-->

EMALAYALEE SPECIAL

കറുപ്പിന്റെ പീഢിത പ്രയാണങ്ങൾ: അടിമക്കച്ചവടത്തിന്റെ നാൾവഴി (ഡോ. സലീമാ ഹമീദ്)

Published

on

“Black Lives Matter” സമരങ്ങൾ ലോകത്തിന്റെ മുഴുവൻ ശ്ര ദ്ധയ്ക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുകരകളിലുമായി പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച അടിമ വ്യാപാരത്തിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം. ഉള്ളവൻ ഇല്ലാത്തവനെ പീഢിപ്പിക്കുന്നതിനെപ്പറ്റിയുള്ള കഥകൾ  പുരാതനകാലം മുതൽ കേട്ടു വരുന്നതാണെങ്കിലും  ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അടിമയായി വാങ്ങുകയും പണിയെടുപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നത്, ഭരണകൂടങ്ങൾ നിയമപരമാക്കുന്നതും,  മതപൗരോഹിത്യം അതിന് കുട പിടിക്കുന്നതും അടരുകളായ ചരിത്രം പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കാണ് രചിക്കപ്പെട്ടത്.
 
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ കടലിലൂടെയുള്ള പുതിയ ഗതാഗത മാർഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയം  യൂറോപ്യൻമാരെ പടിഞ്ഞാറൻ ആഫ്രിക്കയിൽ എത്തിച്ചു. അവർ അവിടെ നിന്നുള്ള  സ്വർണ്ണം, ആനക്കൊമ്പ്, കറുത്ത വർഗ്ഗക്കാരായ അടിമകൾ  തുടങ്ങിയവ യൂറോപ്പിലേക്ക് കൊണ്ടുവന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ ശക്തികൾ സാമ്രാജ്യ വികസനം ആരംഭിച്ചതോടെ  തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ സ്വന്തം താല്പര്യ സംരക്ഷണത്തിനായി അവർക്ക് ധാരാളം ജോലിക്കാരെ ആവശ്യമായി വന്നു. അമേരിക്കൻ ഭൂഖണ്ഡത്തിലെ പഞ്ഞി, കരിമ്പ്, പുകയില, കാപ്പി, കൊക്കോ, നെല്ല്, എന്നിവയുടെ കൃഷിയിടങ്ങളിലാണ് അടിമകളെ പ്രധാനമായും ഉപയോഗപ്പെടുതിയത്.  വ്യവസായവൽകരണവും  നഗരവൽക്കരണവും നിമിത്തം വീട്ടുജോലിക്ക് വേണ്ടിയും ആളുകളെ ആവശ്യം വന്നു. അക്കാലത്ത് അടിമകളായ ആഫ്രിക്കക്കാരെ ഉപയോഗിച്ചാണ് ആണ് ഇത്തരം ആവശ്യങ്ങൾ  നിറവേറ്റിയിരുന്നത്. ഇങ്ങനെയാണ്  അടിമക്കച്ചവടം വിപുലീകരിക്കപ്പെട്ടത്. ബ്രിട്ടൻ ഇതിൽ ഇതിൽ ഒരു പ്രധാന പങ്കുവഹിച്ചു. ജോൺ ഹോക്കിങ്സ് എന്ന ബ്രിട്ടീഷ് കച്ചവടക്കാരൻ 1562 നും 1567നും ഇടയ്ക്ക് നാല് പ്രാവശ്യം സിറാ ലിയോണിൽ നിന്നും ഹിസ്പാനിയോള(ഇന്നത്തെ ഹെയ്റ്റി ആൻഡ് ഡൊമിനിക്കൻ റിപ്പബ്ലിക്)യിലേക്ക് യാത്ര നടത്തുകയും ഏകദേശം 1200ഓളം ആഫ്രിക്കൻ വംശജരെ അടിമകളായി ആയി കൊണ്ടുവന്ന് സ്പെയിൻകാർക്ക്  വിൽക്കുകയും ചെയ്തതായി രേഖകൾ ഉണ്ട്.
 
പലതരം സംസ്കാരങ്ങളുടെ ഇരിപ്പിടമായ ആഫ്രിക്ക അക്കാലത്ത് തന്നെ  പൂർണ്ണമായി വളർച്ചയെത്തിയ, രാഷ്ട്രീയവും മതപരവുമായ സുസ്ഥിരത നിലനിന്ന ഒരു ഇടമായിരുന്നു. അവരുടെ നാനാത്വത്തിന്റെ സമ്പത്തിനെ തിരിച്ചറിയുന്നതിനു പകരം, ആദ്യകാല യൂറോപ്യൻ സഞ്ചാരികൾ അവർ വിഗ്രഹാരാധകരും അപരിഷ്കൃതരും ആണെന്ന് പ്രചരണം നൽകി. അവരുടെ ജീവിതത്തിലും സംസ്കാരത്തിലും കൈ കടത്തുന്നതിനുള്ള ഒരു നീതികരണം മാത്രമായിരുന്നു ഇത്. പാരമ്പര്യമായി ആഫ്രിക്കക്കാർ പുലർത്തിപ്പോന്ന പ്രവിശ്യകളുടെ അതിരുകൾ മാനിക്കുന്നതിന് പകരം, ഓരോ ഭാഗത്തു നിന്നും  ലഭിക്കുന്ന  വസ്തുക്കളുടെ സ്വഭാവമനുസരിച്ച്  യൂറോപ്യന്മാരാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളെ ഐവറി കോസ്റ്റ്, ഗോൾഡ് കോസ്റ്റ്, സ്ലേവ് കോസ്റ്റ് എന്നിങ്ങനെ നാമകരണം ചെയ്തത്.
 
യഥാർത്ഥത്തിൽ അടിമക്കച്ചവടം ആഫ്രിക്കയിൽ യൂറോപ്പുകാർ ആദ്യമായി കൊണ്ടുവന്ന ഒരു പുതിയ പ്രതിഭാസം ആയിരുന്നില്ല. ഇതിനും വളരെ മുമ്പ് തന്നെ അവർ ആളുകളെ പല ആവശ്യങ്ങൾക്കായി ആയി വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. കുറ്റവാളികളെയും, മാനസികരോഗമുള്ളവരെയും, കുഴപ്പക്കാരായ യുവാക്കളെയും ഒഴിവാക്കാനായും, കടംവീട്ടാനും  മറ്റുമായി  ഇതര ഗോത്രങ്ങൾക്ക് പകരമായി നൽകിയിരുന്നു. സാധാരണക്കാരായ ആളുകളെ തട്ടിക്കൊണ്ടു പോയി അടിമകളാക്കി വിൽക്കുന്നത്  അപൂർവ്വമായി മാത്രമേ കണ്ടിരുന്നുള്ളൂ. രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരെയാണ് പ്രധാനമായും അടിമകളായി വിറ്റു വന്നത്. ഇവിടെയുള്ള പ്രധാന വ്യത്യാസം ഈ തരത്തിൽ അടിമകളായി കൊണ്ടുപോകപ്പെടുന്നവർക്ക് സ്വന്തമായി അധികാര സ്ഥാനങ്ങളിൽ എത്തിച്ചേരാനും സ്വത്തു സമ്പാദിക്കാനും ഉള്ള അവകാശങ്ങൾ അടിമ എന്നുള്ള സ്ഥാനം മൂലം നഷ്ടപ്പെടുന്നില്ല എന്നതാണ്. മാനുഷിക പരിഗണനകൾ പോലും നൽകാതെ, എല്ലാ അവകാശങ്ങളും എടുത്തു മാറ്റപ്പെട്ട ഒരാളായിരുന്നു വെള്ളക്കാരനെ സംബന്ധിച്ചിടത്തോളം അടിമ.
 
യൂറോപ്യന്മാർ അടിമക്കച്ചവടത്തിന് ആവശ്യമായ വിപണി സജ്ജമാക്കിക്കൊടുത്തു എങ്കിലും ആഫ്രിക്കയിൽ ഉള്ള ശക്തൻ തന്നെയാണ് ആണ് ആർത്തി മൂലം സ്വന്തം സഹോദരനെ ഇതിലേക്ക് തള്ളിവിട്ടത്. ഇത്തരത്തിൽ ആഫ്രിക്കയുടെ പല ഭാഗങ്ങളിൽ നിന്നും പിടിക്കപ്പെടുന്ന ആണും പെണ്ണും ആയ ഹതഭാഗ്യർക്ക് കടൽത്തീരത്തുള്ള തുറമുഖങ്ങളിലെ കപ്പലുകളിൽ എത്താനായി നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കേണ്ടി വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ധാരാളം പേർ ശാരീരികവും  ലൈംഗികവുമായ പീഡനങ്ങൾ കൊണ്ടും  മററു ചിലർ ഭക്ഷണവും വെള്ളവും ലഭിക്കാതെയും ഇത്തരം യാത്രകൾക്കിടയിൽ മരണപ്പെട്ടു. 
 
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു ത്രികോണമാതൃകയിലാണ് അടിമക്കച്ചവടം മുന്നോട്ട് പോയത്. ഇതിൻറെ ആദ്യപാദം യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക്, അടിമകളെ കൊണ്ടു വരാനായി എത്തുന്ന കപ്പലുകളുടെ യാത്രയാണ്. ഇവ ആഫ്രിക്കയിൽ വിറ്റഴിക്കാൻ ഉതകുന്ന വിധത്തിലുള്ള വസ്തുക്കളെക്കൊണ്ട് നിറച്ചിരിക്കും. വിലകുറഞ്ഞ തോക്കുകളും വെടിമരുന്ന്, ഇറ്റലിയിൽ നിർമ്മിച്ച ഗ്ലാസ് മുത്തുകൾ, ഇരുമ്പ് പാരകൾ, ചെമ്പും പിത്തളയും കൊണ്ടുണ്ടാക്കിയ മനില്ല(manilla) എന്നറിയപ്പെട്ട ബ്രെയ്‌സ്ലെറ്റുകൾ, മദ്യം എന്നിവയായിരുന്നു, യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് കൊണ്ടുവരപ്പെട്ട വസ്തുക്കൾ. അടിമകളെ ആദ്യം ട്രങ്ക്(Trunk) എന്നറിയപ്പെടുന്ന താമസസ്ഥലത്ത് സൂക്ഷിക്കും. അവിടെ നിന്ന് കപ്പലിലേക്ക് കൊണ്ടു്  പോകുന്നതിന് മുൻപ് ഓരോരുത്തരുടെയും പേരിൻറെ ആദ്യ അക്ഷരം പഴുപ്പിച്ച ഇരുമ്പു കൊണ്ട് നെഞ്ചത്തോ, മുതുകിലോ ചാപ്പ കുത്തുന്നത് പതിവായിരുന്നു. കപ്പലിലേക്കു് കയറുന്നതിനുമുമ്പ് ഡോക്ടർ ഓരോരുത്തരെയും പരിശോധിച്ച് അവർക്ക് രോഗം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തും. പിന്നീടാണ് ചെറിയ തോണികളിൽ കയററി ഇവരെ കപ്പലിലേക്ക് മാറ്റുന്നത്. 
 
അടിമകളെയും കയറ്റിക്കൊണ്ട് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയാണ് ആണ് രണ്ടാം പാദം. ചങ്ങല കൊണ്ട് ബന്ധിതരായി  ചെറിയ ഇടങ്ങളിൽ കഴിച്ചു കൂട്ടുന്ന ഈ മനഷ്യർ,  2-3 മാസം നീളുന്ന ഈ യാത്രകളിൽ, മല മൂത്രവിസർജനത്തിന് അധികം സൗകര്യങ്ങളൊന്നുമില്ലാതിരുന്നത് നിമിത്തം കിടക്കുന്ന ഇടങ്ങളിൽ  തന്നെയാണ് പ്രകൃതിയുടെ വിളികൾക്ക് ഉത്തരം നൽകിയിരുന്നത്. ഇത് മൂലം ഈ കപ്പലുകൾ കരയ്ക്കടുക്കുന്നതിന്  കിലോമീറ്ററുകൾക്ക് മുൻപ് തന്നെ, ഇവ വഹിച്ചു കൊണ്ട് വരുന്ന ദുർഗന്ധം കരയിലേക്ക് എത്തുമായിരുന്നു. ഓരോ യാത്രകളും നല്ല ലാഭത്തോടെ അവസാനിക്കാൻ, അടിമകളെ കൂടാതെ ആഫ്രിക്കയിൽ നിന്ന് ധാരാളം സ്വർണ്ണം ആനക്കൊമ്പ് എന്നിവയും  കപ്പലുകളിൽ  നിറച്ചിരുന്നു. 12 മില്യനോളം ആഫ്രിക്കക്കാരെ ഇത്തരത്തിൽ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇവരിൽ നാലിൽ ഒരു ഭാഗമെങ്കിലും  ഈ യാത്രകളിൽ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ മതപരമായ കാരണങ്ങൾ മൂലവും, വേഗം വിററുപോകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടു കൊണ്ടും,  കരയിൽ ഇറങ്ങുമ്പോൾ അടിമകൾ ആരോഗ്യവാന്മാരായി ഇരിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും  എന്നതു കൊണ്ടും ചില ക്യാപ്റ്റന്മാർ  ഇവർക്കു ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൊടുക്കുകയും അവരെ വൃത്തിയായി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ അടിമകളെ കൊണ്ടു പോകണമെന്ന് ഉദ്ദേശം നിമിത്തം പറ്റുന്ന ഇടങ്ങളെല്ലാം അവരെ കുത്തിനിറച്ചാണ് കപ്പൽ തുറമുഖം വിടുന്നത്. അപൂർവ്വമായെങ്കിലും ചില അടിമകൾ കപ്പലിൽ പ്രതിരോധത്തിന്റെ  ശബ്ദം ഉയർത്താറുണ്ടായിരുന്നു. എന്നാൽ ചാട്ടവാറടി കൊണ്ടും, ചിലപ്പോൾ ഇപ്പോൾ കൈകാലുകൾ  മുറിച്ചുകളഞ്ഞും അതുമല്ലെങ്കിൽ കടലിലേക്ക് എടുത്തെറിഞ്ഞു പോലും ഇതിനെ അടിച്ചമർത്തിയിരുന്നു. ചില ആഫ്രിക്കക്കാർ ആത്മഹത്യ ചെയ്തു പോലും യാത്രയിലെ  ദുരിതങ്ങളിൽ  മോചനം നേടാറുണ്ടായിരുന്നു.
 
കരീബിയൻ ദ്വീപുകൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നീ ഭാഗങ്ങളിൽ നിന്നും കിട്ടാവുന്നത്ര സാധനങ്ങൾ നിറച്ചു കൊണ്ട് ബ്രിട്ടനിലേയ്ക്കും യൂറോപ്പിലേക്കും   മടങ്ങുന്ന കപ്പലുകളുടെ യാത്രയാണ് ഈ ദുരിത പർവ്വത്തിന്റെ അവസാന ഭാഗം. പഞ്ചസാര, കാപ്പി, കൊക്കോ, പരുത്തി, പുകയില  എന്നിവയായിരുന്നു പ്രധാന ചരക്കുകൾ. കോഫി ഹൗസുകൾ പ്രചാരത്തിലായി വരുന്ന കാലമായിരുന്നതു് കൊണ്ടു് പഞ്ചസാരയ്ക്കും കാപ്പിക്കും, ആദ്യകാലത്ത് മരുന്നു പോലെ  ഉപയോഗിച്ചിരുന്ന കൊക്കോയ്ക്കും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. നല്ലയിനത്തിൽപ്പെട്ടതും  വിലകുറഞ്ഞതുമായ പരുത്തിയും വിപണിയിലെ പ്രിയപ്പെട്ട വസ്തുവായിരുന്നു.
 
തെക്കൻ അമേരിക്കയിൽ കന്നുകാലിച്ചന്തയിലെന്ന പോലെയാണ് ഇവരെ കച്ചവടം ചെയ്തിരുന്നത്. മാർത്താ ബ്രൗൺ എന്ന മുൻകാല അടിമ തന്റെ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ “നല്ല പൊക്കത്തിലുള്ള ഒരാൾ എന്റെ അടുത്തേക്ക് വന്നു. വായ തുറന്ന് പല്ലുകൾ എല്ലാം ഉണ്ടോ എന്ന് നോക്കുകയും എൻറെ കൈ കാലുകളുടെ ശക്തി പരിശോധിക്കുകയും ചെയ്തു. അതിനുശേഷം അയാൾ എന്നോട് കുറച്ചു ദൂരം ഓടാൻ ആവശ്യപ്പെട്ടു”. അടിമകൾ കാഴ്ചയിൽ ആരോഗ്യമുള്ളവരായി തോന്നാൻ അവരെ എണ്ണ പുരട്ടി ചന്തകളിൽ പ്രദർശിപ്പിക്കുന്ന രീതി നില നിന്നിരുന്നു. ആദ്യകാലത്ത്  മാതാപിതാക്കളെയും കുട്ടികളെയും ഉടമകളുടെ ആവശ്യത്തിനനുസരിച്ച് പല ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുടുംബബന്ധങ്ങൾ നിലനിൽക്കേണ്ടത് കൂടുതൽ കുട്ടികൾ ഉണ്ടാകാനുള്ള ഉള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു  എന്നത് വഴി കൂടുതൽ പണിക്കാരെ പണച്ചിലവില്ലാതെ ലഭിക്കുമെന്ന് മനസ്സിലാക്കിയതോടെ മുതലാളിമാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. അടിമ ച്ചന്തകളിൽ ഇവരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന് കമ്മീഷൻ കൊടുക്കേണ്ടതുണ്ടായിരുന്നു. ഇതു നിമിത്തം പലരും പത്രപരസ്യങ്ങൾ വഴി അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും  കമ്മീഷൻ ഒഴിവാക്കാനുള്ള എളുപ്പവിദ്യയായി കണ്ടു. കപ്പലുകൾ കരയ്ക്കടുക്കുന്നതിന് മുമ്പ് തന്നെ അടിമകളെ ലേലം ചെയ്തു വിൽക്കുന്ന സ്ഥലവും സമയവും പ്രസിദ്ധപ്പെടുത്തി കൊണ്ടുള്ള പരസ്യങ്ങളും അക്കാലത്തു സാധാരണയായിരുന്നു.
 
തെക്കൻ അമേരിക്കയിലെ ആദ്യമെത്തിയ സ്പെയിൻകാർ അടിമകളാക്കിയ, അന്നാട്ടിലെ ആദിവാസികളിൽ കൂടുതൽ പേരും രോഗങ്ങളും അധിക ജോലിയും മൂലം മരണപ്പെട്ടു. അങ്ങനെയാണ് ഇവിടത്തെ തോട്ടങ്ങളിലേക്കും  തൊഴിൽശാലകളിലേക്കും ആഫ്രിക്കയിൽ നിന്ന് അടിമകളെ എത്തിക്കാൻ തുടങ്ങിയത്. വലിയ തോട്ടങ്ങളിൽ വിശ്വസ്ഥരായ അടിമകൾ മേൽനോട്ടക്കാരായും ജോലി ചെയ്തിരുന്നു. പല തോട്ടം ഉടമകളും അവരുടെ അടിമ സ്ത്രീകളുമായി അവരുടെ അനുവാദത്തോടെയോ അല്ലാതെയോ ശാരീരിക ബന്ധം പുലർത്തി. ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെ ചില പിതാക്കന്മാർ അവഗണിച്ചു. മറ്റു ചിലർ അവർക്ക് വീടിനകത്തുള്ള ജോലികൾ നൽകി. സ്വന്തം ഭർത്താവിന്റെ അവിഹിതബന്ധത്തിലെ കുട്ടികൾക്ക് വീട്ടമ്മയിൽ നിന്ന് വെറുപ്പും ക്രൂരതയുമാണ് മാത്രമാണ് ലഭിച്ചത്.
 
16നും 50നും ഇടയ്ക്ക് പ്രായമുള്ളവർക്ക് കഠിനമായ ജോലികൾ നൽകിയിരുന്നു.  ഇക്കൂട്ടത്തിൽ ഗർഭിണികൾ രോഗികൾ എന്നിവർക്ക്  കുറേക്കൂടി ലഘുവായ ജോലികൾ നൽകപ്പെട്ടു. 12 വയസ്സിൽ താഴെയുള്ളവർക്ക് കളപറിക്കലും മററുമായിരുന്നു ജോലി. മുതലാളിയുടെ വീട്ടു ജോലിക്കാർക്ക് സാധാരണ വീട്ടുജോലികൾക്ക് പുറമേ വീട്ടിലെ ചെറിയ കുട്ടികളെ മുലയൂട്ടുന്ന ജോലി പോലും നൽകപ്പെട്ടിരുന്നു. ചില വീടുകളിൽ ജോലി സമയം കഴിഞ്ഞ ശേഷം സ്വന്തമായി എന്തെങ്കിലും ഭക്ഷണമോ കരകൗശല വസ്തുക്കളോ ഉണ്ടാക്കി അവ ചന്തയിൽ കൊണ്ട് പോയി വിറ്റ് പണം സമ്പാദിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു.  കൂട്ടം പിരിഞ്ഞു പോയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും സന്ദേശങ്ങൾ കൈമാറാനും ഉള്ള ഇടമായി  അത്തരം ചന്തകൾ പരിണമിച്ചു. ബ്രീട്ടനിലേക്ക് അടിമകളെ കൊണ്ട് വരുന്നത് സാധാരണയായിരുന്നില്ലെങ്കിലും സ്വന്തം വീട്ടിൽ ഒരു കറുത്ത വീട്ടുജോലിക്കാരൻ ഉണ്ടായിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ ഒരു അഭിമാന ചിഹ്നമായി പല ധനിക കുടുംബങ്ങളും കരുതിപ്പോന്നു.
 
അവകാശങ്ങൾക്ക് വേണ്ടിയും സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയും  ഇവരിൽ പലരും വലുതും ചെറുതുമായ സംഘങ്ങളായി തിരിഞ്ഞ് പ്രതിഷേധ സ്വരം ഉയർത്തി. ഇത് അടിച്ചമർത്തുന്ന വിഷയത്തിൽ ഉടമകളെല്ലാം ഏകാഭിപ്രായക്കാരായിരുന്നു. എന്നാൽ ബ്രീട്ടനും അമേരിക്കയുമായി നടന്ന യുദ്ധ കാലത്ത് ബ്രീട്ടീഷുകാർ അമേരിക്കക്കാരുടെ അടിമകളെ ഓടിപ്പോരാൻ പ്രേരിപ്പിച്ചിരുന്നു. തങ്ങളുടെ യജമാനന്മാരെ വീട്ടു പോരുന്നവർക്ക് സ്വാതന്ത്യവും പട്ടാളത്തിൽ ജോലിയും വാഗ്ദാനം ചെയ്യപ്പെട്ടു. നിശബ്ദമായ പ്രതിഷേധങ്ങളും നിസ്സഹകരണവും വളരെ സാധാരണമായിരുന്നു. രോഗം അഭിനയിക്കുക, നിർദ്ദേശങ്ങൾ മനസ്സിലാകാത്തത്  പോലെ പെരുമാറുക, ഉപകരണങ്ങൾ മനപൂർവ്വം കളയുക അല്ലെങ്കിൽ കേടാക്കുക, മെല്ലെപ്പോക്ക് എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ചില സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അടിമത്തത്തിൽ നിന്നും രക്ഷപെടുത്താനായി നാട്ടുമരുന്നുകൾ കഴിച്ച് ഗർഭം അലസിപ്പിക്കുകയോ നവജാത ശിശുക്കളെ കൊന്നു കളയുകയോ ചെയ്തിരുന്നു.
 
ഒളിച്ചോടിപ്പോകുന്ന അടിമകൾ ചേർന്ന് ബ്രസീൽ, ഗയാന, സുരിനാം, ഫളോറിഡ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ    ഉൾപ്രദേശങ്ങളിൽ രഹസ്യമായി താമസിച്ചിരുന്നു. ഇവരെ മറൂൺ കമ്മ്യൂണിറ്റീസ്(Maroon   Communities)എന്നാണ് അറിയപ്പെട്ടത്. അവർ സ്വന്തമായ ഭരണക്രമവും സംസ്കാരവും കച്ചവടവും സൈന്യവും ഉള്ളവരായി വളർന്നു. അവരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. ആദ്യത്തെ മറൂൺ കലാപനേതാക്കളായ കഡ്ജോ(Cudjoe)യും നാനി(Nanny) എന്ന സ്ത്രീയും നടത്തിയ സമരം വിജയിച്ചു. അവസാനം ജമൈക്കയിൽ ബ്രീട്ടിഷുകാർ അവരുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കി. ഇതനുസരിച്ച് 500 ഏക്കർ സ്ഥലം നാനിക്കും  അവരുടെ കൂട്ടാളികളായ മറൂൺ സംഘത്തിൽപ്പെട്ടവർക്കുമായി നൽകി.
 
 1831ൽ ഹെയ്റ്റിയിൽ അരങ്ങേറിയ പ്രതിരോധ സമരം ഫ്രഞ്ചുകാരുടെ സഹായത്തോടെ വിജയത്തിലെത്തി. ഇവിടെ സമര നായകനെത്തന്നെ ഫ്രഞ്ചുകാർ ഭരണസാരത്ഥ്യം ഏൽപ്പിച്ചു. പിന്നീട് നെപ്പോളിയൻ ഭരണത്തിലെത്തിയപ്പോൾ 20000 പട്ടാളക്കാരെ അധികാരം പിടിക്കാനായി ഇവിടേക്ക് അയക്കുകയും അവർ സമര നായകനെ ചതിയിൽപ്പെടുത്തി ബന്ധിതനാക്കി ഫ്രാൻസിലേക്ക് കൊണ്ട് പോവുകയും ചെയ്തു.  ജീൻ ജാക്ക്സ് എന്ന പുതിയ നേതാവിന്റെ നേതൃത്വത്തിൽ നടന്ന രക്തരൂഷിതമായ  യുദ്ധത്തിന്റെ അവസാനം ഇതു് ഒരു സ്വതന്ത്രറിപ്പബ്ലിക്കായി മാറി. 
 
ഇത്തരത്തിൽ മററു കരീബിയൻ ദ്വീപുകൾ ക്യൂബ, തെക്കൻ അമേരിക്കയിലെ പല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ പല യുദ്ധങ്ങൾ നടന്നു. 1600നും 1865നും ഇടയ്ക്ക് അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഇത്തരം 200ഓളം കലാപങ്ങൾ നടന്നിട്ടുണ്ട്. 1831ൽ അമേരിക്കയിലെ വെർജീനിയയിൽ നടന്ന കലാപം പ്രത്യേക പരാമർശം അർഹിക്കുന്നു. നാറ്റ് ടേർണർ(Nat Turner) എന്നയാളും 7 അനുയായികളും ചേർന്ന് അയാളുടെ യജമാനന്റെ കുടുംബത്തെ മുഴുവൻ വധിച്ച ശേഷം, ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് സഞ്ചരിച്ചു കൊണ്ട് അടിമകളെ സൂക്ഷിച്ചിരുന്ന സമീപപ്രദേശങ്ങളിലെ വെള്ളക്കാരുടെ കുടുംബങ്ങളെയെല്ലാം കൊന്നൊടുക്കി. കുറച്ചു മാസങ്ങൾക്കകം തന്നെ നാറ്റും കൂട്ടാളികളും പിടിക്കപ്പെടുകയും തൂക്കിക്കൊല്ലപ്പെടുകയും ചെയ്തു.
 
യജമാനന്റെ പിടിയിൽ നിന്ന് ഒറ്റയായും കൂട്ടമായും ഓടിപ്പോകൽ അക്കാലത്ത് സാധാരണമായിരുന്നു. ഇത്തരം അടിമകളെ തിരഞ്ഞു കൊണ്ടുള്ള പത്ര പരസ്യങ്ങളും അക്കാലത്ത് ധാരാളമായി കാണാമായിരുന്നു. രക്ഷപ്പെടുന്ന അടിമകൾക്ക് തീർച്ചയായും ആരുടെയെങ്കിലും സഹായവും സംരക്ഷണവും അത്യാവശ്യമായിരുന്നു. ‘Underground Rail Road’ എന്ന അടിമകളെ രക്ഷിക്കാനുള്ള രഹസ്യ പദ്ധതി ഇങ്ങനെയാണ് ഉരുത്തിരിഞ്ഞു വന്നത്. അടിമത്തത്തിനെതിരായ കുറേ വെള്ളക്കാർ തന്നെയാണ് സ്വന്തം ജീവനും സ്വത്തിനും ഉണ്ടാകാനിടയുള്ള ആപത്തുകളെ തൃണവൽഗണിച്ചു കൊണ്ട്    ഇതിന് സഹായസഹകരണങ്ങൾ നൽകിയത്. അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിലേക്കും കാനഡയിലേക്കും ഒളിച്ച് കടന്ന ഈ നിർഭാഗ്യർക്ക് ഭക്ഷണവും രഹസ്യമായി താമസിക്കാനുള്ള ഇടവും ഇവർ നൽകി. 1849ൽ തന്റെ ഉടമസ്ഥനിൽ നിന്ന് ഓടിപ്പോയ ഹാരിയറ്റ് ടബ് മാൻ (Harriet Tubman)   എന്ന സ്ത്രീയുടെ കഥ ഇങ്ങനെ. 1851 മുതൽ അവർ  തെക്കൻ സംസ്ഥാനങ്ങളിലേക്ക് 19 യാത്രകൾ നടത്തി. ഒരിക്കൽപ്പോലും പിടിക്കപ്പെടാതെ നടത്തിയ ഈ യാത്രകളിൽ അവർ സ്വന്തം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർ ഉൾപ്പടെ 300ഓളം പേരെ രക്ഷിച്ചു. ‘Moses of her People’ എന്നറിയപ്പെട്ട ഹാരിയറ്റിനെ പിടിച്ചു കൊടുത്താൽ  ലഭിക്കുന്ന തുക 40000 അമേരിക്കൻ ഡോളറായിരുന്നു. അക്കാലത്ത് ഒരു വലിയ തുകയായിരുന്നിട്ടു പോലും അവർ പിടിക്കപ്പെട്ടില്ല!
 
ക്വാക്കേഴ്സ് (Quakers)എന്ന പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സംഘടനയാണ് 1787ൽ ‘സൊസൈറ്റി ഫോർ അബോലിഷൻ ഒഫ് സ്ലേവ്സ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിൽ അടിമത്തം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വില്യം വിൽബർ ഫോഴ്സ് (William Wilber Force) എന്ന ആളായിരുന്നു പാർലമെന്റിൽ ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നത്. ബ്രിട്ടൻ ആസ്ഥാനമായ ഈ സംഘടനയുടെ പ്രവർത്തകരിൽ ഒലാദാ ഇക്വാനോ(Olaudab Equiano) എന്ന ‘ഒരു മുൻ കാല അടിമ’യും ഉൾപ്പെട്ടിരുന്നു. സംഘടനയുടെ അംഗങ്ങളിൽ 10% സ്ത്രീകൾ ആയിരുന്നു. 1775-83 വരെ നടന്ന ബ്രിട്ടനുമായുള്ള അമേരിക്കൻ യുദ്ധത്തിൽ ആയിരക്കണക്കിൽ അടിമകൾ തങ്ങളുടെ യജമാനന്മാരെ ഉപേക്ഷിച്ച് ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു.  ഈ യുദ്ധത്തിൽ ബ്രിട്ടൺ പരാജയപ്പെട്ടെങ്കിലും ഈ നിരാലംബർക്ക് നൽകിയ സ്വാതന്ത്യത്തിന്റെ വാഗ്ദാനം പാലിക്കപ്പെടണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഇവരെ അമേരിക്കയിൽ നിന്ന് അക്കാലത്തു് ബ്രിട്ടീഷ് ഭരണത്തിൽ കീഴിലായിരുന്ന കാനഡയിലെ നോവസ്കോഷ്യയിലേക്ക്  കൊണ്ട് വന്നു. 1792ൽ ഇവരെ ആഫ്രിക്കയിലെ സിറാലിയോൺ എന്ന  രാജ്യത്തേക്ക് കൂട്ടത്തോടെ മാറ്റിത്താമസിപ്പിച്ചു. 
 
ഇംഗ്ലണ്ടിലെ സാധാരണ ജനങ്ങളുടെ ശക്തമായ പിൻതുണ അടിമത്തത്തിനെ തിരായ പ്രവർത്തനങ്ങൾക്ക് ഇന്ധനമായി. അടിമത്തത്തിന്റെ കണ്ണീരും ചോരയും പുരണ്ടതാണ് വെസ്റ്റ് ഇൻഡീസിൽ നിന്നെത്തുന്ന പഞ്ചസാര എന്ന് മനസ്സിലാക്കി, ഏകദേശം 3 ലക്ഷം പേർ പഞ്ചസാര ഉപേക്ഷിച്ചു. ഇക്കാലത്ത് പഞ്ചസാര വില്ലന പകുതിയായി കുറഞ്ഞതായി രേഖകളിലുണ്ട്. ഈ ഇനത്തിൽപ്പെട്ട പല തരം വസ്തുക്കളുടെ ബഹിഷ്കരണം മറ്റു് പല രംഗങ്ങളിലുമുണ്ടായി. തോമസ് ക്ലാർക്സൺ  സാദ്ധ്യതയുള്ള അപകടങ്ങളെ തൃണവൽഗണിച്ചു കൊണ്ട് തുറമുഖങ്ങളിൽ പോയി, അടിമവ്യാപാരത്തിലെ ചൂഷണങ്ങളേയും അതിലകപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങളെയും പറ്റിയുള്ള രേഖകൾ ശേഖരിച്ചു. ഇവയോടൊപ്പമാണ് വില്യം വിൽബർഫോർസ് അടിമക്കച്ചവടത്തിനെതിരായ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്.
 
1807ൽ അറ്റ്ലാന്റിക്ക് സമുദ്രം വഴിയുള്ള അടിമക്കച്ചവടം അവസാനിപ്പിച്ചു കൊണ്ട്  ബ്രിട്ടീഷ് പാർലമെന്റ് നിയമം പാസാക്കി. 1808നും 1888നും ഇടക്ക് ബ്രിട്ടന്റെ നാവികസേന 1.5 ലക്ഷം അടിമകളെ 1600 കപ്പലുകളിൽ നിന്നായി മോചിപ്പിച്ചു. ഇവയിൽ ഭൂരിഭാഗത്തെയും ആഫ്രിക്കയിലേക്ക്, പ്രധാനമായും സിറാ ലിയോണിലേക്ക് ആണ് അയച്ചത്. ഇവരിൽ15000 പേരെ കരീബിയൻ ദ്വീപുകളിലേയക്കും അയച്ചു. ബ്രിട്ടീഷ്
 
 പട്ടാളത്തിലെ അഡ്മിറൽ ലോർഡ് നെൽസൺ ഉൽപ്പടെ പല പ്രമുഖരും അടിമത്തം അവസാനിപ്പിക്കുന്നതിന് എതിരായിരുന്നെങ്കിലും, അവസാനം 1833ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും അടിമവ്യാപാരം  അവസാനിപ്പിച്ചു. ഇവരുടെ ഉടമകൾക്ക് 20 മില്യൻ പൗണ്ട് നഷ്ടപരിഹാരമായി നൽകപ്പെട്ടു. സ്വതന്ത്രരാക്കപ്പെട്ട ഓരോ അടിമയ്ക്കും 12 പൗണ്ട് വച്ച് കണക്ക് കൂട്ടിയാണ് ഈ തുക നിശ്ചയിക്കപ്പെട്ടത്.   ഈ ഉടമ്പടി പ്രകാരം അടിമകൾക്ക് സ്വാതന്ത്യമല്ലാതെ മറ്റൊന്നും ലഭിച്ചില്ല. ഭക്ഷണവും താമസവും ജോലിയും നഷ്ടപ്പെട്ടു തെരുവിലായ ഇവരിൽ പലർക്കും താമസിച്ചിരുന്ന ഇടം വിട്ട് പോകേണ്ടി വന്നു. ബ്രിട്ടനിൽ പ്രവർത്തിച്ചിരുന്ന ഈ സൊസൈറ്റി പില്‍ക്കാലത്ത് ഒരു അന്താരാഷ്ട സംഘടനായായി വളരുകയും ലോകമെമ്പാടുമുള്ള അടിമകളുടെ വിമോചനത്തിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
 
ക്വാക്കർ എന്ന സംഘടന വടക്കൻ അമേരിക്കയിലെ അടിമത്തം അവസാനിപ്പിച്ചതിലും പ്രധാന പങ്ക് വഹിച്ചു. 1804ൽ വടക്കൻ സംസ്ഥാനങ്ങളിൽ പൂർണ്ണമായും അടിമക്കച്ചവടം നിരോധിക്കപ്പെട്ടു. പക്ഷേ തെക്കൻ സംസ്ഥാനങ്ങളിൽ അത് പൂവ്വാധികം ശക്തിയായി തുടർന്നു. അടിമത്തത്തിനെതിരേയുള്ള സാഹിത്യവും ലഘുലേഖകളും അവിടെ നിരോധിക്കപ്പെട്ടു. അടിമക്കച്ചവടം നിരോധിക്കുന്നതിനെ അനുകൂലിക്കുന്ന അദ്ധാപകരെപ്പോലും പുറത്താക്കി.
 
അമേരിക്കയിൽ അടിമത്തം നിരോധിച്ച ശേഷം അടിമകളായിരുന്നവരെ മുഴുവനും ആഫ്രിക്കയിലേക്ക് മടക്കിക്കൊണ്ട് പോയി പുനരധിവസിപ്പിക്കാൻ വേണ്ടി 1821-22ൽ നിർമ്മിച്ച കോളനിയായിരുന്നു ലൈബീരിയ. കുറേപ്പേരെ മെക്സിക്കോ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലേക്കും കൊണ്ട് പോയി. സ്വതന്ത്രരാക്കപ്പെട്ട അടിമകളിൽ കുറച്ചു പേർ അമേരിക്കയിൽ തന്നെ തുടരാനും അടിമത്തത്തിനെതിരായുള്ള യുദ്ധം തുടരാനും തീരുമാനിച്ചു. ഫ്രഡറിക്ക് ഡഗ്ലസ് എന്ന സ്വതന്ത്രനാക്കപ്പെട്ട അടിമ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായ ഒരു പത്രം നടത്തിയിരുന്നു. ഇസബെല്ല ബോംഫ്രീ(Isabella Bomefree)  എന്ന മറ്റൊരു മുൻകാല അടിമ സ്വന്തം പേരു Sojourner Truth( സഞ്ചാരിയായ ഉപദേശി) എന്ന പേരു സ്വീകരിച്ചു കൊണ്ട് അടിമത്തത്തിനെതിരായുള്ള ഏറ്റവും പ്രധാന പ്രചാരകരിൽ ഒരാളായി മാറി. 1857ൽ ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ പ്രസിദ്ധ നോവലായ Uncle Tom's' Cabin യഥാർത്ഥ ജീവിതത്തിൽ അടിമയായിരുന്ന Josiah Hensonന്റെ ജീവിത കഥയാണ്. പ്രസിദ്ധികരിച്ച വർഷം തന്നെ 3 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. അക്കാലത്തെ സാധാരണക്കാരെ അടിമക്കച്ചവടത്തിനെതിരായി ചിന്തിക്കവാൻ പ്രേരിപ്പിച്ചതിൽ ഈ ഗ്രന്ഥം വലിയ പങ്ക് വഹിച്ചു.  പൊതു ജനാഭിപ്രായം തിരിച്ചുവിടാനായി അടിമത്തത്തിന് അനുകൂലമായി ഏകദേശ മുപ്പതോളം നോവലുകൾ  ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടുവത്രേ.
 
ക്രമേണ, അടിമകളുടെ സ്വാതന്ത്യത്തിനായി വാദിച്ചിരുന്ന യുണിയനിസ്റ്റുകളും (വടക്കൻ സ്റ്റേറ്റുകൾ) അതിനെതിരായിരുന്ന കോൺഫെഡറേറ്റുകളും (തെക്കൻ സംസ്ഥാനങ്ങൾ) തമ്മിലുള്ള വൈരം വർദ്ധിച്ചു വന്നു. 1861 മുതൽ 1865 വരെ നടന്ന ആഭ്യന്തര യുദ്ധം ഇതിന്റെ അനന്തര ഫലമായിരുന്നു. 1862ൽ യൂണിയനിസ്റ്റുകൾ പരാജയപ്പെടുമെന്ന. അവസ്ഥയിലേക്ക് നീങ്ങിയപ്പോൾ അവരുടെ നേതാവായ എബ്രഹാം ലിങ്കൺ ഓടിപ്പോകുന്ന അടിമകളോട് യുദ്ധത്തിൽ അണി ചേരാൻ ആവശ്യപ്പെട്ടു. പകരമായി സ്വാതന്ത്യമാണ് അവർക്ക് വാഗ്ദാനം ചെയ്തത്. 1863 Jan1ന് നിയമമായ ‘Emancipation Proclamation’ അമേരിക്കയിലും അവരുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങളിലെ എല്ലാ അടിമകളെയും സ്വതന്ത്രരാക്കുകയും അടിമത്തം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്പെയിൻ(1811), സ്വീഡൻ(1813), നെതർലാന്റ്(1814), ഫ്രാൻസ്(1817), പോർച്ചുഗൽ(1819)എന്നീ രാജ്യങ്ങൾ ഇത്തരത്തിൽ നിയമം പാസാക്കി. 
 
അടിമത്തത്തിന് എതിരായ സമരത്തിന്റെ വിജയം  സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും കുടുംബത്തിനകത്തും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലേക്കു ശ്രദ്ധ പതിപ്പാക്കാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊതുവാനുമുള്ള ശക്തി പകർന്നു. ബ്രിട്ടനിലെ ബ്രിസ്റ്റോൾ പോലെയുള്ള പല തുറമുഖപട്ടണങ്ങളും അടിമവ്യാപാരവുമായി ബന്ധപ്പെട്ടാണ് വളർന്നത്. ഇത്തരത്തിൽ ധനികനായ എഡ്വാർഡ് കോൾസ്റ്റണിന്റെ ബ്രിസ്റ്റോൾ നഗരഹൃദയത്തിൽ സ്ഥാപിച്ചിരുന്ന പ്രതിമ വംശീയതയ്ക്ക് എതിരായ പ്രവർത്തകർ ഇളക്കി മാറ്റി തുറമുഖത്ത് കൊണ്ടു് വന്ന് കടലിലേക്ക് എറിഞ്ഞത് അടുത്ത കാലത്താണ്.  അടിമവ്യാപാരത്തിൽ നിന്നും ലഭിച്ച സമ്പത്തും അടിമകളെ ഉപയോഗിച്ച് നടത്തിയ കൃഷിയിൽ നിന്നുള്ള ലാഭവും  ബ്രിട്ടനെ ഒരു ധനികരാജ്യമാക്കി. ഈ ധനം വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ മൂലധനമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യം പടുത്തയർത്തപ്പെട്ടത് ഇതിന് മുകളിലാണ്!
 
നിറത്തിനും ഗോത്രത്തിനും ഉപരിയായി മനുഷ്യരെ വിലമതിയ്ക്കാനുള്ള ശ്രമങ്ങൾ അന്ന് മുതൽക്ക് ആരംഭിച്ചു. അടിമക്കച്ചവടം നിരോധിച്ചെങ്കിലും  മനുഷ്യക്കടത്ത്(Human  Traficking)  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും  ലോകത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നു എന്നതു് ദുഃഖകരമാണ്. ഇക്കാര്യത്തിൽ ഇനിയും വളരെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് സമീപകാലത്ത് നിയമപാലകരാൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡ്,റേഷാർഡ് ബ്രൂക്ക്സ്  ബ്രിയാതാ ടെയ്ലർ എന്നിവരുടെ കൊലപാതകങ്ങൾ വിളിച്ചു പറയുന്നു. ഈ ലിസ്റ്റ് നീണ്ടതാണ്. ലോകമെമ്പാടും ഇതിനെതിരായായി നടക്കുന്ന പ്രതിഷേധങ്ങളും അതിൽ പങ്കെടുക്കുന്ന എല്ലാ നിറത്തിലും പാരമ്പര്യത്തിലും പെട്ട  യുവജനങ്ങളുടെ പങ്കാളിത്തവും പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.
 
Dr. Saleema Abdul Hameed CCFP
 
photo above: കപ്പലിൽ അടിമകളെ നിറച്ചിരുന്ന വിധം
ഒലാദാ ഇക്വാനോ(Olaudab Equiano)
ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
എബ്രഹാം ലിങ്കൺ

Facebook Comments

Comments

  1. അടിമകൾ

    2020-10-30 23:23:53

    ഇന്നും എ ന്നും അടിമകളേക്കാൾ കഷ്ടത്തിലും ദുരിതത്തിലും കന്നുകാലികളെക്കാൾ മോശമായി കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യാല്മാക്കൽ മിഡിൽ ഈസ്റ്റിൽ ഉണ്ട്. ഈ എഴുത്തുകാരി അങ്ങനെയുള്ള അടിമകളുടെ ഉടമകളെക്കുറിച്ചു ഇനിയും എന്നെങ്കിലും എഴുതുമല്ലൊ. ഐ സ് എന്ന മുസ്ലിം തീവ്രവാദികൾ മൃഗീയമായി ദ്രോഹിച്ചു ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് സ്ത്രീകൾ സിറിയ, ഇറാഖ്, ലിബിയ, നൈജീരിയാ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ഇന്നും, ഈ നിമിഷവും, ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന ദുഃഖ സത്യത്തിന്റെ തീച്ചൂളയിൽ മനുഷ്യമനഃസാക്ഷി കത്തി വെണ്ണീറാകുന്ന ദിവസം വരും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More