Image

മണ്ണ്

ദീപ ബിബീഷ് നായര്‍ (അമ്മു) Published on 19 February, 2021
 മണ്ണ്

മണ്ണും മരങ്ങളും വിണ്ണുമീ ലോകവും നിത്യമാം സത്യങ്ങളല്ലോ
നമ്മളാം മര്‍ത്യരിവിടന്തകരാകുമ്പോഴെല്ലാം നശിക്കുന്നു സത്യം..... ഇവിടെല്ലാം നശിക്കുന്നു സത്യം

മണ്ണില്‍ കളിച്ചു വളര്‍ന്നു നമ്മള്‍
മണ്ണില്‍ ചവിട്ടി നടന്നു നമ്മള്‍
മണ്ണാണ് ജീവനെന്നറിയാന്‍ മറന്നു നാം
വലുതായി, മണ്ണതോ വര്‍ജ്യമായി

മണ്ണിലെറിഞ്ഞു നാം പാഴ് വസ്തു കയ്യിലെ
അവഗണിച്ചവളെയോ പതിവുപോലെ
മതിവരാതിവിടെ നിരത്തിയാ കുന്നുകള്‍
മഴുവിന്നിരയായി മാമരങ്ങള്‍

ചെളി പുരളാതിന്നു ജീവിക്കുവാനായി
യാത്രയായ് സ്വര്‍ഗങ്ങള്‍ കീഴടക്കാന്‍
കെട്ടിയാ കോട്ടകള്‍ പോലുള്ള ഹര്‍മ്യങ്ങള്‍,
ചീട്ടുകൊട്ടാരങ്ങള്‍ മണ്ണിലായി

ഉരുകുന്നു ഭൂമിയും കനലെന്നപോലെ
പ്രളയമേറുന്നു നമ്മെ ഗ്രസിക്കുവാനായ്
മഞ്ഞുമലകളിടിയുന്നിതാവാസമിവിടെ
നിഷിദ്ധമായ് മാറുന്നുവോ?

മണ്ണാണ് ജീവന്‍, വസന്തങ്ങളും
മണ്ണും മഴയും നമുക്ക് വേണം
അമ്മയാം മണ്ണിനെ വേരാല്‍ തടുക്കുവാനൊന്നല്ലൊരായിരം തൈകള്‍ നടാം
നമുക്കൊന്നായ് .....
മണ്ണിനെ രക്ഷിച്ചിടാം......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക