ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ് ചെയര്മാന് എം.ജി ജോര്‍ജ് മുത്തൂറ്റി(71)ന്റെ മരണം ഡല്‍ഹിയിലെ സ്വന്തം വീട്ടിന്റെ നാലാം നിലയില്‍നിന്ന് താഴേക്കുവീണ്. വെള്ളിയാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് കൈലാശിലെ വീടിന്റെ നാലാം നിലയില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ഫോര്‍ടിസ് എസ്കോര്‍ട്ട് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. എയിംസില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതകളില്ല.
രാജ്യത്തും പുറത്തും പടര്‍ന്നുപന്തലിച്ച വ്യവസായ സാമ്രാജ്യമായി മുത്തൂറ്റിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജോര്‍ജ് മുത്തൂറ്റ് ഡല്‍ഹിയിലായിരുന്നു താമസം. 20 ഓളം മേഖലകളില്‍ സാന്നിധ്യമുള്ള കമ്ബനി സ്വര്‍ണ പണയ വായ്പ, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ സാന്നിധ്യമാണ്.
ദക്ഷിണേന്ത്യയില്‍ തുടങ്ങിയ വ്യവസായ സംരംഭത്തെ രാജ്യത്തോളവും പിന്നീട് പശ്ചിമേഷ്യയിലും വളര്‍ത്തി വലുതാക്കിയ ജോര്‍ജ് മുത്തൂറ്റിന്റെ മരണം വ്യവസായ ലോകത്ത് ഞെട്ടലുണ്ടാക്കി .
2020ല്‍ ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് മുത്തൂറ്റ് ആയിരുന്നു. 2011ല്‍ ഇന്ത്യന്‍ ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ 50ാമതും 2019ല്‍ 44ാമതും എത്തി.
1949ല്‍ കോഴഞ്ചേരിയില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി ഡല്‍ഹിയിലായിരുന്നു താമസം. ഓര്‍ത്തഡോക്സ് സഭ മുന്‍ ട്രസ്റ്റിയാണ്.
ഭാര്യ സാറ ജോര്‍ജ് മുത്തൂറ്റ് ന്യൂഡല്‍ഹി സെന്റ് ജോര്‍ജ് സ്കൂള്‍ ഡയറക്ടറാണ്. മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എക്സി. ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്), അലക്സാണ്ടര്‍ എം. ജോര്‍ജ് (മുത്തൂറ്റ് ഫിനാന്‍സ് ന്യൂഡല്‍ഹി ഡെപ്യൂട്ടി എം.ഡി). പരേതനായ പോള്‍ എം. ജോര്‍ജ്. മരുമക്കള്‍: തെരേസ, മെഹിക.