തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് മുഖ്യമന്ത്രി. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം കിഫ്ബിക്കെതിരെയുള്ള ഇഡി കേസിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുകയാണ്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനന്‍ നയിക്കുന്ന വിജയയാത്രയില്‍ ധനമന്ത്രി നിര്‍മല സീതരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിട്ടും ഇഡിക്ക് ഒന്നും കിട്ടിയില്ല. ഭീഷണിപ്പെടുത്തി അവര്‍ക്കാവശ്യമുള്ള ഉത്തരം സംഘടിപ്പിക്കാനാണ് ശ്രമമെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം. എന്നാല്‍ വര്‍ഷം മൂന്ന് വര്‍ഷം മുമ്പുള്ള പരാതിയില്‍ ഇപ്പോള്‍ കേസെടുത്തതിന് പിന്നില്‍ സിപിഎം ബിജെപി ധാരണയുണ്ടെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. അതിനിടെ കിഫ്ബി സിഇഒയ്ക്ക് മറ്റന്നാള്‍ ഹാജരാകാന്‍ നല്‍കിയിരുന്നു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല