Image

ആരുടേതാകും ആ നാലാമത്തെ മുഖം ടെക്‌നോ ഹൊറര്‍മുവീ 'ചതുര്‍മുഖം' വരുന്നു

Published on 02 April, 2021
ആരുടേതാകും ആ നാലാമത്തെ മുഖം ടെക്‌നോ ഹൊറര്‍മുവീ 'ചതുര്‍മുഖം' വരുന്നു

മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ കുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ദുരുപയോഗം കൊണ്ട്‌ ആളുകളുടെ മാനവും ജീവനും വരെ അപകടപ്പെടുത്തുന്ന രീതിയില്‍ ഇതുപയോഗിക്കാനും കഴിയും. ക്രിയാത്മകമായ പല കാര്യങ്ങളും നിര്‍വഹിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നിരിക്കേ, അതിലൊരുക്കുന്ന ചതിക്കുഴികളില്‍ വീണ്‌ എത്രയെത്ര പെണ്‍കുട്ടികളുടെ ജീവിതങ്ങളാണ്‌ ആത്മഹത്യയില്‍ ഒടുങ്ങുന്നത്‌. ഇങ്ങനെ സഹായിയും ഉപദ്രവകാരിയും വില്ലനും എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മൊബൈലിന്റെ ഇതുവരെ കാണാത്ത മറ്റൊരു മുഖം, നാലാമത്തെ മുഖവുമായാണ്‌ മഞ്‌ജു വാര്യര്‍ നായികയാവുന്ന ചതുര്‍മുഖം എത്തുന്നത്‌.

നവാഗതരായ രഞ്‌ജിത്‌ കമല ശങ്കര്‍, സലില്‍.എ എന്നിവരാണ്‌ ചതുര്‍മുഖത്തിന്റെ സംവിധായകര്‍. മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രം എന്ന ലേബലിലാണ്‌ മഞ്‌ജു വാര്യര്‍ സണ്ണി വെയ്‌ന്‍ എന്നിവര്‍ നായികാ നായകന്‍മാരായി എത്തുന്ന ചതുര്‍മുഖം എത്തുന്നത്‌. സാധാരണ കാണുന്ന ഫിക്ഷന്‍ ഹൊറര്‌ മുവീസിന്റെ വിഭാഗത്തില്‍ പെടുന്നതാണ്‌ ടെക്‌നോ ഹൊറര്‍ മൂവീസ്‌. 

ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഹൊറര്‍ ചിത്രം. മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്ന തേജസ്വിനി, സണ്ണി വെയ്‌ന്‍ അവതരിപ്പിക്കുന്ന ആന്റണി, അലന്‍സിയര്‍ അവതരിപ്പിക്കുന്ന ക്‌ളെമന്റ്‌ എന്നിവരിയൂടെയാണ്‌ കഥയുടെ സഞ്ചാരം. കോളേജില്‍ ഒരുമിച്ചു പഠിച്ച തേജസ്വിനിയും ആന്റിണിയും ഇപ്പോള്‍ തിരുവനന്തപുരത്ത്‌ സി.സി..ടി.വി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്‌ നടത്തുകയാണ്‌. ഇവര്‍ക്കിടയിലേക്കാണ്‌ റിട്ടയേര്‍ഡ്‌ അഗ്രികള്‍ച്ചര്‍ കോളേജ്‌ അധ്യാപകനായ ക്‌ളമെന്റ്‌ കടന്നു വരുന്നത്‌. ക്‌ളെമന്റ്‌ കടന്നു വരാനുണ്ടായ അസാധാരണ സാഹചര്യവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌.

തേജസ്വിനി, ആന്റിണി, ക്‌ളെമന്റ്‌ എന്നീ മൂന്നു മുഖങ്ങള്‍ കൂടാതെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്‌. അതൊരു മൊബൈല്‍ ഫോണാണ്‌. ചതുര്‍മുഖത്തില്‍ വില്ലനും പ്രേതവുമായി ഒരേ സമയം അവതരിക്കുന്നതും ഈ മൊബൈല്‍ ഫോണ്‍ തന്നെ. ഒരു മൊബൈല്‍ ഫോണിന്‌ എങ്ങനെ പ്രേത സാന്നിധ്യം ഉണര്‍ത്താനും പ്രേക്ഷകരെ പേടിപ്പിക്കാനും സാധിക്കും എന്ന ഉദ്വേഗജനകമായ ചോദ്യത്തിന്‌ ചിത്രം കാണുക എന്നതു മാത്രമാണ്‌ പോംവഴിയെന്ന്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ശ്യാമപ്രസാദ്‌, ശ്രീകാന്ത്‌ മുരളി, നിരഞ്‌ജന അനൂപ്‌, റോണി ഡേവിഡ്‌, നവാസ്‌ വള്ളിക്കുന്ന്‌, ഷാജു ശ്രീധര്‍, കലാഭന്‍ പ്രചോദ്‌ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ ഇഫക്‌ടിസിനും സൗണ്ട്‌ ഡിസൈനിങ്ങിനും പ്രാധാന്യം നല്‌കിക്കൊണ്ട്‌ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിലെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളിലൊന്ന്‌ മഞ്‌ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്‌. ജിസ്സ്‌ ടോംസ്‌ മുവീസിന്റെ ബാനറില്‍ മഞ്‌ജു വാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത്‌ ജിസ്സ്‌ ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം അഭിനന്ദ്‌ രാമാനുജം ആണ്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക