Image

'ശുഭാരംഭം' കേന്ദ്രമന്ത്രി വി .മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

Published on 16 October, 2020
'ശുഭാരംഭം' കേന്ദ്രമന്ത്രി വി .മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
ഫീനിക്‌സ്: സ്ഥാപകന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പിറന്നാള്‍ ദിനത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം. കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി .മുരളീധരന്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ വേദിയില്‍ത്തന്നെ സ്വാമി സത്യാനന്ദ സ്വാമിജിയുടെ പിറന്നാളും ആഘോഷിക്കാനായത് ഈശ്വരാനുഗ്രഹമാണെന്ന് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ ഹ്രസ്വ പ്രസംഗത്തില്‍ കെ എച്ച് എന്‍ എ പ്രസിഡണ്ട് സതീഷ് അമ്പാടി പറഞ്ഞു. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോ സതീഷ് അമ്പാടി എടുത്തുകാട്ടി. പ്രേരകവും പ്രയോജനകരവുമായ പ്രഭാഷണങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച പരിപാടിയോടെയുള്ള രജിസ്‌ട്രേഷന്‍ ശുഭാരംഭം ഉജ്വലമായി .

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ശിലാപൂജ, കേരളത്തിലെ ക്ഷേത്ര സ്വത്തുക്കള്‍ വില്‍ക്കാനും പാട്ടത്തിന് കൊടുക്കാനും കേരളാ സര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ അതിനെതിരേ പ്രക്ഷോഭം, 1921 ലെ മാപ്പിള ലഹളയില്‍ രക്തസാക്ഷികളാകേണ്ടിവന്ന അസംഖ്യം ഹിന്ദു സഹോദരീസഹോദരന്മാരുടെ സ്മരണയ്ക്കായി സമ്മേളനം ,ജടായുപ്പാറ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി നിധിശേഖരണം തുടങ്ങി ഹൈന്ദവാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മൂല്യങ്ങളുടെയും സംരക്ഷണത്തിനായി രംഗത്തുവന്ന ഡോ .സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള കെ എച്ച് എന്‍ എ ഭരണസമിതിയെ ആദരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു .

സനാതനധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിവരുന്ന ബഹുവിധ പരിപാടികളുടെ സമാപനം കുറിയ്ക്കുന്ന ഹൈന്ദവ കുടുംബാംഗങ്ങളുടെ ഒത്തുചേരലായ ഗ്ലോബല്‍ ഹിന്ദുസംഗമം മന്വന്തരങ്ങളുടെ മഹിമയുള്ള ഹിന്ദു ജീവിതരീതി നേരിട്ട് അനുഭവവേദ്യമാക്കുന്ന കൂടിച്ചേരലാണ് .വ്യത്യസ്തമായ കൂടിച്ചേരലില്‍ എല്ലാ ഹൈന്ദവ കുടുംബാംഗങ്ങളും സര്‍വ്വാത്മനാ പങ്കെടുക്കണമെന്ന് മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു .

മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്‍ സി .രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര മന്ത്രി വി .മുരളീധരന്‍ പ്രശസ്തിപത്രം സമ്മാനിച്ചു .വിഖ്യാത കഥകളി കലാകാരന്‍ കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിച്ച കഥകളിയും കലാമണ്ഡലം പ്രഷീജാ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടവും ചടങ്ങിന് സാസ്‌ക്കാരിക ശോഭയേകി.

ആദ്യദിനംതന്നെ നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു. അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനകളിലൊന്നായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ദ്വൈവര്‍ഷ കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷംമാണ്. രജിസ്‌ട്രേഷന് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍നിന്നും ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മനു നായര്‍ ( രജിസ്‌ട്രേഷന്‍ ചെയര്‍: +1 (480) 300 9189 ), സുജാതാ കുമാര്‍ (കോ ചെയര്‍: +1 (623 ) 606 5039 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റായ www.namaha.org ലും പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും പങ്കാളിത്തം ഉറപ്പാക്കാം
'ശുഭാരംഭം' കേന്ദ്രമന്ത്രി വി .മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക