ലണ്ടന്‍: മഹാമാരിയുടെ രണ്ടാം വരവില്‍ ലോകം സ്തംഭിച്ചു നില്ക്കുമ്പോള്, ആശ്വാസഗീതവുമായി യുകെയില്‍ നിന്നും ഒരു കരോള്‍ സംഘം. ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിര്‍ച്വല്‍ ഒത്തുചേരല്‍ സംഘടിപ്പിച്ച് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 20 ഞായറാഴ്ച ഗര്‍ഷോം ടിവിയില്‍ റിലീസ് ചെയ്ത 'എ സ്റ്റാറി നൈറ്റ് ' എന്ന കരോള്‍ ഗാനമാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
കേരളത്തില്‍ നിന്നും യുകെ യുടെ വിവിധ ഭാഗങ്ങളില്‍ വന്നു പാര്‍ക്കുന്ന ക്രിസ്തീയ ക്വയര്‍ പാട്ടുകാരുടെ ഒരു ഒത്തുചേരലാണ് ഹാര്‍മണി ഇന്‍ ക്രൈസ്റ്റ്. ദൈവീക സ്നേഹത്തില്‍ അധിഷ്ഠിതമായ ഈ കൂട്ടായ്മയില്‍ എല്ലാ സഭാവിഭാഗങ്ങളില്‍ നിന്നും ഉള്ള, ക്രിസ്തീയ ഗാനങ്ങളെ അതിന്റെ തനതുശൈലിയില്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അംഗങ്ങള്‍ ആണ്ഉള്ളത്.
മാര്ട്ടിന് ലൂഥര്‍ പറഞ്ഞതുപോലെ സംഗീതം പിശാചിനെ അകറ്റുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു; അതുവഴി അവര്‍ എല്ലാ കോപവും, അഹങ്കാരവും മറക്കുന്നു. ഈ കൊയറില്‍ അംഗങ്ങളായുള്ള എല്ലാവരും ഈ സത്യത്തെ തിരിച്ചറികയും, തങ്ങള്‍ക്കു ലഭിച്ച താലന്തുകള്‍ സമൂഹ നന്മയ്ക്കും അതിലുപരി ദൈവനാമ മഹത്വത്തിനുമായി ഉപയോഗിക്കുന്നുവെന്ന് സെക്രട്ടറി അനൂപ് ചെറിയാന് പറഞ്ഞു.
വളരെക്കാലങ്ങളായിട്ടു ഇങ്ങനെ ഒരു സ്വപ്നം മനസ്സില്‍ താലോലിച്ചിരുന്ന
ഒരു സംഘം സുഹൃത്തുക്കളുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ ഫലമാണ് ഈ പ്രോഗ്രാം. കോട്ടയം തുണ്ടയ്യത്ത് എന്ന സംഗീത കുടുംബത്തില്‍ നിന്നും ഉള്ള ജോജി ജോസഫിന്റെ നേതൃത്വത്തില്‍ ഒരു ടീം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഈ 2020 വര്‍ഷം ചരിത്രത്തില്‍ എക്കാലവും ഓര്മപ്പെടുത്തുവാന് തക്കവണ്ണം മനുഷ്യ രാശിയെ പിടിച്ചുലച്ച ഒരു വര്‍ഷമായിരുന്നിട്ടും അസാധ്യതകളുടെ മധ്യത്തില്‍ സാധ്യതകളെ കണ്ടുപിടിക്കുവാന്‍ ഉപദേശിച്ച യേശുവിന്റെ ജനനം മനുഷ്യരുടെ മനസുകളില്‍ ആശ്വസവും പ്രത്യാശയും കൊണ്ടുവരുവാന്‍ ഉതകുന്ന ഒരു കരോള്‍ നടത്തണം എന്നുള്ള ഒരു ആശയത്തില്‍ നിന്നും ആണ് 'എ സ്റ്റാറി നൈറ്റ്' എന്ന പ്രോഗ്രാമിന്റെ തുടക്കം.
വളരെ അധികം പരിശീലനം ഒത്തു ചേര്‍ന്ന് നടത്തേണ്ട ഒരു പരിപാടി ആയിരുന്നിട്ടും ഒത്തു ചേര്‍ന്നുള്ള പരിശീലനം അസാധ്യമായ ഈ കാലഘട്ടത്തില്‍ വെര്‍ച്യുല്‍ ടെക്നോളജി യുടെയും മറ്റു ഓണ്‍ ലൈന്‍ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പ്രോഗ്രാം ചിട്ടപ്പെടുത്താന്‍ സാധിച്ചത് . ഇതിനു സഹായമാകും വിധം എല്ലാ അംഗങ്ങളുടെയും നിര്‍ലോഭമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണെന്നും ഈ ഗാനോപഹാരം യാഥാര്‍ഥ്യമാകാന്‍ സഹായകരമായ വിധം മിക്സിങ്, എഡിറ്റിംഗ് സഹായങ്ങള്‍ നല്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അനൂപ് പറഞ്ഞു.
റിപ്പോര്‍ട്ട്: ബിനു ജോര്‍ജ്