Image

ചെക്കിന്‍ ബാഗേജില്ലാത്ത ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പ്രത്യേക ഡിസ്‌കൗണ്ട്

Published on 26 February, 2021
ചെക്കിന്‍ ബാഗേജില്ലാത്ത ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പ്രത്യേക ഡിസ്‌കൗണ്ട്
ചെക്കിന്‍ ബാഗേജില്ലാത്ത ആഭ്യന്തര വിമാനയാത്രികര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ തന്നെ തങ്ങളുടെ ലഗേജ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടി വരും.

''പുതിയ എയര്‍ലൈന്‍ ബാഗേജ് നയത്തിന്റെ ഭാഗമായി വിമാന കമ്ബനികള്‍ക്ക് ചെക്കിന്‍/ലഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് പ്രത്യേക ചാര്‍ജ് ഡിസകൗണ്ട് നല്‍കാവുന്നതാണ്,'' ഡിജിസിഎ കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, മുന്‍ കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ പിന്നീട് ലഗേജുമായി ചെക്കിന്‍ കൗണ്ടറിലെത്തിയാല്‍ ചാര്‍ജ്ജ് അധികം നല്‍കേണ്ടി വരും. ഈ ചാര്‍ജ്ജ് യാത്രക്കാരെ നേരത്തേ അറിയിക്കുകയും ടിക്കറ്റില്‍ പ്രിന്റ് ചെയ്യുകയും ചെയ്യേണ്ടതാണ്. 

നിലവിലെ നിയമപ്രകാരം, ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്കിന്‍ ബാഗേജില്‍ 15 കിലോഗ്രാമാണ് വഹിക്കാന്‍ അനുമതിയുള്ളത്. നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ യാത്രക്കാരില്‍ നിന്ന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കാറുണ്ട്. ആളുകള്‍ക്ക് താങ്ങാനാവുന്ന തുകക്ക് യാത്രാ സൗകര്യം ഒരുക്കുകയെന്ന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സീറ്റ് മുന്‍ഗണന, ഭക്ഷണം, പാനീയം, എയര്‍പോര്‍ട്ട് ലോഞ്ച് തുടങ്ങിയ സൗകര്യങ്ങള്‍ വേര്‍തിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. യാത്രക്കാര്‍ക്ക് സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം തെരെഞ്ഞെടുത്താല്‍ മതി. എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ ആഭ്യന്തര വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വില നിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷമേ പുതിയ നിയമങ്ങള്‍ നടപ്പില്‍ വരികയുള്ളൂ. വിമാന യാത്രകള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നതു വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മാസം തുടക്കത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റ് ചാര്‍ജ്ജ് കൂടിയ നിരക്കിലും കുറഞ്ഞ നിരക്കിലും നിര്‍ദ്ധിഷ്ട തുകയേക്കാള്‍ പത്തു ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വിമാന ടിക്കറ്റ് വിലയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം സ്ഥിരമാവില്ല എന്നു രാജ്യസഭയെ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നിയമം നിലവില്‍ വരുന്നത്.

വിമാന കമ്ബനികള്‍ പഴയതു പോലെ മുഴുവന്‍ കപ്പാസിറ്റിയില്‍ പറന്നു തുടങ്ങിയാല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടാവില്ല എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക