Image

''സാഹോദര്യവും സമാധാനവും പുലരട്ടെ''; മാര്‍പാപ്പയുടെ ഇറാഖിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു

Published on 08 March, 2021
''സാഹോദര്യവും സമാധാനവും പുലരട്ടെ''; മാര്‍പാപ്പയുടെ ഇറാഖിലെ  ചരിത്ര സന്ദര്‍ശനം അവസാനിച്ചു

എര്‍ബില്‍: സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാ‍പ്പയുടെ ഇറാഖിലെ ചരിത്രസന്ദർശനം സമാപിച്ചു . കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബിലിലെ ഫ്രാന്‍സൊ ഹരീരി സ്റ്റേഡിയത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒന്നിച്ച്‌  സാഹോദര്യത്തോടെ ജീവിക്കാന്‍ കഴിയണമെന്നും സാഹോദര്യവും സഹാനുഭൂതിയുമാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യമെന്നും മാര്‍പ്പാപ്പ  പ്രസംഗത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു .

പരിപാടികള്‍ അവസാനിക്കുന്നതോടെ താന്‍ റോമിലേക്ക് മടങ്ങുകയാണെങ്കിലും ഇറാഖ് എന്‍റെ ഹൃദയത്തില്‍ എന്നും അവശേഷിക്കുമെന്ന് പോപ്പ് പറഞ്ഞു. 

സമാ‍ധാനം പുലരുന്ന ലോകത്തിന് വേണ്ടി ഒന്നിച്ച്‌ പ്രവര്‍ത്തിക്കണം. കൈ ചെളിയാക്കിയാണെങ്കിലും ഹൃദയം ശുദ്ധമാക്കി വിശുദ്ധിയോടെ ജീവിക്കണം. രൂപത്തിലും ഭാവത്തിലുമല്ല, ഉത്തരവാദിത്വബോധം തോന്നുമ്ബോഴാണ് മറ്റുള്ളവരുടെ വേദനകള്‍ അറിയാന്‍ സാധിക്കുന്നതെന്നും അങ്ങനെ കണ്ണീരൊപ്പണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

ഐ എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂള്‍ അടക്കമുള്ള നാല് നഗരങ്ങളാണ് 84കാരനായ മാര്‍പാപ്പ സന്ദര്‍ശിച്ചത്. പോരാട്ടത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടെയായിരുന്നു മൊസൂളിലെ സന്ദര്‍ശനം. മൊസൂളില്‍ ഐ എസിന്റെ ക്രൂര ഭരണ നാളുകളിലെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ പ്രദേശവാസികള്‍ പോപ്പുമായി പങ്കുവെച്ചു.

2014 മുതല്‍ 2017 വരെയാണ് മൊസൂളില്‍ ഐ എസിന്റെ കിരാത ഭരണമുണ്ടായിരുന്നത്. നഗര ചത്വരത്തില്‍ ഐ എസ് തകര്‍ത്ത വീടുകളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ പോപ്പ് കണ്ടു. തകര്‍ന്ന കെട്ടിടങ്ങളുടെയും പുരാതന പള്ളികളുടെയുമെല്ലാം മധ്യത്തിലിരുന്നായിരുന്നു പാപ്പായുടെ  പൊതുപരിപാടി.

മൊസൂള്‍നഗരത്തിലെ ക്രിസ്ത്യന്‍ മേഖലകള്‍, പ്രധാന ആരാധനാലയങ്ങള്‍ എന്നിവിടങ്ങൾ  പോപ്പ് സന്ദര്‍ശിച്ചു. യുദ്ധത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. സംഘര്‍ഷത്തേക്കാള്‍ സാഹോദര്യമാണ്​ കാലത്തിന് ആവശ്യമെന്ന്  ​ മാര്‍പ്പാപ്പ മൊസൂളി ല്‍ അഭിപ്രായപ്പെട്ടു. 

മൊസൂള്‍ സന്ദര്‍ശന ശേഷം പോപ്പ് വേദനയോടെയാണ് മടങ്ങിയത്. യുദ്ധം തകര്‍ത്ത അവശിഷ്​ടനഗരിയില്‍ തകര്‍ക്കപ്പെട്ട ആരാധനാലങ്ങളും  കന്യാമറിയത്തിന്‍റെ തകർക്കപ്പെട്ട  പ്രതിമകളും കണ്ടത് പോപ്പിനെ അതീവ ദുഃഖത്തിലാഴ്ത്തി.

മൊസൂള്‍ വിട്ടുപോയ എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും സമാധാനത്തോടെ തിരിച്ചുവരാമെന്ന് മൊസൂ‍ള്‍ ഭരണാധികാരികള്‍ അറിയിച്ചു. മൊസൂള്‍ സന്ദര്‍ശനത്തിലൂടെ ഇറാഖ് യുദ്ധത്തിലും ഐസിസ് ആക്രമണങ്ങള്‍ക്കും മൊസൂള്‍ നല്‍കിയ വിലയെത്രയാണെന്ന് പോപ്പ് വിലയിരുത്തണമെന്ന് നീനവ ഗവര്‍ണര്‍ നജം അല്‍ ജബൂരി ആവശ്യപ്പെട്ടു. മൊസൂള്‍ ആര്‍ച്ച്‌ ബീഷപ്പ് നജീബ് മൈക്കല്‍ പോപ്പിനെ അനുഗമിച്ചു.

രാവിലെ എര്‍ബില്‍ ഇന്‍റര്‍നാഷനല്‍ എയര്‍പ്പോട്ടിലെത്തിയ മാര്‍പ്പാപ്പയെ കുര്‍ദ്ദിസ്ഥാന്‍ പ്രസിഡന്‍റ്​ നജിര്‍വാന്‍ ബര്‍സാനി, മുന്‍ പ്രസിഡന്‍റ്​ മസ്‌ഊദ് ബര്‍സാനിഎന്നിവരും  മറ്റു രാഷ്​ട്രീയ പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. സംവാദവും സമാധാനവും എന്നും പ്രോത്സാഹിപ്പിച്ച നാടാണ്​ കുര്‍ദ്ദിസ്ഥാന്‍ എന്ന് പ്രസിഡന്‍റ്​ ഉടനെ ട്വീറ്റ് ചെയ്തു. കുര്‍ദ്ദിസ്ഥാന്‍ എന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണെന്നും ക്രിസ്ത്യാനികള്‍ എന്നും കുര്‍ദ്ദിസ്ഥാന്‍ ജനവിഭാഗത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി അവശേഷിക്കുമെന്നും പ്രസിഡന്‍റ്​ നെജിര്‍വാന്‍ ബര്‍സാനി പോപ്പിനെ അറിയിച്ചു.

ഒലീവ് ചില്ലകള്‍ വീശിയും പരമ്ബരാഗത വേഷം  ധരിച്ചെ ത്തിയുമാ ണ് കുര്‍ദ്ദുകള്‍ പോപ്പിനെ വരവേറ്റത്. എര്‍ബിലിലെ പ്രധാന തെരുവുകളായ ഗുലാന്‍ സ്​ട്രീറ്റ്, 60 മീറ്റര്‍ അങ്കാവ എന്നിവിടങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ ഇറാഖ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പ്പാപ്പ റോമിലേക്ക് മടങ്ങി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക