-->

kazhchapadu

പ്രിയങ്കയും രാഹുലും: സഹോദരങ്ങളുടെ സാമൂഹിക ഇടപെടല്‍ (ജെയിംസ് കൂടല്‍)

Published

on

പ്രിയങ്കയും രാഹുലും എന്ന സഹോദരങ്ങള്‍ ഇന്ന് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിടയില്‍ കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദര്‍ശിക്കാനുള്ള ഇരുവരുടെയും ശ്രമം വലിയ വിവാദമായി. രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര തടഞ്ഞ പോലീസിന് ഒടുവില്‍ ജനങ്ങളുടെ സമ്മര്‍ദ്ദത്തെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് അനുമതി നല്‍കേണ്ടി വന്നു. അതിദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ പ്രിയങ്കയും രാഹുലും എത്തിയതോടെ പൊട്ടിക്കരഞ്ഞ യുവതിയുടെ അമ്മയെ പ്രിയങ്ക കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. നീതി നടപ്പാകും വരെ കൂടെയുണ്ടാകുമെന്ന് രാഹുലും പ്രിയങ്കയും കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തു.

യുവതിയുടെ വീട്ടിലേയ്ക്ക് മാധ്യമ പ്രവര്‍ത്തകരെ പോലും കടത്തിവിടാതിരുന്ന പോലീസ് നടപടി അപലപിക്കപ്പെടുകയും ചെയ്തു. വീട്ടുകാരുടെ ശബ്ദം പുറംലോകം അറിയാതിരിക്കാനുള്ള ബോധപൂര്‍വ്വമായ നടപടിയായിരുന്നു ഇത്. എന്നാല്‍ ഒരു ശക്തിക്കും ഈ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നാം തീയതി മുപ്പതോളം എം.പിമാരുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഡല്‍ഹി അതിര്‍ത്തിയില്‍ രണ്ടാമതും എത്തിയ രാഹുലിനെയും പ്രിയങ്കയെയും ഉത്തര്‍പ്രദേശ് പോലീസ് തടയുകയായിരുന്നു. എന്നാല്‍ സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ അഞ്ചു പേര്‍ക്ക് യാത്രാനുമതി നല്‍കി. കെ.സി വേണുഗോപാല്‍, അഥീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്നിക് എന്നിവരാണ് പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം ഉണ്ടായിരുന്നത്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ ക്രൂരമാണ് പടിഞ്ഞാറന്‍ യു.പിയിലെ ഹതാസില്‍ നടന്ന പീഡനം. വീട്ടിലെ കാലികള്‍ക്ക് പുല്ലരിയാന്‍ പോയ ദളിത് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുക മാത്രമല്ല, അവളുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. സംഭവം പുറത്തുപറയാതിരിക്കാനായിരിക്കും ഈ നിഷഠൂര കൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്. രണ്ടാഴ്ചത്തെ ചികിത്സക്കൊടുവില്‍ ആ ഹതഭാഗ്യ മരിക്കുകയും കേസ് തേച്ചുമായ്ച്ചു കളയുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പോലീസിന്റെ കാര്‍മികത്വത്തില്‍ മൃതദേഹം പൊടുന്നനെ സംസ്‌കരിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ടും കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിനെതിരെയും യു.പിയിലും തലസ്ഥാന നഗരിയായ ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രൂക്ഷമായ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

എന്താണ് ഹാത്രാസില്‍ സംഭവിച്ചതെന്ന് അക്കമിട്ട് നിരത്താം...ജില്ലാ അതിര്‍ത്തികള്‍ പോലീസ് അടച്ചു. ബോല്‍ഗഡി ഗ്രാമത്തിന്റെ രണ്ടു കിലോമീറ്റര്‍ ഇപ്പുറം ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം തടഞ്ഞു. യുവതിയുടെ വീട്ടിലേക്കെത്താന്‍ കഴിയുന്ന വയലുകളിലും മണ്‍പാതകളിലുമെല്ലാം പോലീസിനെ കാവല്‍ നിര്‍ത്തി. യുവതിയുടെ വീടിന് കനത്ത കാവല്‍. ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവെച്ചു. ശൗചാലയത്തിനു പുറത്തുപോലും പോലീസിനെ നിര്‍ത്തിയെന്ന് പരാതി ഉയര്‍ന്നു.

മാധ്യമങ്ങളോടു സംസാരിക്കാന്‍ അനന്തരവനെ പറഞ്ഞയച്ചയാളെ ജില്ലാ മജിസ്ട്രേറ്റ് മര്‍ദിച്ചു. ഇയാള്‍ ബോധരഹിതനായി. കുടുംബാംഗങ്ങള്‍ക്ക് പോലീസുകാരുടെ ഭീഷണി. മാധ്യമങ്ങളെ വിലക്കിയത് എസ്.ഐ.ടി. അന്വേഷണം നടക്കുന്നുവെന്ന പേരില്‍. കോവിഡ് സാധ്യതയുണ്ടെന്നും അധികൃതരുടെ ന്യായീകരണം. ഇതിനൊന്നും ഔദ്യോഗിക വിശദീകരണങ്ങളില്ല. യുവതിയുടെ വീടിനടുത്തെത്താന്‍ സമ്മതിക്കാതെ പോലീസ് മാധ്യമങ്ങളെ വിലക്കുന്നത് ഏതാനും ചാനലുകള്‍ പുറത്തുവിട്ടു.

എന്നാല്‍ പ്രതിഷേധം അലയടിത്ത രണ്ടു ദിവസത്തിനുശേഷം മാധ്യമങ്ങള്‍ക്കായി യു.പി സര്‍ക്കാരിന് ഹത്രാസിലേക്കുള്ള വഴി തുറന്നുകൊടുക്കേണ്ടി വന്നു. ആയിരത്തിലേറെ പോലീസുകാരാല്‍ ബന്ദിയാക്കപ്പെട്ട നിലയിലായിരുന്നു കൂട്ടബലാത്സംഗത്തിനിരയായി ഇരുപതുകാരി കൊല്ലപ്പെട്ട ബോല്‍ഗഡി ഗ്രാമം. അവിടെ ഈ മാസം 31 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളെപ്പോലും പ്രവേശിപ്പിക്കാതെ ബലാത്സംഗക്കൊലയിലെ സത്യം മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനു നേരെയുള്ള വിമര്‍ശനം.

സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെ രണ്ടരയ്ക്ക് യുവതിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ പോലീസ് സംസ്‌കരിച്ചതായിരുന്നു ദുരൂഹതയുടെ തുടക്കം. ദേശീയ വനിതാ കമ്മീഷനുള്‍പ്പെടെ വിശദീകരണം തേടി. തുടര്‍ന്ന്, ഹത്രാസ് എസ്.പി വിക്രാന്ത് വീറിനെയും അഞ്ചു പോലീസുകാരെയും യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. എസ്.പിക്കും ഡി.എസ്.പിക്കും നുണപരിശോധന നടത്താനും ഉത്തരവിട്ടു.

ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതിനു പിന്നില്‍ ജാതിവെറിയാണെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. ഗ്രാമത്തിലെ അറുനൂറോളം കുടുംബങ്ങളില്‍ ഈ യുവതിയുടേതടക്കം 15 ദളിത് വീടുകളേയുള്ളു. ബാക്കിയെല്ലാം ഠാക്കൂര്‍-ബ്രാഹ്മണ വിഭാഗക്കാരുടേതാണ്. ഠാക്കൂര്‍ ഗ്രാമത്തില്‍ ജനിച്ചതാണ് മകളുടെ ഭാഗ്യക്കേടെന്ന് അമ്മയും, ഇനിയും അക്രമമുണ്ടാവുമെന്നതിനാല്‍ താമസം മാറുകയാണെന്ന് സഹോദരനും പ്രതികരിച്ചത് ജാതിവിവേചനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

എന്നാല്‍, ബലാത്സംഗം നടന്നിട്ടില്ലെന്നും ജാതിസ്പര്‍ധ വളര്‍ത്താന്‍ വിഷയം വഴിതിരിച്ചുവിട്ടെന്നുമാണ് എ.ഡി.ജി.പി പ്രശാന്ത് കുമാറിന്റെ പ്രതികരണം. ഠാക്കൂര്‍ വിഭാഗക്കാരനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഠാക്കൂര്‍മാര്‍ കുറ്റാരോപിതരായ സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ കാണാന്‍ മാധ്യമങ്ങളെയും പ്രതിപക്ഷനേതാക്കളെയും അനുവദിക്കാത്തതാണ് സര്‍ക്കാരിനു നേരെ ചോദ്യങ്ങളുയര്‍ത്തുന്നത്.

അതേസമയം രാഹുലിന്റെയും പ്രിയങ്കയുടെയും സജീവ സാന്നിദ്ധ്യം യു.പിയില്‍ കോണ്‍ഗ്രസിന് ഉണര്‍വ്വേകിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കും ബി.എസ്.പിക്കും എസ്.പിക്കും പിന്നിലായിപ്പോയ കോണ്‍ഗ്രസിന് ജീവവായുവായിരിക്കുകയാണ് ഹത്രാസ് സംഭവം. ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പോലീസ് ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ കൃത്യമായ ഇടപെടലുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ബി.ജെ.പിയുടെ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന യു.പിയില്‍ ദളിത് പാര്‍ട്ടിയായ ബി.എസ്.പിയും യാദവ പാര്‍ട്ടിയായ എസ്.പിയും ശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട വേളയിലാണ് രാഹുലും പ്രിയങ്കയും മുന്നണിപ്പോരാളികളായിരിക്കുന്നത്.

രാഹുലിനെയും പ്രിയങ്കയെയും ഹത്രാസിലേക്ക് പോകുന്നതില്‍ നിന്ന് പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്തതോടെ സംഭവം കൂടുതല്‍ രാജ്യശ്രദ്ധ നേടി. ശനിയാഴ്ച രണ്ടാമതും ഇരുവരെയും തടഞ്ഞതോടെ സംഭവം രാഷ്ട്രീയനഷ്ടത്തിലേക്കാണ് പോകുന്നതെന്ന് ബി.ജെ.പിയും തിരിച്ചറിഞ്ഞു. ഉടന്‍ നിലപാട് മാറ്റിയതിനു പിന്നിലെ കാരണവും ഇതുതന്നെ. പ്രതികരണത്തില്‍ മന്ദഗതിയിലായിരുന്ന ബി.എസ്.പി പ്രതിഷേധവുമായി രംഗത്തെത്തിയതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. 25 ശതമാനത്തോളം ദളിതരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വി.പി. സിങ്ങിന്റെ മണ്ഡല്‍ കമ്മീഷന്‍ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ കമണ്ഡല്‍ രാഷ്ട്രീയത്തിനും ശേഷം സംസ്ഥാനത്ത് അടിത്തറ നഷ്ടമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി യു.പിയില്‍ പാര്‍ട്ടി വളര്‍ത്താനിറങ്ങിയ പ്രിയങ്കയ്ക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.

പൗരത്വ നിയമ വിരുദ്ധപ്രക്ഷോഭങ്ങളും യോഗി വിരുദ്ധനായ ഡോ. കഫീല്‍ ഖാന്‍ പ്രശ്നവുമൊക്കെ സ്ഥിരം വോട്ടുബാങ്കായ മുസ്ലിങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നല്ലാതെ അടിത്തറ വിപുലമാക്കാന്‍ ഉപകരിച്ചില്ല. മാത്രവുമല്ല, മുസ്ലീം വോട്ടുപോലും കോണ്‍ഗ്രസിനും ബി.എസ്.പിക്കും എസ്.പിക്കുമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഇവിടെയാണ് ദളിത് വോട്ടുകളുടെ പ്രസക്തി. കോണ്‍ഗ്രസിന് മുന്നേറണമെങ്കില്‍ ബി.ജെ.ബി ക്ഷയിക്കുന്നതിനപ്പുറം ബി.എസ്.പിയുടെയും എസ്.പിയുടെയും കൂടെപ്പോയ തങ്ങളുടെ പഴയ വോട്ടുബാങ്ക് തിരിച്ചുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിലമൊരുക്കലായി ഹത്രാസ് സംഭവം ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More