Image

മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി

ഫ്രാന്‍സിസ് തടത്തില്‍ Published on 15 January, 2021
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
ന്യൂജേഴ്സി: ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായി മറിയാമ്മ പിള്ള, എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) എന്നിവരെ തെരെഞ്ഞെടുത്തു. ടെക്സാസ് റീജിയണല്‍ ആര്‍.വി.പിയായി ഡോ. രഞ്ജിത്ത് പിള്ളയേയും തെരെഞ്ഞെടുത്തു.

ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ഫൊക്കാന മുന്‍ പ്രസിഡണ്ട് തമ്പി ചാക്കോ രാജിവച്ചൊഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ട് കൂടിയായ മറിയാമ്മ പിള്ളയെ തെരെഞ്ഞെടുത്തത്. ഫൊക്കാനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡണ്ട് ആയിരുന്ന മറിയാമ്മ പിള്ള ഫൊക്കാനയുടെ ഏറ്റവും ശക്തയായ വനിതാ നേതാവാണ്. ചിക്കാഗോയില്‍ മലയാളികളുടെ ഇടയില്‍ ഒരുപാട് സാമൂഹ്യ- സാമുദായിക- സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ദശാബ്ദങ്ങളായി ഏര്‍പ്പെട്ടുവരുന്ന മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരിലാണ് അറിയയപ്പെടുന്നത്. ചിക്കാഗോയില്‍ ഒരുപാട് മലയാളികള്‍ക്ക് കൈത്താങ്ങായിട്ടുള്ള മറിയാമ്മ പിള്ള അമേരിക്കയിലേക്ക് കുടിയേറിയ ഒരു പാട് നഴ്‌സുമാര്‍ക്ക് ജോലി നല്‍കുകയും അവരെ ആര്‍.എന്‍. പരീക്ഷ എഴുതാനായി പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. സംഘടനകള്‍ക്കതീതമായി ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സ്വാധീനമുള്ള മറിയാമ്മ പിള്ള ഫൊക്കാനയുടെ മുന്‍ നിരനേതാക്കന്മാരില്‍ ഒരാളാണ്.


 നിലവിലുള്ള ട്രസ്റ്റി ബോര്‍ഡംഗമായ ടോമി അമ്പേനാട്ട്   രാജിവച്ച ഒഴിവിലേക്കാണ്  എബ്രഹാം ഈപ്പന്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയി എത്തുന്നത്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് എബ്രഹാം ഈപ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമാണ് എബ്രഹാം ഈപ്പന്‍ ബോര്‍ഡിലേക്ക് കടന്നു വരുന്നത്. അദ്ദേഹത്തെ ഉള്‍ക്കൊള്ളിക്കാന്‍ നിലവില്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്ന ടോമി അമ്പേനാട്ട് രാജി വയ്ക്കുകയായിരുന്നു.
ഫൊക്കാനയുടെ മുന്‍ വൈസ്പ്രസിഡന്റ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏബ്രഹാം ഈപ്പന്‍ ഹ്യുസ്റ്റനിലെ പ്രശസ്തമായ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ പ്രഥമ ഭദ്രാസന കൗണ്‌സില്‍ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ടെക്‌സസ് ആര്‍. വി.പി. യായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. രഞ്ജിത്ത് പിള്ള ഫൊക്കാനയുടെ കഴിഞ്ഞ ഭരണസമിതിയിലും ആര്‍.വി.പിയായിരുന്നു. പ്രമുഖ സംഘടനാ പ്രവര്‍ത്തകനും ഐ. ടി പ്രൊഫഷനലും  ബിസിനെസുകാരനുമായ  ഡോ.രഞ്ജിത്ത് പിള്ള ഫൊക്കാനയ്ക്കു ഒരു പ്രൊഫഷണല്‍ മുഖം നല്‍കാന്‍ ഏറെ പരിശ്രമിച്ച നേതാവാണ്. ഫൊക്കാനയുടെ  കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ള  മാധവന്‍ നായര്‍ ബി. നേതൃത്വം നല്‍കുന്ന എല്ലാ പദ്ധതികള്‍ക്കും പിന്തുണയും ഫൊക്കാന ഏഞ്ചല്‍  കണക്ട്  എന്ന ചരിത്ര സംഭവമായ പദ്ധതിയുടെ  സൂത്രധാരകനുമാണ്.

ഫൊക്കാനയുടെ ഐക്യത്തിനും ഒത്തൊരുമയ്ക്കുമായി സ്ഥാനത്യാഗം ചെയ്ത ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍  ടോമി അമ്പേനാടിനെ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സംഘടനാ സ്‌നേഹം കൊണ്ടു മാത്രമാണ് സ്ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു.
 
ഫൊക്കാനയുടെയും മറ്റു സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും അമേരിക്കയിലുടനീളമുള്ള പ്രവര്‍ത്തകരോട് വളരെ അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന ഈ മൂന്നു നേതാക്കന്മാരുടെ നിയമനം ഫൊക്കാനായ്ക്കു ഒരു മുതല്‍ക്കൂട്ടയിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക