെ നിരക്ക് 39% ആയി ഉയർന്നതായി തെളിഞ്ഞെന്ന് പഠനത്തിൽ പങ്കെടുത്ത ഓക്സ്ഫോർഡ് സർവകലാശാലയിൽ  സൈക്യാട്രി വിഭാഗത്തിലെ ഗവേഷകൻ അഭിപ്രായപ്പെട്ടു.

കോവിഡ്  അതിജീവിച്ചവരെ മാനസികമായി പിന്തുണയ്ക്കാനും സഹായിക്കുന്നതിനും  ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ ശ്രദ്ധിക്കണമെന്ന് പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ  ഗവേഷകർ പറഞ്ഞു.

പുതിയ കോവിഡ്  കേസുകളിൽ പകുതിയോളം 5 സംസ്ഥാനങ്ങളിൽ 

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന  പുതിയ കോവിഡ്  കേസുകളിൽ പകുതിയോളം ന്യൂയോർക്ക്, മിഷിഗൺ, ഫ്ലോറിഡ, പെൻ‌സിൽ‌വാനിയ, ന്യൂജേഴ്‌സി എന്നീ 5 സംസ്ഥാനങ്ങളിൽ  കേന്ദ്രീകരിച്ചിരിക്കുന്നതായി കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ റിപ്പോർട്ട് ചെയ്ത പുതിയ അണുബാധകളിൽ, 44 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നാണ് കാണുന്നത്. അതായത് രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത  452,000 കേസുകളിൽ 197,500 കേസുകൾ.

കഴിഞ്ഞയാഴ്ച 52,922 കേസുകൾ രേഖപ്പെടുത്തിയ ന്യൂയോർക്കിൽ പ്രതിദിനം ശരാശരി 7,560 പുതിയ കേസുകൾ ഉണ്ടാകുന്നു, ഇത് ഏകദേശം അമേരിക്കയിലെ പ്രതിദിന കേസുകളുടെ 12 ശതമാനമാണ്. തൊട്ടുപിന്നിലുള്ള  മിഷിഗണിൽ  കഴിഞ്ഞ വാരം 47,036 പുതിയ കേസുകൾ ഉണ്ടായിരുന്നു. പ്രതിദിന ഏകദേശം 6719 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുമ്പത്തെ കണക്കിന്റെ ഇരട്ടിയോളമാണിത്.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കൊറോണ വൈറസിന്റെ പരാജയം വേഗത്തിൽ സാധ്യമാകാൻ ന്യൂയോർക്ക് ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.  16 വയസും അതിൽ കൂടുതലുമുള്ള എല്ലാ ന്യൂയോർക്കുകാർക്കും വാക്സിനുള്ള  യോഗ്യത വിപുലീകരിച്ചു. വാക്സിൻ വിതരണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എത്ര ഡോസ് ലഭിച്ചാലും ,  ഉടനെ തന്നെ അവ ജനങ്ങളിലേക്ക് എത്തിക്കാൻ,  വിശാലമായ വിതരണ ശൃംഖല സുസജ്ജമാണ്. 1 മില്യണിലധികം ന്യൂയോർക്കുകാർ ഇതിനകം പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞു. 
 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ, അവ ജനങ്ങൾ സ്വീകരിച്ചാൽ  മാത്രമേ പ്രയോജനമുള്ളു. അതിനാൽ, നിങ്ങളുടെ അപ്പോയ്ന്റ്മെന്റ് എത്രയും വേഗം ബുക്ക് ചെയ്യുക. വാക്സിനേഷൻ എടുക്കാൻ താമസിക്കരുത്.

* കോവിഡ്  ബാധിച്ച്  ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം  4,533 ആയി ഉയർന്നു.  132,864 ടെസ്റ്റുകളിൽ 5,748 പേരുടെ ഫലം പോസിറ്റീവാണ്. 4.33 ശതമാനമാണ്  പോസിറ്റീവിറ്റി  നിരക്ക്. 7 ദിവസത്തെ ശരാശരി പോസിറ്റീവിറ്റി നിരക്ക് 3.57 ശതമാനമായിരുന്നു. ഐസിയുവിൽ  937 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 47. 
 
*  ന്യൂയോർക്കിലെ 33.8 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ്  വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 182,967 ഡോസുകൾ നൽകി. 
 
*  പ്രതിസന്ധിയിലുടനീളം ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ , ന്യൂയോർക്കിൽ  അവശ്യ തൊഴിലാളി സ്മാരകം(Essential Workers Monument) നിർമ്മിക്കും.  ന്യൂയോർക്കിലെ അവശ്യ തൊഴിലാളികളുടെ സേവനത്തെയും ത്യാഗത്തെയും മാനിച്ചുകൊണ്ട് നിർമ്മിക്കുന്ന സ്മാരകത്തിന് ഡിസൈൻ നിർദ്ദേശങ്ങളും മറ്റു  ശുപാർശകളും നൽകുന്നതിന് അവശ്യ തൊഴിലാളികളുടെ ഉപദേശക സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു. യഥാർത്ഥ ഹീറോസ് ആയ അവർ നമ്മെ പ്രചോദിപ്പിക്കും. അവരെ എക്കാലവും ആദരവോടെ ഓർക്കാൻ  ഒരു സ്മാരകംനമ്മൾ പണികഴിപ്പിക്കും.
 
*  എല്ലാ ന്യൂയോർക്കുകാരെയും  പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനവ്യാപകമായി 'വാക്സിനേറ്റ് എൻ‌വൈ പരസ്യ കാമ്പെയ്ൻ 'തുടങ്ങി . ടെലിവിഷൻ, റേഡിയോ, ഓൺ‌ലൈൻ, അച്ചടിമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക