Image

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു,

Published on 27 February, 2021
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു,
ദമ്മാം:  മുതിര്‍ന്ന സിപിഐ നേതാവും,  തമിഴ് നാട്ടിലെ മുന്‍ സംസ്ഥാന സെക്രെട്ടറിയും, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും, മുന്‍എം.പിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു,

സാധാരണ ജനങ്ങള്‍ക്കായി ജീവിച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു ഡി പാണ്ഡ്യന്‍. ജനങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. ലളിതജീവിതം കൊണ്ട് എല്ലാവര്‍ക്കും മാതൃക തീര്‍ത്ത രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം ഓര്‍മ്മിയ്ക്കപ്പെടുമെന്നു നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എഐഎസ്എഫ് പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. ചെന്നൈ നോര്‍ത്തിനെ പ്രതിനിധീകരിച്ച് നാലുതവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്. വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്ന അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു.

കാരൈക്കുടി അളഗപ്പ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് അദ്ദേഹം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തെത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. തമിഴ്‌നാട് ആര്‍ട്ട് ആന്റ് ലിറ്ററി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ റയില്‍വേ ലേബര്‍ യൂണിയന്‍ പ്രസിഡന്റ് , സിപിഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപര്‍, മദ്രാസ് ഡോക്ക് ലേബര്‍ ബോര്‍ഡ്, മദ്രാസ് പോര്‍ട്ട് ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുഡസനിലധികം പുസ്തകങ്ങളുടെ കര്‍ത്താവാണ്.
1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംപുത്തൂരില്‍ പാണ്ഡ്യനും ഗുരുതരമായിപരിക്കേറ്റിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഒട്ടേറെ ബഹുജനസമരങ്ങളിലും, ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലും മുന്നണിപ്പോരാളിയായി അദ്ദേഹം എന്നുമുണ്ടായിരുന്നു.

സാധാരണ ജനങ്ങള്‍ക്കും, ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്കും, ഇടതുതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഡി പാണ്ഡ്യന്റെ നിര്യാണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ആക്റ്റിങ് സെക്രട്ടറി സാജന്‍ കണിയാപുരവും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക