Image

ശബരിമല, ആഴക്കടല്‍, കോ-ലി-ബി... പ്രചാരണ ചൂടിലെ വിവാദങ്ങള്‍.(സനൂബ് ശശിധരന്‍)..

സനൂബ് ശശിധരന്‍ Published on 06 April, 2021
ശബരിമല, ആഴക്കടല്‍, കോ-ലി-ബി... പ്രചാരണ ചൂടിലെ വിവാദങ്ങള്‍.(സനൂബ് ശശിധരന്‍)..

സംസ്ഥാനം വീണ്ടും വോട്ടിടുമ്പോള്‍ മൂന്ന് മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും ഏറെയാണ്. കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫിനും യുഡിഎഫിനും ആശങ്കയേറ്റി പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. ചില മണ്ഡലങ്ങളില്‍ ബിജെപി ത്രികോണ മത്സരം ഉയര്‍ത്തുമ്പോള്‍ എറണാകുളത്ത് 8 മണ്ഡലങ്ങളിലും പൂഞ്ഞാര്‍ മണ്ഡലത്തിലും ട്വന്റി 20 യും പിസി ജോര്‍ജും ചതുഷ്‌ക്കോണ മത്സരത്തിനും കളമൊരുക്കുന്നു. വിവിധങ്ങളായ വിഷയങ്ങളാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ സജീവമാക്കിയത്. ആഴക്കടല്‍ വിവാദവും സ്വര്‍ണക്കടത്തും കിഫ്ബിയും ലൈഫ് മിഷനും സ്പ്രിങ്കളറും ശബരിമലയും പ്രതിപക്ഷം എടുത്ത് വീശിയപ്പോള്‍ ക്ഷേമപെന്‍ഷന്‍ വിതരണവും കിറ്റ് വിതരണവും പാലം റോഡ് വികസനങ്ങളും ഉയര്‍ത്തിയാണ് ഇടതുമുന്നണി പ്രതിരോധിച്ചത്.  

ഭരണതുടര്‍ച്ചയെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പോയ 5 വര്‍ഷത്തെ ഭരണനേട്ടങ്ങളും പിണറായി വിജയനെന്ന നേതാവിന്റെ കരിസ്മയുമാണ് ഇടതുമുന്നണിയുടെ മൂലധനം. ക്ഷേമപദ്ധതികളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും കിറ്റ് വിതരണവുമെല്ലാം  വോട്ടായി മാറുമെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. പ്രചാരണരംഗത്ത് മുഴുവനും കിറ്റ് വിതരണവും പെന്‍ഷന്‍ കൂട്ടിയതും ഏറ്റവും കൂടുതലായി ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. ലൈഫ് മിഷനും പ്രളയത്തെ നേരിട്ടതുമെല്ലാം എല്‍ഡിഎഫ് വിഷയമാക്കുന്നുണ്ട്്. അതേസമയം വിവാദവിഷയങ്ങളായ ശബരിമല ചവിട്ടാതെ നേക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ അത്രയ്ക്ക് വിജയിച്ചതുമില്ല. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞതോടെ വിഷയം വീണ്ടും മുഖ്യധാരയിലേക്ക് കടന്നുവന്നു. അതേസമയം യുഡിഎഫ് സ്വര്ണക്കടത്തിന് പുറമെ ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങളും അഴിമതികഥകളുമായി കളംപിടിച്ചു. ആഴക്കടല്‍ അഴിമതിക്ക് പിന്നാലെ ഇരട്ട് വോട്ട് വിവാദവുമായി പ്രതിപക്ഷ നേതാവ് എത്തിയത് ഫലത്തില്‍ യുഡിഎഫിനെ തന്നെ തിരിഞ്ഞുകൊത്തി. രമേശ് ചെന്നിത്തലയുടെ അമ്മയടക്കം  തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് വെട്ടിലാക്കിയത്.  

ശബരിമല
......
               
ശബരിമലയില്‍ നിയമനിര്‍മാണ് നടത്തുമെന്ന് പ്രഖ്യാപിച്ച് അതിന്റെ കരട് പുറത്തുവിട്ട് നേരത്തെ തന്നെ ലോക്‌സഭ ആവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമം നടത്തി. ആദ്യം അതില്‍ വീഴാതെ നോക്കാന്‍ എല്‍ഡിഎഫ് കരുതലെടുത്തു. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില് വിധി വന്നശേഷം തീരുമാനമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. പക്ഷെ പ്രചാരണം മുറുകി നില്‍ക്കവെ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലെ കേസുകള്‍ക്കൊപ്പം തന്നെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളെല്ലാം പിന്‍വലിച്ച് സര്‍ക്കാര് വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമവും ഒപ്പം തന്നെ പ്രതിപക്ഷ ആരോപണം ചെറുക്കാനുമുള്ള വഴികള്‍ തേടി. കേസില്‍ വിധി വന്നശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനം കൈക്കൊള്ളുവെന്ന്് പുതിയ നിലപാട് എന്തുകൊണ്ട് മുമ്പ് സ്വീകരിച്ചില്ലെന്ന ചോദ്യമുയര്‍ത്തിയായി പ്രതിപക്ഷം പ്ിന്നീട് സര്‍ക്കാരിനെ നേരിട്ടത്. ശബരിമല വിഷയത്തില്‍ നിന്ന് കഴിവതും ഒഴിഞ്ഞുമാറി സിപിഎം നടക്കുന്നതിനിടെയാണ് ശബരിമലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇതോടെ വിഷയം തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിവിശേഷത്തിലായി സിപിഎം. ശബരിമലയില്‍ നിലപാട് മാറ്റിയിട്ടില്ലെന്നും മന്ത്രിയോട് മുഖ്യമന്ത്രി വിശദീകരണം ചോദിക്കുമെന്ന് ജനറല് സെക്രട്ടറി തന്നെ നിലപാട് കടുപ്പിക്കുകയും ചെയ്തു. പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശം എന്‍എസ്എസിനെ ചൊടിപ്പിക്കുകയും ചെയ്തു.ശബരി മല അടഞ്ഞ വിഷയമാണന്നും എന്‍എസ്എസ് കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ ജനത്തെ സര്‍ക്കാരിനെതിരെ തിരിക്കുകയാണ് എന്നുമായിരുന്നു കാനത്തിന്റെ പ്രസ്താവന. പിന്നാലെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ എന്‍എസ്എസ് നാമജപയാത്രയും നടത്തി. അവസരം മുതലെടുത്ത ബിജെപി കോന്നിയിലെ മോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ശബരിമല പ്രധാനവിഷയമാക്കി ഉയര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രി ശരണമന്ത്രം വിളിച്ച് പ്രസംഗിച്ചതോടെ തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ട് ശബരിമല കത്തിച്ചുനിര്‍ത്തുന്നതായി മാറി.

ആഴക്കടല്‍ മത്സ്യബന്ധനകരാര്‍
......
ആഴ്ക്കടലില്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് 5000 കോടിയുടെ കരാര്‍ സര്‍ക്കാരുണ്ടാക്കിയെന്ന ഐശ്വര്യകേരളയാത്രക്കിടയിലെ ആരോപണം സജീവമാക്കിതന്നെ തെരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് നിലനിര്‍ത്തി. മത്സ്യമേഖലയിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് തീരമേഖലഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെല്ലാം ആഴക്കടല്‍ അഴിമതിതന്നെയാണ് പ്രതിപക്ഷം മുഖ്യവിഷയമാക്കിയത്. ഇഎംസിസിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുത്തും ധാരണാപത്രം റദ്ദാക്കിയതായി വ്യക്തമാക്കിയും സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും യുഡിഎഫ് വിട്ടില്ല. പ്രതിപക്ഷം ഇടപ്പെട്ടില്ലായിരുന്നുവെങ്കില് ആഴക്കടല്‍ വിറ്റഴിക്കുമായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ നേട്ടമായാണ് സംഭവം ജനങ്ങള്‍ക്കിടയില്‍ യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചു. അഴിമതിയില്ലെന്ന് ആവവര്‍ത്തിച്ച് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ കെഎസ്എന്‍ഇസി എംഡി എന്‍ പ്രശാന്തില്‍ കുറ്റമാരോപിച്ച് തലയൂരാനുള്ള ശ്രമങ്ങള്‍ പിണറായി വിജയനടക്കം ശ്രമിച്ചുകൊണ്ടിരുന്നതും ആഴക്കടല്‍ വിവാദം എത്രമാത്രം എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ്.

ഇരട്ട വോട്ട്
......
സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്നാരോപിച്ച് രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. മിക്കയിടത്തും ആളുകള്‍ക്ക് ഒന്നിലധികം വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഉദുമയിലെ കുമാരി എന്നവോട്ടര്‍ക്ക് 5 വോട്ടുകളുണ്ടെന്നായിരുന്നു ആരോപണം. വ്യാപകമായി സിപിഎം കള്ളവോട്ടുകള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ഒരള്‍ക്ക് ഇത്രയേറെ വോട്ടുകള്‍ ചേര്‍ത്തതെ്ന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി ഇത്തരത്തില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല് ആരോപണങ്ങളെല്ലാം കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞുകൊത്തി. കുമാരി താന്‍ കോണ്‍ഗ്രസ് കാരിയാണെന്നും തനിക്ക് ഒറ്റ വോട്ടേഴ്‌സ് ഐഡികാര്‍ഡ് മാത്രമേയുള്ളുവെന്നും  മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രതികരിച്ചു. പിന്നാലെ കോണ്‍ഗ്രസിന്റെ പല നേതാക്കള്‍ക്കും ഡോ.എസ്എസ് ലാല്‍, എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്കും ഇരട്ടവോട്ടുണ്ടെന്നത് വെളിപ്പെട്ടു. ചെന്നിത്തലയുടെ അമ്മ ദേവകിയ്ക്കും ഇരട്ട് വോട്ട്ുണ്ടെന്നതിന്‍രെ തെളിവുകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഇതിനിടെ ഉദ്യോഗസ്ഥരുടെ പിഴവാണ് ഇരട്ടവോട്ടിന് കാരണമെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സിപിഎമ്മാണ് ഇരട്ട വോട്ട് ചേര്‍ത്തതെന്ന വാദത്തിന്റെ മൂര്‍ച്ച ഇതിനോടകം തന്നെ കുറച്ച് പ്രതിപക്ഷം പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണ് എല്ലാത്തിനും കാരണമെന്ന് നിലപാടിലേക്ക് മാറി. ഹൈക്കോടതി ഇടപെടലോടെ ഇരട്ടവോട്ടുള്ളവര്‍ സത്യവാങ്മൂലം നല്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഇതോടെ ഇരട്ടവോട്ടെന്ന വിവാദത്തിന് അവസാനമായി.
 
വൈദ്യൂതികരാര്‍ അഴിമതി
.....
തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിവാദമാണ് കെഎസ്ഇബി അദാനിഗ്രൂപ്പുമായി വിന്‍ഡ് എനര്‍ജി വാങ്ങാന് കരാര്‍ ഒപ്പിട്ടെന്നത്. ചുരുങ്ങിയ വിലയ്ക്ക് സോളാര്‍ എനര്‍ജിയും മറ്റും ലഭിക്കുമെന്നിരിക്കെ അദാനിക്ക് ആയിരം കോടി ലാഭം ഉണ്ടാക്കികൊടുക്കാനാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‌പ്പെട്ടതെന്നായിരുന്നു ആരോപണം. യൂണിറ്റിന് 2 രൂപ 82 പൈസക്ക് വിന്‍ഡ് എനര്‍ജി വാങ്ങുമ്പോള്‍ ഉപഭോക്താവിന് യൂണിറ്റിന് 1 രൂപ അധികം നല്‍കേണ്ടിവരും. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 25 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടത് പിണറായി വിജയന്റെ താല്‍പര്യപ്രകാരം ആണെന്നും കേന്ദ്ര സംസ്ഥാനസര്‍ക്കാരിന്‌റെ ഒത്തുകളിയാണ് ഇതിനുപിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ കെഎസ്ഇബി കരാര്‍ ഒപ്പിട്ടത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എസ് ഇ സി ഐയുമായാണെന്നാണ് സര്‍ക്കാരിന്റെ പ്രതിരോധം.  5 ശതമാനം സോളാര്‍ - നോണ്‍ സോളാര്‍ എനര്‍ജി വാങ്ങണമെന്ന് കേന്ദ്രത്തിന്‍രെ നിര്‍േദശപ്രകാരമാണ് കരാര്‍ ഒപ്പിട്ടതെന്നും വിശദീകരിക്കുന്നു. കരാറിന്റെ വിവരങ്ങളെല്ലാം കെഎസ്ഇബിയുടെ സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും വിശദീകരിച്ചു. വൈദ്യുതമേഖല സ്വകാര്യവത്ക്കരിച്ചത് കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തി പ്രതിരോധിക്കാനും സിപിഎം ശ്രമിക്കുമ്പോഴും വാദങ്ങള്‍ക്ക് അത്ര ബലം പോരായിരുന്നു.

കോ-ലി-ബി സഖ്യം
.....
മൂന്ന് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കോ ലി ബി സഖ്യമെന്ന തെരഞ്ഞെടുപ്പ് സഖ്യം/ധാരണ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചെന്നുമാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തന്നെ ഇളക്കി മറിച്ചു. ചെങ്ങന്നൂരില് സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാവ് ബാലശങ്കറാണ് ആദ്യ വെടിപൊട്ടിച്ചത്. ബിജെപിയും സിപിഎമ്മും തമ്മില്‍ പലയിടത്തും ധാരണകളുണ്ടെന്നായിരുന്നു ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍. നിഷേധിച്ച് ഇരു പാര്‍ട്ടികളും രംഗത്തെത്തി. പക്ഷെ പിന്നാലെ ഓ രാജഗോപാലും ബിജെപി കോണ്‍ഗ്രസ് സഖ്യങ്ങളെ കുറിച്ച് പ്രസ്താവനകളുമായി എത്തിയതോടെ പഴയ കോ ലി ബി പിന്നെയും തെരഞ്ഞെടുപ്പ് വിഷയമായി. ബിജെപിക്ക് വോട്ടുകളുള്ള പല മണ്ഡലങ്ങളിലും അപ്രസ്‌ക്തരായ സ്ഥാനാര്‍ത്ഥികള്‍ എത്തിയതും ബാലശങ്കറിന്റെ വാദത്തിന് ബലമേകി. കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടെന്നാരോപിച്ച് രംഗത്തെത്തിയ സിപിഎം കഴിഞ്ഞതവണ നേമത്ത് ബിജെപി വിജയിക്കാനിടയാക്കിയത് കോണ്‍ഗ്രസ് വോട്ട് മറിച്ചതാണെന്ന് വീണ്ടും ആവര്‍ത്തിച്ചു. ഇക്കുറി നേമത്തടക്കം ബിജെപിയെ തറപറ്റിക്കുമെന്നും കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് അടപ്പിക്കുമെന്നും പിണറായി തന്നെ പ്രസ്താവിച്ചു. അതേസമയം ബിജെപിയുമായി സിപിഎം സഖ്യമുണ്ടാക്കിയെന്നും അതിനാലാണ കേന്ദ്രത്തിനെ വിമര്‍ശിക്കാത്തതെന്നും കോണ്‍ഗ്രസ് നേതൃതം ആരോപിക്കുന്നു. പക്ഷെ ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതോടെ ബിജെപി ധരണകള്‍ ഉണ്ടാക്കുന്നുവെന്ന വാദവും ശക്തമായി. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി പത്രികകള്‍ തള്ളിപോയത് സിപിഎമ്മിനെതിരെ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നുവെന്നതിന്‍രെ തെളിവാണെന്ന് ഇടതുപക്ഷം ആരോപിച്ചു. പിന്നാലെ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് ചെയ്യണമെന്ന പരാമര്ശത്തോടെ ആക്ഷേപങ്ങള്‍ക്ക് ബലം കൂടി. ഗുരുവായൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി പക്ഷെ ഏറ്റവും ഒടുവില്‍ മനസാക്ഷി വോട്ടെന്നതില്‍ എത്തി നില്‍ക്കുന്നു. 25000 ത്തിലേറെ വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ ബിജെപിയുടെ പ്രമുഖ നേതാക്കളുടെ പത്രികകള്‍ ആണ് രണ്ടിടത്തും പത്രിക പൂര്‍ണമായി പൂരിപ്പിക്കാത്തതിനെ തുടര്‍്ന്ന് തള്ളി പോയത് എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയതിരിച്ചടിയായി.

വിവാദങ്ങള്‍ ഒട്ടും കുറവില്ലാതിരുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് അപ്പുറം വ്യക്തിപരമായ പരാമര്‍ശങ്ങളും സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ ആക്രമണങ്ങളും ഇത്തവണയും അരങ്ങേറി. നിശബ്ദ പ്രചാരണദിവസത്തിലും വ്യക്തിഹത്യനടത്തിയെന്ന ആരോപണത്തിന് കുറവുണ്ടായില്ല. എ എം ആരിഫ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെ നടത്തിയ പരാമര്‍ശമാണ് അവസാന ദിവസം യുഡിഎഫ് ആയുധമാക്കിയത്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഇവരില്‍ ആരുടെ വാദങ്ങള്‍ക്കാണ് വോട്ടര്‍മാരുടെ സ്വീകാര്യത കിട്ടയത് എന്നറിയാന്‍ അടുത്ത ഒരുമാസം കാത്തിരിക്കാം.
--
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക