Image

മക്കളെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ ചിലര്‍ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു: കൃഷ്‌ണകുമാര്‍

Published on 02 April, 2021
മക്കളെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ ചിലര്‍ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു: കൃഷ്‌ണകുമാര്‍
സ്വതന്ത്ര വ്യക്തികളായ മക്കളെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ ചിലര്‍ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ തിരുവനന്തപുരംനേമം നിയോജകമണ്‌ഡലത്തിലെ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്‌ണകുമാര്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും സന്തോഷവും തന്റെ കുടുംബമാണ്‌. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുമെന്നും അതിജീവിക്കുമെന്നും കൃഷ്‌ണകുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 


കൃഷ്‌ണകുമാറിന്റെ പോസ്റ്റിലെ കുറിപ്പ്‌ വായിക്കാം. 

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാലു പെണ്‍മക്കള്‍ അടങ്ങുന്ന ഈ സന്തുഷ്‌ട കുടുംബമാണ്‌. ഒരു കലാകാരന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയിരുന്ന സമയത്ത്‌ അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആരംഭിക്കുകയും ചെയ്‌തപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും ചിലര്‍ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ വ്യക്തിപരമായി ഉപദ്രവിക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. 

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തെ നേരിടുകയും അതിജീവിക്കുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയ്‌ക്ക്‌ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്‌. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ളതു പറഞ്ഞു കൊണ്ടുതന്നെ മുന്നോട്ടു പോവും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന അച്ഛനായ കൃഷ്‌ണകുമാറിനെ മാത്രമേ നിങ്ങള്‍ക്കറിയൂ. എന്തു പ്രശ്‌നം വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്‌ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മിറ്റിക്കാര്‍ക്ക്‌ മനസിലായിട്ടില്ല എന്നു തോന്നുന്നു എന്നു പറഞ്ഞു കൊണ്ടാണ്‌ കൃഷ്‌ണകുമാര്‍ തന്റെ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക