ഉറക്കമില്ലാതായിരിക്കുന്നു. വല്ലാത്തൊരു കുഴപ്പത്തിലാണ് ഞാൻ പെട്ടിരിക്കുന്നത്. ഞാനും ഭാര്യയും ചേർന്ന് കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി ഒരു ജോത്സ്യനെ കൊണ്ട് പ്രശ്നം വെപ്പിച്ചിരുന്നു. കണ്ണടച്ച് ഏറെനേരത്തെ ധ്യാനത്തിനു ശേഷം ജോത്സ്യൻ വിധി പ്രസ്താവിച്ചു.
“നിങ്ങൾ ജീവിതത്തിൽ പങ്കെടുത്ത ഏതോ ഒരു ശേഷക്രിയ തെറ്റിച്ചു ചെയ്തതിനാൽ ആ ആത്മാവ് കോപിഷ്ഠനാണ്. അതിനാലാണ് കുടുംബത്തിന്റെ ഉയർച്ച മന്ദഗതിയിലാവുന്നത്. “
ദക്ഷിണ കൊടുത്ത് അദ്ദേഹത്തെ പറഞ്ഞയച്ചതിന്ശേഷം മുറിയിലിരുന്ന് ഞാനും ഭാര്യയും ഇരുത്തി ചിന്തിച്ചു. ജീവിതത്തിൽ ആകെ ചെയ്ത ശേഷക്രിയ അച്ഛന്റെതാണ്. പക്ഷേ അച്ഛൻ സന്തുഷ്ടനാണ് എന്നാണ് ജ്യോത്സ്യൻ പറയുന്നത്. പിന്നെ ആരാണ്? ഒരു പിടിയും കിട്ടുന്നില്ല.
അടുത്തദിവസം കുട്ടികൾ മുറ്റത്ത് മണ്ണുവാരി കളിക്കുന്നത് കണ്ടപ്പോഴാണ് ആ രംഗം ഓർമ്മകളിലേക്ക് കടന്നുവന്നത്. കുട്ടിക്കാലത്ത് വീടിനപ്പുറത്തുള്ള പ്രഭാകരൻ മാഷിന്റെ ബിലുമ്പി മരത്തിനു ചുവട്ടിൽ ഞങ്ങൾ ഗംഭീരമായി നടത്തിയ ശവസംസ്കാര ചടങ്ങ്!
അതൊരു വേനലവധിക്കാലമായിരുന്നു. തലപ്പന്ത് കളിക്കുന്നതിനിടയിൽ മാഷിന്റെ ഭാര്യ നാണിയേടത്തിയാണ് അടുക്കളപ്പുറത്ത് ഒരു എലി ചത്തു കിടക്കുന്നത് ഞങ്ങൾക്ക് കാണിച്ചു തന്നത്. മാഷിന്റെ മകൾ മിട്ടുവും രണ്ട് വീട് അപ്പുറമുള്ള ഹരിതയും നവനീതും ഞാനും ചേർന്ന് അതിനെ ഒരു മരപ്പലകയിലേക്ക് തട്ടിയിട്ടു. നവനീതും ഞാനും ശവമഞ്ചമേന്തി നടന്നു.മിട്ടുവും ഹരിതയും തേങ്ങിക്കരയുന്നത് പോലെ അഭിനയിക്കാൻ തുടങ്ങി. മിട്ടുവിന്റെ കരച്ചിലിന്റെ തോത് ശ്വാസമെടുക്കുന്നതിനനുസരിച്ച് കൂടിയും കുറഞ്ഞുമിരുന്നു. ബിലുമ്പി പുളിയുടെ ചുവട്ടിൽ സൂക്ഷിച്ച് ശവമഞ്ചം ഇറക്കിവെച്ചു.

മിട്ടു കരച്ചിൽ നിർത്തി, ഓടിപ്പോയി കുറേ ഇലകളും പൂക്കളും പറിച്ചു കൊണ്ടുവന്നു. നവനീത് അപ്പോഴേക്കും കുഴി ശരിയാക്കുകയായിരുന്നു. അന്നേ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഞാൻ മിടുക്കനായിരുന്നു. എല്ലാം എന്റെ നിയന്ത്രണത്തിലാക്കാൻ കളികളിൽ എപ്പോഴും ഞാനെന്നെ നായകനായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരിൽ പലവട്ടം മിട്ടുവിനോട് തർക്കിച്ചുട്ടുണ്ട്. എന്നെക്കാൾ ഒന്നോരണ്ടോ വയസ്സിന് മൂത്തതാണ് അവൾ.
കുഴിയുടെ ആഴം മതിയായില്ല എന്ന് പറഞ്ഞ്, നവനീതിനെക്കൊണ്ട് വീണ്ടും ആഴത്തിൽ കുഴിപ്പിച്ചു. ഹരിത അവിടെയിരുന്നു പലതരം ഇലകൾ ചേർത്തുവച്ച ഒരു കുഞ്ഞു റീത്ത് ഉണ്ടാക്കി എന്റെ മുന്നിലേക്ക് നീട്ടി. ഞാനത് വാങ്ങിയപ്പോൾ ഹരിതയും മിട്ടുവും എലിയെ കുഴിയിലേക്ക് ഇടാനൊരുങ്ങി. പെട്ടെന്ന് ഞാനും നവനീതും അവരെ തടഞ്ഞു.
“പെണ്ണ്ങ്ങളേ.. ഇതൊന്നും ചെയ്യരുത്.”
കാര്യങ്ങൾ മനസ്സിലാക്കിയ പോലെ അവർ ശോകഭാവത്തിൽ മാറിനിന്നു. ഞാനും നവനീതും കുറച്ചൊരു അധികാരത്തോടെ എലിയെ കുഴിയിലേക്കിട്ടു. എന്നിട്ട് ഹരിതയോടും മിട്ടുവിനോടും കുറച്ച് മണ്ണുവാരി കുഴിയിലേക്കിടാൻ പറഞ്ഞു.
മണ്ണ് മുഴുവനായി മൂടി കൂനയാക്കിയത് നവനീതായിരുന്നു. മണ്ണിൽ കഴിയാൻ കാത്തിരുന്നത് പോലെ ഹരിത ചാടിക്കയറി അതിനുമുകളിൽ റീത്ത് വച്ചു. പെട്ടെന്നാണ് എനിക്കൊരു സിനിമയിലെ രംഗം ഓർമ്മ വന്നത്. അതുകൂടി ആയാൽ നല്ല രസമായിരിക്കും. എനിക്ക് പ്രധാനിയാവാൻ കിട്ടിയ ഒരു അവസരം കൂടിയാണ്.
അതിന് ഒരു കുടം വേണം. എന്നിട്ടും അതിലെ വെള്ളം നിറച്ച് ഇതിന് ചുറ്റിലും നടക്കണം. ചുറ്റിലും നോക്കിയിട്ട് കുടമൊന്നും കാണുന്നില്ല. ഏറ്റവുമൊടുവിൽ പൊട്ടിക്കേണ്ടത് ആയതുകൊണ്ട് ആരോടും ചോദിക്കാനും വയ്യ. അതുകൊണ്ട് തൽക്കാലം ഒരു പാട്ടയിൽ വെള്ളം നിറച്ച് മൺകൂന ചുറ്റിലും നടക്കാൻ തീരുമാനിച്ചു. നടന്നു തീർത്ത് ആ വെള്ളം ചുറ്റും തളിച്ചു. പോരാത്തതിന് അത് പ്രസാദമായി എല്ലാവർക്കും കുടിക്കാനും കൊടുത്തു. അവസാനം ഒരു ചന്തത്തിന് നവനീത് രണ്ടു ചുള്ളിക്കമ്പ് കൊണ്ടൊരു കുരിശും ഉണ്ടാക്കി തലയ്ക്കൽ നാട്ടിവച്ചു. എല്ലാവരും ചേർന്ന് ചുറ്റിലും പൂക്കൾ വിതറി കളി അവസാനിപ്പിച്ചു.
ഭാര്യ 11 മണിയുടെ ചായയുമായി വന്നപ്പോഴാണ് ഓർമ്മകളിൽ നിന്നും തിരികെയെത്തിയത്. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആ ശവകുടീരമൊരു ഭയമായി എന്നിൽ വളർന്നുകൊണ്ടിരുന്നു. അന്ന് കളിക്കായിരുന്നെങ്കിലും ഞാൻ നേതൃത്വം നൽകിയത് ഒരു ശവസംസ്കാര ചടങ്ങിനായിരുന്നില്ലേ? ഇടയ്ക്കെപ്പോഴോ കിട്ടിയ ഉറക്കത്തിലും ആ ശവകുടീരവും, കെണിയിൽ വീണ ഒരു എലിയും, അതിൽ നിന്നും രക്ഷപ്പെടാൻ നോക്കുന്ന ഞാനുമെല്ലാം കടന്നുവന്നു.
‘എലിയുടെ ആത്മാവേ, എന്നോട് പൊറുക്കേണമേ.’
എഴുന്നേറ്റു നോക്കുമ്പോൾ സമയം രണ്ടു മണി. ഭാര്യയെ ഉണർത്താതെ ഞാൻ മെല്ലെ പൂജാമുറിയിൽ നിന്നും ഒരു തിരിയും തീപ്പെട്ടിയും എടുത്തു. അടുക്കളയിൽ ചെന്ന് ചോറിന്റെ ചെമ്പിൽ നിന്നും ബാക്കിയായ കുറച്ചു വറ്റുകൾ കൈപിടിയിൽ എടുത്തു. വീടിന്റെ മുൻവാതിൽ തുറന്ന് ഗേറ്റും കടന്ന് മതിലുകളില്ലാത്ത പ്രഭാകരൻ മാഷിന്റെ തൊടിയിലേക്ക് നടന്നുകയറി. ഫോണിന്റെ ടോർച്ച് ലൈറ്റ് ബിലുമ്പി മരത്തിന് ചുവട്ടിൽ അന്ന് തീർത്ത ശവകുടീരത്തിന്റെ സ്ഥാനം ഏകദേശം നിശ്ചയിച്ചു. ആദ്യം കയ്യിലെ തിരി കത്തിച്ചു. ഒരു കല്ലെടുത്ത് വെച്ച് അതിനു മുകളിൽ വെച്ചു. തൊടിയിലെ ഒരു പുല്ലുപറിച്ച് മോതിരവിരലിൽ അണിഞ്ഞ്, എലിയുടെ രൂപത്തെ മനസ്സിൽ ധ്യാനിക്കാൻ തുടങ്ങി. വർഷത്തിലൊരിക്കൽ അച്ഛനിടുന്ന ബലി കർമ്മങ്ങളുടെ ഓർമ്മയിൽ ഞാൻ കർമ്മങ്ങൾ ആരംഭിച്ചു. ക്രിയകൾക്ക് ശേഷം നിലത്ത് വിരിച്ച വാഴയിലയിൽ ഒരുരുള ചോറും വച്ചു. എന്നിട്ട് ഉച്ചത്തിൽ കൈകൊട്ടി കാക്കയെ വിളിച്ചു.
അപ്പോൾ, മീശകളുള്ള, നീണ്ട വാലുള്ള ഒരു വലിയ കാക്ക പറന്നു വരുന്നുണ്ടായിരുന്നു. അപ്പുറത്ത് മാഷിന്റെ വീട്ടിൽ ലൈറ്റ് തെളിഞ്ഞു.
-----------------------------------------------------------------------------------------------------------------------------------------------
ഗോകുൽ രാജ്, 23 വയസ്സ്, കോഴിക്കോട് സ്വദേശം
നിലവിൽ തിരൂർ മലയാളം സർവ്വകലാശാലയിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥി . 'ഡൊമസ്റ്റിക് ഡയലോഗ്സ് ' ഉഴൽ' എന്നീ രണ്ട് സമാന്തര സിനിമകൾ എഴുതി സംവിധാനം ചെയ്യ്തിട്ടുണ്ട് . ഡൊമസ്റ്റിക് ഡയലോഗ്സ് നിരവധി അന്തർദേശിയ ചലച്ചിത്ര മേള തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . Jharkand International Film festival (JIFFA) ൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് . ഉഴൽ സിനിമയുടെ പണികൾ പൂർത്തിയാവുന്നതേയുള്ളു .
അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവുമായ പരാമര്ശങ്ങള് പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര് നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള് എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Suresh Babu K
2021-04-09 17:02:07
കൂടുതൽ കരുത്തുള്ള പ്രമേയങ്ങളുമായി വരുമെന്ന് ഉറച്ച വിശ്വാസം ഈ രചന നൽകുന്നു
RAJU THOMAS
2021-04-06 16:02:03
എന്നാലും ഈട് ഇല്ലെന്നു തോന്നി. പിന്നെ, ആദ്യമേ തെറ്റി--'ശവമടക്ക്കളി' എന്നു വരില്ല, 'ശവമടക്കുകളി' എന്നു വേണം. ഇത് സംവൃത-വിവൃതക്കാര്യമാണ്. എങ്കിലും, കഴിഞ്ഞ മൂന്നു കഥകളിലുള്ളതിൽ കുറവാണ് ഇവിടെ വ്യാകരണത്തെറ്റുകൾ . ഇതൊക്കെ പറയാൻ കാരണം, ഇതൊക്കെ വായിച്ചല്ലേ ഞങ്ങൾ ഞങ്ങളുടെ മലയാളം മെച്ചപ്പെടുത്തേണ്ടത്!