Image

ജീവകാരുണ്യപ്രവർത്തകരായ മണിക്കുട്ടനെയും, മഞ്ജുവിനെയും സൗദി ലേബർ വകുപ്പ് ആദരിച്ചു.

Published on 14 December, 2020
 ജീവകാരുണ്യപ്രവർത്തകരായ മണിക്കുട്ടനെയും, മഞ്ജുവിനെയും സൗദി ലേബർ വകുപ്പ് ആദരിച്ചു.
ദമ്മാം: കോവിഡ് രോഗബാധ വ്യാപകമായ കാലത്ത്, പ്രവാസി തൊഴിലാളികൾക്കും, വനിതകൾക്കും നൽകിയ സാമൂഹ്യസേവന പ്രവർത്തനങ്ങളെ മുൻനിർത്തി  നവയുഗം ജീവകാരുണ്യപ്രവർത്തകരായ ദമ്പതികളെ സൗദി അറേബ്യൻ തൊഴിൽ മന്ത്രാലയം ആദരിച്ചു. നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടനെയും, ഭർത്താവും നവയുഗം കേന്ദ്രകമ്മിറ്റി അംഗവുമായ പദ്മനാഭൻ മണിക്കുട്ടനെയുമാണ് സൗദി തൊഴിൽ മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്.  

കോവിഡ് രോഗബാധയെത്തുടർന്നു സൗദി അറേബ്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സമയത്തും, ശേഷവും, ദുരിതമനുഭവിയ്ക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് നവയുഗം ജീവകാരുണ്യവിഭാഗം ഭക്ഷണവും, മരുന്നും എത്തിക്കുകയും, നൂറുകണക്കിന് പ്രവാസികളെ നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങളുടെയെല്ലാം മുന്നിൽ മഞ്ജുവും, മണികുട്ടനും ഉണ്ടായിരുന്നു. 
സൗദി തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു വനിതഅഭയകേന്ദ്രത്തിലും, ജയിലുകളിലും കഴിയുന്ന ഒട്ടേറെപ്പേർക്ക് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായങ്ങൾ നൽകാനും രണ്ടുപേർക്കും കഴിഞ്ഞു. ഈ സേവനപ്രവർത്തനങ്ങളെ പരിഗണിച്ചാണ് തൊഴിൽ മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകിയത്. ലേബർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സൗദി അധികാരികൾ മഞ്ജുവിനും, മണികുട്ടനും ആദരവ് പത്രിക കൈമാറി.

 ഏറെ പ്രതിസന്ധികൾക്കിടയിലും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പോലും മാറ്റി വെച്ച്  ഒത്തൊരുമയോടെ ആത്മാർത്ഥമായി പ്രവർത്തിച്ച നവയുഗം ജീവകാരുണ്യ വിഭാഗത്തിന് അഭിമാനത്തിന്റെ നിമിഷമാണ് ഇതെന്നും, മഞ്ജുവിനെയും മണിക്കുട്ടനെയും അഭിനന്ദിയ്ക്കുന്നുവെന്നും നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകവും പ്രസ്താവനയിൽ പറഞ്ഞു. 
 ജീവകാരുണ്യപ്രവർത്തകരായ മണിക്കുട്ടനെയും, മഞ്ജുവിനെയും സൗദി ലേബർ വകുപ്പ് ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക