Image

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

ശങ്കരനാരായണന്‍ മലപ്പുറം Published on 30 March, 2021
തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)
ഗോപാലന്റെ അനുജനാണ് ഗോവിന്ദന്‍.  അച്ഛന്റെ പേരിലുള്ള സ്ഥലത്തെ വടക്കേ അതിരില്‍ ഗോപാലനൊരു വീടു വച്ചു. പിന്നീട് ഗോപാലന്റെ വീടിന്റെ നേരെ തെക്കുഭാഗത്ത് ഗോവിന്ദനുമൊരു വീടു വച്ചു. ജ്യേഷ്ഠന്‍ ഗോപാലന്റെ മകന്‍ ഗോപന്‍ വലുതായപ്പോള്‍ പിതൃസഹോദരനായ ഗോവിന്ദന്റെ വീടിന്റെ നേരെ തെക്കുഭാഗത്ത് മൂന്നാമതൊരു വീടു വച്ചു. ഭാഗം വയ്ക്കാത്തതിനാല്‍ സ്ഥലത്തിന്  വേലിയോ മതിലോ അതിരോ ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലത്തിന് അതിരുകള്‍ ഇല്ലായിരുന്നെങ്കിലും അവരെല്ലാവരും അതിരറ്റ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.

         അതിനിടെ ഗോവിന്ദന് വിട്ടുമാറാത്ത ഒരസുഖം. വീടിന്റെ നില്‍പ്പു പ്രശ്‌നമാണോ കാരണമെന്ന് ഗോവിന്ദനൊരു സംശയം. സിവില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന ഇളയ മകനോട് ഗോവിന്ദന്‍ അഭിപ്രായം ചോദിച്ചു. അവന്‍ നിര്‍ദ്ദേശിച്ചതിനനുസരിച്ച് ഒരു ദിവ്യനെ വീട്ടില്‍ വിളിച്ചുവരുത്താന്‍ ഗോവിന്ദന്‍ തീരുമാനിച്ചു.  വിവരം ജേഷ്ഠനെയും ജ്യേഷ്ഠന്റെ മകനായ ഗോപനെയുമൊക്കെ അറിയിച്ചു. എല്ലാവരും ഗോവിന്ദന്റെ വീട്ടില്‍ ഒത്തുകൂടി. വീടിന്റെ നില്പു പ്രശ്‌നം തന്നെയാണെന്ന് ദിവ്യന്‍ കല്പിച്ചു. ദിവ്യന്‍ ചില പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. അതൊക്കെ ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു.

     മുറ്റത്തേക്കിറങ്ങിയ ദിവ്യന്‍ ഗോവിന്ദന്റെ വീടും പരിസരവുമൊക്കെ സസൂക്ഷ്മം ശ്രദ്ധിച്ചു. ഒരേ നിരയില്‍ നില്‍ക്കുന്ന മൂന്ന് വീടുകളുടെയും മദ്ധ്യത്തിലുള്ള ഗോവിന്ദന്റെ വീടിന്റെ തെക്കു ഭാഗത്തും വടക്കു ഭാഗത്തും ഓരോ പുളിമരത്തൈകളുണ്ട്. ഇത് ദിവ്യന്റെ ശ്രദ്ധയില്‍പ്പെട്ടു. ദിവ്യന്‍ പറഞ്ഞു:

    'വീടിന്റെ വടക്കുഭാഗത്തുള്ള പുളിമരം അനര്‍ത്ഥങ്ങളുണ്ടാക്കും. തെക്കുഭാഗത്തുള്ള പുളിമരം ഐശ്വര്യവും'
       ഇതു പറഞ്ഞ് വലിയ സംഖ്യ ദക്ഷിണയും വാങ്ങി ദിവ്യന്‍ തന്റെ കാറില്‍ തിരിച്ചുപോയി. ഗോവിന്ദന്‍ ഉടനെത്തന്നെ തന്റെ വീടിന്റെ വടക്കു ഭാഗത്തുള്ള പുളിമരത്തൈ വെട്ടിയിട്ടു. തന്റെ അച്ഛനുമമ്മയുമൊക്കൊ താമസിക്കുന്ന വീടിന് ഐശ്വര്യം ഉണ്ടാക്കുന്നതും  വീടിന്റെ തെക്കു ഭാഗത്തുള്ളതുമായ പുളിമരം വെട്ടിയിട്ടതു കണ്ടപ്പോള്‍ ഗോപന്റെ കോപം അതിരുവിട്ടു. അതിരില്ലാത്ത ഭൂമിയില്‍നിന്ന് അവന്‍ ബഹളം വച്ചു.  അച്ഛന്‍ ഗോപാലനും അനുജനും ഒപ്പം ചേര്‍ന്നു. കോപിഷ്ഠനായ ഗോപന്‍ പകരംവീട്ടി. തന്റെ വീടിന്റെ വടക്കുഭാഗത്തുള്ളതും വീടിന് അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതുമായ പുളിമരം ഗോപനും വെട്ടിയിട്ടു.

    അതോടെ ബഹളം മൂത്തു. പിന്നെ വാക്കേറ്റമായി, അടിയായി, ഇടിയായി, കുത്തായി, കോടതിയില്‍ കേസ്സുമായി. കേസ്സിനും ജാമ്യത്തിനും കേസ്സ് നടത്താനുള്ള പണത്തിനും വേണ്ടി ഗോപാലനും ഗോവിന്ദനും ഗോപനും ഇടതടവില്ലാതെ തെക്കുവടക്ക് നടക്കാനും തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക