-->

kazhchapadu

കേൾക്കൂകേൾക്കൂ കൂട്ടുകൂടാം--കമ്മ്യൂണിറ്റി റേഡിയോകൾ അരങ്ങുണർത്തുന്നു (കുര്യൻ പാമ്പാടി)

Published

on

കേട്ടു കേട്ടുകൂട്ടുകൂടാം- കേഴ്‌വിക്കാരെ കയ്യിലെടുക്കുന്ന ചങ്ങനാശേരിയിലെ റേഡിയോ ജോക്കി അലീഷ

നൂറ്റിമുപ്പത്തെട്ടു കോടി ജനം, 32 ലക്ഷം ച.കി.മീ. വിസ്തൃതി,   23 അംഗീകൃത ഭാഷകൾ, 1652 മാതൃഭാഷകൾ  ഇങ്ങിനെയൊരു ഇന്ത്യയിൽ കമ്മ്യൂണിറ്റി റേഡിയോകൾ 251. ഏറ്റവും കൂടുതൽ തമിഴ് നാട്ടിൽ--34, നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ 15 മാത്രം. അവയിൽ  സജീവം എട്ടോ പത്തോ.

റേഡിയോ പ്രചുരപ്രചാരത്തിലായ അമേരിക്കയിൽ 15,330 സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. മുന്നൂറെണ്ണം കമ്മ്യൂണിറ്റി സ്റേഷനുകളാണ്. അവിടത്തെ നാഷനൽ ഫെഡറേഷൻ ഓഫ് കമ്മ്യൂണിറ്റി ബ്രോഡ്‌കാസ്റ്റേഴ്‌സ് പ്രബലമായ സംഘടനയാണ്. റേഡിയോമലയാളംയുഎസ്എയും സജീവമായി രംഗത്തുണ്ട്.

ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഉദ്ഘാടനം ചെയ്ത റേഡിയോ മലയാളം യുഎസ്എ കലയും സംഗീതവും പ്രഭാഷണവും ഇന്ററാക്ടീവ് പരിപാടികളും കൊണ്ട് വടക്കേ അമേരിക്കയിലെ മലയാളികളെ ഒന്നിച്ച് കൊണ്ടുവരാൻ കഴിഞ്ഞ ഒരു ശക്തിയാണ്. ഒന്നര ഡസനോളം റേഡിയോ ജോക്കിമാരുണ്ട്. ന്യുസും പരസ്യവും പ്രക്ഷേപണം ചെയ്യുന്നു, എസ്പി ബാലസുബ്രമണ്യത്തിനു നൽകിയ സംഗീത ശ്രദ്ധാഞ്ജലിയാണ് കാലിക പ്രധാനമായ ഒടുവിലത്തെ പരിപാടി. .    

ആകാശവാണി സ്വന്തം തട്ടകത്തിൽ അമർത്തി വച്ചിരുന്ന "എയർ വേവ്സ്പൊതുസ്വത്ത്" ആണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച 1995 ലാണ് ഇന്ത്യയിൽ റേഡിയോ സംബന്ധിച്ച ഒരു മാറ്റം കണ്ടു തുടങ്ങിയത്. എഫ് എം റേഡിയോകൾ വന്നു. സ്വകാര്ര്യ മേഖലയിലും കൊമേഴ്‌സ്യൽ എഫ്എം സ്റ്റേഷനുകൾ ആവാമെന്നായി. കമ്മ്യൂണിറ്റി റേഡിയോ എന്ന ആശയം പിന്നാലെ എത്തി.

പത്തുവർഷത്തിനുള്ളിൽ നാലായിരം കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷനുകൾ ഇന്ത്യയിൽ ഉണ്ടാകുമെന്നു 2007ൽ  പ്രവചിച്ച കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിക്കാമായിരുന്നു എന്തു പറ്റി? നേപ്പാളിൽ പോലും 260 എണ്ണമുണ്ട്.

ഇന്ത്യയിൽ എൻജിഒ വക ആദ്യത്തെ കമ്മ്യുണിറ്റി റേഡിയോ തുടങ്ങുന്നത് 2008 ഒക്ടോബർ 15 നു ആധ്രാപ്രദേശിൽ മേഡക് ജില്ലയിലെ പസ്താപ്പൂർ ഗ്രാമത്തിലാണ്.ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി വക. പേര് റേഡിയോ സംഘം. യുനസ്കോയിൽ നിന്ന് അവർക്കു സഹായവും പരിശീലനവും ലഭിച്ചു.

ബ്രോഡ് കാസ്റ്റിംഗ് സാമഗ്രികളുടെ വിലയും ലൈസൻസിങ് ഫീസും  ഉൾപ്പെടെ കുറഞ്ഞത് 20 ലക്ഷം രൂപ വരും ഒരു സ്റ്റേഷൻ തുടങ്ങാൻ എന്ന് 'ക്രാ' എന്ന കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷന്റെ  കേരളസംസ്ഥാന ജനറൽ  സെക്രട്ടറി ആയിരുന്ന  പി സജികുമാർ പറയുന്നു. ഓഫീസ് സംവിധാനത്തിനു പുറമെയാണിത്. റേഡിയോ ജോക്കികൾ എന്ന  വിളിക്കുന്ന ഓപറേറ്റർമാരും എൻജിനീയറും വേണം. ശമ്പളം കൊടുക്കണം.

ഇക്കാരണങ്ങളാൽ  ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻജിഒകളും ആണ് കേരളത്തിൽ കമ്മ്യൂണിറ്റി റേഡിയോ ലൈസൻസിനായി ഒരുങ്ങിയിറങ്ങിയത്. ആദ്യം പ്രവർത്തന മേഖലയിലെ സമൂഹത്തിനു പ്രയോജനകരമായ പരിപാടികൾ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ എന്നായിരുന്നു നിഷ്കർഷ, ആകാശവാണിയുടെ ന്യൂസ് തത്സമയം റിലേ ചെയ്യാം.

അതിലൊക്കെ ഇപ്പോൾ  അയവു വന്നിട്ടുണ്ട്. കേരളത്തിലൂടെ പല സ്റ്റേഷനുകളും എഐആർ ന്യൂസ് ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്യുന്നു. സിനിമാ ഗാനങ്ങൾ ധാരാളമായി  കേൾപ്പിക്കും. ഇടയ്ക്കിടെ ലഘു നാടകങ്ങളും അഭിമുഖങ്ങളും പ്രഭാഷണങ്ങളും ഉൾക്കൊള്ളിക്കുന്നു.

പരസ്യങ്ങൾ ആണല്ലോ ഏതൊരു റേഡിയോ സ്റേഷന്റെയും പ്രധാന വരുമാന മാർഗം. കേരളത്തിൽ വിജയകരമായി പ്രവർത്തിക്കുന്ന പല കമ്മ്യൂണിറ്റി സ്റ്റേഷനുകളും പ്രാദേശിക ബിസിനസ് സ്ഥാപന
ങ്ങളുടെ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്തു വരുമാനം ഉണ്ടാക്കുന്നുണ്ട്. പ്രൈവറ്റ് കൊമേഴ്സിയൽ സ്റ്റേഷനുകളുടെ അത്ര മുന്നോട്ടു പോയിട്ടില്ലെന്ന് മാത്രം.

കേരളത്തിൽ സജീവമായ കമ്മ്യൂണിറ്റി സ്റ്റേഷനുകളുടെ ഒരു അവലോകനം തെക്കേ അറ്റത്തുള്ള ഡിസി റേഡിയോയിൽ നിന്ന് തുടങ്ങാം.

കേരളത്തിലെ ആദ്യത്തേ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആണ് 2005ൽ ആരംഭം കുറിച്ച ഡിസി റേഡിയോ. കഴക്കൂട്ടത്തെ  കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ  ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയുടെഎംബിഎ (ബ്രോഡ്‌കാസ്റ്റിംഗ്)‌ വിദ്യാർത്ഥികളാണ് ജോക്കികൾ. ആകാശവാണിയിൽ വാർത്താ അവതാരകൻ ആയിരുന്ന  സജികുമാർ  പോത്തൻകോട് സ്റ്റേഷൻ ഹെഡ്..

സജിക്ക് രണ്ടു മാസ്റ്റേഴ്സ് ഉണ്ട്--കൊമേഴ്സിലും ജേർണലിസത്തിലും. പല റേഡിയോ പരിപാടികൾക്കും അവാർഡുകൾ നേടി. ഒന്ന് 'കണ്ണേ മടങ്ങുക.' ഡിസി റേഡിയോയുടെ  കാമ്പസ് ചാറ്റ്, 'കടലിനക്കരെ പോണോരെ',  ദിൽസേ തുടങ്ങിയവ ശ്രദ്ധേയം. . കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ' കാൾ ഫ്രം യുകെ' എന്ന ലഘു നാടകവും ശ്രോതാക്കളെ പിടിച്ചിരുത്തി.  രചന ഡോ. വി. ഗിരീഷ്‌കുമാർ, സംവിധാനം സജികുമാർ.

കൊല്ലം ബെൻസീഗർ ഹോസ്പിറ്റൽ വക റേഡിയോ ബെൻസീഗർ കടലോര വാസികളുടെ പ്രശ്നങ്ങൾ ഉയർത്തി പരിഹാരം തേടുന്നു. ആലപ്പുഴയിലെ കോസ്റ്റൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ റേഡിയോ നെയ്തലും അങ്ങിനെ തന്നെ. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഗീത, പ്രഭാഷണ പരിപാടികളും അഭിമുഖങ്ങളും അവർക്കും കാതൽ.

റേഡിയോ ബെൻസിഗർ നാല് ദേശിയ റേഡിയോ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ന്യൂഡൽഹിയിൽ 2012ൽ നടന്ന രണ്ടാം റേഡിയോ സമ്മേളനത്തിൽ ലഭിച്ച സുകൃതം എന്ന മികച്ച  കമ്മ്യൂണിറ്റി പ്രോജക്റ്റിനുള്ള പുരസ്കാരത്തോടെയാണ് തുടക്കം. സ്റ്റേഷൻ ഡയറക്ടർ ഫാ. ഫെർഡിനാൻഡ് പീറ്റർ മന്ത്രി അരുൺ ജെയ്റ്റ്ലിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു. കാതോട് കാതോരം എന്ന പ്രതിദിന ഫോൺ ഇൻ പരിപാടി ഏറെ ആകർഷകം. മൽസ്യ ബന്ധകർക്കുള്ള കാലാവസ്ഥാ പ്രവചനം എന്നുമുണ്ട്.  

കടലോരം എന്നാണ് നെയ്തൽ എന്ന സംഘകാല പദത്തിന്റെ അർത്ഥം.  കടലിനോടും കാറ്റോടുംപോരാടി അതിജീവനം നടത്തുന്ന  ആലപ്പുഴയിലെ തീരവാസികളാണ് അതിന്റെ ശക്തി. ശബ്ദമില്ലാത്തവരുടെ ശബ്ദം. പരിസ്ഥിതി പ്രവർത്തനം മുഖമുദ്ര.  നാട്ടുകാരനായ തുമ്പോളിയിലെ ഡോ.നിർമ്മൽ ഔസേപ്പച്ചൻ ഐഎഎസുമായുള്ള റേഡിയോയുടെ ഒരു അഭിമുഖം പണ്ടേ നെറ്റിൽ കണ്ടതാണ് ഞാൻ. അഭിമുഖം നടത്തിയത് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരി.

പഞ്ചാബിലെ പാടിയാലയിൽ അസിസ്റ്റന്റ് കളക്ടർ ആണ് നിർമൽ. ഔസേപ്പച്ചനും ഭാര്യ ഡോ. വിനീ തയും തുമ്പോളിയിൽ 22 വർഷമായി ക്രൈസ്റ്റ് കോളജ് എന്ന പ്രോഫഷണൽ കോച്ചിങ് സെന്റർ നടത്തുന്നു. മകൾ നിവേദ്യ  മെഡിസിൻ വിദ്യാർത്ഥിനി.  

പത്തനംതിട്ട ജില്ലയിലെ പ്രബല കമ്യുണിറ്റി സ്റേഷനാണ് തിരുവല്ല മാക്ഫാസ്റ് റേഡിയോ. മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ല എന്നതിന്റെ ചുരുക്കപ്പേരാണ് മാക്ഫാസ്റ്. ഗ്രീറ്റിംഗ് കാർഡ്, ജനഹിതം,  കോക്ടെയിൽ,  രസഗുളിക, ടൈംപാസ് തുടങ്ങിയ ആകർഷകമായ പരിപാടികൾ. റവ. ഡോ. ചെറിയാൻ ജെ കോട്ടയിൽ ആണ് ചെയർമാൻ. ഫാ. ചാക്കോ  മേലേടത്ത് ഡയറക്ടർ.
.
ദി ഹിന്ദുവിന്റെ പത്തനംതിട്ട സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയി മൂന്നു പതിറ്റാണ്ടു സേവനം ചെയ്ത രാധാകൃഷ്ണൻ കുറ്റൂർ ആണ്  മാക്ഫാസ്റ് റേഡിയോയോയുടെ സ്റ്റേഷൻ ഡയക്ടർ. കൊറോണക്കാല
ത്തെ വിശകലനം ചെയ്യുന്ന അഭിമുഖങ്ങളുമായി അദ്ദേഹത്തിന്റെ 'മെഡിടോക്' നല്ല തുടക്കം കുറിച്ചു. പുരസ്കാരജേതാവ് സുമേഷ് ചുങ്കപ്പാറയാണ് പ്രോഗ്രാം ഹെഡ്.

ചങ്ങനാശ്ശേരി  സെന്റ്  ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ വില്ലേജിന്റെ ആഭിമുഖ്യത്തിലാണ് റേഡിയോ മീഡിയ വില്ലേജ്. കോട്ടയം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ട് മേധാവിയായി റിട്ട. ചെയ്ത ജോൺ ശങ്കരമംഗലം ആയിരുന്നു കോളജിന്റെ പ്രഥമ അക്കാദമിക് ചെയർമാൻ. ഫാ.സെബാസ്റ്റിയൻ പുന്നശ്ശേരി സ്റ്റേഷൻ ഡയറക്ടർ.

എല്ലാറ്റിനും ഒരു പ്രൊഫഷണൽ ടച് ഉണ്ട്. ഏഴു ദേശീയ പുരസ്‌കാരങ്ങൾ നേടി. പുലർകാല കിരണങ്ങൾ, നാട്ടുവർത്തമാനം, കണ്ണാടിക്കാഴ്ച, കളിച്ചിരി നേരം, പെൺപെരുമ, കർഷക രംഗം, ഓർമയിൽ ഉണരൂ, തണൽ തുടങ്ങിയ ഭാവന പൂർണമായ പരിപാടികൾ. ഡയറക്ടർ പുന്നശേരി നേതൃത്വം നൽകുന്ന സുകൃതം പരിപാടി ഒരുക്കൂട്ടിയ ജനപങ്കാളിത്തം വിസ്മയിപ്പിക്കും. നൂറിലേ
റെപ്പേർക്ക് അവയവ ശസ്ത്രക്രിയ നടത്താൻ വഴിയൊരുക്കി.  പ്രാദേശിക പരസ്യങ്ങൾ ധാരാളമുണ്ട്. കെ. വിപിൻരാജ് ആണ് പ്രോഗ്രാം ഹെഡ്.

കുട്ടനാട്ടിൽ വെളിയനാട് ബ്ലോക്കിൽ ഒറ്റപെട്ടു കിടക്കുന്ന പുലിമുഖം എന്ന ഗ്രാമം ഏറ്റെടുത്ത് റേഡിയോ ഗ്രാമമായിമാറ്റിയതാണ് റേഡിയോ മീഡിയ വില്ലേജിന്റെ ശ്രദ്ധധേയമായ നേട്ടം. ഗ്രാമത്തിലെ 80 വീടുകൾക്കും റേഡിയോ  സമ്മാനിച്ചു. മെഡിക്കൽ കാമ്പുകൾ,  വായനശാല, കുടിവെള്ളം, റോഡ് സൗകര്യം തുടങ്ങിയവക്ക് വഴിയൊരുക്കി. 2018ലെ പ്രളയ കാലത്തും ഇടപെടാൻ കഴിഞ്ഞു.      

പത്രങ്ങളുടെ ഫ്‌ളീറ്റ്സ്ട്രീറ്റ് ആയ കോട്ടയത്തെ മംഗളം ഗ്രൂപ്പിന്റെ ഏറ്റുമാനൂർ മലമുകളിലുള്ള എൻജിനീയറിങ് കോളേജിൽ നിന്നാണ് റേഡിയോ മംഗളം പ്രക്ഷേപണം നടത്തുന്നത്. കോട്ടയം ജില്ലക്ക് പുറമെ ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളിലും പരിപാടികൾ കേൾക്കാമെന്നു പ്രോഗ്രാം കോഓർഡിനേറ്റർ സി. പ്രദീപ് പറയുന്നു.

പ്രളയകാലത്ത് കമ്മ്യൂണിക്കേഷൻ മാർഗങ്ങൾ അടഞ്ഞിരുന്നതിനാൽ  ആവിടവ് നികത്താൻ റേഡിയോ മംഗളത്തിന് കഴിഞ്ഞുവെന്ന് പ്രദീപ് അറിയിച്ചു. സ്ഥിരമായി നാലു ആർജെകൾ ഉണ്ട് --സിന്ധു വിജയൻ, ജ്യോതിലക്ഷ്മി, സുപർണ, അരവിന്ദൻ.

പാലക്കാട്ടെ അഹല്യ മെഡിക്കൽ കാമ്പസിൽ നിന്നുള്ള അഹല്യ വോയിസ്എഫ്എം പ്രൊഫഷണൽ രീതിയിൽ  വളരെ മുന്നോട്ടു പോയിട്ടുള്ള സ്ഥാപനം ആണ്. നാട്ടു വാർത്തയും ലോക്കൽ പരസ്യവും ജനപ്രിയ സിനിമാ  ഗാനങ്ങളും ഇന്ററാക്ടിവ് പരിപാടികളും ഇടകലർത്തിയ പ്രക്ഷേപണം. അരുണോദയം ചങ്ങാതിപ്പൂച്ച, ആയുർദളം, എഴുത്തോല, ഹരിതഭൂമി, എന്റെ യാത്ര, പാലക്കാട് ജംഗ്ഷൻ തുടങ്ങിയ പരിപാടികൾ.

"കേൾക്കൂ, കേൾക്കൂ, കേട്ടുകേട്ട് കൂട്ടു കൂടാം' എന്നാണ് സിഗ്നേച്ചർ ഗാനം. കരിമ്പനയുടെ നാട്ടിൽ യുവജനോത്സവമോഫുട്‍ബോളോ രഥോത്സവമോ എന്ത് നടന്നാലും റേഡിയോ അഹല്യ അവിടുണ്ടാകും. ലിജോ മത്തായി, സുനിൽ എന്നിവരാണ് പരക്കെ അറിയപ്പെടുന്ന റേഡിയോ ജോക്കികൾ. കോളേജിലെ വിദ്യാർത്ഥികൾ ജോക്കികളായി വരുന്നു. അഞ്ജലി, ലക്ഷ്മി, ജിത്തുതുടങ്ങിയവരെ ശബ്ദം കൊണ്ട് പാലക്കാട്ടുകാർക്കറിയാം.

വയനാട്ടിൽ മാനന്തവാടിക്കടുത്ത് ദ്വാരകയിൽ സീറോ മലബാർ രൂപത നേതൃത്വം  നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ മാറ്റൊലി, കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള കർഷകർക്കും വയനാട്ടിൽ ഏറെയുള്ള ആദിവാസികൾക്കും സേവനം ചെയ്യുന്നു. ഏലം, കാപ്പി, കുരുമുളക്, റബർ തുടങ്ങിയ കാർഷികോല്പന്നങ്ങളുടെ കമ്പോള വിലനിലവാരം പതിവ് പരിപാടി. സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് കറുകപ്പള്ളി.

ആയിരം എപ്പിസോഡുകൾ തികച്ച 'ചായക്കട; എന്ന ലഘു നാടക പരിപാടിക്ക് സമാപനം കുറിച്ച ശേഷം പ്രിയപ്പെട്ട സിനിമാരംഗത്തേക്ക്മടങ്ങിയ നടവയൽ സ്വദേശി ഷാജു പി ജെയിംസ് റേഡിയോ മാറ്റൊലിയുടെ പ്രവർത്തകരിൽ പ്രമുഖൻ. പത്ത് ഹൃസ്വ ചിത്രങ്ങൾ എടുത്ത ആളാണ്. 'ഞാറ്റുവേല; കേരള ഗവർമെന്റിന്റെ ഹരിതമുദ്ര അവാർഡ് നേടി. മണ്ണ് മറ്റൊരു ചിത്രം. ചോലനായ്ക്കന്മാരെപ്പറ്റി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്ന പണിപ്പുരയിലാണ്.

കേരളത്തിലെ  15 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളിൽ കൊല്ലത്തെ എന്റെ റേഡിയോ, ആലപ്പുഴയിലെ ഗ്ലോബൽ,  തൃശൂരിലെ ഹലോ റേഡിയോ, കണ്ണൂരിലെജനവാണി എന്നിവയും ഉൾപ്പെടുന്നു. മഹാമാരിക്കാലത്ത് സമൂഹത്തെ പ്രബുദ്ധരാക്കാനുള്ള യത്നത്തിൽ എല്ലാവരും ഭാഗഭാക്കാവുന്നു എന്നതാണ് പൊതുവെ എടുത്തു പറയേണ്ട നേട്ടം.

ആകാശവാണിയുടെ കൊച്ചിഎഫ്എമ്മും അനന്തപുരിഎഫ്എമ്മും പോലും പ്രൊഫഷണലായി അരങ്ങുതകർക്കുമ്പോൾ സ്വന്തം നാട്ടുകാരെ ഹൃദയത്തിലേറ്റാൻ ഈ അഭ്യാസങ്ങൾ പോരാ എന്ന സത്യം ബാക്കി നിൽക്കുന്നു. അതേസമയം കൊമേഴ്‌സ്യൽ ടെലിവിഷനും റേഡിയോകളും ഉണ്ടായിട്ടും പല കമ്മ്യൂണിറ്റി റേഡിയോകൾക്കും നാടിന്റെ ഹൃദയതാളം ഏറ്റെടുക്കാൻ കഴിഞ്ഞു എന്നത് ആശാവഹമാണ്.
മീഡിയ വില്ലേജ് പ്രോഗ്രാം ഹെഡ് വിപിൻ രാജ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിൽ നിന്ന് ദേശീയ . . അവാർഡ് ഏറ്റുവാങ്ങുന്നു; സ്റ്റേഷൻ ഡയറക്ടർ ഫാ. പുന്നശ്ശേരി
മീഡിയവില്ലേജിന്റെ റേഡിയോവില്ലേജ്--കുട്ടനാട്ടിൽ വെളിയനാടുപുലിമുഖത്ത് എല്ലാവർക്കും .റേഡിയോ സമ്മാനിച്ചപ്പോൾ
മാക്ഫാസ്റ്റിൽ ഓണപ്പാട്ടിന് സമ്മാനം--ജെറിൽ ഷാജി, നടൻ മോഹൻ, ഫാ. മേലേടത്ത്, കുറ്റൂർ; മാക് ടീം--പ്രവീൺ, സുമേഷ് ചുങ്കപ്പാറ, മാനസി, കല്യാണി, സ്റ്റാൻലി
അഹല്യയുടെ ആർജെ ലിജോ മത്തായി പാലക്കാട്ടെ യുവജനോത്സവത്തിൽ
റേഡിയോ മാറ്റൊലിയിൽ ലഘു ഹാസ്യ നാടകം ആയിരം എപിസോഡ് തികച്ച ഷാജു പി ജെയിംസും സ്വന്തം അവാർഡ് ചിത്രവും.
റേഡിയോ ബെൻസീഗർ ഡയറക്ടർ ഫാ. ഫെർഡിനാൻഡ് പീറ്റർ മന്ത്രി അരുൺ ജയ്‌റ്റ്ലിയിൽ നിന്ന് ദേശിയ അവാർഡ് ഏറ്റുവാങ്ങുന്നു; ആർജെ രത്നാമോഹൻ
നെയ്തൽ പ്രോഗ്രാം കോഓർഡിനേറ്റർ അർച്ചന ശങ്കർ, ആർജെമാർ നേഹ, രമ്യ,
നിർമൽ ഔസേപ്പച്ചൻ ഐഎഎസിനെ ഇന്റർവ്യ ചെയ്യുന്ന നെയ്തൽ ഡയറക്ടർ ഫാ.കുടിയാംശ്ശരി
. റേഡിയോ ഡിസി സ്റ്റുഡിയോയിൽ സ്റ്റേഷൻ ഹെഡ് സജികുമാർ റിക്കാർഡിങ്ങിനിടെ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More