Image

ഫോമ വീടില്ലാത്തവർക്ക് നൽകിയ ലൈഫിൽ നെറ്റി ചുളിക്കരുത്

സ്വന്തം ലേഖകൻ Published on 12 August, 2020
ഫോമ വീടില്ലാത്തവർക്ക് നൽകിയ ലൈഫിൽ നെറ്റി ചുളിക്കരുത്
കേരളത്തിൽ വർഷങ്ങളായി നടന്നു വരുന്ന ഒരു കലാപരിപാടിയാണ് വീടില്ലാത്ത പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുന്ന സർക്കാരിൻ്റെ കലാ പരിപാടി. സ്വന്തമായി വസ്തുവോ വീടോ ഇതു രണ്ടും ഇല്ലാത്തവർക്കോ സർക്കാരിൻ്റെ വക പാർപ്പിട സഹായ പദ്ധതികൾ .മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ സൗകര്യത്തിനനുസരിച്ച് ഓരോരോ പേരിടും.ജനങ്ങളെ കൊണ്ട് അപേക്ഷ എഴുതി വാങ്ങിക്കും. അപേക്ഷ മിക്കവാറും പഞ്ചായത്ത് ഇലക്ഷൻ്റെ ഒരു മാസം മുമ്പായിരിക്കും വാങ്ങിക്കുക.വോട്ട് ചോദിച്ചു വരുന്ന ഭരണമുന്നണിക്കാർ വോട്ടു തന്നാൽ വീട് തരാം എന്ന് പറയും. പാവങ്ങൾ വോട്ട് ചെയ്യും .എതിർകക്ഷി ജയിക്കും. പാവം വോട്ട് ചെയ്തവൻ്റെ കാര്യം കട്ടപ്പൊക .

പുതിയ ഭരണം വരുമ്പോൾ തഹസീൽദാർമാർ സ്ഥലം മാറും, വില്ലേജ് ആഫീസർമാർ സ്ഥലം മാറി പോകും. ഇന്നു കൈക്കൂലി വാങ്ങിയ ക്ലാർക്കിനെ നാളെ കാണില്ല. അവസാനം മുക്കി മുക്കി പാർപ്പിടപദ്ധതി വരും.വീടിനപേക്ഷിച്ച പാവത്തിനോട് പറയും തറ കെട്ടിയാൽ കുറച്ച് കാശ് തരാമെന്ന്. ഭാര്യയുടെ കെട്ടുതാലി യും ഉടുത്തിരിക്കുന്ന ജൗളി വരെ വിറ്റ് പാവം തറ കെട്ടും. ആദ്യ ഗഡു കിട്ടും .ഭാര്യയുടേം മക്കളുടേം വഴക്ക് പേടിച്ച് കുറച്ച് കട്ട ഇറക്കി വയ്ക്കും.പിന്നെ ബാക്കി പണി ഗുദാ.. ഹവ..

ആനയ്ക്ക് പഴം നീട്ടുന്നതു പോലെ സാധാരണക്കാരന് പണം കൊടുത്ത് അവനെ ടാർപ്പാളിൻ കൂരയ്ക്ക് താഴെ കിടത്തി ഉറക്കുന്ന സ്വപ്ന പാർപ്പിട പദ്ധതികൾ ഇഷ്ടം പോലെ കേരളം കണ്ടിട്ടുണ്ട്. കേരളത്തിൽ ഓരോ തവണ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും ഇത്തരം വീടുകളെല്ലാം വെള്ളത്തിനടിയിലാകും .വെള്ളത്തിൽ പോകാതെ റേഷൻ കാർഡ് സൂക്ഷിച്ച് വച്ചാൽ പത്തോ പതിനായിരം വെള്ളം ഇറങ്ങി കഴിയുമ്പോൾ കിട്ടും. അതു വാങ്ങി പുതിയ ടാർപ്പാളിൻ വാങ്ങി പാവങ്ങൾ വീണ്ടും പുതയ്ക്കും.

സത്യം പറഞ്ഞാൽ ഈ കലാ പരിപാടിക്ക് അവസാനമിട്ടത് വിദേശ മലയാളികൾ ആണെന്ന് കണ്ണും പൂട്ടി പറയാം. കേരള സർക്കാരിൻ്റെ ലക്ഷം വീട് കോളനി പദ്ധതി മുതൽ പിണറായി സർക്കാരിൻ്റെ ലൈഫ് വരെ നീളുന്നു ആ ഒരു കൈ സഹായം.ഇടയ്ക്ക് കേരളത്തിൽ സുനാമിയടിച്ച കാലത്ത് വിദേശ മലയാളികൾ ഒരു മണ്ടത്തരം കാണിച്ചു. അന്നത്തെ മുഖ്യമന്ത്രിയുടെ ആപ്പീസിൻ്റെ വാതിൽക്കൽ വരിവരിയായി നിന്ന് കടലു കൊണ്ടുപോയ പാവങ്ങൾടെ വീടുകെട്ടാൻ ചെക്ക്  കൊടുത്തു. ലോകത്തുള്ള സർവ്വ പ്രവാസി സംഘടനകളുടെയും പ്രസിഡന്റുമാരെ അന്നവിടെ കാണാമായിരുന്നു .അന്നും അമേരിക്കൻ മലയാളികളും കൊടുത്തു ഒരു ചെക്ക്. ബേപ്പൂർ സുൽത്താൻ്റെ ഭാഷയിൽ പറഞ്ഞാൽ ഇമ്മിണി വലിയ ചെക്ക്.ചെക്ക് വാങ്ങിയ മുഖ്യൻ പറഞ്ഞത് "ആന" വീടുകൾ ഉണ്ടാക്കുമെന്നാണ് . അന്ന് ചെക്ക് കൊടുത്തവർ ഇപ്പോൾ  ആലപ്പാട്ട് പഞ്ചായത്തിൽ പോയി നോക്കണം. ആടുമില്ല അവിടെ ഒരു പൂടയുമില്ല.

സത്യം പറയാമല്ലോ അമേരിക്കയിൽ മലയാളി സംഘടനകളേയും, സംഘടനകളുടെ സംഘടനകളേയും തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കാശ് പിരിക്കുന്നു .. നാട്ടിൽ കൊണ്ടു പോകുന്നു.. പാവങ്ങളെ കനപ്പിക്കുന്നു എന്ന് പറയുന്നു . എന്നു വേണ്ട സർവ്വത്ര പരിപാടികൾ. ഏതെങ്കിലും എം.എൽ.എ കൂട്ടുപിടിച്ച് ഓരോരോ സർക്കാർ പദ്ധതിയുടെ ഓരം പിടിച്ച് ചില തട്ടിക്കൂട്ട് പരിപാടികൾ. സത്യത്തിൽ ഈ പരിപാടിക്ക് ഒരറുതി വന്നത് ജോൺ ടൈറ്റസ് എന്ന മനുഷ്യൻ ഫോമാ പ്രസിഡൻ്റ് ആയപ്പോഴാണ്.

സ്വന്തം കയ്യിൽ നിന്ന് കാശെടുത്ത് മുപ്പതോളം വീടുകൾ പാവങ്ങൾക്ക് നിർമ്മിച്ച് താക്കോലും നൽകിയ ഒരു വമ്പൻ പരിപാടി തിരുവല്ലയിൽ നടത്തിയത് . അതിൻ്റെ ഉദ്ഘാടനത്തിനും വാല് പിടിക്കാൻ മന്ത്രിമാരും എം.എൽ.മാരും ഉണ്ടായിരുന്നു എന്നത് മറ്റൊരു രസം.

കഴിഞ്ഞ രണ്ട് പ്രളയം വന്ന് നശിച്ചുപോയ തിരുവല്ലയ്ക്കടുത്ത കടപ്രയിൽ ഇപ്പോഴത്തെ ഫോമാ പ്രസിഡൻ്റ് ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായ വിതരണം കടപ്രയിൽ നടക്കുമ്പോഴാണ് വീടില്ലാതെ വലയുന്ന ചില കുടുംബങ്ങളെ കണ്ടത് . അങ്ങനെയാണ് വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകാം എന്ന ആശയം ഫോമയുടെ നാഷണൽ കമ്മറ്റിയിൽ വയ്ക്കുന്നത് . പ്രളയത്തിൽ വീടു പോയവർക്ക് വീട് വച്ചു നൽകാൻ തൻ്റെ ഭൂമി നൽകാമെന്ന് ഫ്ലോറിഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം നോയൽ മാത്യു  വാക്കു കൊടുത്തതോടെ ഒരു വമ്പൻ പ്രോജക്ടായി മാറിയ പദ്ധതിയാണ് ഫോമാ വില്ലേജ് പദ്ധതി.

പദ്ധതിക്ക് തീരുമാനമായപ്പോൾ പ്രോജക്ടിന് സ്ഥലം വേണമല്ലോ. അങ്ങനെ പ്രോജക്ട് കോ - ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹുവുമായി സംസാരിക്കുന്നു. കടപ്രയിലുള്ള സീറോ ലാൻഡ് കോളനിയിലെ വീടില്ലാത്തവർക്ക് വീട് വച്ച് നൽകാൻ ഫോമയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു.

പദ്ധതിയുടെ തുടക്കം മുതൽ ഒടുക്കം വരെ നിർമ്മാണ ഘട്ടത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ഫോമയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞ പ്രോജക്ട് ആയിരുന്നു ഇത്. എല്ലാ പ്രളയത്തിലും വെള്ളം കയറുന്ന സ്ഥലം. മണ്ണിട്ട് നിലം ഉയർത്തി വീട് നിർമ്മിക്കാൻ തീരുമാനിച്ച് അതിനുള്ള ക്രമീകരണങ്ങൾ നടക്കുമ്പോഴാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന തണൽ എന്ന സംഘടന തൂണുകളിൽ ഉയർന്നു നിൽക്കുന്ന വീടുകളെ കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്.വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ എന്ന സങ്കല്പത്തിന് അവിടെ തുടക്കമായി.

ഏഴ് ലക്ഷം രൂപ മുടക്കിൽ  21വീടുകൾ നിർമിക്കാൻ തീരുമാനമായി .അതിൽ അഞ്ചര ലക്ഷം രൂപ ഫോമയും ഒന്നര ലക്ഷം രൂപ തണൽ എന്ന സന്നദ്ധ സംഘടനയും ,അവർ നിർമ്മാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാമെന്നും തീരുമാനമായി . സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ വീടുകൾ അനുവദിച്ച 11 കുടുംബങ്ങൾ കൂടി ഈ പ്രദേശത്ത് ഉണ്ടന്ന് ഫോമാ പ്രവർത്തകർ അപ്പോഴാണ് അറിയുന്നത്.

ലൈഫ് പദ്ധതിയിൽ സർക്കാർ കാശ് കൊടുക്കുന്നത് വീട്ടുടമകൾക്ക് . പണി നടന്നാലായി നടല്ലിങ്കങ്കിലായി.ഫോമാ വിളിച്ചു ചേർത്ത കടപ്രയിലെ യോഗങ്ങളിൽ എത്തിയ വീട്ടമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥകൾ പരിഗണിക്കപ്പെട്ടു .ഫോമയുടെ സഹായം കൂടി ഉണ്ടെങ്കിൽ അവർക്കും നല്ല വീടുകൾ ലഭിക്കും എന്ന ആശയം വന്നു. പതിനൊന്ന് വീടിനും രണ്ട് ലക്ഷം രൂപ വീതം നൽകാമെന്ന് ഫോമ സമ്മതിച്ചു. തണൽ ഒരു ലക്ഷവും നൽകാൻ തീരുമാനിച്ചു.അങ്ങനെ ലൈഫ്പ പദ്ധതിയിൽ പെട്ട തിനൊന്ന് വീടുകളുടെ നിർമ്മാണവും ഫോമ ഏറ്റെടുത്തു.സർക്കാർ പതിനൊന്നു വീട്ടുകാർക്കും നൽകിയ നാല് ലക്ഷം രൂപ കൃത്യമായി വിനിയോഗിക്കപ്പെട്ട പാർപ്പിട പദ്ധതിയായി അത് മാറി. 2019  ജൂണിൽ നടന്ന  ഫോമാ കേരളാ കൺവൻഷനിൽ വച്ച് മുപ്പത്തി രണ്ട് വീടുകളുടേയും താക്കോൽ ദാനവും നടന്നു.അങ്ങനെ ദീർഘ കാലമായി വെള്ളത്തിൽ വരച്ച വരപോലെ നടന്നിരുന്ന പല സംഘടനകളുടെയും ജീവകാരുണ്യ പദ്ധതികൾ അല്ല ,മറിച്ചു തല ഉയർത്തി നിൽക്കുന്ന ഒരു പദ്ധതിക്ക് തുടക്കം കുറിക്കുവാൻ ഫോമയ്‌ക്ക് സാധിച്ചു .

കഴിഞ്ഞ ആഗസ്റ്റിൽ പ്രളയം വീണ്ടും വന്നു. ഫോമ വില്ലേജ് നിൽക്കുന്ന സീറോ ലാൻഡിൽ വെള്ളം കയറി. ഒരു വീട്ടിലും ഒരു തുള്ളി വെള്ളം കയറിയില്ല.അവർ കഞ്ഞിയും കുടിച്ചു സ്വന്തം വീടുകളിൽ കിടന്നു .ഒരു ദുരിതാശ്വാസ ക്യാമ്പിലും പോയില്ല .

ഇത്തവണയും വെള്ളം വന്നു. കോവിഡ് കാലത്ത് കിട്ടിയ റേഷനും വാങ്ങി പാവങ്ങൾ സ്വന്തം വീട്ടിൽ കൂടി.എവിടെ കൂടി..?
നോട്ട് ദി പോയിന്റ് ...
ഫോമ നേതൃത്വം കൊടുത്ത് നിർമ്മിച്ച വീടുകളിൽ അവർ സുഖമായി കൂടി.. അല്ലലില്ലാതെ ,അലച്ചിലില്ലാതെ .കോവിഡ് ഇല്ലാതെ ...മനസമാധനമായി ഫോമാ വില്ലേജിൽ അവർ അന്തിയുറങ്ങുന്നു .

കോവിഡ് കാലത്ത് ഇവർ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാലത്തെ അവസ്ഥ എന്തായിരുന്നു. ഇതിന് കടപ്ര ഫോമാ വില്ലേജിലെ ഓരോ വീട്ടുകാരും കടപ്പെട്ടിരിക്കുന്നത് ഫോമയോടാണ്. സർക്കാരിൽ നിന്നും കാശ് കിട്ടിയവർ ഒരു സോഡ പോലും വാങ്ങി കുടിക്കാതെ ഫോമയെ ഏൽപ്പിച്ചതുകൊണ്ട് അവർക്കും കിട്ടി പതിനൊന്ന് വീടുകൾ. ഒരു പക്ഷെ ഫോമ അവരെ സഹായിച്ചില്ലായിരുന്നു എങ്കിൽ പഴയ ടാർപ്പാളിൻ തന്നെ അവർക്കും ശരണം.
ഇത്തവണ ഫോമാ വില്ലേജിൽ വെള്ളം പൊങ്ങിയപ്പോൾ ചില ആളുകൾ   എട്ടുകാലി മമ്മുഞ്ഞിന്റെ പരിപാടിയുമായി വന്നു . ഫോമാ വില്ലേജിനെ മുഴുവനായി വിഴുങ്ങാൻ  സമൂഹ ' മാധ്യമങ്ങളിൽ ഒരു ശ്രമം നടത്തി.

എന്തിനാണ് ഹേ.. നല്ല മനസുള്ളവരുടെ മനസ് മടുപ്പിക്കുന്നത്. പത്തനം തിട്ട ജില്ലാ കളക്ടർ,ആദരണീയനായ ശ്രീ.പി ബി നൂഹു ,ഫോമാ പ്രസിഡൻ്റ് ഫിലിപ് ചാമത്തിലിൻ്റെ നേതൃത്വത്തിൽ ജനറൽ  സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാർ ഷിനു ജോസഫ്, വൈസ് പ്രസിഡൻ്റ് വിൻസൻ്റ് ബോസ് ,ജോ. സെക്രട്ടറി സജു ജോസഫ്, ജോ .ട്രഷറാർ ജയിൻ മാത്യൂസ് ,അനിയൻ ജോർജ്, ടി.ഉണ്ണികൃഷ്ണൻ, ജോസഫ് ഔസോ, നോയൽ മാത്യു, ബിജു തോണിക്കടവിൽ തുടങ്ങിയവരും , സേവന സന്നദ്ധരായ ,സഹജീവികളെ സഹായിക്കാൻ സന്മനസുള്ള അമേരിക്കൻ മലയാളികളുടെ മാത്രം നിർലോഭമായ സഹകരണം കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ പാവങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകളാണിത്.അവിടെ കുത്തിത്തിരിപ്പിനോ സ്പർദ്ധയ്ക്കോ സ്ഥാനമില്ല .കാരണം കുറച്ചു നല്ല മനുഷ്യർ രാപ്പകൽ കഷ്ട്ടപ്പെട്ട് പടുത്തുയർത്തിയ സ്വപ്ന  സൗധങ്ങളാണ്.വീടില്ലാതെ കുഞ്ഞുങ്ങളെയും കൊണ്ട് മഴക്കാലത്ത് ഓടി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി നിർമ്മിച്ചതാണ് .ഇതിനു പത്തരമാറ്റ് തങ്കത്തിന്റെ മതിപ്പുണ്ട് .വലിയ അദ്ധ്വാനത്തിന്റെ വിലയുണ്ട്.

ഇനി സമൂഹ മാധ്യമങ്ങളിൽ കറങ്ങുന്നവരോട് ...
ഫോമാ വില്ലേജ് ..
ആകെ മുപ്പത്തിരണ്ട് വീടുകൾ....
പതിനൊന്ന് വീടുകൾക്ക് സർക്കാരിൻ്റെ നാല് ലക്ഷം .ബാക്കി മൂന്നു ലക്ഷം ഫോമയും തണലും നൽകി. അവർക്കും ഫോമ നിർമ്മിച്ചു നൽകുന്ന വീടുകൾ പോലെയുള്ള സുന്ദരൻ വീടുകൾ. ഒരു വിവേചനവും ഇല്ലാതെ ഒരു വില്ലേജ് .ഫോമാ വില്ലേജ് .ഇതൊരു ഗ്രാമമായി ഫോമ വളർത്തിക്കൊണ്ട് വരികയാണ്. സർക്കാർ സഹായം തുടർന്നും വരും.സർക്കാർ ഫോമയ്ക്കൊപ്പം നിൽക്കും. ഫോമ പാവങ്ങൾക്കൊപ്പം നിൽക്കും. അത്രേയുള്ളുകാര്യം.വെറുതെ ഇടങ്കോലിട്ട് പാവങ്ങളുടെ അന്നം മുട്ടിക്കരുത് ...പ്ലീസ് ...

വാൽക്കഷ്ണം:
============
ഫോളോ അപ്പ്  ഉണ്ടായാൽ എന്തും നടക്കും .ഫോളോ "ആപ്പ്" ഉണ്ടായാൽ ഒന്നും നടക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക