Image

ഇഎംസിസിയുമായുള്ള 5000 കോടിയുടെ കരാർ റദ്ദാക്കി

Published on 24 February, 2021
ഇഎംസിസിയുമായുള്ള 5000 കോടിയുടെ കരാർ റദ്ദാക്കി
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് കെഎസ്‌ഐഡിസി  അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഉണ്ടാക്കിയ 5000 കോടിയുടെ  ധാരണപത്രവും സര്‍ക്കാര്‍ റദ്ദാക്കി. വ്യവസായ മന്ത്രി ഇപി ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

അസന്‍ഡ് നിക്ഷേപ സംഗമത്തില്‍ കെഎസ്‌ഐഡിസി എംഡി രാജമാണിക്യവും ഇഎംസിസി പ്രതിനിധിയും ഒപ്പിട്ട ആദ്യ ധാരണപത്രമാണ് ഇപ്പോള്‍ റദ്ദാക്കിയത്. കഴിഞ്ഞ വർഷം  ഫെബ്രുവരി 28നാണ് ഈ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. 

വിവാദം ഉയര്‍ന്നതോടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഇഎംസിസിയുമായുണ്ടാക്കിയ 2950 കോടിയുടെ ധാരണപത്രവും നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ആദ്യ ധാരണപത്രവും റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ആറുമാസം കഴിഞ്ഞാൽ‌ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. 

കരാർ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളം കയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും. മൽസ്യ നയത്തിന് എതിരെങ്കിൽ പിന്നെന്തിന് മന്ത്രി അനുകൂല നിലപാട് എടുത്തു?

മൽസ്യസമ്പത്ത് അമേരിക്കൻ കമ്പനിക്കു നൽകാൻ ഗൂഢാലോചന നടന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രി മറുപടി പറയണം.  ഇപ്പോഴും സർക്കാർ അസത്യം പ്രചരിപ്പിക്കുകയാണ്.

ഈ വിഷയം ഉന്നയിച്ച് പൂന്തുറയിൽ വ്യാഴാഴ്ച രാവിലെ 9നു സത്യഗ്രഹം നടത്തും. തീരദേശ ഹർത്താലിനെ യുഡിഎഫ് പിന്തുണയ്ക്കും. വി.മുരളീധരനെ ഇഎംസിസി പ്രതിനിധികൾ കണ്ടെങ്കിൽ അതും ഗുരുതരമായ ആരോപണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. എന്‍. പ്രശാന്തിനെതിരേ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം. ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ട ആള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു

പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ ആക്ഷേപിക്കുകയാണ് പ്രശാന്ത് ചെയ്തത്.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മാസമാണ് ഫെബ്രുവരി. ഈ മാസത്തില്‍ ഇത്തരത്തില്‍ ട്രോളര്‍ ഉണ്ടാക്കി നല്‍കാന്‍ കരാറുണ്ടാക്കി എന്ന് പറയുന്നത് കേരളത്തിലെ അരി ആഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അത്തരമൊരു നിലപാട് സ്വീകരിച്ച ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സര്‍ക്കാറിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാന്‍ വിവാദമുണ്ടാക്കാനായി ആസൂത്രിതമായിട്ടാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്തായാലും ഇതിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല.

മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹതയാണ് ഉള്ളത്. ഇവരുടെ കാലത്ത് കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇപ്പോഴവര്‍ ഫ്‌ളാറ്റുകളില്‍ എ.സി.വച്ച് താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിനെ നന്നായി അറിയാം-മന്ത്രി പറഞ്ഞു 
Join WhatsApp News
കരാർ 2021-02-24 14:19:19
10000 കോടിയുടെ ഒരു കരാർ ഒപ്പിടാൻ കേരളത്തിലേക്ക് പോകുന്നു. ആരെങ്കിലും ടിക്കറ്റു എടുത്ത തരണം, പ്ലീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക