Image

ഹെല്‍പ്പ് സേവ് ലൈഫ് ഇരുപതിലേക്ക്; കനിവ് തേടുന്നവര്‍ക്ക് കടലിനക്കരെ ഒരു കാരുണ്യ കൂട്ടായ്മ

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 October, 2020
ഹെല്‍പ്പ്  സേവ് ലൈഫ് ഇരുപതിലേക്ക്; കനിവ് തേടുന്നവര്‍ക്ക് കടലിനക്കരെ ഒരു കാരുണ്യ കൂട്ടായ്മ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ ഒരു പറ്റം പ്രവാസി യുവാക്കള്‍ തുടങ്ങി വച്ച കാരുണ്യകൂട്ടായ്മ  അനേകര്‍ക്ക് നാളിതുവരെ താങ്ങും തണലുമായി ഇരുപതാം വര്‍ഷത്തിലേക്കു കടക്കുന്നു.

ജന്മനാട്ടിലെ അശരണരും രോഗികളുമായ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സഹൃദയരായ  ഏതാനും മലയാളി ചെറുപ്പക്കാര്‍  2001 നവംബറിലാണ്  'ഹെല്‍പ്പ് സേവ് ലൈഫ്' എന്ന ചാരിറ്റി സംഘടന തുടങ്ങുന്നത്. മറ്റ് ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയില്‍ ഹെല്‍പ്പ് സേവ് ലൈഫ് വേറിട്ടു നില്‍ക്കുന്നതിന്റെ കാരണം അത് സ്വീകരിക്കുന്ന നൂറുശതമാനം (100%) പണവും ചാരിറ്റി ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നു എന്നുള്ളതാണ്.

അമേരിക്കയിലുടെനീളമുള്ള  നാനൂറോളം അംഗങ്ങളാണ്  'Lend a hand to mend a life' എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഇരുപതാം വയസിലേക്കു കടക്കുന്ന  ഈ ചാരിറ്റി സംഘടനയുടെ കരുത്തും സഹായ ഹസ്തങ്ങളും. കരുണയുടെ  കനിവുതേടി  മറുനാട്ടില്‍ നിന്നെത്തുന്ന  അപേക്ഷകള്‍ക്ക് സഹായമെത്തിക്കാന്‍ അംഗങ്ങള്‍ തന്നെ  മാസം തോറും നിശ്ചിത തുക സ്വരൂപിക്കുകയാണ്. ചെയ്യുന്നത്. നേരിട്ടോ സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന അപേക്ഷകളുടെ  അര്‍ഹത പരിഗണിച്ചാണ് സഹായം നല്‍കുക. ഓരോ മാസവും അഞ്ച് അപേക്ഷകള്‍ക്ക് ഇത്തരത്തില്‍  ഇപ്പോള്‍  സഹായം നല്‍കി വരുന്നു.

2001 മുതല്‍ ഇതുവരെ ലഭിച്ച അപേക്ഷകളുടേയും  മാസം തോറും  അംഗങ്ങള്‍ നല്‍കുന്ന സംഭാവനയുടെയും നല്‍കിയ സേവനങ്ങളുടെയും  വിശദ വിവരങ്ങള്‍ സംഘടയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ചുരുക്കത്തില്‍ ആര്‍ക്കും അപേക്ഷകള്‍ നല്‍കാം, ആര്‍ക്കും സഹായഹസ്തവുമാകാം . മുഖ്യമായും ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ  ചാരിറ്റി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ വളരെ സുതാര്യമാണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ (501)(c)3 അംഗീകാരം ലഭിച്ച ഈ കൂട്ടായ്മായിലേക്കുള്ള ധനസഹായങ്ങള്‍ക്ക്  നികുതിയിളവും ലഭിക്കും.

അവശത  അനുഭവിക്കുന്ന ആയിരത്തോളം നിര്‍ധന കുടുംബങ്ങള്‍ക്കായി ഏകദേശം എട്ടര ലക്ഷത്തോളം ഡോളറിന്റെ   ( ഏകദേശം 6  കോടി  24 ലക്ഷം രൂപ ) സഹായമാണ് കഴിഞ്ഞ പത്തൊന്പതുവര്‍ഷം കൊണ്ട്  സംഘടന നല്‍കി കഴിഞ്ഞത്. അഞ്ചര ലക്ഷം രൂപയ്ക്കു മുകളില്‍  പ്രതിമാസം സഹായമെത്തിക്കാന്‍ കഴിയുന്ന രീതിയില്‍  നടക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വളരെ സ്ത്യുത്യര്‍ഹമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ എന്നിവയും  വിദ്യാഭ്യാസ സഹായവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതു കൂടാതെ സ്‌കൂള്‍ കുട്ടികളെ പഠനത്തിനു സഹായിക്കുവാന്‍ 'സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ്' എന്ന പരിപാടി എട്ടുവര്‍ഷം മുമ്പ് തുടങ്ങി. ഈ പരിപാടിയുടെ ഭാഗമായി ഇതുവരെ എഴുപത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിച്ചു. ഇരുപത്തേഴ് കുട്ടികളെയാണ് ഇപ്പോള്‍ സഹായിച്ചു വരുന്നത്. ഈ പ്രോഗ്രാമിലൂടെ പ്ലസ്സ് ടു പൂര്‍ത്തിയാകുന്നതു വരെയുള്ള കുട്ടികളുടെ മുഴുവന്‍ പഠന ചിലവുകളും സംഘടന വഹിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്. ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുവാന്‍ പ്രത്യേക പ്രവര്‍ത്തക സമിതിയുമുണ്ട്.
 
ഈ കാരുണ്യ കൂട്ടായ്മയില്‍ നിങ്ങക്കും പങ്കു ചേരണമോ? സംഘടനയെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും  കൂടുതല്‍  അറിയുവാന്‍ www.helpsavelife.org സന്ദര്‍ശിക്കുക.

വിശദ വിവരങ്ങള്‍ക്ക്:
Remy Chirayil (President -908-268-8883)
Sojimon James (Treasurer- 732-939-0909)
Benny Davis (Treasurer - 720-493-8726)
Lalu Vazhekatt (Secretary - 303-596-3472)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക