Image

അടൂരിൽ പോരാട്ടം പ്രവചനാതീതം; ചിറ്റയം ഗോപകുമാർ കരുത്തൻ (പ്രവാസി കാഴ്ച-6, ജോർജ് എബ്രഹാം)

Published on 02 April, 2021
അടൂരിൽ പോരാട്ടം പ്രവചനാതീതം; ചിറ്റയം ഗോപകുമാർ കരുത്തൻ  (പ്രവാസി കാഴ്ച-6, ജോർജ് എബ്രഹാം)
സി.പി.ഐ സ്ഥാനാർത്ഥിയായി തുടർച്ചയായ  മൂന്നാം തവണയാണ് ചിറ്റയം ഗോപകുമാർ , അടൂരിൽ ജനവിധി തേടുന്നത്. 

ഒരു പുതിയ നിയോജകമണ്ഡലം വേഗത്തിൽ കെട്ടിപ്പടുത്ത് അവിടെ സ്വീകാര്യനും പ്രിയങ്കരനുമായ  ജനപ്രതിനിധിയായി മാറുകയും, തുടർന്ന് ഓരോ വട്ടവും ഭൂരിപക്ഷം മെച്ചപ്പെടുത്തി  വിജയം ആവർത്തിക്കുകയും  ചെയ്യുന്ന ‘തിരുവഞ്ചൂർ മോഡൽ’  തന്നെയാണ് അദ്ദേഹവും പിന്തുടരുന്നതെന്നാണ്  തോന്നുന്നത്. നാട്ടുകാരുമായി സംസാരിച്ചപ്പോൾ അവർ പങ്കുവച്ചതും സമാനമായ വികാരം തന്നെ. അദ്ദേഹത്തിന്റെ ശ്രമഫലമായി വിവിധ മേഖലകളിൽ നാട് കൈവരിച്ച വികസനങ്ങൾ പറഞ്ഞിട്ട്  മതിവരാതെ പ്രകീർത്തിക്കുന്ന ഒരുപാട് പേരെ കണ്ടു.

മുൻപ് അടൂർ മണ്ഡലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. 2011 ൽ കോൺഗ്രസിൽ നിന്നുള്ള പന്തളം സുധാകരനെ പരാജയപ്പെടുത്തി 607 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഗോപകുമാർ അടൂർ സ്വന്തമാക്കിയത്. 2016 ൽ തന്റെ ഭൂരിപക്ഷം  25460 വോട്ടായി ഉയർത്തി.

അതിനാൽ, കോൺഗ്രസ് സ്ഥാനാർത്ഥി എം. ജി. കണ്ണനെ സംബന്ധിച്ചിടത്തോളം വിജയത്തിലേക്ക് നടന്നടുക്കാൻ നല്ല അധ്വാനം വേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമല്ല. എന്നിരുന്നാലും, രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനം സൃഷ്ടിച്ച തരംഗം,  യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കടുത്ത ആവേശവും പോരാട്ടവീര്യവും  പകർന്നിട്ടുണ്ട് . യുഡിഎഫിന്  അനുകൂലമായ സമീപകാല പ്രവണതകൾ അടൂർ മണ്ഡലത്തിലും പ്രതീക്ഷകൾക്കപ്പുറമായ മത്സരച്ചൂടിന് കളമൊരുക്കിയേക്കാം.

വർഷങ്ങളോളം കഷ്ടപ്പെട്ടും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ചുമാണ് കണ്ണൻ നേതൃനിരയിലേക്ക് ഉയർന്നുവന്നത്.  ഇലന്തൂർ, റാന്നി എന്നിവയെ ജില്ലാ പഞ്ചായത്തിൽ പ്രതിനിധീകരിച്ചതു കൂടാതെ  പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും വഹിച്ച പരിചയസമ്പത്തും   കണ്ണനുണ്ട്.  പത്തനംതിട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, കേരള നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കന്നിയങ്കമാണിത്.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് അടുത്തിടെ പുറത്തു പോയ  പന്തളം പ്രതാപനാണ്  ബിജെപി സ്ഥാനാർഥി. വളരെക്കാലമായി കോൺഗ്രസ്  പാർട്ടിയിൽ നിന്ന് പല സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും നേടിയ ആളുകൾ, അതെല്ലാം ക്ഷണനേരത്തിൽ മറക്കുകയും പ്രസ്ഥാനത്തോട് കൂറ് പുലർത്താതെ എല്ലാം ഉപേക്ഷിച്ച് മറുകണ്ടം ചാടുന്നതും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ്. കോൺഗ്രസ്  വക്താവായ പന്തളം സുധാകരന്റെ സഹോദരനാണ് ഇദ്ദേഹം. സുധാകരനും  ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നു. 

എന്തായാലും, ഇത്തരം വീഴ്ചകൾ വിരൽ ചൂണ്ടുന്നത് ഇന്നത്തെ രാഷ്ട്രീയരംഗത്തെ മൂല്യശോഷണത്തിലേക്കാണ്. ഒരു കോൺഗ്രസ് എം‌എൽ‌എയെ ജനങ്ങൾ തെരഞ്ഞെടുത്താൽ‌, അവർ‌ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നതിന്‌ എന്താണ് ഉറപ്പ് എന്ന ചോദ്യം ഒരുപാട് പേരിൽ നിന്ന് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഒഴുക്കാൻ ആവശ്യത്തിൽ അധികം ഫണ്ടുമായി ബിജെപി തുനിഞ്ഞിറങ്ങിയാൽ, ജനപ്രതിനിധികളിൽ എത്രപേർ അവരുടെ സ്ഥാനത്തിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കുമെന്ന സംശയം വോട്ടർമാരെ കാര്യമായി അലട്ടുന്നുണ്ട്.

 കോൺഗ്രസ് വോട്ടർമാരുടെയും ബിജെപി വോട്ടർമാരുടെയും അപ്രീതിക്ക് ഒരുപോലെ പാത്രമായി മാറിയിരിക്കുന്ന പ്രതാപന്, ഈ തിരഞ്ഞെടുപ്പിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതെ വരും. കാലങ്ങളായി പാർട്ടിക്കൊപ്പം നിന്ന് മികവ് തെളിയിച്ച പലരെയും പിന്തള്ളി, പെട്ടെന്നൊരു സുപ്രഭാതത്തിൽ ബിജെപി യിൽ ചേർന്ന പ്രതാപനെ സ്ഥാനാർഥി ആക്കിയതിൽ അണികൾ അതൃപ്തരാണ്. ഈ ഒരു സാഹചര്യത്തിൽ, അടൂരിൽ മുൻപ്  ബിജെപിക്ക് സാധ്യത കല്പിച്ചിരുന്ന  25000 ത്തോളം വോട്ടുകൾ  കോൺഗ്രസിലേക്ക് മറിയുമെന്നാണ് വിലയിരുത്തൽ.
see also
 
 

അടൂരിൽ പോരാട്ടം പ്രവചനാതീതം; ചിറ്റയം ഗോപകുമാർ കരുത്തൻ  (പ്രവാസി കാഴ്ച-6, ജോർജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക