Image

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 30 March, 2021
 സെന്‍മഷിനോട്ടം   (കവിത: വേണുനമ്പ്യാര്‍)
1

അവിടെ എവിടെയാണെന്നു
തേടിയലഞ്ഞൊടുക്കം  
അവിടെ ഇവിടെയാണെന്നു
കണ്ടെത്തിയടിയനും.

2

ഭൂമിയില്‍ ഭൂജാതനായതല്ല ഞാന്‍
ഭൂമിയെന്നിലൂടെ ഭൂജാതയായതാ!

3

തലയെ താലോലിച്ചതാണോ    കൈപ്പിഴ    
തലയില്‍ ആള്‍ത്താമസമില്ലെന്നു  കണ്ടു    
വാലിനെ  കാലമാം വാലിനെ
സ്ഥലമാം മടിയിലിട്ടോ  
മനിച്ചുപോയതാണോയിവന്റെ   കൈപ്പിഴ?

4
 
പനിനീരലരിന്നാരാമത്തില്‍ പണ്ട് പണ്ട്
സ്‌നേഹിക്കാനറിയാതെ പ്രണയിച്ചു, പിന്നെ
രക്തം  പുരണ്ട നാരും മുള്ളുകളാലുമൊരു      
കളിവീടുണ്ടാക്കി,യിണചേര്‍ന്നും പിണങ്ങിയും  
ആയുര്‍ദിനങ്ങളെണ്ണിത്തീര്‍ത്തു   ജീവന്റെ
നേര്‍സൗരഭ്യമേതുമറിയാതെ.  
 
5

നിന്റെ ഓണ്‍ലൈന്‍   ഡിക് ഷണറിയില്‍  
സ്‌നേഹം  വെറും നാമരൂപം

എന്റെ അച്ചടി നിഘണ്ടുവില്‍
സ്‌നേഹം ക്രിയ - കപാലക്രിയ

ഒരു ബോധോദയത്തില്‍
ശബ്ദതാരാവലികള്‍ കത്തിച്ചു
വാക്കിന്റെ അര്‍ഥം തേടി
നമുക്കിറങ്ങിച്ചെല്ലാം
സ്വയം നമ്മളിലേക്ക് തന്നെ.

6

കിണറിനെ
ഭൂഗര്‍ഭജലനിരപ്പിനെ  
കയറിനെ
തൊട്ടിയെ
കരങ്ങളെ
അമിതമായി വിശ്വസിക്കേണ്ട

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക