Image

ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത് ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 07 March, 2021
ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത്   ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)
ഡിറ്റക്ടീവ് കഥകളിൽ  തന്നെ നൂതനമായ ആശയങ്ങളിലൂന്നി  ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ  സംവിധായകൻ  ജീത്തു ജോസഫിനോട്  വളരെ അധികം  ആരാധന തോന്നി .  കുറ്റവാളിയെ   കണ്ടെത്തുവാൻ  പോലീസ്  പരമാവധി ശ്രമിക്കുബോൾ, കുറ്റം ചെയ്ത നായകനും  കുടുംബവും കുറ്റകൃത്യം  ഒളിപ്പിക്കുന്നതും  പോലീസ് അന്വേഷണത്തെ വിദഗ്ദ്ധമായി കബളിപ്പിക്കുന്നതും   പുതുമയുള്ള വിഷയമായിരുന്നു. അങ്ങനെ ജോര്‍ജ്ജ് കുട്ടി  മലയാളികളുടെ  പ്രിയപ്പെട്ട കഥാപാത്രം ആയി മാറി.

പോലീസിന് സത്യം അറിയാമെന്നതും, വരുണിന്റെ ബോഡി കിട്ടാത്തതിനാല്‍ മാത്രമാണ് ജോര്‍ജ്ജ് കുട്ടിയും കുടുംബവും ഇന്നും പിടിക്കപ്പെടാത്തത് എന്നും  ആണ്  പല പ്രേക്ഷകരും  കരുതിയിരിക്കുന്നത്. അത്  ഒരു സസ്പെൻസ് ആയി തന്നെ ഇരിക്കുബോൾ ആണ്  കേരള രാഷ്ട്രിയവും  സമാന  സസ്പെൻസിലൂടെ  കടന്നു പോകുന്നത് . വരുണിന്റെ ചിതാഭസ്മം ജോർജുകുട്ടി  വരുണിന്റെ മാതാപിതാക്കൾക്ക്  നൽകുബോൾ  കേരളീയർ  ഒന്നടങ്കം ചിന്തിച്ചു ജോർജ് കുട്ടി കുറ്റം സമ്മതിക്കുകയിരുന്നു എന്ന്.  അത് പോലെത്തന്നെയാണ്  ഇപ്പോഴത്തെ കേരള രാഷ്ട്രിയവും.

ലൈഫ് മിഷൻ കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു നൽകിയ 7 ഐ ഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസും ശേഖരിച്ചിരുന്നു. ഏറ്റവും വിലകൂടിയ ഐ ഫോൺ  കോൺസുലേറ്റിൽ നടന്ന വാർഷിക ചടങ്ങിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചെന്നും പ്രോട്ടോകൾ  ലംഘിച്ച് അതു സ്വീകരിച്ച ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണം എന്നു വരെ  നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.  

സ്വന്തം ഭാര്യയുടെ കയ്യിൽ ഫോൺ ഇരിക്കുമ്പോഴാണ് അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്ന് കോടിയേരി  പറഞ്ഞതത്രെ. ഇതിന്റെ പേരിൽ രമേശ് ചെന്നിത്തലക്ക്  വളരെ അധികം വിമർശനങ്ങൾ സി.പി.എമ്മിന്റെ ഭാഗത്തു നിന്നും കേൾക്കേണ്ടിയും  വന്നിരുന്നു.

ഐഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെയും  യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെയും പ്രതികരണങ്ങൾ  വളരെ വിചിത്രമായി തോന്നുന്നു  . സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പൻ ഫോൺ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്.

പരസ്യമായി പ്രതികരിക്കാൻ വിനോദിനി തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം നിഷേധിക്കുകയാണ് അവർ.

അതേ സമയം താൻ ഐഫോണുകൾ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്നും വിനോദിനിയെ അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് കോഴയായ നൽകിയ ഐ-ഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

ഇവിടെയാണ്  ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ  പോലെ  കേരള രാഷ്ട്രീയത്തിലെ  ഇപ്പോഴത്തെ
 സംഭവവികാസങ്ങൾ.  ജോര്‍ജ്ജ് കുട്ടി നിരപരാധിയാണ് എന്ന് നാട്ടുകാരില്‍ ഭൂരിപക്ഷവും ഇന്ന് വിശ്വസിക്കുന്നില്ല . അത് പോലെത്തന്നെ    ജോര്‍ജ്ജ് കുട്ടി വിദഗ്ദ്ധമായി പറ്റിച്ചു എന്ന് മിക്കവരും
 വിശ്വസിക്കുന്നു .  

ഇപ്പോൾ  പുറത്തുവരുന്നത്  ദൃശ്യത്തിന്റെ മൂന്നാം  ഭാഗം വരും  എന്നതാണ്. അതിൽ വരുണിന്റെ ചിതാഭസ്മം   മാതാപിതാക്കൾ ഡി എൻ എ  ടെസ്റ്റിന് അയക്കുന്നതും  അങ്ങനെ  ജോർജ്കുട്ടി  പിടിക്കപെടുന്നതും സ്വപ്നം കണ്ടു  പക്ഷേ റിസൾട്ട് വന്നപ്പോൾ  നെഗറ്റീവ് ആയതും  ആയിരിക്കും  പ്രമേയമായി വരുന്നത്  എന്നാണ്   അടക്കം പറയുന്നത്.

അതുപോലെ അടുത്ത ദിവസങ്ങളിൽ   എന്താണ് സംഭവിക്കുന്നത്  എന്ന്  കേരളം ഉറ്റുനോക്കുന്നു. ഇനി  ചിലപ്പോൾ  രമേശ് ചെന്നിത്തല തന്നയാകുമോ ഈ  ഫോണുകൾ  കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക്  സമ്മാനിച്ചത് . വരും ദിവസങ്ങളിൽ  എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക