Image

ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)

Published on 07 March, 2021
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)

ചിത്രം - 1 .ദേവിയും മകൻ സൂരജും (പഴയ ചിത്രം)
2. സൂരജിനെ ശുശ്രൂഷിക്കുന്ന ദേവി

ഈ വനിതാ ദിനത്തിൽ ഒരമ്മയെ പരിചയപ്പെടുത്തട്ടെ. എൻ്റെ ദീർഘകാല കൂട്ടുകാരി  ദേവി.. 12 പുസ്തങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്തയായ സാഹിത്യകാരി  ദേവി ജെ.എസ്.

നിരന്തരം ജീവിതത്തിമേൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾക്കു നടുവിൽ തെല്ലും പതറാത്തവൾ .  അവളുടെ ജീവിതം എന്നും കനൽവഴികളിലായിരുന്നു. നിരന്തരം വിധിയുടെ പ്രഹരം ഏറ്റുവാങ്ങിയവൾ !. 

വിവാഹശേഷം പഠിച്ച് ഗാന്ധി യൂണിവേഴ്സിറ്റിയിൽ സെക്ഷൻ ഓഫീസറായി . രണ്ടു മക്കളെ ദേവി വളർത്തിയത് ഒറ്റയ്ക്കായിരുന്നു.അവരുടെ സ്കൂൾ കാലങ്ങൾ പിന്നിടും മുമ്പ്, മുപ്പത്തിയെട്ടാം വയസ്സിൽ  ദേവിയെ അർബ്ബുദ രോഗം പിടികൂടി. ചികിത്സകൾ, വേദന നിറഞ്ഞ ദിവസങ്ങൾ, ആകുലതകൾ... പക്ഷേ, ഒന്നിനും തളർത്താൻ അവളെ കിട്ടിയില്ല. മക്കൾ രണ്ടാളും ഉദ്യോഗസ്ഥരായി. അതിനിടയിലും 'ഞാനിവിടുണ്ടേ' എന്നു പറഞ്ഞ് അർബുദം തല നീട്ടി വന്നു പോയി. മക്കൾ വിവാഹിതരായി. ദേവി മുത്തശ്ശിയുമായി.

വിധി അടങ്ങിയില്ല. ഇത്തവണ ദേവിയുടെ ചങ്കുതകർത്തു കളഞ്ഞു. മിടുക്കൻ പത്രപ്രവർത്തകനായിരുന്നു മകൻ സൂരജ്. വാഹനാപകടത്തിൻ്റെ രൂപത്തിൽ സൂരജിനെ വിധി തട്ടിത്തെറിപ്പിക്കുമ്പോൾ അവന് പ്രായം 41 വയസ്സ്. ഇപ്പോൾ എട്ടു വർഷം പിന്നിട്ടിരിക്കുന്നു.

സൂരജ് പിന്നെ സാധാരണ ജീവിതത്തിലേക്ക്  മടങ്ങിയെത്തിയിട്ടില്ല. സംസാരിച്ചിട്ടില്ല, എഴുന്നേറ്റിരുന്നിട്ടില്ല, ഒരേ കിടപ്പ്. മകനുവേണ്ടി ഒരു ഫ്ളാറ്റെടുത്ത് അവനൊപ്പം കൊച്ചിയിൽ ജീവിക്കുകയാണ് എൻ്റെ കൂട്ടുകാരി. ഒപ്പം മകളും കുടുംബവുമുണ്ട്. ഹോം നഴ്സിൻ്റെ സഹായമുണ്ടെങ്കിലും ദേവി അവനെ ചേർത്തു പിടിച്ച് പറയുന്നത് ഒരിക്കൽ ഞാൻ കേട്ടു നിന്നു. "നിന്നെ അമ്മയുള്ള കാലത്തോളം ഒരു നഴ്സിംഗ് ഹോമിലേക്കും വിടാൻ മനസ്സു വരുന്നില്ല, നമ്മുടെ ജീവിതം ഇങ്ങനെ പോകട്ടെ, അല്ലേ കുട്ടാ..". 

ദേവി എന്നിട്ടും പതറുന്നില്ല, കഴിഞ്ഞ ദിവസം അവൾ എന്നോടു പറഞ്ഞു, ''രണ്ടു തവണ കാൻസർ പിടിമുറുക്കിയിട്ടും ഞാനിപ്പോഴും ആരോഗ്യവതിയായി ഭൂമിയിലുണ്ട്. കൂട്ടുകാരികൾ എത്ര പേർ  കടന്നു പോയി. സൂരജിൻ്റെ കിടപ്പാണ് ഒരേ ഒരു സങ്കടം. എന്നാലും ദൈവത്തിൽ ഞാൻ ധൈര്യം കണ്ടെത്തുന്നു"
 
ഈ അമ്മയ്ക്ക്  എന്തിന് വനിതാ ശാക്തീകരണം, എന്ത് ദിനാചരണം ?
എതു കൊടുങ്കാറ്റിലും പതറാത്ത ഇത്തരം നൂറുകണക്കിന്  സ്ത്രീകളുടെ നേരനുഭവം നമ്മുടെ ചുറ്റിലുമുണ്ട്.

അതിജീവനത്തിനായി ദില്ലിയിലെ പോരാട്ട ഭൂമിയിലേക്ക് ഭർത്താക്കന്മാരെയും മക്കളെയും പറഞ്ഞു വിട്ട് കൃഷി ഭൂമിയിൽ ഒറ്റയ്ക്ക് അന്നം വിളയിക്കുന്ന സ്ത്രീകളാണ് ഇപ്പോൾ ഭാരതത്തിലെ കരുത്തുറ്റ പ്രതീകം. കാഴ്ച . അതിജീവന പോരാട്ടത്തിൽ സ്ത്രീ എന്നും മുന്നിലാണ്.

ഒരു ബോധവൽക്കരണ  ക്ലാസ്സിനും തരാനാവാത്ത  ശാക്തീകരണം താനേ നേടിയ വനിതകളുടെ പിൻഗാമികളാണ് ഇന്നുള്ളവർ.  എന്നിരുന്നാലും  എന്തിനും ഒരു  ദിവസം കൽപ്പിച്ചു കൊടുക്കുന്ന വർത്തമാനകാലത്ത് ഇരിക്കട്ടെ സ്ത്രീകൾക്കും ഒരു ദിനം, അല്ലേ ..!

ഇന്ന് സ്ത്രീകളുടെ മാത്രം 
ദിവസം.കൃത്യ ബാഹുല്യം കൊണ്ട് നട്ടം തിരിയുന്ന സ്ത്രീക്ക് അവരുടേത് മാത്രമായി ഒരു ദിവസം ലോകം സമ്മാനിച്ചിരിക്കയാണ്. സത്യം പറഞ്ഞാൽ സാർവ്വദേശീയ വനിതാ ദിനാചരണം കൊണ്ട് പൊറുതിമുട്ടി. ഒരാഴ്ചയായി സൂം മീറ്റിംഗുകൾക്കു പുറമെ ഒത്തുചേരലുകളുടെ മഹാപ്രളയം. ബോധവൽക്കരണം തന്നെ പ്രധാനം .എന്നു വച്ചാൽ സ്ത്രീ ശാക്തീകരണം !.  ചിരിക്കാതെന്തു ചെയ്യാൻ.

രണ്ടു തലമുറയ്ക്ക് മുമ്പുള്ള നമ്മുടെ നാട്ടിലെ അമ്മമാരുടെ ജീവിതത്തിൽ നിന്നു തുടങ്ങട്ടെ.
അവർക്ക് സ്വന്തമായി ഒരു ദിവസം വരുമെന്ന വിദൂര സ്വപ്നം പോലും ഉണ്ടായിരുന്നോ? ഇല്ല, കാരണം എല്ലാ ദിവസവും അവരുടേതായിരുന്നു.

പത്തും പതിനാറും  മക്കളെ വരെ പെറ്റു വളർത്തിയ അമ്മമാർ. വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് , ജോലി ചെയ്യുമ്പോൾ ഇരിട്ടിയെന്ന ഗ്രാമത്തിൽ ഞാനൊരു ഫീച്ചർ എഴുതാൻ പോയി. അവിടുത്തെ എൺപതും തൊണ്ണൂറും പിന്നിട്ട കാരണവൻമാരോടും കാരണവത്തികളോടും   മിണ്ടിപ്പറഞ്ഞിരുന്നപ്പോൾ അവരുടെ തേഞ്ഞു പോയ കാലടികൾ തൊട്ട് നമിക്കാൻ തോന്നി. പച്ചയായ ജീവിതമെന്നാൽ അതാണ്.. സ്നേഹത്തോടെ  ചുക്കിച്ചുളിഞ്ഞ ആ കൈകളിൽ ഞാൻ  പിടിച്ചപ്പോൾ  കൈ വെള്ളകൾ ആകെ  പരുപരുത്ത്..
വല്യമ്മച്ചി നിറഞ്ഞു ചിരിച്ചു. എന്നിട്ട് ആ പരുപരിപ്പിൻ്റെ കഥ പറഞ്ഞു.

ജീവിതത്തിൽ തോറ്റു തുന്നം പാടിയപ്പോൾ ഒടുക്കത്തെ പരീക്ഷണമെന്ന നിലയിൽ മലബാറിനു വച്ചുപിടിച്ചവരുടെ നാട്.    കുടിയേറ്റ കർഷകരുടെ ചാകരയായിരുന്നു പണ്ട് മലബാർ.
അധികവും മധ്യ തിരുവിതാംകൂറുകാർ.

 നാട്ടിൽ ക്ലച്ച് പിടിക്കാതെ വലയുമ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി കുഞ്ഞുമക്കളുടെ കൈയ്യും പിടിച്ച് ഒറ്റ പോക്കാണ്. എന്തും നേരിടാനുള്ള ധൈര്യം മാത്രം കൈമുതൽ. നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല, നേടാൻ ചിലതൊക്കെ ഉണ്ടാവുമെന്ന സ്വപ്നം മാത്രം സമ്പാദ്യം.

 കുറഞ്ഞ വിലയ്ക്ക് കിട്ടിയ പാഴും ശൂന്യവുമായ ഭൂമിയെ മെതിച്ചൊരുക്കി കൃഷിക്ക് തയ്യാറാക്കി. മണ്ണും പെണ്ണും ഒരുക്കിയെടുത്താൽ  നന്നാകുമെന്നാണ്  പഴമൊഴി !.പറക്കാരനിറഞ്ഞ ഭൂമിയെ ആഞ്ഞ് വെട്ടിക്കിളച്ച് വിത്തെറിയാൻ ഒരുക്കിയെടുത്തു. ഒരു കന്നിപ്പെണ്ണിനെപ്പോലെ ഭൂമിയെ വിതയ്ക്കായി കാത്തു കിടന്നു. .കർഷകൻ്റെ വിയർപ്പിൽ നനവേറ്റ കറു കറുത്ത മണ്ണ്.

" മക്കളെ, ഞങ്ങക്ക് പത്തു  മക്കൾ. ഞങ്ങള് അവരെ വളർത്തുവല്ലായിരുന്നു.
അവരങ്ങു വളരുകയായിരുന്നു. മൂത്തതുങ്ങള് ഇളയത്തുങ്ങളെ നോക്കി. മൂത്തവരുടെ ഉടുപ്പിട്ട് ഇളയവര് വളർന്നു. പട്ടിണിയെ നേരിട്ടത് കപ്പയും കാച്ചിലും പുഴുങ്ങിത്തിന്നാ.  പാലും മൊട്ടയും വിറ്റ് അരിയും മീനും വാങ്ങി. എന്നാലും പള്ളീം പട്ടക്കാരനും ഉണ്ടാരുന്നേ. ദൈവം കൈവിട്ടില്ല", പാലായിൽ നിന്ന് കുടിയേറിയ മേരിയമ്മച്ചി ഓർമ്മകളുടെ അറ തുറന്നപ്പോൾ പുറത്തുവന്നത് അലച്ചിലുകളുടെ അമ്പരപ്പിക്കുന്ന ഭൂതകാലം..പുലർച്ചെ നാലുമണിക്ക് എണീറ്റ് കുരിശു വരച്ച്,കട്ടനിട്ട് പറമ്പിലോട്ടിറങ്ങും. നിലാവിൽ  ആഞ്ഞു കിളയ്ക്കുന്ന ഗൃഹനാഥന് ഒപ്പം ഭാര്യയും കിളച്ചു. എന്നു വച്ചാൽ മണ്ണിനെ നന്നാക്കാൻ പുരുഷനൊപ്പം പെണ്ണും കൂടിയെന്ന് സാരം. ഇത്തിരി പുലർന്നാൽ അവൾ വീട്ടിലേക്കോടും. പശുവിനെ കറന്ന് പാൽ പിള്ളാരുടെ കൈയ്യിൽ ചായക്കടയിലേക്ക് കൊടുത്ത് വിടും. പ്രാതൽ ഒരുക്കുന്ന തിരക്കാണ് പിന്നെ. ഉച്ചയ്ക്ക് പണിക്കാർക്കും ഭക്ഷണം കൊടുക്കണം. നെല്ലു കുത്തി അരിയെടുത്ത് കഞ്ഞി വച്ചിരുന്ന കാലം. അമ്മിക്കല്ലിൽ അരച്ചാണ് പാചകം.  ഉച്ചയൂണു കഴിഞ്ഞാണ് നനയും കുളിയും, ദൂരെ നിന്ന് വെള്ളം കൊണ്ടുവരണം. പത്തു മക്കളുൾപ്പടെയുള്ളവരുടെ തുണി നനയ്ക്കണം.നാലു മണി കാപ്പി കഴിഞ്ഞാൽ അത്താഴം. അതു കഴിഞ്ഞാൽ നാലാവുള്ള രാത്രികളിലും അവർ ഭൂമിയുമായി മല്ലിട്ടു. കാട്ടുപന്നിയും ആനയും കൃഷി നശിപ്പിക്കാതിരിക്കാൻ മാറി മാറി ഉറക്കമിളച്ചു.

പറമ്പിൽ പണിയുന്നതിനിടെ വീട്ടിലോട്ട് ഓടി ചെന്ന് പ്രസവിച്ച പെണ്ണുങ്ങളുടെ കാലമായിരുന്നു അത്. അയൽക്കാരികൾ സൂതി കർമ്മിണികളായി. ആശുപത്രിയും നേഴ്സും  നാടൻപതിച്ചികളും  തുണയില്ലാത്ത കാലം.

സിസേറിയറൻ ചെയ്യാതെ മക്കളിങ്ങു താനേ പുറത്തു വന്നു.  എല്ലുമുറിയെ പണിതിട്ടും പല്ലുമുറിയെ തിന്നാൻ കിട്ടിയില്ലെങ്കിലും തളർന്നില്ല. സ്ത്രീ അന്ന് വീടിൻ്റെ നെടുംതൂണായിരുന്നു.  ജീവിതത്തിൻ്റെ പോരാട്ട ഭൂമിയിൽ ഒപ്പത്തിനൊപ്പം അവർ പടപൊരുതി. 

ഒരിക്കലും അവർ പരാതിപ്പെട്ടില്ല. തുല്യതയ്ക്കായി പോരാടാൻ ഓടി നടന്നില്ല.അവർ അന്ന് തുല്യരോ അവൾ പുരുഷൻ്റെ മീതെയോ ആയിരുന്നു. അയാൾ നിരാശപ്പെട്ടപ്പോഴൊക്കെ  അവൾ 'പോകാൻ പറ, ചുമ്മാ വിഷമിക്കാതെ ' എന്ന് ധൈര്യം പകർന്നു.പലപ്പോഴും പുരുഷന് കരുത്തായി. ശരിക്കും അവൻ്റെ തുണ, ശക്തി, സാന്ത്വനം.താങ്ങ്.

മക്കളൊക്കെ വളർന്നു, ആരും വഴിപിഴച്ചില്ല. നല്ല അടി കൊടുത്തു വളർത്തി.അവർ മിടുക്കരായി രുന്നു, അപ്പൻ്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ തീർന്നു.വിദേശത്തും നാട്ടിലും നല്ല നിലയിലായി. അപ്പന് എതിർവായില്ല, അമ്മ വീട്ടിലെ റാണി.

കൊച്ചു മക്കടെ കാലം വന്നപ്പോൾ ദാ, വരുന്നു വനിതാ ദിനാഘോഷം, ആചരണം..! 
ഓർത്താൽ ചിരിക്കാതെങ്ങനെ..

അന്നത്തെ മുത്തശ്ശിമാരുടെ നാലിലൊന്ന് ജോലി ഇന്നു നമ്മൾ ചെയ്യുന്നുണ്ടോ. എപ്പോഴാണ് നമ്മുടെ ശക്തി  ചോർന്നു പോയത്.ശാക്തീകരണ ക്ലാസ്സുകളിൽ നിന്ന് ഊർജം കൊള്ളേണ്ട ഗതികേട് എന്നു മുതൽക്കാണ് സ്ത്രീക്ക് ഉണ്ടായത്.

രണ്ടേ രണ്ടു മക്കളെ വളർത്താൻ പോലും അശക്തരായ സ്ത്രീകൾ. അതു കൊണ്ട് ഒറ്റക്കുട്ടി മതിയെന്നായി. പിന്നെ അതും വേണ്ടെന്നായി.

എല്ലാ വീട്ടുപകരണങ്ങളുമുണ്ടായിട്ടും വിഭവങ്ങൾ ഫ്രിഡ്ജിൽ നിറഞ്ഞിരുന്നിട്ടും ഈറ്റിംഗ് ഔട്ടിൻ്റെ പേരിൽ ആയിരങ്ങൾ  ചോരുന്ന കീശ.തിന്നു കൊഴുത്തപ്പോൾ വ്യായാമക്കുറവിനെ നേരിടാൻ കൈവീശി നടക്കാൻ പോകേണ്ട ഗതികേട്.ഗർഭാവസ്ഥ തുടങ്ങുമ്പോൾ മുതലേ ബെഡ് റസ്റ്റിലാകുന്ന യുവത്വം. വേദനയറിയാതെ പ്രസവിക്കാനുള്ള നൂതന മാർഗ്ഗം  ഇൻ്റർനെറ്റിൽ പരതേണ്ട ഗതികേട്. സുഖജീവിതത്തിനായി മക്കൾ വേണ്ടെന്ന് വയ്ക്കുന്ന ദമ്പതികൾ. വാടക ഗർഭത്തിനായി ലക്ഷങ്ങൾ ഒടുക്കാനും തയ്യാറാവുന്ന ഭാര്യാഭർത്താക്കൻമാർ.

തമ്മിൽ ഉരിയാടാത്ത ദമ്പതികൾ ഒരു വശത്ത്. ഇനിയെങ്ങാനും വായ തുറന്നു പോയാൽ  യുദ്ധക്കളമാവുന്ന വീട് . ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോലും തയ്യാറാവാത്തത്ര വാശികൾ, മത്സരബുദ്ധികൾ...
അതിനിടെ ദാ, വരുന്നൂ,വനിതാ ദിനം. സ്ത്രീ ശാക്തീകരണം ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക