Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 3

Published on 26 March, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 3
മഹാഗൗരി ചെക്ക് ഇൻ കൗണ്ടറിൽ നിന്നപ്പോഴാണ്  ഗിരിധറിന്റെ ഫോൺ വന്നത് , അവൾ ആ കോൾ എടുത്തില്ല , അവിടെനിന്നും സംസാരിക്കുന്നത് മര്യാദകേടായി തോന്നി. പെട്ടി കൊടുത്തു ബോർഡിങ് പാസ്സുമായി അവൾ സെക്യൂരിറ്റി ചെക്കിന് പോയി . അതുംകഴിഞ്ഞ് , ഒരു കാപ്പിയും ,സാൻഡ്‌വിച്ചുമായി ഒരിടത്തുപോയിരുന്നു. ടാബ് തുറന്നു , അന്നത്തെ മെയ്ൽസ് നോക്കിയപ്പോൾ ഗിരിധറിന്റെ ഫോൺ ഓർമവന്നു .

തിരികെ വിളിക്കാതെ അവളൊരു മെസ്സേജ് അയച്ചു , " will call you once I reach Delhi " അത് കിട്ടിയതും ഗിരിധർ കുറച്ചു അസ്വസ്ഥനായി . മഹാഗൗരി ഒരു ധാർഷ്ട്യമുള്ള പെണ്ണാണെന്ന് തോന്നി , ഡൽഹിയിൽ ചെന്നിട്ടു വിളിക്കാം പോലും .
പുറമെ എത്ര ലാളിത്യം കാണിച്ചാലും അയാള് പരിഷ്കാരിയായ ഒരു മാടമ്പി തന്നെയാണ് . തന്നെ ചുറ്റിനിൽക്കുന്നവരുടെ വിധേയത്വം അവളിൽ നിന്നുമയാൾ പ്രതീക്ഷിച്ചു.

കണ്ണുകൾ ടാബിൽ ആണെങ്കിലും , ആരോ അവളെ നീരിക്ഷിക്കുന്നു എന്നു തോന്നി , നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുമ്പോൾ ,നമ്മളറിയാതെ ഒരു ആന്റിന നമുക്ക് താക്കിത് തരുന്ന പോലെ ..

അവൾ ചുറ്റിനും നോക്കി ,ഒരു കറുത്തകണ്ണാടി വെച്ചയാൾ , അവളെ ശ്രദ്ധിക്കുന്നത് പോലെ . മഹാഗൗരി അവിടെനിന്നും എഴുന്നേറ്റു പോയി.

ഇന്നലെ രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം ഉണ്ട്, ഫ്ലൈറ്റിൽ ഇരുന്ന് ഉറങ്ങാം .

ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളിലേക്കു വ്യാപിച്ചു . ജേർണലിസം കോളേജ് ഒരു വലിയ ഉത്തരവാദിത്യം ആണ് , കഴിഞ്ഞ ആറുവർഷം നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചു , കഴിവുള്ള കുട്ടികൾ ഈ രംഗത്തു മുന്നോട്ടു വരണം , അതാണ് മഹാഗൗരിയുടെ ആഗ്രഹവും ലക്ഷ്യവും , ഭയമില്ലാതെ വാർത്തകൾ 
തങ്ങൾക്ക് ഹിതകരമല്ലാത്തത് പറയുകയോ എഴുതുകയോ ചെയ്യുന്നവരുടെ നാവറുത്തും നാമാവശേഷമാക്കിയും വിഹരിച്ച ദുശ്ശക്തികൾ എക്കാലത്തുമുണ്ടായിരുന്നു...അതിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാർ മുന്നോട്ടു വരണം , എത്ര തല്ലിക്കെടുത്താൻ ശ്രമിച്ചാലും സത്യത്തിന്റെ വെളിച്ചം തെളിയണം , തെളിയിക്കണം , അതിനു മഅവരെ പ്രാപ്തരാക്കണം .
ഫ്ലൈറ്റിൽ , സീറ്റ് ബെൽറ്റ് സൈൻ അപ്രത്യക്ഷ്യമായതും ബാഗിൽ നിന്നും ബ്ലൈൻഡ്ഫോൾഡ് എടുത്തു കണ്ണിൽ വെച്ച്  ഉറങ്ങാൻ ശ്രമിച്ചു . എന്നാലും ആരുടെയോ നോട്ടം തൻ്റെമേൽ പതിക്കുന്നത് പോലെ തോന്നി.
ഡൽഹിയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോഴാണ്  കണ്ണുതുറന്നത്. പെട്ടിയും എടുത്തു പുറത്തിറങ്ങിയപ്പോൾ , അവളെ കാത്തുനിന്ന ഡ്രൈവറുടെ കൂടെ അവൾ കോളേജ് വാഹനത്തിലേക്ക് പോയി , കാറിൽ കയറിയപ്പോൾ , കൊച്ചിൻ എയർപോർട്ടിൽ തന്നെ ശ്രദ്ധിച്ച ആളെ വീണ്ടും കണ്ടു , നേരിയ ഒരു അസ്വസ്ഥത തോന്നി. അത് പുറമെ കാണിക്കാതെ ഫോൺ എടുത്തു ചിറ്റയെ വിളിച്ചു , ഡൽഹി എത്തിയ വിവരം അറിയിച്ചു , പിന്നീട് , ടാബ് തുറന്നു , സെമിനാറിനുള്ള പ്രസന്റേഷൻ നോക്കി .
കോളേജിൽ എത്തിയപ്പോൾ , ലഞ്ച് ബ്രേക്ക് ആയിരുന്നു , അവരുടെ കൂടെ ഭക്ഷണം കഴിച്ച ശേഷം , ഗസ്റ്റ് ഹൗസിലെത്തി വസ്ത്രം മാറി, തൻ്റെ പ്രെസെന്റഷന് തയ്യാറായി വന്നു . പരിപാടികൾ എല്ലാം ഭംഗി ആയിട്ട് കഴിഞ്ഞു , പിന്നെ സുഹൃത്ത് സംഭാഷണങ്ങൾ അതിനുശേഷം മുറിയിൽ തിരികെ എത്തിയപ്പോൾ രാത്രി വളരെ ഇരുട്ടി .അപ്പോഴാണ് , ലൂക്കയുടെ വീഡിയോ കോൾ, മാഡ്രിഡിൽ ( Madrid ) നിന്നും , അവനൊരു സെല്ലോ കോൺസെർട്ടുണ്ട് , പോകുന്നതിനു മുൻപേ ഒരു" ഹൈ" പറയാൻ , അതൊരു പതിവാണ്, ന്യൂ യോർക്ക് സിറ്റിയിലെ ജീവിതം Nuyorican Poets കഫേ, Bowery Poetry ക്ലബ് , ഇവിടെയെല്ലാം , കവിത എഴുതിയും , ചൊല്ലിയും കഴിഞ്ഞ കാലമാണ് , ലൂക്കിനെ കണ്ടുമുട്ടിയത് , സ്പെയിനിൽ നിന്നും വന്ന കലാകാരൻ , എപ്പോഴെക്കെയോ അയാളോട് ഒരിഷ്ടം തോന്നി , ഒരു ദിവ്യത്വം അവനുചുറ്റും .
" നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ,നീ ഒരു റോസാപ്പൂവ് പോലെയാണ്
, കാണാൻ ഇഷ്ടം, തൊടാൻ ഇഷ്ടം , പക്ഷെ ഒന്ന് ചുംബിക്കാൻ കൂടെ ഭയംതോന്നുന്നു , കാരണം , ഈ പൂവിതളിനു വേദനിച്ചാലോ , അതിന്റെ ഇതളുകൾ പൊഴിഞ്ഞു വീണാലോ "

സന്തോഷം കൊണ്ട് മതിമറന്നു , ഇങ്ങനെയും ഒരു പെണ്ണിനെ സ്നേഹിക്കാൻ സാധിക്കുമോ ? പഠനം പൂർത്തിയാക്കി അവൻ പോയപ്പോൾ വേദനിച്ചു ,ലൂക്കിനെ കണ്ടുമുട്ടുന്നത് വരെ, ആത്മാവിന്റെ വേദനയെപ്പറ്റി മാത്രം കവിതയെഴുതിയവൾ , ജീവിതത്തിൽ വേറെ അർത്ഥങ്ങളും, വ്യാഖ്യാനങ്ങളും കണ്ടെത്തി , അവനാണ് തന്നെ ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് ,

ദുഃഖങ്ങളിൽ നിന്നും തന്നെ വെളിയിലെടുത്ത് , സത്യത്തിൽ , മഹാഗൗരി അവനിലൂടെ പുനർജനിച്ചു കാമച്ചൂട് ആഗ്രഹിക്കാതെ ഒരു പെണ്ണിനെ എങ്ങനെ സ്നേഹിക്കാൻ സാധിക്കും ? അതാണ് ലൂക്കാ, തൻ്റെ ആത്മാവിന്റെ അംശം കൊണ്ടുനടക്കുന്നവൻ, ഇപ്പോഴും സങ്കടംവന്നാലും , സന്തോഷംവന്നാലും ലൂക്കിനെയാണ് ആദ്യം വിളിക്കുക , അവന്റെ സെല്ലോ വായനയിൽ മുഴുകി മണിക്കൂറുകൾ നൃത്തം ചെയ്തു , അവന്റെ മടിയിൽ കിടക്കുമ്പോൾ പോലും , വെറുതെ മുടിയിൽ തലോടും , നെറ്റിയിൽ , മൂർദ്ധാവിൽ ഒരുമ്മ ...സ്നേഹത്തിനും വേറെ പൊരുളുണ്ടെന്നു പഠിച്ചു അല്ല ലൂക്ക പഠിപ്പിച്ചു .
അന്നത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു ,

നാളെ ഞായർ , പ്രത്യേകിച്ച് , പണിയൊന്നും ഇല്ല , വെറുതെ , ഓൾഡ് ഡൽഹി ഒന്ന് കറങ്ങാൻ പോയാലോ ? , തന്നെയുള്ള ഊരുചുറ്റലും , വഴിയോര ഭക്ഷണശാലകളും , ഒരുഹരം ആണ് .

 

വളരെ വൈകിയാണ് എഴുന്നേറ്റത് , പ്രാതലിനു ശേഷം , അവൾ ഡൽഹിക്കു പുറപ്പെട്ടു . ചാന്ദ്നി ചൗക്കിലെ ഇടനാഴികളിൽ കൂടെ വെറുതെ നടന്നു ,ചാന്ദ്നിചൗക്കിൽ പ്രവേശിക്കുമ്പോൾ ആദ്യം നമ്മളെ മത്തുപിടിപ്പിക്കന്നത് ഭക്ഷണത്തിന്റെ സുഗന്ധമാണ്.ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ചില റെസ്റ്റോറന്റകളും, മിഠായി കടകളും, അവയിൽ പലതും അമ്പതോ നൂറോ വർഷങ്ങൾക്ക് മുമ്പുള്ളതാണ്

ജുമാ മസ്ജിദിന് സമീപമുള്ള പരാന്തേവാലി ഗല്ലിയിൽ (Paranthe Wali Gali)നിന്നും വരുന്ന കെബാബ്ന്റെ മണം , സസ്യഭുക്ക് ആണെങ്കിലും , ഭക്ഷണത്തിന്റെ സുഗന്ധമെപ്പൊഴും, അതിഷ്ടം.

ബ്രിന്ദക്കും, മറ്റു പെൺകുട്ടികൾക്കും കുറച്ചു ആക്സെസറീസ് വാങ്ങി, പിന്നെ എന്തൊക്കെയോ ചെറിയ സാധനങ്ങളും , തിരികെ റൂമിൽ എത്തിയപ്പോൾ വളരെ ഇരുട്ടി , രണ്ടു ദിവസത്തെ ക്ലാസ് പോയത് അറിഞ്ഞില്ല , തിരികെ കൊച്ചിൻ ഫ്ലൈറ്റിനു കാത്തിരിക്കുമ്പോൾ , ഓണ നാളിലെ ഇന്റർവ്യൂ ന്റെ പ്രോമോ വന്നത് .

പരമേശ്വരി ചാറ്റർജി IAS, 'അമ്മ തമിഴ് ബ്രാഹ്മിൻ, പിതാവ് 
ബംഗാളി ,നല്ല എഴുത്തുകാരി , പതിനഞ്ചു ബുക്കിലധികം അവരെഴുതിയിട്ടുണ്ട്, ഇപ്പോൾ ഡൽഹിയിൽ ഡെപ്യൂട്ടഷനിൽ ആണ് .
സ്ത്രീ ശാക്തീകരണതിനായി പ്രവർത്തിക്കുന്നു , കൂടാതെ , അവരുടെഅത്യൂത്സാഹം കൊണ്ട് , ലൈംഗികതൊഴിലാളികളുടെ മക്കൾ, ജയിൽ മോചിതരായ സ്ത്രീകളുടെയും , അവരുടെ കുട്ടികളുടെയും പുനരധിവാസത്തിന് "പുനഃപ്രാപ്ത്" എന്ന സംഘടന രൂപികരിച്ചു .
മഹാഗൗരിയുടെ ഫോണിലേക്കു ബ്രിന്ദ വിളിച്ചു
" പരമേശ്വരി ചാറ്റർജി ആരാണെന്നു അറിയുമോ ?"
" അത് തന്നെ , ഗിരിധർ മഹാദേവന്റെ മുൻഭാര്യ .."
" എന്ത് കുഴപ്പം ആകാൻ, അയാളെപ്പറ്റി പറയാനല്ല , അവരുടെ പ്രവർത്തനവും പിന്നെ കോളേജ് പെണ്കുട്ടികളുമായുള്ള ഇൻറ്ററാക്ഷൻ അല്ലെ വരുന്നത് , "

ബ്രിന്ദ കുറച്ചു പേടിക്കുന്നു എന്ന് തോന്നി ,തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്തു , അവർ മാധ്യമത്തിന് മുൻപിൽ പ്രത്യക്ഷപ്പെടുന്നു , അത്ര അഭികാമ്യമായി , ഗിരിധറിന്റെ, അണികൾ കരുതുന്നില്ല , പ്രോമോ കണ്ടു കുറെ വിളികളും , ഭീക്ഷണിപ്പെടുത്തലുകളും ഉണ്ടായി ,
മഹാഗൗരി മനസ്സിൽ കരുതി മുൻപോട്ടു വെച്ച കാൽ ഇനി പുറകോട്ടു വെക്കില്ല ...
ഫ്ളൈറ്റ് അല്പം ലേറ്റാണെന്ന അനൗൺസ്മെന്റ്...
അതാ...ആ കറുത്ത കണ്ണടക്കാരൻ...ഇവിടെയും...
അയാൾ തന്നെ പിന്തുടരുകയാണ്....
എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം.?
ആൾക്കാർ ചുറ്റിനുമുണ്ട്.... പൊതുസ്ഥലത്തിന്റെ സുരക്ഷിതത്വത്തിലാണ് താൻ….
എന്നാലും ഭീതിയുടെ ഒരു ചെറിയ തണുപ്പ് പെരുവിരലിൽനിന്നു മൂർദ്ധാവിലേക്ക് അരിച്ചു കയറുകയാണ്.
അയാൾ മഹാഗൗരിയുടെ
അടുത്തേക്ക് ധൃതിയിൽ പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണ്..
                          തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക