Image

കണ്ടറിയാം കേരളത്തിന്റെ രാഷ്ട്രീയ ഭാവി (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 06 April, 2021
കണ്ടറിയാം കേരളത്തിന്റെ രാഷ്ട്രീയ ഭാവി (അനിൽ പെണ്ണുക്കര)

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണ് 2021 ഏപ്രിൽ 6 ന് 
നടന്നതെന്ന്  രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇടത് വലത് മുന്നണികളുടെ ഭാവിയും എൻ ഡി എ യുടെ വേരോട്ടവും കൃത്യമായി വിലയിരുത്താൻ ഈ തിരഞ്ഞെടുപ്പ് ഫലം കാരണമാകും. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രത്തോളം വാശിയേറിയ ഒരു തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടേയില്ല. രാഷ്ട്രീയ വിമർശനങ്ങളും വിവാദങ്ങളുമെല്ലാം കത്തിക്കയറുകയും മുന്നണികളിൽ അഭിപ്രായഭിന്നതകളും മറ്റും രൂപപ്പെട്ടതും ഇതേ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ നമ്മൾ കണ്ടതാണ്.

ഭരണത്തുടർച്ച തന്നെയാണ് ഇടത് മുന്നണി ലക്ഷ്യം വയ്ക്കുന്നത്. വികസന മാതൃകകളും ആരോഗ്യരംഗത്തെ നേട്ടങ്ങളും മറ്റും എണ്ണിപ്പറഞ്ഞാണ് എൽ ഡി എഫ് ന്റെ പ്രചരണങ്ങൾ മുന്നേറിയിരുന്നത്. എന്നാൽ ജനവിരുദ്ധ സർക്കാർ എന്ന് എണ്ണിപ്പറഞ് അഴിമതികൾ നടത്തിയിട്ടുണ്ടെന്ന കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തിലെ രണ്ടു പ്രധാനമുന്നണികളോട് മത്സരിച്ചു നിൽക്കാൻ പക്ഷെ എൻ ഡി എ സ്വീകരിച്ചത് മറ്റൊരു നയമായിരുന്നു. കേന്ദ്ര നേതാക്കളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ട് വലിയ തരത്തിലുള്ള പ്രചരണമാണ് എൻ ഡി എ കേരളത്തിൽ നടത്തിയത്.

ഭേദപ്പെട്ട പോളിംഗ് ആണ് കേരളത്തിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പോളിംഗ് കേരളത്തിന്റെ രാഷ്ട്രീയഭാവിയെ ഒരു തരത്തിലും പ്രവചിക്കാൻ കഴിയാത്ത തരത്തിലുള്ളതാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇടത് മുന്നണികളിൽ ആശ്വാസമുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം കോൺഗ്രസിന് പ്രതീക്ഷകൾ നൽകുന്നുണ്ട്.  തൂക്കുമന്ത്രിസഭയുണ്ടാകുമെന്നും കേരളത്തിൽ ബി ജെ പി ഭരിക്കുമെന്നുമുള്ള എൻ ഡി എ യുടെ അട്ടിമറി പ്രതീക്ഷയും ചെറുതായി കാണാനാവില്ല. കേവലംഭൂരിപക്ഷം ആർക്കും ലഭിക്കാത്തപക്ഷം അത്തരത്തിൽ ഒരു സാധ്യതയെയാണ് എൻ ഡി എ കേരളത്തിൽ പ്രതീക്ഷിക്കുന്നത്.

ശബരിമലയിലെ ആചാരലംഘനവും മറ്റും ഇടതുപക്ഷത്തിന് ചില മേഖലകളിൽ കോട്ടം വരുത്തുമെങ്കിലും കോവിഡ് വ്യാപനത്തിൽ ഉറച്ച് നിന്ന സർക്കാരിന്റെ ബലത്തിൽ അതിനെ മറികടക്കാനാകുമെന്നാണ് ഇടതു കോട്ടകൾ പ്രതീക്ഷിക്കുന്നത്.  പക്ഷെ അതെ ആചാരലംഘനം തന്നെ വോട്ടാക്കി മാറ്റാനാണ് യു ഡി എഫ് ഉം ബി ജെ പിയും കേരളത്തിൽ ശ്രമിക്കുന്നത്. അതിൽ അവരെത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

കാലങ്ങളായിത്തന്നെ ഓരോ വർഷവും മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളുടെ ചരിത്രമാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഭാവി നിർണ്ണയിക്കുക എന്നുള്ളതും ഏറെ പ്രയാസമാണ്.
മൂന്ന് മുന്നണികൾക്ക് പുറമെ കേരളത്തിൽ ആർ എം പിയും എസ് ഡി പി ഐ യും ട്വന്റി ട്വന്റിയുമെല്ലാം മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി യുണ്ടാക്കിയ നേട്ടവും കേരളത്തിലെ രാഷ്ട്രീയ മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

കാത്തിരുന്നു തന്നെ അറിയാം നമുക്ക് കേരളത്തിന്റെ രാഷ്ട്രീയ ഭാവി. ആര് ഭരിച്ചാലും ഈ നാട്ടിലെ സാധാരണ മനുഷ്യരെയും അവരുടെ പ്രശ്നങ്ങളെയും തിരിച്ചറിയാൻ കഴിയുന്നവരാകട്ടെ ഈ നാടിനെ നയിക്കാനിരിക്കുന്നവർ. വിധി എന്ത് തന്നെയായാലും അത് കേരളത്തിന്റെ മനസ്സാണ്. അതിനെ അംഗീകരിച്ചേ മതിയാകൂ. ജയിച്ചവരായാലും തോറ്റവരായാലും തുടരുക. ജനങ്ങൾക്കിടയിലെ പ്രശ്നങ്ങളുമായി മുന്നോട്ട് പോവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക