Image

പെണ്മനസ്സിന്നാഴങ്ങളിൽ:കവിത, മോഹിനി രാജീവ്‌ വർമ്മ

Published on 08 March, 2021
പെണ്മനസ്സിന്നാഴങ്ങളിൽ:കവിത, മോഹിനി രാജീവ്‌ വർമ്മ
എഴുതുവാൻ കഴിയുമോ
പെണ്മനസ്സിനാഴങ്ങളീ 
തൂലികത്തുമ്പിലൂടെ!!!!"
കാണുവാൻ കഴിയുമോ
 പെണ്മനസ്സിന്നാഴങ്ങളീ 
തൂലികക്കണ്ണിലൂടെ???

എങ്കിലുമൊരു പാഴ്ശ്രമമായ് 
വരച്ചു ചേർക്കാം ഞാനവളെ,
 മകളായ്  പെങ്ങളായ് ഭാര്യയായ് , 
അമ്മയായ്, അമ്മൂമ്മയായ് , 
 ചിരിച്ചും കരഞ്ഞും പഴി പറഞ്ഞും,  
 നൊമ്പരങ്ങളുള്ളിലൊതുക്കിയും, 
വേദി നിറഞ്ഞാടുന്നു...
ജീവിത നാടക വേദിയി-
തിലവൾ തൻ വേഷങ്ങൾ.

കഴുകന്മാർ കൊത്തി വലിയ്ക്കുമ്പോഴും
നിസ്സഹായയായ് മാറിടുന്നു,
നരാധമന്മാർ തൻ കരാള ഹസ്തങ്ങളാൽ,
പിച്ചിച്ചീന്തപ്പെടുന്നു പെണ്ണുടലിന്നും,
പിഴച്ചവളെന്ന മുദ്രയും കുത്തി,
പരിഹസിയ്ക്കുന്നു സമൂഹവും.

അമ്മയാം ഭൂവിൻ നെഞ്ചകം
പിച്ചിച്ചീന്തി,
ഒഴുക്കീടുന്നു ചുടുനിണം,
കണ്ണീർ വറ്റി വരണ്ടുണങ്ങിടുന്നു,
അമ്മതൻ മാനസവും.
ക്രൂരരാം മാനുഷ ചെയ്തികൾക്കുള്ളോരാ,
ഓര്മപ്പെടുത്തലായ്,
മനസ്സിന്നേതോ വിഭ്രാന്തിയിലവൾ,
ഭദ്രയായ്, ദുർഗ്ഗയായ്, രുദ്രയായ്
 സംഹാര താണ്ഡവമാടിടുന്നു..

കണ്ടിടുമോ പെണ്മനസ്സിന്നാ 
ഴങ്ങളെന്നെങ്കിലും,
അവൾ തൻ വികാര 
വിചാരങ്ങൾക്കർഹിയ്ക്കും,
മൂല്യമേകീടുമോ!!!
അർദ്ധനാരീശ്വരിയായ് 
എന്നെങ്കിലുമവൾക്കു സ്ഥാനം 
നൽകീടുമോ!!!
അർദ്ധനാരീശ്വരിയായ്!!!??

വനിതാദിനാശംസകൾ                      
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക