Image

ലക്ഷ്യം ഫോമായുടെ വളർച്ചയും കെട്ടുറപ്പും; കൺവെൻഷൻ നയാഗ്രാ ഫാൾസിൽ തന്നെ - പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ.തോമസ് തോമസ്

Published on 01 September, 2020
ലക്ഷ്യം ഫോമായുടെ വളർച്ചയും കെട്ടുറപ്പും; കൺവെൻഷൻ  നയാഗ്രാ ഫാൾസിൽ തന്നെ  - പ്രസിഡണ്ട് സ്ഥാനാർത്ഥി  ഡോ.തോമസ് തോമസ്
ടൊറോന്റോ :  ഫെഡറേഷൻ ഓഫ്  മലയാളി അസോസിയേഷൻസ്  ഓഫ്  അമേരിക്കാസ്  (ഫോമാ)യുടെ  വളർച്ചയും കെട്ടുറപ്പും   അംഗസംഘടനകളോടുള്ള കരുതലുമായിരിക്കും  തൻ്റെ  പ്രധാന ലക്ഷ്യമെന്ന്  ഫോമാ പ്രസിഡണ്ട് സ്ഥാനാർത്ഥി  ഡോ.തോമസ് തോമസ് പ്രസ്താവിച്ചു. യുവാക്കളെയും സ്ത്രീകളെയും  സംഘടനയിലേക്ക് ആകർഷിച്ചു  കേരളത്തിന്റെ സാംസ്കാരിക പൈതൃകം  നോർത്ത് അമേരിക്കൻ മണ്ണിൽ ഊട്ടിയുറപ്പിച്ചു വരുംതലമുറകളിലേക്കു പകരാനും  സംഘടനക്ക് കൂടുതൽ കരുത്തു പകരുന്നതിനുമായിരിക്കും താൻ മുൻ‌തൂക്കം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.  ജനറൽ ബോഡി സെപ്റ്റംബർ 5 -ന് കൂടാനിരിക്കെ , അടുത്ത കൺവെൻഷൻ  കാനഡയിലെ നയാഗ്രാ ഫാൾസിൽ  വച്ച് നടത്തണമെന്ന  അമേരിക്കയിലെയും  കാനഡയിലെയും  മലയാളികളുടെ ആവശ്യം ശക്തമാവുകയും പ്രസിഡണ്ട്  സ്ഥാനത്തേക്ക്  കാനഡായിൽ നിന്നുള്ള  ഡോ.തോമസ് തോമസ്  മത്സരിക്കാൻ  രംഗത്തെത്തുകയും ചെയ്തതോടെ "വെറുമൊരു കൺവെൻഷൻ  ലക്ഷ്യവുമായാണ് " താൻ മത്സര രംഗത്ത്  വന്നതെന്ന  എതിരാളികളുടെ  പ്രചാരണങ്ങളോട്  പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.

ഭൂവിസ്തൃതിയിൽ  അമേരിക്കയെക്കാൾ വലിപ്പമുള്ള ,ലോകത്തിലെ രണ്ടാമത്തെ രാജ്യമായ കാനഡായ്ക്കു, ഒരു അമേരിക്കൻ സ്റ്റേറ്റിനുള്ള പരിഗണന പോലും നല്കാതിരിക്കുമ്പോൾ  ആ സംഘടനക്ക്  എങ്ങനെ കാനഡായിൽ വളരാനാകും? എതിർ സ്ഥാനാർത്ഥിയുടെ വാക്കുകൾ കടമെടുത്താൽ ഫോമായുടെ സീനിയർ നേതാവും ദീർഘകാലം കാനഡയിലെ ഫോമാ വൈസ് പ്രസിഡണ്ടുമായ ഞാൻ, നിരവധി തവണ മറ്റുള്ളവർക്കുവേണ്ടി മാറിക്കൊടുത്തതിനുശേഷമാണ്  ഇപ്പോൾ പ്രസിഡണ്ട്  സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഫോമായുടെ കാനഡയിലെ വളർച്ചയെപ്പറ്റി ആകുലതയുള്ള ആളായിരുന്നെങ്കിൽ,  എൻ്റെ താല്പര്യം മുന്നിൽകണ്ട് അദ്ദേഹം എനിക്കെതിരെ മത്സരിക്കാൻ പോലും തയ്യാറാകരുതായിരുന്നു.  ഫോമാ ഇന്നേവരെ കാനഡായിൽ ഒരു കൺവെൻഷൻ നടത്തിയിട്ടില്ല. ഫൊക്കാന ഇതിനോടകം രണ്ടു കൺവെൻഷനുകൾ കാനഡയിൽ നടത്തിയിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കണം. ഒരു പ്രദേശത്ത്  കൺവെൻഷൻ വരികയും  ആ പ്രദേശത്തിന്റെ പ്രതിനിധി പ്രസിഡണ്ട് ആകുമ്പോഴൊക്കെയാണ്  ഒരു പ്രസ്ഥാനം ആ പ്രദേശത്തു വേരോടുന്നതും വളരുന്നതും! ഒരിക്കലും  പ്രാതിനിത്യം ലഭിക്കാതെ തിരസ്കരിക്കപ്പെടുകയും, പിന്തള്ളപ്പെടുകയും  ചെയ്യുന്ന ഒരു പ്രസ്ഥാനത്തിൽ  എങ്ങനെ ആളെ കൂട്ടും? ഒരു സീനിയർ നേതാവിന് ഇതാണ് ഗതിയെങ്കിൽ വേറെ ആരെങ്കിലും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ മുൻപോട്ടു വരുമോ? ഇത്രയൊക്കെ അവഗണന നേരിട്ടിട്ടും, എതിർ സ്ഥാനാർത്ഥി പറഞ്ഞതുപോലെ ഒന്നല്ല, പ്രധാനപ്പെട്ട മൂന്നു മലയാളി സംഘടനകൾ ഇപ്പോളും ഫോമായോടൊപ്പമുണ്ട്.

അമേരിക്കയിലെ ഏതു സ്റ്റേറ്റിലെ പ്രസിഡണ്ടിനെപ്പോലെ തന്നെ കാനഡയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിനും തൻ്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കാനാവും .എതിർസ്ഥാനാർത്ഥിയുടെ  വാക്കുകളിൽ നിന്ന് കാനഡായിൽ നിന്ന് ഒരു പ്രസിഡണ്ട് ഒരു കാലത്തും ഉണ്ടാകാൻ പാടില്ല എന്നാണ് മനസ്സിലാകുന്നത്.. ഇത് തികഞ്ഞ അവഗണനയോടെയുള്ള  ഇടുങ്ങിയ കാഴ്ചപ്പാടാണ്.

എതിർസ്ഥാനാർത്ഥി  പറയുന്നതുപോലെ  യാതൊരു ലക്ഷ്യബോധമോ പ്ലാനോ ഇല്ലാതെ എവിടെ വേണമെങ്കിലും  കൺവെൻഷൻ നടത്താമെന്നല്ല ഞാൻ പറയുന്നത്.  വ്യക്തമായ കാഴ്ചപ്പാടോടെ , കൃത്യമായ ദീർഘ വീക്ഷണത്തോടെ  2022 -ൽ  നയാഗ്രാ ഫാൾസിൽ  ഫോമാ കൺവെൻഷൻ നടത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.  അമേരിക്കയിലെയും കാനഡയിലെയും  ഡെലിഗേറ്റുസുകളിൽ , ഞാൻ ബന്ധപ്പെട്ടവരിൽനിന്നെല്ലാം ആവേശകരമായ പിന്തുണയാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്; എല്ലാവർക്കും നയാഗ്രാ ഫാൾസിൽ  അടുത്ത കൺവെൻഷൻ  നടത്തുന്നതിനോടാണ്  താല്പര്യം. അത് ഫോമായുടെ ചരിത്രത്തിലെ എല്ലാംകൊണ്ടും ഏറ്റവും വലിയ കൺവെൻഷനായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല;  രണ്ടു വർഷത്തെ ഞങ്ങളുടെ പ്രവർത്തന മികവിന്റെ കൊട്ടിക്കലാശമായിരിക്കും അത്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ!"  പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ.തോമസ്  പറഞ്ഞു.

കൺവെൻഷന്റെ ആദ്യദിനം ഈ വർഷം കൺവെൻഷൻ നടത്താൻ സാധിക്കാതെ  പുറത്തേക്കു പോകുന്ന ഭാരവാഹികൾക്കായി നീക്കി വെക്കും. അവർക്ക്  മതിയായ അംഗീകാരവും ആദരവും ചടങ്ങിൽ നൽകുകയും ചെയ്യും. കൂട്ടായ തീരുമാനത്തിലൂടെ കൺവെൻഷന്  പുതിയ മാനങ്ങൾ തേടും ; ഫോമായുടെ നിലവിലുള്ള  എല്ലാ പ്രവർത്തനങ്ങളും തുടരുന്നതിനോടൊപ്പം പല പുതിയ പ്രോജക്ടുകളും നടപ്പിലാക്കാനും പദ്ധതിയുണ്ട്. 2022  ഫോമാ കൺവെൻഷൻ കഴിയുമ്പോഴേക്കും ഫോമായുടെ  അംഗസംഘടനകളുടെ എണ്ണം നൂറിൽ  എത്തിയിരിക്കും! " - ഡോ .തോമസ്  തന്റെ കാഴ്ചപ്പാടുകളും നയവും വ്യക്തമാക്കി.

ഒരു വിജയകരമായ കൺവെൻഷൻ  നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ്  ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്റുകളുടെ  പിന്തുണ, കലാ സാംസ്കാരിക സംഘടനകളുടെയും  കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ  എല്ലാം അനുകൂല ഘടകങ്ങളാണ്."

"ദിനംപ്രതി നൂറുകണക്കിന്  മലയാളികൾ   കുടിയേറിക്കൊണ്ടിരിക്കുന്ന  കാനഡയിൽ  മലയാളിസംഘടനകളുടെ  എണ്ണവും വർഷം തോറും  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .  ഇപ്പോൾ ഫോമാ നന്നായി കരുക്കൾ നീക്കി,  കാനഡായിലൊരു കൺവെൻഷൻ നടത്തിയാൽ  ബഹുഭൂരിപക്ഷം  മലയാളി സംഘടനകളും   ഫോമായോടൊപ്പം ചേരാൻ തയ്യാറാകും .എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക്  വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ  നിലവിലുള്ളവർ കൂടി  മറുകണ്ടം ചാടാൻ സാധ്യതയുണ്ട്; വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്." തോമസ് തൻ്റെ അമർഷം ഉള്ളിലൊതുക്കി പറഞ്ഞു.

ഇലക്ഷൻ  മാത്രം മുന്നിൽകണ്ടുകൊണ്ടു ഏതു കുതന്ത്രത്തിലൂടെയും  വോട്ടു നേടി വിജയിക്കാൻ ശ്രമിക്കുന്നവരെയും  സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തു കൂടെനിർത്താൻ  ശ്രമിക്കുന്നവരെയും  ജനം തിരിച്ചറിയണം.

ഫോമായുടെ വളർച്ചയും അംഗബലവുമാണ്  ലക്‌ഷ്യം വെക്കുന്നതെങ്കിൽ   ഫോമാ കൺവെൻഷൻ  കാനഡയിലെ നയാഗ്രയിൽ  നടത്തേണ്ടത്  ഫോമായുടെ  തന്നെ ആവശ്യമായി കരുതി  എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും  ഫോമായുടെ  അമരത്തേക്ക്   തന്നെ എതിരില്ലാതെ   വിജയിപ്പിക്കണമെന്നും  ഡോ.തോമസ്  അഭ്യർത്ഥിച്ചു.

 
Join WhatsApp News
Kridarthan 2020-09-01 22:53:44
ജാഡയോ, സുഖിപ്പിക്കലോ മറ്റുള്ളവരെ കൂടെ നിർത്താൻ പൊള്ളയായ വാഗ്ദാനങ്ങളോ നൽകാൻ ശ്രമിക്കാത്ത ഒരു സാധാരണ മനുഷ്യൻ. ഏതൊരു സംഘടനയുടെയും വളര്ച്ചക്ക് സത്യസന്ധനായ ഒരു നേതാവ് ആവശ്യം വേണ്ട ഒരു ഘടകമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക