Image

ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചുവെന്ന് ഹൈക്കോടതി

Published on 05 March, 2021
ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചുവെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസില്‍ ബി ജെ പി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

- ഒരു വശത്തു സംസ്ഥാന സര്‍ക്കാരും മറുവശത്തു ബി ജെപിയും ആര്‍ എസ് എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബി ജെ പിയും ആര്‍ എസ് എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു. -

ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികള്‍ ബി ജെ പി - ആര്‍ എസ് എസ് നേതാക്കളാണെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാല്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും ജാമ്യത്തില്‍ വിടണമെന്ന് കോടതി പൊലീസിനു നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക