Image

സംബോധനം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 26 February, 2021
സംബോധനം (കവിത:  വേണുനമ്പ്യാര്‍)
ഭൂമിയോട്  

ഇന്ന്  നീ വിളറിപ്പോയ ഒരു നീലക്കുത്ത്
നാളെ സൗരയൂഥത്തിലെ പുഴുക്കുത്താകാതിരുന്നാല്‍ ഭാഗ്യം


സൂര്യനോട്

മലയും  കടലും  നിഷ്‌കരുണം  ഉപേക്ഷിച്ചാലും  
ഇരുട്ട് നിന്നെ സ്വീകരിക്കും
പിറന്ന ദിനം  തന്നെ മരിക്കാന്‍ കഴിയുന്നത് ഒരു സുകൃതമാണ്  


ചന്ദ്രനോട്

വിശക്കുന്ന ബംഗാളിക്ക് നീ ചപ്പാത്തിയാണെങ്കില്‍
വിശക്കുന്ന മലയാളിക്ക് നീ ദോശയാണ്
ആരും ഇപ്പോള്‍ മന്നവേന്ദ്രന്റെ മുഖം നിന്നില്‍ കാണാറില്ല


രാവണനോട്

പത്തു തലയുണ്ടെങ്കിലും നിനക്കൊരു ഹൃദയം മാത്രം
അതില്‍ നീ സീതയെ പ്രതിഷ്ഠിച്ചിരിക്കുന്നു
സ്വന്തം  നെഞ്ചില്‍  ഹനുമാന്‍ രാമനെ കുടിയിരുത്തിയപോലെ


ചേമ്പിലയോട്

മഴത്തുള്ളി നിന്റെ പ്രേമഭാജനം  
തെക്കു പടിഞ്ഞാറന്‍ കാറ്റ്
പ്രേമത്തിന്റെ മൂന്നാം കോണിലെ വില്ലന്‍


കണ്ണാടിയോട്

എന്നെ ഞാനായി കാണിക്കാന്‍ നിനക്കൊരിക്കലും ആവില്ല
ആകയാല്‍ നിന്റെ മുഖം എന്നും വികൃതമാണ്.


വീടിനോട്

ചുവര് വാതിലായതും വാതില്‍ ചുവരായതും അറിഞ്ഞില്ല
മേല്‍ക്കൂര പാറിപ്പോയതും ഞാനറിഞ്ഞില്ല
ഇപ്പോള്‍ പാമ്പും തേളും പറക്കും തവളകളും മാത്രമാണ്   അന്തേവാസികള്‍


കവിയോട്

പല പല കതകിലും നീ മുട്ടി നോക്കും
എന്നാല്‍ നിനക്ക് വേണ്ടി ഒരു വാതിലും തുറക്കപ്പെടില്ല
പറയുന്നതില്‍ ഖേദമുണ്ട്,  നിന്റെ  ജീവിതം ഛന്ദോബദ്ധമല്ല  


മാതൃഭാഷയോട്

നിന്റെ അച്ഛന്‍ തുഞ്ചത്തെഴുത്തച്ഛന്‍
അമ്മ  മൗനം

സംബോധനം (കവിത:  വേണുനമ്പ്യാര്‍)
Join WhatsApp News
ഭാഷാസ്നേഹി 2021-02-26 14:31:38
ഭാഷയുടെ അച്ഛൻ തുഞ്ചത്തെഴുത്തച്ഛൻ എന്ന് ഹിന്ദുക്കളുടെ ഗൂഡാലോചനയുടെ ഫലമാണ് . ഭാഷ സ്വയം ഭൂവായ്താണ് . വളർത്തച്ചന്മാർ വളരെയേറെയുണ്ട് അതിൽ ഒരാൾ തുഞ്ചെഴുത്തച്ഛൻ . ഹെർമൻ ഗുണ്ടർട്ടും ഒരു വളർത്തച്ഛനാണ് .
ഫാസിസത്തിലേക്കുള്ള ഹൈവേകൾ 2021-02-26 16:24:00
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ -= തുഞ്ചത്തെ രാമൻറ്റെ അനുജൻ- എഴുത്തച്ഛൻ എന്നത് ഒരു സർവ നാമം ആണ്. അതായത് ആശാൻ, മന്ത്രവാദി, പൂജാരി, കൃഷിക്കാരൻ - എന്നതൊക്കെ പോലെ. ഇന്നേവരെയുള്ള ഒരു ഭാഷയും ഒരു വ്യക്തിയിൽ നിന്നും ഉളവായതുമല്ല. അനേകം കാല ഘട്ടങ്ങളിലൂടെ ഉണ്ടാകുന്ന പരിണാമത്തിലൂടെയാണ് ഭാഷ രൂപം കൊണ്ടിട്ടുള്ളത്. ചരിത്രത്തെ വളച്ചൊടിക്കുന്നത് ഫാസിസ്റ്റ് പ്രവണത ആണ്. അതിനു ധാരാളം തെളിവുകളും ചരിത്രത്തിൽ ഉണ്ട്. അമേരിക്കയിലെ സിവിൽ വാറും, കറുത്തവരെ അടിമകൾ ആക്കിയതും റിപ്പപ്ലിക്കൻ തെക്കൻ സ്റ്റേറ്റുകളുടെ പാഠ പുസ്തകങ്ങൾ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. അതുപോലെ ഇന്ത്യയുടെ ചരിത്രവും ബിജെ പി മാറ്റി മറിച്ചു തുടങ്ങി. ഇതൊക്കെ ഫാസിസത്തിലേക്കുള്ള ഹൈവേകൾ ആണ്. - ചാണക്യൻ
തമ്പൂരാൻ 2021-02-27 03:15:18
എന്താണ് തുഞ്ചത്തെഴുത്തച്ഛന്റെ തത്ത മിണ്ടാത്തത് നമ്പിയാരെ ?
കുഞ്ചൻ 2021-02-27 04:12:07
എഴുത്തച്ചൻ ആരെന്നു ചോദിച്ചു നമ്പി കേട്ടത കോപിച്ചു തമ്പുരാനെ ക്ഷമിക്കണേ
വേണുനമ്പ്യാർ 2021-02-27 06:52:31
30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതിലൂടെയും സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് മലയാള ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിനാലാണ് അദ്ദേഹത്തെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നത്. ഇതിൽ വിയോജിപ്പ് തോന്നി വല്ല പാതിരിയേയും ആ സ്ഥാനത്ത് പ്രതിഷ്ഠിക്കണമെങ്കിൽ അതിനോടൊന്നും ഇവിടെ ഒരു വിരോധവുമില്ല. പിതാവ് ആര് തന്നെയായാലും 'അമ്മ മൗനമാണല്ലോ. അതിൽ ഒരു തർക്കവും ഉന്നയിച്ചിട്ടില്ല എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. വൈഖരിയിൽനിന്നു പിറകോട്ടു പോകുമ്പോൾ മധ്യമ, പശ്യന്തി, പര.
രാജു തോമസ് 2021-02-27 13:53:08
ഭാഷാസ്നേഹി'ക്ക് ഇത്രയുമേ ചരിത്രം അറിയുള്ളു! ഞാൻ ഏറ്റവും ആശ്ചര്യത്തോടും ആദരവോടും കരുതുന്നത് എഴുത്തച്ഛനെയാണ്, അദ്ധ്യാത്മരാമായണവും ഹരിനാമകീർത്തനവും മാത്രമേ വായിച്ചുള്ളൂ എങ്കിലും.
അമ്മ മലയാളം 2021-02-27 14:54:04
അമ്മ മൗനയായിരിക്കുന്നതാണ് മോനെ നല്ലത് . അമ്മക്ക് ഒത്തിരി സംബന്ധക്കാരുണ്ടായിരുന്നു കണ്ണ. എഴുത്തച്ഛന്മാർ, പാതിരിമാർ, തമ്പുരാക്കന്മാർ (കേരളവർമ്മ ) നമ്പിയാരുമാർ, തമിഴന്മാർ . സംസ്‌കൃത ശ്ലോകം ചൊല്ലി വന്ന ബ്രാഹ്മണർ, നമ്പൂരിമാർ എല്ലാവരും അമ്മേടെ സംബന്ധക്കാരാണ് . അവസാനം മോൻ പറേന്നപോലെ എല്ലാരും കുറ്റം അമ്മേടെ തലയിൽ വച്ചിട്ട് 'കാട്ടികൊട് കൂട്ടികൊട് മണ്ടികൊട് ' എന്ന് പറഞ്ഞപോലെയാണ്. ഇന്നും സ്ത്രീകൾക്കാണല്ലോ കുറ്റം. പുരുഷന്മാർ പൊടിതട്ടിപോം . 30 കുട്ടികൾ ഉണ്ടായിരുന്ന അമ്മക്ക് 21 കൂടി ഉണ്ടാക്കി തന്നിട്ട് എഴുത്തച്ഛൻ പോയി . ഇപ്പോൾ മുഴുവൻ ഉത്തരവാദിത്വവും എഴുത്തച്ഛന്റെ തലയിൽ വച്ച് കൊടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. ആദ്യത്തെ 30 എണ്ണത്തിന്റ തന്തമാരിൽ നമ്പിയാരുമാറുമുണ്ട് . ഞാൻ ഇതിന്റെ പേരിൽ വഴക്കുണ്ടാക്കുന്നില്ല . ഇപ്പോൾ എനിക്ക് തന്നെ പിടിയില്ല ഞാൻ ആരുടെ കൂടെയൊക്കെ കിടന്നു എന്ന്. എന്നാലും എന്റെ എന്റെ ഭാഷ സുന്ദിരയാണ് . എല്ലാവരുടെയും രക്തം കൂടികലർന്ന സുന്ദരിയായ ഭാഷ. അതിനെ ഇനിയും പാക്രാണ്ടിച്ചു വൃത്തികേടാക്കാതെ മക്കള് നോക്കണം. ഇപ്പഴത്തെ തലമുറവന്നുകൂടി ഞാൻ ' തലേംവാലുമില്ലാത്ത ' മാഗ്‌ളീഷിനെ പ്രസവിച്ചു തുടങ്ങിയിട്ടുണ്ട് . എന്ത് ചെയ്യാം അമ്മയായിപ്പോയില്ലേ . സ്നേഹിക്കാതിരിക്കാൻ പറ്റുമോ . അതുകൊണ്ട് പുതിയ തലമുറയോട് പറയണം അമ്മ ഭാഷയെ ഇങ്ങനെ അവരാതിക്കരുതെന്ന്. നിന്റെ ഭാഷ 'അമ്മ മൗനയല്ല കുട്ടി. കഴിയുമെങ്കിൽ നീ ഈ 51 അക്ഷരങ്ങൾ കുറച്ചു മുപ്പതാക്കി താടാ കണ്ണ. ഇപ്പോൾ തന്നെ ഒരുത്തനും ഈ 51 നെ തിരിച്ചറിയാൻപോലും കഴിയില്ല .
ഭാഷാസ്നേഹി 2021-02-27 15:55:12
എന്നെ കെട്ടാൻ എന്നെക്കാൾ ഗതികെട്ടവൻ വന്നെല്ലോ എന്ന് പറഞ്ഞതുപോലെയാണല്ലോ രാജു തോമസ്സെ ആകെപ്പാടെ എഴുത്തച്ഛന്റെ രണ്ടു പുസ്തകം മാത്രം വായിച്ചിട്ടുള്ള നിങ്ങൾ ഒന്നും വായിക്കാത്ത എന്നെ ശകാരിക്കുന്നത്.എന്തായാലും എന്റെ അറിവില്ലായിമയിൽ നിന്നെന്തെങ്കിലും പറഞ്ഞാലെന്താ ഇഷ്ടംപ്പോലെ ജനം ഇളകിട്ടുണ്ടല്ലോ നമ്പിയാരെ പൊരിക്കാൻ.
രാജു തോമസ് 2021-02-27 16:35:27
"നല്ലനല്ലേതുമവൻ, ദുഷ്ടനത്രെ; നല്ലതു നീയിങ്ങു പോരുക വൈകാതെ." "മൂഢനാം നിന്നോടു ചൊല്ലുന്ന ഞാ- നതിമൂഢനെന്നേ വരൂ." തമാശക്കാർക്കു ചാടിക്കടിക്കാൻ വേണു നമ്പ്യാരിൽനിന്നുപോലും ഒരു കഷണം കിട്ടിയല്ലൊ! അവരുടെ "...വിശപ്പ് " ഞാനറിയുന്നു. ശാന്തം പാപം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക