Image

പാമ്പും കോണിയും - നിർമ്മല - നോവൽ -39

Published on 27 March, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -39
ടൊറന്റോയിൽനിന്നും ഒന്നര മണിക്കൂറുകൊണ്ട് നയാഗ്രയിൽ എത്താം. ലോകാൽഭുതങ്ങളിലൊന്ന് അടുത്തുകാണാൻ മലയാളികൾ ടൊറന്റോയിക്കു പോയി. പലയിടത്തു നിന്നും വളരെ ദൂരം ഡ്രൈവുചെയ്ത് അവർ നയാഗ്രയിൽ എത്തി. അവിടെനിന്നും ടൊറന്റോയിലേക്ക്. അല്ലെങ്കിൽ ടൊറന്റോയിൽ നിന്നും നയാഗ്രയിലേക്ക് . നയാഗ്രയിലെ ആൾക്കൂട്ടത്തിൽ എപ്പോഴും ഒന്നോ രണ്ടോ ഇന്ത്യക്കാരെങ്കിലും ഉണ്ടായിരുന്നു.
ഉഷയും ജിമ്മിയും അമേരിക്കയുടെ അതിരു കടന്ന് വാഷിങ്ടണും ന്യൂയോർക്കും കാണാൻ പോയി. വൈറ്റ് ഹൗസിന്റെയും സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും പശ്ചാത്തലത്തിലുള്ള ഫോട്ടോകൾ നയാഗ്രയുടെയും സി എൻ ടവറിന്റെയും പടങ്ങളോടു മൽസരിച്ച് ആൽബത്തിലുള്ളത് ഉഷ സ്നേഹത്തോടെ കണ്ടു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു...
                .....    .....    .....

ഉഷ മുടി ചുരുളാൻ റോളുകൾ വെക്കുകയായിരുന്നു. അപ്പോഴാണ് ഫോണടിക്കാൻ തുടങ്ങിയത്. കൈയിലിരുന്ന റോള് മുടിയിൽ തിരുകി വരുമ്പോഴേക്കും നാലഞ്ചു തവണ ശബ്ദമുണ്ടാക്കി ഫോൺ അസഹ്യതയുടെ ശബ്ദമായി മാറി.
- ഹലോ
- ഇതെന്നതാ രാവിലെ അവിടെ പരിപാടി ?
ആരാണെന്ന് ഉഷയ്ക്കു മനസിലായില്ല.
- ങ്..ഹ.. ഒന്നുമില്ല
അവൾ ചിരി വരുത്താൻ ശ്രമിച്ചു.
- പിന്നെ കെതച്ചോണ്ടാണല്ലോ ഫോണെടുത്തത്.
- ഞാൻ വാഷ് റൂമിലായിരുന്നു
- ഹോ വാഷ്റൂമിക്കേറി കെതയ്ക്കാമ്മാത്രം എന്നാ എടുക്കുവാരുന്നു ?
ഉഷയ്ക്ക് അസഹ്യത തോന്നി. അവളൊരു നുണ പറഞ്ഞു.
- വാഷ്റൂം കഴുകുകയായിരുന്നു.
- ഓ ഞാനോർത്തു കെതച്ചോണ്ടു ഇതെന്നതാ വാഷ്റൂമീ ഇത്ര ചെയ്യുന്നതെന്ന്.
ഫോണിന്റെ അറ്റത്തെ വികൃതമായ ചിരിക്കാരിയെ ടോയ്ലറ്റിലിട്ടു ഫ്ളഷ് ചെയ്യാനുള്ള ആഗ്രഹം ഉഷയ്ക്കുണ്ടായി.
- യു ഡിസേർവ് റ്റു ബി വിത്ത് റ്റേർഡ് !
അവൾ ഉള്ളിൽ പറഞ്ഞു. പതുക്കെ അവൾക്ക് ആളെ പിടികിട്ടി. സാലിയുടെ കൂട്ടുകാരി തെയ്യാമ്മയുടെ അനിയത്തി ഷൈല. കാണുമ്പോഴെല്ലാം അവർ പണ്ടേ പരിചയം ഉള്ളതു പോലെ പെരുമാറും. ഉച്ചത്തിൽ വർത്തമാനം പറഞ്ഞ് ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കും. ഉഷയ്ക്ക് അവരോട് ഒരടുപ്പവും തോന്നിയില്ല. അവർ സംസാരിക്കുന്തോറും അകന്നു പോകാനാണ് ഉഷയ്ക്കു തോന്നിയത്.
പിന്നെ കണ്ടപ്പോൾ സാലി ഉഷയോടു പറഞ്ഞു:
- ഷൈലയെ ഞാൻ അന്നയുടെ വീട്ടിൽ കണ്ടിരുന്നു. അപ്പോ ഉഷയോടു സംസാരിച്ചെന്നു പറഞ്ഞു.
- ഓ ഷീ ഈസ് സോ ചീപ്പ് .
സാലി വിളറിപ്പോയി. ഉഷയ്ക്കും അതു ശരിയായില്ലെന്നു മനസ്സിലായി. പെട്ടെന്നു പറഞ്ഞുപോയതാണ്.
- വെറുതെ വിളിച്ചു കുറെ ഡേർട്ടി ജോക്സ് പറഞ്ഞു. സാലിച്ചേച്ചിയും തെയ്യാമ്മച്ചേച്ചിയും സംസാരിക്കുന്നതു പോലെയല്ല അവരുടെ വർത്തമാനം.
ഉഷ ക്ഷമാപണം പോലെ പറഞ്ഞു. ഷൈലയുടെ ചുറുചുറുക്കും സംസാരവും സാലിക്ക് ഇഷ്ടമായിരുന്നു. ഉഷയ്ക്ക് ഒരു സുഹൃത്താവട്ടെ എന്നു കരുതി ഷൈലയോട് ഉഷയെ വിളിക്കാൻ പറഞ്ഞത് അബദ്ധമായല്ലോ എന്ന് സാലിയോർത്തു. ആ ദിവസം , ആ ആഴ്ച മുഴുവൻ സാലി അത് ഓർത്തു.
പിന്നീട് ഷൈല അടുത്തുവന്നു സംസാരിക്കുമ്പോഴൊക്കെ സാലി ചുളുങ്ങിച്ചുരുങ്ങി, പ്രത്യേകിച്ചും ഉഷയുടെ സാന്നിധ്യത്തിൽ.
ഉഷയ്ക്ക് സൗഹൃദത്തിന് സാലിയുടെ സഹായം ആവശ്യമില്ല. ഉഷയ്ക്ക് ഒന്നിനും സഹായം ആവശ്യമില്ല. ഉഷയുടെ ജീവിതം ചപ്പാത്തിമാവുപോലെ ഉഷയുടെ കൈകളിൽതന്നെയുണ്ട്. അതിനെ മറ്റൊരാളും വലിച്ചുനീട്ടുന്നതും തല്ലിപ്പരത്തുന്നതും ഉഷ പൊറുക്കുകയില്ല. ഭർത്താവാണെങ്കിൽ പോലും.
ജിമ്മി വീട്ടിലില്ലാത്ത നേരത്ത് ആൽബം കാണുന്നത് ഉഷയ്ക്കിഷ്ടമാണ്. പടങ്ങൾ ഉഷയെ ആശ്വസിപ്പിക്കും. കല്യാണത്തിന്റെ ചിത്രത്തിനു മുകളിലൂടെ അവൾ വിരലോടിച്ചു. ഉഷയ്ക്ക് ലോകം മുഴുവൻ കാണണമെന്നുണ്ട്. ഒരു കാനഡക്കാരന്റെ കല്യാണത്തിലെ ബോണസ് അതായിരിക്കുമെന്നാണ് ഉഷ നിനച്ചത്.
സി. എൻ ടവർ കാണാൻതന്നെ ഉഷ നിർബന്ധിച്ചതു കൊണ്ടാണ് ജിമ്മി കൊണ്ടുപോയത്. 1976 - ലാണ് സി.എൻ ടവർ തുറന്നത്. ലോകത്തിൽ വച്ചേറ്റവും പൊക്കം കൂടിയ കെട്ടിടമായി.
- ഓ ചുമ്മാ കൊറെ കോൺക്രീറ്റ് കെട്ടിപ്പൊക്കിവെച്ചേക്കുന്നു. അല്ലാതെന്നാ?
ജിമ്മിയുടെ കമന്റ് ഉഷ മറക്കാൻ ശ്രമിച്ചു.
ടൊറന്റോയിൽ വരുന്നവരൊക്കെ സി.എൻ . ടവർ കാണാൻ പോയി. അതിന്റെ പുറത്തുകൂടി താഴേക്കും മുകളിലേക്കും പോകുന്ന ഗ്ലാസ്സ് എലിവേറ്ററുകൾ ദൂരെ നിന്നും മുട്ടപോലെയാണെന്നു ഡാഡി മമ്മിയോടു പറഞ്ഞത് കുട്ടികൾക്കു മനസ്സിലായില്ല. ടൊറന്റോയിൽനിന്നും ഒന്നര മണിക്കൂറുകൊണ്ട് നയാഗ്രയിൽ എത്താം. ലോകാൽഭുതങ്ങളിലൊന്ന് അടുത്തുകാണാൻ മലയാളികൾ ടൊറന്റോയിക്കു പോയി. പലയിടത്തു നിന്നും വളരെ ദൂരം ഡ്രൈവുചെയ്ത് അവർ നയാഗ്രയിൽ എത്തി. അവിടെനിന്നും ടൊറന്റോയിലേക്ക്. അല്ലെങ്കിൽ ടൊറന്റോയിൽ നിന്നും നയാഗ്രയിലേക്ക് . നയാഗ്രയിലെ ആൾക്കൂട്ടത്തിൽ എപ്പോഴും ഒന്നോ രണ്ടോ ഇന്ത്യക്കാരെങ്കിലും ഉണ്ടായിരുന്നു.
ഉഷയും ജിമ്മിയും അമേരിക്കയുടെ അതിരു കടന്ന് വാഷിങ്ടണും ന്യൂയോർക്കും കാണാൻ പോയി. വൈറ്റ് ഹൗസിന്റെയും സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും പശ്ചാത്തലത്തിലുള്ള ഫോട്ടോകൾ നയാഗ്രയുടെയും സി എൻ ടവറിന്റെയും പടങ്ങളോടു മൽസരിച്ച് ആൽബത്തിലുള്ളത് ഉഷ സ്നേഹത്തോടെ കണ്ടു.
ഉഷയ്ക്കു പോകാൻ ഇനിയും നഗരങ്ങൾ ബാക്കി കിടപ്പുണ്ട്. സിയാറ്റൽ, ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ, ജാക്സൺ വിൽ, ഫ്ളോറിഡ, മയാമി , തെക്കുതെക്ക് സമുദ്രത്തെ ഉരുമ്മിനിന്ന് നഗരങ്ങൾ വിളിക്കുകയാണ്. വരൂ വരൂന്ന് . തിരമാലകൾ ഉഷയെ തട്ടിവിളിച്ചു. പകരം ധ്രുവക്കാറ്റ് വിടവിലൂടെ തിങ്ങിക്കടന്ന് മരവിപ്പിക്കാൻ ഭാവിച്ച് ജനാലയ്ക്കൽ ശബ്ദമുണ്ടാക്കി. ചുഴറ്റി വീശുന്ന കാറ്റ്. ഇലയില്ലാത്ത മരക്കൊമ്പുകൾ വളയുന്നുണ്ട് കാറ്റിൽ. ആർട്ടിക്കിൽനിന്നും വരുന്ന കാറ്റാണത്.
നയാഗ്രയിൽ ഒന്നുകൂടി പോവാനിഷ്ടമില്ലാത്ത ജിമ്മിയെ ഓർത്ത് ഉഷ പുറത്തേക്കു നോക്കി. ഡെക്കിൽ മഞ്ഞുവീണുകിടക്കുന്നു. വേലിക്കു മുകളിലും ഡെക്കിന്റെ കൈവരിക്കു പുറത്തും വെളുത്ത വരയായി മഞ്ഞിന്റെ അതിര് ഉഷ കണ്ടു.
                                തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ -39
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക