Image

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താല്‍

Published on 24 February, 2021
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താല്‍
ചേര്‍ത്തല: വയലാറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി.യും ഹൈന്ദവസംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അറിയിച്ചു.

രണ്ടുദിവസമായി പ്രദേശത്ത് എസ്.ഡി.പി.ഐ.- ആര്‍.എസ്.എസ്. തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങള്‍.

അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30ഓടെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. നാലുപേര്‍ പരിക്കേറ്റ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സംഘര്‍ഷസാധ്യതകണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക