Image

മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)

Published on 18 February, 2021
മാസ്ക്കുകൾ പറയാത്തത്  (കഥ : ശ്രീജ പ്രവീൺ)
നാളു കുറേയായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. വെയില് കണ്ട നാള് മറന്നു. ഇവിടെ കൂടിനുള്ളിൽ ഞെങ്ങി ഞെരുങ്ങി ദിവസങ്ങൾ കഴിക്കുമ്പോഴും എന്നെങ്കിലും ഒരു നാൾ പുറം ലോകം കാണാമെന്ന പ്രതീക്ഷ കൂട്ടുണ്ടായിരുന്നു.

ഞാൻ കൂടിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കി . ഇന്നിനി വീട്ടുകാർ ആരും പുറത്തേക്ക് ഇറങ്ങും എന്ന് തോന്നുന്നില്ല.

"ഇവരൊക്കെ എന്ത് തരം ആളുകളാണ് ? വീട്ടിനുള്ളിൽ തന്നെ അടച്ച് ഇരിപ്പാണ്. നമ്മളെ ഒന്നും ഒരു വിശ്വാസം ഇല്ല എന്നാ തോന്നുന്നേ". കൂടിനുള്ളിൽ പണ്ട് ഉണ്ടായിരുന്ന ഒരു അമ്മായി പറയുമായിരുന്നു.

ഏറെ നാളായി കൂടെ ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞും
കൂടെയുണ്ടായിരുന്ന കൂട്ടുകാരി ഇന്നലെ പുറത്തേക്ക് പോയി .ഭാഗ്യവതി! പട്ടു സാരി, ആഭരണങ്ങൾ മെയ്ക് അപ്പ് പെട്ടി ഒക്കെ പുറത്ത് ഇരിക്കുന്നത് കണ്ട് രാത്രി തന്നെ ഞാനും കൂട്ടുകാരിയും
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
. വീട്ടുകാരി ഏതോ കല്യാണത്തിന് പോവുകയാവും. വേറെ ആരും കൂടെ പോകുന്നുണ്ടാവില്ലേ ?  എങ്കിൽ എൻ്റെ ഊഴവും വന്നേനെ. ഞാൻ മനസ്സിൽ ഓർത്തു. കൂട്ടുകാരിക്ക് എന്തായാലും പോകാൻ പറ്റും. അവളാണ് കൂടിനുള്ളിൽ ആദ്യത്തെ ആള്.

ആടയാഭരണങ്ങൾ എല്ലാം അണിഞ്ഞു ഒരുങ്ങി വന്നു ബാഗും എടുത്ത് വീട്ടുകാരി പുറത്തേക്ക് നടന്നു. പെട്ടെന്ന് അവരുടെ മകൾ " അമ്മ എങ്ങോട്ടാ പോകുന്നത്? മാസ്ക് എടുത്ത് വയ്ക്ക്" അകത്തെ മുറിയിൽ നിന്ന് വിളിച്ചു പറയുന്നു .ആ കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്ന് മാസ്കിൻ്റെ കൂട് തുറന്നു. പുറത്തെ കാറ്റ് കൂടിനുള്ളിൽ വന്നു നിറഞ്ഞു. ഞങ്ങൾ എല്ലാവരും ഒന്ന് ഉണർന്നു. വരിയിൽ ആദ്യമിരുന്ന  എൻ്റെ കൂട്ടുകാരിയെ പതിയെ എടുത്ത് മകൾ അമ്മക്ക് നീട്ടി. അവരുടെ  മുഖത്തെ മെയ്ക് അപ്പിന് ഭംഗം വരാതെ അവരുടെ ചെവികളിൽ അള്ളി പിടിച്ച് ഇരിക്കാൻ ശ്രമിക്കവേ കൂട്ടുകാരി എന്നോട്

" ഞാൻ പോകട്ടെ. നിന്നെ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും പുറം ലോകം കാണാൻ ഉള്ള ആഗ്രഹം അടക്കാൻ കഴിയുന്നില്ല. യജമാനൻ്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം എനിക്ക് വന്നു ചേർന്നിരിക്കുന്നു.എത്രയോ നാളായി നാം ഈ കൂടിനുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു. ഒരിക്കലെങ്കിലും ഒരു മുഖത്ത് ചേർന്നിരുന്നു കൈ വള്ളി കൊണ്ട് ചെവികളിൽ മുറുകെ പിടിച്ചു കാഴ്ചകൾ കാണാൻ നാം എന്നും ആഗ്രഹിച്ചത് അല്ലേ?  എനിക്ക് എൻ്റെ കടമ ചെയ്യാനുള്ള നേരം വന്നിരിക്കുന്നു. പോയി വരട്ടെ. "

വീട്ടുകാരുടെ മുഖത്ത് ചേർന്നിരുന്നു പുറത്തേക്ക് പോകുന്ന അവളെ കുറിച്ചെനിക്ക്
അഭിമാനം തോന്നി. "യുദ്ധം ജയിച്ചു വരൂ" എന്ന് മനസ്സ് മന്ത്രിച്ചു.

 കൂടിനുള്ളിൽ കിടക്കുന്ന മറ്റുള്ളവരെ നോക്കി. അവരൊക്കെ ഉറക്കം തന്നെ. അല്ലെങ്കിലും ജോലി  ചെയ്യാനുള്ള ആത്മാർത്ഥത എല്ലാവർക്കും ഒരു പോലെ ആവില്ലല്ലോ. ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരിപ്പ് തുടർന്നു.

പണ്ടൊക്കെ കൂട്ടത്തിലെ മുതിർന്നവർ ഒക്കെ ഹോസ്പിറ്റലുകളിലും വലിയ വലിയ ഫുഡ് പ്രോസസ്സിംഗ് കമ്പനികളിലും ആയിരുന്നു ജോലിക്ക് പോയിരുന്നത്.  ബന്ധുക്കളിൽ ചിലർ ബ്യൂട്ടി പാർലറിലും മറ്റും പണിക്ക് പോകുന്നത് കണ്ടാണ്
ഞങ്ങൾ പുതിയ മാസ്ക് തലമുറയും വളർന്നത്. വലുതാകുമ്പോൾ എന്തെങ്കിലും പ്രശസ്തനായ ഡോക്ടറുടെ മുഖത്തെ ആഭരണമായി മാറി പേരെടുക്കാൻ ഒക്കെയായിരുന്നു ചെറുപ്പം മുതലേയുള്ള  സ്വപ്നം.

പക്ഷേ , രണ്ടായിരത്തി ഇരുപത് എന്ന വർഷം എല്ലാം തകിടം മറിച്ചു. വലിയ ആശുപത്രികളിൽ ജോലിയും സ്വപ്നം കണ്ടിരുന്ന എൻ്റെ പല കൂട്ടുകാരും കസിൻസും ഒക്കെ വളരെ സാധാരണക്കാരുടെ വീടുകളിൽ പണിക്ക് പോയി തുടങ്ങി. ആശുപത്രികളിൽ ജോലി ചെയ്യാൻ വലിയ പണക്കാരായ എൻ -നയെൻ്റി ഫൈവ് മതിയത്രെ. സർജിക്കൽ കുടുംബക്കാരായ ഞങ്ങളെ
 പൊതു ജനം വീട്ടിൽ പണിക്ക് വച്ചു. കൊറോണ എന്ന മഹാമാരി ഒരുപാട് മനുഷ്യരുടെ തൊഴിലും ജീവിതവും ഒക്കെ താറു മാറാക്കി എന്നൊക്കെ ആളുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഒരാള് പോലും
ഞങ്ങൾ  മാസ്കുകൾക്ക് വന്ന വന്നു ചേർന്ന മൂല്യ ച്യുതി ശ്രദ്ധിച്ചില്ല. കൂട്ടത്തിൽ ഉള്ള പലരും ചായക്കടകളിലും ബാറുകളിലും ഒക്കെ പണിക്ക് പോകാൻ തുടങ്ങി. ഒരിക്കൽ ഒരു സർജിക്കൽ കസിൻ പറഞ്ഞത് ഓർക്കുന്നു. "ജോലി എവിടെ ആണെന്നുള്ളത് അല്ല വിഷമം. പല മനുഷ്യരും ഉപയോഗത്തിൻ്റെ ഇടയിൽ നമ്മളെ തലയിലേക്കൂം താടിയിലേക്കും ഒക്കെ പ്രതിഷ്ഠിക്കുമല്ലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ഓക്കാനം വരും " അവൻ തുടർന്നു , "നിനക്ക് അറിയാമോ?കഴിഞ്ഞ വർഷം വരെ നമ്മെ ആദരവോടെ പച്ച പെട്ടികളിൽ നിക്ഷേപിച്ച് പ്രത്യേക ഇടങ്ങളിൽ സംസ്കരിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇപ്പൊൾ നമ്മെ ചപ്പും ചവറും നിറഞ്ഞ ചളിക്കുഴികളിലേക്ക് തൂക്കി എറിയുന്നു.
അവിടെ കിടന്ന് ഒരു  പാഴ് വസ്തുവായി എരിഞ്ഞു തീരും നമ്മൾ ".

ഒടുവിൽ അവൻ പോയതും ഇങ്ങനെ ഒക്കെ തന്നെ... ഏതോ കല്യാണ വീട്ടിൽ പോയതാണ് അത്രെ. ആകെ നൂറോ മറ്റോ ആളെ മാത്രമേ കൂട്ടാവൂ എന്നുണ്ടെങ്കിൽ പോലും അവിടെ ചെന്നപ്പോൾ അതിൻ്റെ ഇരട്ടിയിൽ കൂടുതൽ കൂടി നിൽക്കുന്നു. അതിഥികൾ എത്തിയ ഉടനെ മാസ്ക് ഊരി മുറ്റത്ത് നിൽക്കുന്ന ഓരോ മരത്തിൻ്റെ കൊമ്പിൽ തൂക്കി ഇടുന്നു. ചെറുക്കൻ്റെ വീട്ടുകാർക്ക് ഒരു കൊമ്പ് , പെൺ വീട്ടുകാർക്ക് മറ്റൊരു കൊമ്പ് എന്ന രീതിയിൽ .
അവൻ്റെ കൂടെ പോയ ഒരു മാസ്ക് അമ്മാവൻ തിരികെ വന്നു പറഞ്ഞ കഥയാണ്.
"അയ്യോ, അവിടത്തെ ബഹളം ഒന്നും പറയണ്ട പിള്ളേരെ. കല്യാണവും കഴിഞ്ഞ് സദ്യയും ഉണ്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും വീടെ ത്താൻ  
തിടുക്കം . നേരെ മരത്തിൻ്റെ അടുത്തെത്തുമ്പോൾ അവിടെ പാരഗൺ സ്ലിപ്പർ അഴിച്ചിട്ട പോലെ എല്ലാ മാസ്കും ഒരു പോലെ. ഉടനെ അവന്മാർ എല്ലാ മാസ്കും തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങും . ഇതൊക്കെ കണ്ടിട്ട് ഞങ്ങള് മാസ്കുകൾ  കൂട്ട ചിരിയായിരുന്നു". അമ്മാവൻ ചിരിച്ചു .
ഞാൻ ചോദിച്ചു," അവനോ? അവൻ എവിടെ പോയി?".അമ്മാവൻ്റെ ചുളിഞ്ഞ മുഖം ഒന്ന് കൂടി ചുളിഞ്ഞ പോലെ തോന്നി.
 "അവനെ കൊണ്ട് വന്ന ആള് വേറെ ഏതോ മാസ്ക്കും വച്ചു കൊണ്ടാണ് തിരിച്ചു വന്നത്. ഞാൻ പോരുമ്പോഴും അവൻ ആ മരക്കൊമ്പിൽ അയാളെയും കാത്ത് തൂങ്ങി ആടുന്നുണ്ടായിരുന്നു.. " പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നാം അന്വേഷിക്കാതെ ഇരിക്കുന്നതാണല്ലോ നല്ലത് ..
പിറ്റേന്ന് രാവിലെ കൂട് ആരോ അനക്കുന്നത് പോലെ തോന്നി ആണ് മയക്കം വിട്ടുണർന്നത്. നോക്കുമ്പോൾ വീട്ടിലെ പെൺകുട്ടിയാണ്. അവള് വേഗത്തിൽ എന്നെ എടുത്ത് മുഖത്തേക്ക് പിടിപ്പിച്ചു . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ,
സ്കൂൾ യൂണിഫോമിൽ ആണ് കുട്ടി. ഓ, അപ്പൊൾ എനിക്ക് സ്കൂളിൽ ആണ് ഡ്യൂട്ടി.നല്ല കാര്യം ! ജീവിതത്തിന് ഒരു അർത്ഥം കൈവരുന്ന പോലെ.

അവള് അമ്മയോട്
"അമ്മെ, എനിക്ക് സമയത്ത് എത്തണം. ബോർഡ് പരീക്ഷയാണ്. വേഗം ഇറങ്ങാം. "

"അപ്പൊൾ സാധാരണ ദിവസം അല്ല . ഈ കുട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഏതോ പരീക്ഷ എഴുതാനുള്ള ഏറ്റവും കരുത്തുറ്റ കവചം ആകാനുള്ള അവസരമാണ്". ഞാൻ മനസ്സിൽ ഓർത്തു.

പുറത്തേക്ക് ഇറങ്ങി.
മണ്ണിൻ്റെ മണം... കുറെ നാളുകളായി വീടിൻ്റെ ഉള്ളിലെ വിവിധ കാഴ്ചകളും മണങ്ങളും മാത്രം അറിഞ്ഞ ഞാൻ ആകെ ഉന്മേഷത്തിൽ ആയി. കുട്ടിയെ സ്കൂൾ മുറ്റത്ത് ആക്കി വീട്ടുകാർ മടങ്ങി പോയി.

അവള് വളരെ സന്തോഷത്തിൽ ആണ്. മാസങ്ങൾക്ക് ശേഷമാണ് സ്കൂളിലേക്ക് കാൽ എടുത്ത് വക്കാൻ സാധിച്ചത് . കൂട്ടുകാരെ ഒക്കെ കാണാൻ ഉള്ള ആവേശത്തിലാണ് ആൾ എന്ന് തോന്നി. " ആരെ കണ്ടാലും എന്നെ മാറ്റി വച്ച് സംസാരിക്കാതിരുന്നാൽ  മതിയായിരുന്നു" , ഞാൻ വിചാരിച്ചു. മറ്റു കുട്ടികളിൽ പലരും മാസ്ക് മാറ്റിയും മറിച്ചും ഒക്കെ ഉപയോഗിക്കുന്നത് കണ്ടു. പക്ഷേ എൻ്റെ ഉടമസ്ഥ ഒരിക്കൽ പോലും എന്നെ സ്ഥാനം മാറ്റിയില്ല. അവളുടെ ബുദ്ധിശക്തിയിൽ എനിക്ക് അഭിമാനം തോന്നി.
പലരും മാസ്ക് എന്ന പേരിൽ ഒരു തുണി വലിച്ചു കെട്ടിയിരിക്കുന്നു. അതിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്ന ശത്രുക്കളെ എനിക്ക് നന്നായി കാണാം.

പരീക്ഷാ ഹാൾ . കുട്ടിയുടെ ശ്വാസോച്ഛ്വാസവേഗത കൂടുന്നുണ്ടോ? അവള് വിയർക്കുന്നോ? ഞാൻ സംശയിച്ചു. ഇതാണോ പരീക്ഷാ പേടി? ഒരു സ്ത്രീ വന്നു എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. എന്നിട്ട് ഒരു കെട്ട് പേപ്പറുകൾ മേശപ്പുറത്ത് വച്ചിട്ട് മാറി നിന്നു. കുട്ടികൾ ഓരോരുത്തരായി പോയി ഓരോ പേപ്പർ എടുത്തു വന്നിരിപ്പായി. ഞങ്ങളും പോയി എടുത്തു.

പെൺകുട്ടി തിരികെ പോയിരുന്നു ഉത്തരം എഴുതി തുടങ്ങി. ഞാനും കുറെ നേരം ചുറ്റും ഒക്കെ നോക്കിയിരുന്നു. അൽപ നേരം കഴിഞ്ഞപ്പോൾ എൻ്റെ പുറത്ത് എന്തോ പറ്റി പിടിച്ചിരിക്കുന്ന പോലെ ഒരു തോന്നൽ .. ഒന്ന് സ്വയം നിരീക്ഷിച്ചു. ഒന്ന് ഞെട്ടി !! തൻ്റെ ശരീരത്തിൽ ഒട്ടി ഇരിക്കുന്ന ഒന്ന് രണ്ട് രോഗാണുക്കൾ. ഞാൻ പെൺകുട്ടിയെ ഒന്ന് നന്നായി നിരീക്ഷിച്ചു. ഇല്ല ...അവളുടെ ശരീരത്തിൽ കയറിപ്പറ്റാൻ ശത്രുവിന് കഴിഞ്ഞിട്ടില്ല . ഞാൻ ഉള്ളിടത്തോളം അവന് കഴിയില്ല.സ്വയം ഉള്ളിൽ ഉറപ്പിച്ചു. അവന്മാർ എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാൻ അവളുടെ  ചെവികളും മൂക്കും ചേർത്ത് ഇറുകെ കെട്ടിപ്പിടിച്ചു.

മൂന്ന് മൂന്നര മണിക്കൂർ കഴിഞ്ഞ് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടി നേരെ കാത്തു നിന്നിരുന്ന കാറിലേക്ക് ചെന്ന് കയറി. അപ്പോഴേക്കും ഞാൻ തളർന്ന്കുഴഞ്ഞിരുന്നു.ഇനിയും ശത്രുക്കളെ പിടിച്ചു നിർത്താൻ കഴിയുമോ എന്ന് പോലും ഞാൻ ഭയന്നു തുടങ്ങിയിരുന്നു..

"പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു മോളെ?"  അവളുടെ അച്ഛനാണ്.

"പരീക്ഷ നന്നായിരുന്നു അച്ഛാ. " അവളുടെ കൈ പതിയെ എൻ്റെ അടുത്തേയ്ക്ക് വരുന്നു. ഞാൻ സ്തബ്ദയായി ഒരു  നിമിഷം.. അവന്മാർ ആക്രമിക്കാൻ ഒരുങ്ങി കഴിഞ്ഞു. ഉയർന്ന് വന്ന കൈ കൊണ്ട് പെൺകുട്ടി മുടി ഒതുക്കി വച്ചു. ഞാൻ ശ്വാസം നേരെ വിട്ടു. അവള് എപ്പോഴെങ്കിലും കൈ കൊണ്ട് മാസ്കിൽ തൊടാൻ കാത്തിരിക്കുകയാണ് അവന്മാർ.

വണ്ടി വീട്ടിൽ എത്തിയപ്പോഴേക്കും ഞാൻ വിയർത്ത് കുളിച്ചു തളർന്ന് അവശയായിരുന്നു . അച്ഛനും മകളും അകത്തേക്ക് .

"എങ്ങനെ ഉണ്ടായിരുന്നു മാസ്കിട്ട പരീക്ഷ ? " എന്ന് ചോദിച്ചു കൊണ്ട് വീട്ടുകാരി ഇറങ്ങി വന്നു.

അകത്തേക്ക് കയറിയ ഉടനെ തന്നെ മകൾ എന്നെ അവളുടെ മുഖത്ത് നിന്നും അടർത്തിയെടുത്ത് രണ്ട് വള്ളികളും ചുരുട്ടി വീടിനുള്ളിലെ ചവറ്റു കുട്ടയിലേക്ക് കൊണ്ട് ചെന്നിട്ടു.

സമയം ആയിരിക്കുന്നു. ശരീരം ആകെ വാടി കുഴഞ്ഞിരിക്കുന്നു.  എന്നാലും സർവ ശക്തിയും സംഭരിച്ച് എന്നിൽ നിറഞ്ഞു നിൽക്കുന്ന രോഗാണുക്കളെ ഞാൻ മുറുകെ പിടിച്ചു . അവർ ഒരിക്കലും അവളെ ആക്രമിക്കാൻ പാടില്ല !!!!
ജന്മം സഫലമായ സന്തോഷത്തോടെ ഞാൻ  കണ്ണുകൾ അടച്ചു.

ദൂരെ നിന്നും പെൺകുട്ടിയുടെ ശബ്ദം ഒഴുകി വന്നു..
"പരീക്ഷ എളുപ്പം ആയിരുന്നു അമ്മെ.. എന്നാല് ഈ മാസ്ക് ഒരു വല്ലാത്ത പരീക്ഷണം തന്നെ,  ശല്യം ".


മാസ്ക്കുകൾ പറയാത്തത്  (കഥ : ശ്രീജ പ്രവീൺ)
Join WhatsApp News
Sanu 2021-02-18 12:55:03
Sreeja..super 👌🏼❤️
Akhila Ani 2021-02-18 13:49:02
Very well written Sreeja👍🏼Thought provoking and touching narration
Sindhu S Nair 2021-02-19 10:04:16
Super sreeja . Eagerly waiting for next one
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക