Image

തീവ്രത കുറഞ്ഞ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് വരാനിരിക്കുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍

Published on 30 November, 2020
തീവ്രത കുറഞ്ഞ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് വരാനിരിക്കുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍
കോവിഡ്19 എന്ന മാരക രോഗത്തെ കുറിച്ചുള്ള അവബോധമില്ലായ്മയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റലിലേക്ക് അടുത്തിടെ ചികിത്സയ്ക്കെത്തുന്ന നിരവധി രോഗികളുടെ ആരോഗ്യ നിലയാണ് ഇത്തരമൊരു മുന്നറിയിപ്പിനു കാരണം.

കോവിഡ് ലക്ഷണങ്ങള്‍ ആദ്യമുണ്ടായപ്പോള്‍ അവ അവഗണിച്ച് പരിശോധനയ്ക്ക് പോകാതിരുന്ന നിരവധി രോഗികളാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ഇപ്പോള്‍ എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഉയര്‍ന്ന പനി, കടുത്ത ശരീര, പേശി വേദന, പക്ഷാഘാതം, കാലിലെ ത്രോംബോസിസ്, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, ഹൃദയരോഗങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ്  പല രോഗികളും എത്തുന്നത്. ഇവരില്‍ പലരും തങ്ങളുടെ രോഗലക്ഷണങ്ങള്‍ തീവ്രമല്ലെന്ന കാരണം പറഞ്ഞ് നേരത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാകാത്തവരാണ്.

തീവ്രമല്ലാത്ത ലക്ഷണങ്ങള്‍ തനിയെ അപ്രത്യക്ഷമാകുമെന്ന ധാരണയിലിരുന്ന രോഗികളാണ് ഇപ്പോള്‍ അവ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നതെന്ന് ഗംഗാ റാം ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. അതുല്‍ കക്കര്‍ പറയുന്നു.

കഴിഞ്ഞ മാസം മാത്രം ഇത്തരത്തിലുള്ള 30 രോഗികളെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സിച്ചു. ഇവരിലാരും മുന്‍പ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായവര്‍ അല്ല. എന്നാല്‍ ആശുപത്രിയില്‍ പല വിധ പ്രശ്നങ്ങളുമായി എത്തി ആന്റിബോഡി പരിശോധന നടത്തിയപ്പോള്‍ ഇവരില്‍ എല്ലാവര്‍ക്കും കോവിഡ് മുന്‍പ് വന്നിട്ടുണ്ടെന്ന് തെളിഞ്ഞു.

തുടക്കത്തില്‍തന്നെ പരിശോധിച്ച് ആവശ്യമായ ചികിത്സ തേടിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്രമല്ലാത്ത തരം കോവിഡ് ലക്ഷണമുള്ളവരും അതിനെ അവണിക്കരുതെന്നും ഉടന്‍ പരിശോധിച്ച് ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പനി, വരണ്ട ചുമ, ക്ഷീണം, ശരീര വേദന, പേശി വേദന, തൊണ്ട വേദന, അതിസാരം, കണ്ണുദീനം, തലവേദന, മണവും രുചിയും നഷ്ടമാകല്‍, തിണര്‍പ്പ്, വിരലുകളുടെ നിറം മാറ്റം എന്നിവയെല്ലാം കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക