Image

കാട്ടുപക്ഷി (പെൺനിലാവ്-2-രാജി പ്രസാദ്)

Published on 29 October, 2020
കാട്ടുപക്ഷി (പെൺനിലാവ്-2-രാജി പ്രസാദ്)

നിനക്ക്, ഒന്നും പറയാനില്ലേ എന്നോട് ?
അവൾ നിശബ്ദയായിരുന്നു.
ചുണ്ടുകൾ ചേർത്തു പിടിച്ച്, മൗനത്തിന്റെ
വലയം ഭേദിക്കാതെ അവനൊപ്പം നടന്നു.

പലപ്പോഴും നടന്നു കയറിയ കുന്നാണ്.
സുപരിചിതമെങ്കിലും ചിലപ്പോഴൊക്കെ
ഈ ഇടുങ്ങിയ ഒറ്റയടിപ്പാത അപരിചിതനെപ്പോലെ പെരുമാറാറുണ്ട്.
പ്രത്യേകിച്ചും മഴ ഒട്ടൊന്ന് ശമിച്ചു നിൽക്കുന്ന  ദിവസങ്ങളിൽ .

പാറക്കെട്ടുകളുടെ വഴുക്കലിൽ സൂക്ഷിച്ചു നടക്കേണ്ടയിടം. അവളുടെ കാലൊന്നിടറിയപ്പോൾ അവൻ ചേർത്തു
പിടിച്ചു.    നീ വീഴരുത്. നാളെ പോകേണ്ടതല്ലേ..

അവന്റെ കൈകൾ മുറുകുന്നു എന്നു തോന്നിയ നിമിഷം മൗനത്തിന്റെ കുടമുടഞ്ഞു. ആ കൈച്ചൂടിനെ തട്ടിയകത്തി അവൾ  വേഗം നടന്ന് അവന്റെ മുന്നിലെത്തി.  

പിന്നെ അടുത്തുകണ്ട പാറയിൽ ചാഞ്ഞിരുന്നു. നമുക്ക് മടങ്ങാം ല്ലേ?
അവൾ അവളോടെന്നവണ്ണം പറഞ്ഞു.
ഇക്കുറി അവൻ മൂകനായി.
അവളോട്
പറയാനുള്ളതു മുഴുവൻ നെഞ്ചിലിരുന്ന്
പെരുമ്പറ കൊട്ടുകയാണ്. ബാക്കിയുള്ള
ഇത്തിരി പകലിൽ അവൾ കേൾക്കാൻ
മനസ്സു തുറക്കുമോ?

അവൾ ചുറ്റുമുള്ള മനോഹാരിതയിലേക്ക്
കണ്ണുനട്ടിരുന്നപ്പോൾ അവന്റെ കണ്ണുകൾ
അവളിൽ മാത്രമായിരുന്നു.
നാളെ അവൾ പോവുകയാണ്.

എന്തെല്ലാം  പറഞ്ഞു തീരാനുണ്ട്..
എന്തെല്ലാം പങ്കുവെയ്ക്കാനുണ്ട്?
ഈ കാട്ടിൽത്തന്നെ എത്രയിടങ്ങൾ
കണ്ടു തീരാനുണ്ട്..

അത്യഗാധമായ പ്രണയമാണ് നിന്നോട്
എന്നു പലവുരു മനസ്സിൽ പറഞ്ഞിട്ടുണ്ട്.
അപ്പോഴെല്ലാം ഒരധൈര്യത്തിന്റെ ശീതം
ഉടലിനെപ്പൊതിയും.
പിന്നെയാവാം എന്ന് സ്വയം മനസ്സിനെ
അനുനയിപ്പിക്കും.

അവൾ ഒരു കാട്ടുപക്ഷിയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.
അത്രയേറെ ചടുലവും മനോഹരവുമായ
ചലനങ്ങൾ.

അവൾ അടുത്തു കണ്ട ചെറിയ കല്ലെടുത്ത്
അവനെ ഉന്നംവെച്ചെറിഞ്ഞു.
നീ കുറെ നേരമായ് എന്നെ നോക്കിയിരിക്കുന്നു. ഞാൻ കണ്ടില്ലെന്നു
വിചാരിച്ചോ..

നിനക്ക് പോകാതിരുന്നൂടെ?   അവന്റെ
ശബ്ദത്തിൽ നിരാശപൊതിഞ്ഞിരുന്നു.

അവൾ  അവന്റെ കണ്ണുകളിലേക്കുറ്റു നോക്കി.
പിന്നെ പൊട്ടിച്ചിരിച്ചു.
എനിക്കറിയാം നീ ബാക്കി പറയാൻ
പോകുന്നത്. ഞാമ്പറയട്ടേ..

വേണ്ട. അവൻ അവളുടെ ചുണ്ടുകളെ
തടഞ്ഞുവെച്ചു.
അതെന്റെ മനസ്സിലിരുന്നോട്ടെ.
നിന്നോട് ഒരിക്കലും പറയാനാവാതെ
ഒരു വിങ്ങലായി എന്റെ നെഞ്ചിനകത്ത് ..

തിരിച്ച് കുന്നിറങ്ങിയപ്പോൾ കാട്ടു പക്ഷി
യുടെ ചടുലത എവിടെയോ നഷ്ടപ്പെട്ടതു
പോലെ. അവന്റെ കോർത്തു പിടിച്ച
കൈകളുടെ  ചൂടിൽ ഉള്ളം പൊള്ളുന്നതുപോലെ.

വീട്ടിലേക്ക് തിരിയുന്ന വഴിയിൽ അവന്റെ
കൈവെള്ളയിലെ ചൂട് സ്വന്തം കവിളുകളിലേക്ക്
ആവാഹിച്ചെടുത്ത്
അവൾ പറയാതൊളിപ്പിച്ച അനുരാഗ
ത്തിന്റെ നോവറിഞ്ഞു.

ഋതുക്കൾ പലത് കടന്നു പോയിരിക്കുന്നു.
കാലം അന്യമാക്കിയ ബന്ധങ്ങൾ.
മറ്റാരക്കൊയോ  പ്രിയതരമായി
ഹൃദയത്തോടും ഉടലിനോടും
ചേർന്നു പോയിരിക്കുന്നു, ഒരിക്കലും
വേർപെടുത്താനാവാത്ത വിധം .
എങ്കിലും ചാരം മൂടിയ കനലുകൾ ഇടയ്ക്കൊക്കെ ഉള്ളു പൊള്ളിക്കുന്നുണ്ട്... ഓർമ്മകളായ്.

അതുകൊണ്ടാണ് ഒരു യാത്ര
അവിടേയ്ക്കാക്കാൻ അവൾ തീരുമാനിച്ചത്.

.നരകയറിയ താടിയിൽ വിരലോടിച്ച്  അവൻ  അവളെത്തന്നെ നോക്കിയിരുന്നു.

എഴുതി മുഴുമിപ്പിക്കാനാവാത്ത പ്രണയകാവ്യം.

പാടിത്തീരാത്ത മോഹനഗാനം .

അവളുടെ ഭർത്താവ് ഫോണുമായ് മുറ്റത്തേ
യ്ക്കിറങ്ങി. അവന്റെ ഭാര്യ അതിഥികൾക്ക്
ചായയെടുക്കാൻ അടുക്കളയിലേക്കും.

അവൾ കുസൃതിച്ചിരിയോടെ അവനോടു
ചോദിച്ചു.. നിനക്കെന്തോ എന്നോട് പറയാനില്ലേ.. എന്ന്.

പഴയ കാട്ടു പക്ഷിയുടെ ചിറകടി അവൻ
കേട്ടു.  ഒരു  ചിരിയിൽ ഉത്തരം ഉടക്കി നിന്നു.

അല്ലങ്കിൽത്തന്നെ  പ്രണയം ഉദാത്തമാകുന്നത്  ഹൃദയത്താൽ താലോലിക്കപ്പെടുമ്പോഴാണല്ലോ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക