Image

താമസൻ (കവിത: ഉഷാ ആനന്ദ്)

Published on 19 February, 2021
താമസൻ (കവിത: ഉഷാ ആനന്ദ്)
ചിരിക്കും മുഖത്തിൻ ചിതൽപുറ്റിനുള്ളിൽ
ചരിക്കാൻ കഴിയുന്ന കാട്ടാള ജന്മം
ചലിക്കുന്നു ചിന്തതൻ ചപലതത്തേരിൽ
ചിത്തമോഹത്തിൻചാവുറ്റ ജന്മം

ചിരിച്ചിട്ടു തന്നെ ചതി കമ്പള ത്താൽ
ചമയമണിഞ്ഞിട്ടു ചാവാലി പോലെ
ചരുകായി മാറിയും ചത്തു ജീവിച്ചിട്ടു
ചങ്ങലത്താളം ചങ്കിൽ വഹിക്കുന്ന ജന്മം

താളം പിഴയ്ക്കാ കുതന്ത്രത്തിനാലേ
തമസാസ്ത്ര തീഷ്ണനേത്രത്തിനാലേ
താനെന്ന ഭാവത്തിൽ താപസ്വേതത്തെ
തിലകമായ് കൊണ്ടു നടക്കുന്ന ജന്മം

ദുർമ്മോഹ ചാപല്യതാളം മുറുക്കി
ദുർബുദ്ധി കാട്ടി ദുർമുഖം കാട്ടി
ദുർവ്വാദം ചൊല്ലുന്ന ദുർവ്വാശികാട്ടി
ദുർചേഷ്ടിതംനീങ്ങും ദുർമ്മാർഗ്ഗജന്മം

പശിമാറ്റിടാനായി പകലന്തിയോളം
പണിയുവാൻ കെൽപ്പുള്ള പേശിയുമേന്തി
പണിത്തരം കാട്ടുവാനുപായങ്ങൾ തേടി
പരദ്രോഹിയായിട്ടു നീങ്ങുന്ന ജന്മം

പൊട്ടനാം ജന്മം പടുവിഡ്ഢി ജന്മം
പത്തൽപോൽ പടരുവാൻ കഴിവുള്ള ജന്മം
പാതാളമറ്റവും മുങ്ങി നിവർന്നാലും
പാഴാക്കി ജീവിതം മാറ്റുന്ന ജന്മം
Join WhatsApp News
രാജു തോമസ് 2021-02-20 13:11:32
ഇഷ്ടപ്പെട്ടു , വളരെ. പ്രത്യേകിച്ച്, ആ ചടുലതാളം. എവിടൊക്കെയോ പിടുത്തമുണ്ട് , ചില വരികളിൽ അക്ഷരങ്ങൾ കൂടിപ്പോയി. 'താപാസ്വേദം' ഭംഗിയായി..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക