Image

വയലറ്റ് പൂക്കൾ പൂക്കുന്ന കാട് (കഥ: പുഷ്പമ്മ ചാണ്ടി )

Published on 14 October, 2020
വയലറ്റ് പൂക്കൾ പൂക്കുന്ന കാട് (കഥ: പുഷ്പമ്മ ചാണ്ടി )
കാറ്റിൽ കർട്ടൻ മെല്ലെ ഇളകിയപ്പോൾ, അയാളുടെ മുഖത്ത് ഇരുളും വെട്ടവും മാറി മാറി വന്നുകൊണ്ടിരുന്നു.. തൊട്ടടുത്ത്, ആ ഇരുളിൽ കട്ടിലിൽ ഇരുന്നുകൊണ്ട്  അവൾ അയാളെത്തന്നെ നോക്കിയിരുന്നു.. വെട്ടിയൊതുക്കിയ താടിമീശയിലെ രണ്ടുമൂന്ന് വെള്ളിരോമങ്ങൾ, 
രണ്ടു ദിവസം മുൻപുവരെ അത് അയാളുടെ പൗരുഷത്തിനു ഭംഗി കൂട്ടുമെന്നു തോന്നിയിരുന്നു.. ഇന്ന് ആ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ അയാളെ എങ്ങനെ കൊല്ലണം എന്നാണവൾ ആലോചിച്ചത് . 
പല ചിന്തകളും മനസ്സിലേക്ക് കടന്നു വന്നു ...
അയാളെ ഇപ്പോൾത്തന്നെ കഴുത്തു ഞെരുക്കി കൊല്ലാനുള്ള അരിശം...
താൻ കൈകൾകൊണ്ടു ചുറ്റിപിടിച്ചിരുന്ന   ആ കഴുത്ത്.. ... 
വേണ്ട... ഇവനോടുള്ള  സ്നേഹം ഇനിയും തന്നിൽനിന്നു വിട്ടു പോയിട്ടില്ല ..
എത്ര പെട്ടന്നാണ് എല്ലാം മാറിമറിയുന്നത്..., 
അഞ്ചു വർഷത്തെ അസ്ഥിക്കു പിടിച്ച പ്രണയം, അതിനൊടുവിൽ കല്യാണം, കല്യാണം കഴിഞ്ഞിട്ടു രണ്ടുവർഷം മാത്രം.. 
തൻ്റെ മാതാപിതാക്കൾ തന്നെ അറിയുന്നതിലും കൂടുതൽ ഈ ഏഴു വർഷം കൊണ്ട് പരസ്പരം അറിഞ്ഞു എന്ന് തോന്നിയിരുന്നു.., 
ഒക്കെയൊരു  തോന്നൽ മാത്രം . അയാളിൽനിന്നു കേട്ട
ഒരൊറ്റ വാചകം കൊണ്ട് 
അയാളെനിക്ക് ആരുമല്ലാതായി...
അപ്പോൾ അത്രയ്ക്കേ ഉണ്ടായിരുന്നുള്ളൂ  ഞാൻ അയാളുടെ  മനസ്സിൽ. അല്ലെങ്കിൽ ഒരു പെണ്ണിനേപ്പറ്റി അങ്ങനെയൊക്കെ ചിന്തിക്കാനേ അയാൾക്കു കഴിയുകയുണ്ടാവൂ..

വയലറ്റ് പൂക്കൾ  മാത്രം പൂക്കുന്ന ഒരു കാട്ടിൽവെച്ച് 
ആ പൂക്കൾ വീണുകിടക്കുന്ന മെത്തയിൽ കിടത്തി തന്നെ മതിവരുവോളം  ചുംബിക്കണമെന്നും ആ ചുംബനങ്ങൾക്കൊടുവിൽ നീയും, ഞാനും  ഒരു പൂക്കാലമായി  മാറുമെന്നുമൊക്കെ   പറഞ്ഞവൻ, 
ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് പേരു മാറ്റിമാറ്റിയിട്ട്, ഒരുപാടു  കുഞ്ഞുങ്ങളെ പ്രസവിച്ചവൾ...
ഇപ്പോൾ താൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ....
" ഈ കുഞ്ഞ് എന്റേതു തന്നെയാണെന്ന് ഉറപ്പുണ്ടോ നിനക്ക് ? 
അതോ നിന്റെയാ ഗൈഡിന്റെയാണോ ?"
നടുറോഡിൽ ഉടുതുണി ഉരിഞ്ഞുപോയതുപോലെ തോന്നി .

തൻ്റെ Phd ഗൈഡ് കുറെ നാൾമുൻപേ താൻ ലാബിൽ ഒറ്റയ്ക്കായിരുന്ന സമയം പുറകിൽ വന്നു നിന്നു  തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും,
അയാൾ അപ്പോൾ കിതക്കുന്നുണ്ടായിരുന്നു വെന്നും അവനോട് പറഞ്ഞിരുന്നു. അപ്പോൾത്തന്നെ കൈവീശി അയാൾക്കിട്ടു ഒരെണ്ണം പൊട്ടിച്ചെന്നും, പിന്നീടയാൾ ക്ഷമ ചോദിച്ചെന്നും... 
അയാൾ കിതക്കുന്നുണ്ടായിരുന്നുവെന്ന പരാമർശം.. 
അവിടെയാണ് 
തെറ്റിപ്പോയത്...
പലവട്ടം അവനോടു പറഞ്ഞു , അയാൾ ഭയന്നുപോയതായിരിക്കണം എന്ന്. 
നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ ആരോട് പറയും  ഭർത്താവിനോടല്ലാതെ , ആര് നമ്മളെ ചേർത്ത് നിർത്തും ? 
"സാരമില്ല പോട്ടെയെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും .
 അന്ന് ഒരു കാര്യം മനസ്സിലായി , ചില കാര്യങ്ങൾ ഭർത്താവിനെന്നെല്ല ആർക്കും പിടികിട്ടില്ല .
" അതെങ്ങനെയാ ഇപ്പോഴും ഗൈഡിന്റെ കൂടെയല്ലെ സഹവാസം ? "
റിസേർച്ചും, മണ്ണാംകട്ടിയും , കുറെ കൊല്ലം ആയല്ലോ അതും പറഞ്ഞു ചുറ്റുന്നു "
നിനക്കായിരുന്നല്ലോ നിർബന്ധം ഞാൻ ഡോക്ടർ ടൈറ്റിൽ വാങ്ങണമെന്ന് , നിന്റെ മെഡിക്കൽ ഡോക്ടേഴ്സ് മാതാപിതാക്കളുടെ മുൻപിൽ എന്നെ കൊണ്ടു നിർത്താൻ "

റിസർച്ച് അവസാനിപ്പിക്കാൻ പോലും താൻ തയ്യാറായിരുന്നു.. അവസാനത്തെ ഘട്ടമല്ലെ , തീർക്കൂ  എന്ന് പറഞ്ഞതും നീ തന്നെ, 
അയാളെ വഴിക്കു പിടിച്ചു നിർത്തി ഭീക്ഷണിപ്പെടുത്തി ,  ഭാര്യയോട് ഇത് പറയുമെന്ന് പറഞ്ഞപ്പോൾ തൻ്റെ തെറ്റ് സമ്മതിച്ച്  അയാൾ പലവട്ടം ക്ഷമയും പറഞ്ഞു .
ആ സംഭവത്തെപ്പറ്റി ഒരക്ഷരം പിന്നെ ഇരുവരും  സംസാരിച്ചിട്ടില്ല... എന്നിട്ടും ...
ജീവിതത്തിലെ ഇത്രയും സന്തോഷമുള്ള  ഒരു കാര്യം അവന്റെ കാതിൽ മന്ത്രിച്ചപ്പോൾ ...

സത്യത്തിൽ മനുഷ്യർക്ക്‌ 
നിന്നെ "ഞാൻ സ്നേഹിക്കുന്നു എന്നൊക്കെ പറയാൻ 
നല്ല എളുപ്പമാണ് ..പക്ഷെ  വിശ്വസിച്ചു സ്നേഹിക്കാൻ  എത്ര പ്രയാസം.!

ഇനി ഒന്നിച്ചു പോകുമോ ? 
അറിയില്ല, ഉറക്കത്തിൽ നിന്നും ഇവനുണർന്നാൽ... യാത്ര പറയാൻ പറ്റില്ല കരഞ്ഞു പോകും,...
രാവിലെ എഴുന്നേൽക്കുമ്പോൾ അറിഞ്ഞാൽ മതി .
ആവശ്യമുള്ള സാധനങ്ങളും, തൻ്റെ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും അവളെടുത്തു, 
ഹൃദയത്തിനേറ്റ പ്രഹരം ...
സത്യത്തിൽ നമുക്ക് ആരും ഇല്ല എന്നു തോന്നുമ്പോഴാണ് നമ്മൾ ജനിക്കുന്നത് ... താനിപ്പോൾ ജനിച്ചു...  തനിക്കു  ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടിയാവാം ഈ പുതിയ ജന്മം.. എത്രയോ കുട്ടികൾ അച്ഛൻ ആരെന്നറിയാതെ പിറക്കുന്നു .
അങ്ങനെ ഒരു കുഞ്ഞു കൂടി ഈ ലോകത്തു പിറക്കട്ടെ ..
പെട്ടിയും തൂക്കി പുറത്തക്കു കടക്കുമ്പോൾ അവൾക്കു തിരിഞ്ഞു നോക്കാതിരിക്കാനായില്ല...അവനെ ചുംബിച്ചിരുന്ന അവളുടെ ചുണ്ടുകൾ അപ്പോൾ വിതുമ്പുന്നുണ്ടായിരുന്നു ..പക്ഷെ കണ്ണുകളിൽ നിന്നും അപ്പോൾ വന്നത് കണ്ണുനീരല്ലായിരുന്നു .. 

മനുഷ്യർ വേദനിച്ച് ഇല്ലാതാകുമ്പോൾ കൺപീലിയിൽ ഒട്ടിയിരിക്കുന്നതു നീർമണികളല്ല; രക്തക്കറയാണ്.
Join WhatsApp News
Sujatha 2020-10-14 10:26:23
Karanjuvilikkathe shakthamaya oru sthree kathapatram.. kudos to you push for giving us another gem of a story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക