Image

കുളിയും കുറേ ചിന്തകളും!! (കഥ: അനില്‍ പുത്തന്‍ചിറ)

Published on 22 March, 2021
കുളിയും കുറേ ചിന്തകളും!! (കഥ: അനില്‍ പുത്തന്‍ചിറ)
മുന്തിയ ടൈല്സ് പാകിയ കുളിമുറിയിലെ ഷവറിനടിയിൽ ജീവച്ഛവമായ ഒരു കരിങ്കൽ പ്രതിമപോലെ ബാബുച്ചായൻ തരിച്ചിരുന്നു! എവിടെയാണ് തനിക്ക് തെറ്റ് പറ്റിയത്, എന്താണ് താൻ മനസിലാക്കാൻ വൈകിയത്? ശരീരത്തിൽ ആഞ്ഞു പതിക്കുന്ന തണുത്ത വെള്ളതുള്ളികൾക്കും തൻറെ ചിന്തകളിലെ തീ തെല്ലും കെടുത്താനാകുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

ശരീരത്തിലെ മാലിന്യങ്ങളെ കഴുകി മാറ്റുമ്പോഴും, നമുക്ക് രണ്ടിനും ഒരേ വിലയെന്നോതി സോപ്പുകുമിളകൾ അയാളെ നോക്കി പരിഹാസച്ചിരിയോടെ പൊട്ടി ചിതറി, അയാളുടെ ദീർഘനിശ്വാസത്തിൽ കുളിമുറിയുടെ വശങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ടവലുകൾ ആടിയുലഞ്ഞു, " വിഡ്ഢി, നീയാണ് മണ്ടൻ, നീ മാത്രമാണ് മണ്ടൻ" നാലു ചുവരുകളും അയാൾ ആക്രോശിക്കുന്നത് ഏറ്റു പറഞ്ഞു.

മരിച്ചു മണ്ണടിഞ്ഞാലും പുനർജ്ജനിക്കാൻ കൊതിക്കുന്ന മായാത്ത ഓർമ്മകൾ, ബാബുച്ചായൻറെ മനോമുകുരത്തിലേക്ക് വിളിക്കാതെ തന്നെ വിരുന്ന് വന്നു! ആദ്യമായി ഡോളർ പൂക്കുന്ന വിദേശ മണ്ണിൽ കാലുകുത്തിയത്; വാനം മുട്ടുന്ന കെട്ടിടങ്ങൾ മാത്രം പ്രതീക്ഷിച്ച തന്നെ അമ്പരപ്പിച്ചുകൊണ്ട് എവിടേയും ഹരിത സമൃദ്ധി; അങ്ങിങ്ങ് ചെറുതെങ്കിലും ഇടതൂർന്ന വനങ്ങൾ!

പട്ടണത്തിലെ തിരക്കിൽ നിന്നും അകന്ന് മാറി സ്വന്തമാക്കിയ ആ ഒരു കൊച്ചുവീട്; വീടിൻറെ പിന്നിലുള്ള പുൽമേട്ടിൽ വിശ്രമിക്കാനെത്തുന്ന പുള്ളിമാൻ കൂട്ടങ്ങൾ; പറഞ്ഞുകേട്ടതല്ലാതെ ജീവിതത്തിൽ ആദ്യമായി മഞ്ഞ് പെയ്യുന്നത് കണ്ട ആവേശം; ആകാശത്തേക്ക് നോക്കി ഇനിയും മഞ്ഞു വീഴ്ച ഉണ്ടാകുമോ എന്ന ആഹ്ളാദം നിറഞ്ഞ ആകാംക്ഷ!

ബാബുച്ചായൻ ജീവിതം വെട്ടി പിടിക്കുകയായിരിക്കുന്നു, ആഗ്രഹിച്ച എല്ലാം ഒന്നൊന്നായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. പതുക്കെ ബാബുച്ചായൻറെ ജീവിതത്തിലേക്ക് രണ്ട് മക്കളും കടന്നു വന്നു. മുട്ടിലിഴയുന്ന പിഞ്ചോമനകളുടെ കണ്ണൊന്നു നിറയാതിരിക്കാൻ, കണ്ഠം ഇടറാതിരിക്കാൻ അവർക്ക് വേണ്ടി മാത്രമായിരുന്ന ജീവിതം.

വഴിതെറ്റി പോകാതിരിക്കാൻ എല്ലാ ഞായറാഴ്ച രാവിലേയും മുടങ്ങാതെയുള്ള പള്ളിയിൽ പോക്ക്, താൻ പാലിക്കാറില്ലെങ്കിലും പത്തു കല്പനകളെപ്പറ്റി എന്നും ഓർമ്മപ്പെടുത്തൽ. "ബാബുച്ചായൻ ചെയ്യുന്നതുപോലെ ചെയ്യരുത്, എന്നാൽ ബാബുച്ചായൻ പറയുന്നതുപോലെ ചെയ്യണം" എന്ന് കൂട്ടുകാർ കളിയാക്കിയിരുന്നതോർത്തപ്പോൾ, ആ ദുഃഖാര്ത്തൻറെ മുഖത്ത് തെളിച്ചമറ്റ ഒരു കള്ളപുഞ്ചിരി വിടരാതിരുന്നില്ല.

പള്ളിയിലായാലും പള്ളിക്കൂടത്തിലായാലും മക്കളുടെ കാര്യത്തിൽ ബാബുച്ചായൻ ഒരു കുറവും വരുത്തിയിരുന്നില്ല, മലയാളി മത്സരങ്ങളിൽ മക്കൾക്ക് പാട്ടിനോ ഡാൻസിനോ ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിൽ വിധികര്ത്താക്കളോട് കയർക്കാനും മക്കൾക്കായി ജീവിക്കുന്ന ആ പിതാവ് ഒരു മടിയും കാട്ടിയില്ല.

ഇടിവെട്ടുമ്പോള് തൊടിയില് കൂണ് മുളച്ച് പൊന്തുന്നതുപോലെ, മലയാളികളെ ഉദ്ധരിക്കാൻ നട്ടപ്പാതിരക്ക് ജന്മമെടുത്ത പല സംഘടനകളുണ്ടെങ്കിലും, സ്ഥലത്തെ പ്രധാന മലയാളി അസ്സോസിയേഷനും അവിടുത്തെ വിദൂഷക സംഘവുമായിരുന്നു ബാബുച്ചായൻറെ പ്രധാന ദൗര്ബ്ബല്യം.

ആയിരം പാദസരങ്ങൾ കിലുങ്ങിയ ആലുവാപ്പുഴയിലൂടെ, അരക്ക് വെള്ളമുള്ള അല്ലിയാമ്പൽ കടവിലൂടെ, ആരും തുറക്കാത്ത പൂമുഖ വാതിലിൻ മുന്നിലെ അന്യന്റെ ആസ്വാദന കച്ചേരികൾ അവസാനം കൊടുങ്ങല്ലൂരമ്മയുടെ പാദസന്നിധിയിൽ ദിനവും പരകായ പ്രവേശനം ചെയ്തു.

അഴകുള്ള അഭിസാരികകളുടേയും, അന്തസുള്ള അതിമനോഹരികളുടേയും, അനാവശ്യം അൽപ്പവും ആസ്വദിക്കാത്ത അനുവദിക്കാത്ത അംഗനമാരുടേയും, അർദ്ധഗോളങ്ങളുടെ ആകാരവും ആകൃതിയും ആഭാസസദസിൽ എന്നും അന്തിചർച്ചാ വിഷയങ്ങളായി.

അവരുടെ കൂടെ ചെറുതായി തുടങ്ങിയ കള്ളുകുടി വളരെപ്പെട്ടന്ന് ബാബുച്ചായനെ എണ്ണം പറഞ്ഞ കുടിയനാക്കി, കുടിച്ചു ലക്ക് കെട്ട് ആടിയാടി വീട്ടിൽ ചെല്ലുന്നതും, എവിടെയെങ്കിലും ഛർദ്ദിച്ച് അവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുക എന്നതും നിത്യം പതിവായി.

ബാബുച്ചായൻ ദിവസേന പിന്നോട്ട് വളരുമ്പോഴും, കാലത്തിനൊത്തു മുന്നോട്ട് വളരുന്ന മക്കൾ ഈ മാറ്റങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു, തിരുത്താനാകാത്ത പോക്കിൽ മനംനൊന്ത് പാവം ഭാര്യയും ഒരു മൂലക്കൊതുങ്ങി! വേറെയേതോ സ്റ്റേറ്റിൽ ജോലി കിട്ടിപ്പോയ മൂത്ത മകൻ, അവൻറെ ഗർഭിണിയായ ഭാര്യയുമായി വീട്ടിൽ വന്നപ്പോളാണ് മകൻറെ കല്യാണക്കാര്യം പോലും ബാബുച്ചായൻ അറിഞ്ഞത്. നോക്കരുത് കാണരുത്, പറയരുത് കേൾക്കരുത്, എന്ന് മാത്രം ശീലിപ്പിച്ച തന്റെ മകൻ തന്നെ മനസ്സിലാക്കാതെ പോയോ?

പഠിച്ചിറങ്ങി ജോലികിട്ടി ഒരു മാസം തികയുന്നതിന് മുൻപ് വീടുമാറിയ മകൾ തൻറെ ആഫ്രിക്കൻ അമേരിക്കൻ കാമുകനെ ഭാവി ഭർത്താവായി അവതരിപ്പിച്ചപ്പോൾ, ബാബുച്ചായന് തല കറങ്ങുന്നതുപോലെ തോന്നി. എത്രയോ തലമുറകൾക്ക് മുമ്പ് ക്രിസ്തുമത വിശ്വാസം സ്വീകരിച്ച് മതം മാറിയ ഒരു നമ്പൂതിരി കുടുംബത്തിന്റെ പിൻതലമുറക്കാരനാണ് ഞാൻ എന്ന ചിന്തയിൽ അഭിരമിച്ചിരുന്ന ബാബുച്ചായൻറെ അഹന്തക്ക് കിട്ടിയ അവസാനത്തെ അടി!

തലയിൽ വെച്ചാൽ പേനരിക്കും താഴെ വെച്ചാൽ ഉറുമ്പരിക്കും മട്ടിൽ വളർത്തിക്കൊണ്ടുവന്ന മകളും തന്നെ കൈവെടിഞ്ഞോ? താൻ താലി കെട്ടി കൊണ്ടുവന്ന തന്റെ ഭാര്യയേയും നാല്പതുവർഷം കഴിഞ്ഞിട്ടും തനിക്ക് മനസിലാക്കാൻ പറ്റിയില്ല എന്നത് അയാൾക്കുള്ളിൽ കോപാഗ്നികൾ ഉയർത്തി.

വീണാൽ ചവിട്ടാൻ തക്കം പാർത്തിരിക്കുന്ന ബന്ധുക്കൾ, കാലൊന്നിടറിയാൽ പൊട്ടിച്ചിരിക്കാൻ അവസരം തേടുന്ന പരിചയക്കാർ! ഇല്ലാ, അവരുടെ മുന്നിൽ ഞാൻ പരാജിതനാവുകയില്ല, നാട്ടുകാരുടെ പരിഹാസപാത്രമാകുന്നതിലും നല്ലതാണ്, സ്വന്തം മക്കളുടെ മുന്നിൽ തോൽക്കുന്നത് എന്ന ചിന്ത അയാളിൽ ഒരു വീണ്ടുവിചാരത്തിന് വഴിയൊരുക്കി.

ചില തോൽവികളാണ് യഥാർത്ഥ വിജയങ്ങൾ, തനിക്ക് തൻറെ മക്കളെ തിരികെ നേടാൻ താൻ മാത്രം മാറിയാൽ മതിയെന്ന് ബാബുച്ചായൻ അനുഭവിച്ചറിഞ്ഞു. തെറ്റുകൾ തിരിച്ചറിഞ്ഞ ആ കണ്ണുകളിൽനിന്ന് ഒരിറ്റു കണ്ണുനീർ ഷവറിലെ വെള്ളത്തിനോട് ചേർന്നലിഞ്ഞു.

ആത്മവിശ്വാസം സ്പുരിക്കുന്ന മന്ദഹാസത്തോടെ, കാലുകൾ ഇടറുകയോ കൈകൾ വിറക്കുകയോ ചെയ്യാതെ, ആനന്ദക്കണ്ണീരാൽ നിറഞ്ഞ മനവുമായി ബാബുച്ചായൻ എന്ന ആ പുതിയ മനുഷ്യൻ നിർന്നിമേഷനായ് നിന്നു. മേൽശാന്തിയുടെ മന്ത്രോച്ചാരണമോ മണിമുഴക്കങ്ങളോ ഇല്ലാതെ, പാസ്റ്റർമാരുടെ കൊട്ടോ പാട്ടോ അലർച്ചയോ മറുഭാഷയോ ഇല്ലാതെ, പുരോഹിതരുടെ അംശ വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമോ നാല് ചങ്ങലകളിൽ തൂങ്ങിയ ധൂപക്കുറ്റിയിൽനിന്നുയരുന്ന സൗരഭ്യമോ ഇല്ലാതെ, ഇടതടവില്ലാതെ പതിക്കുന്ന ആ ജലത്തിൽ ബാബുച്ചായൻ സ്വയം ജ്ഞാനസ്നാനം ചെയ്തു.


Join WhatsApp News
Jinesh Thampi 2021-03-22 18:16:52
Awesome narration of travails faced by a Pravasi so skillfully portrayed and crafted in Anil Puthenchiras inimitable style . Resplendent with Imaginative content and Style , this soul searching narrative would surely resonate with plight of several Pravasis worldover . “ Babuchayan”s trial and tribulations perfectly sums up the tale of times we live in and his tyrst with vortex of complexities made very interesting reading . Congratulations!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക