Image

കേരളം കൊറോണ (രണ്ടാം ഭാഗം: രഞ്ജിത്ത് ആന്റണി)

Published on 21 July, 2020
കേരളം കൊറോണ (രണ്ടാം ഭാഗം: രഞ്ജിത്ത്  ആന്റണി)
ജനുവരിയിൽ കൊറോണ വ്യാപിച്ചു തുടങ്ങിയപ്പോൾ എന്റെ ഏറ്റവും വലിയ പേടി അപ്പനെ കുറിച്ചായിരുന്നു. ക്യാൻസ്സർ രോഗിയാണ്. 84 വയസ്സുണ്ട്. ഒരു കൊറോണ തരണം ചെയ്യാനുള്ള ആരോഗ്യം പുള്ളിക്കുണ്ടൊ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഏതായാലും കൂടുതൽ പേടിക്കണ്ടി വന്നില്ല. ഏപ്രിൽ 24 ന് അപ്പൻ മരിച്ചു പോയി. കൊറോണയ്ക്ക് വേണ്ടി അപ്പൻ വെയിറ്റ് ചെയ്തില്ല.
പിന്നെ പേടി എന്നേ കുറിച്ചാണ്. ചില്ലറ ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ട്. മോർബിഡ്ലി ഒബീസാണ്. ഡയബിറ്റീസ്, പ്രഷർ ഒക്കെ എത്തി നോക്കി നിൽക്കുന്നു. ഭാര്യയാണെങ്കിൽ ആരോഗ്യ മേഖലയിലുമാണ്. ഫസ്റ്റ് ലെവൽ കോണ്ടാക്റ്റുകൾ ദിവസേന ഉണ്ടായിരുന്നു. ജൂണ് ഒന്നോടെ ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ കൊറോണ വാർഡ് അടച്ചു. അതോടെ ഡയറക്ട് കോണ്ടാക്റ്റുകൾക്കുള്ള സാദ്ധ്യത കുറഞ്ഞു. പക്ഷെ അവിചാരിതമായി കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയി മാറുന്ന രോഗികൾ ഇപ്പോഴും ഉണ്ട്.

ഞാനിങ്ങനെ പേടിച്ച് നീറി ഇരിക്കുമ്പോൾ ഭാര്യ ഇവിടെ പാട്ടും പാടി നടക്കുന്നു. നിനക്കിത് പേടിയില്ലേ എന്ന് ഞാനവളോട് ചോദിച്ചിരുന്നു. അവൾ തന്ന ഉത്തരം വളരെ റാഷണലായി തോന്നി. അവൾ പറഞ്ഞത് ഒരു ഗ്രോസറി സ്റ്റോറിൽ പോകുന്നതിനേക്കാൽ അവൾക്ക് സെയിഫ് ആയി തോന്നുന്നത് ഹോസ്പിറ്റലാണെന്നാണ്. കാരണം, നമ്മൾ പുലി മടയിലാണെന്ന് ഉറപ്പാണല്ലൊ. അതിനാൽ എല്ലാ മുൻകരുതലുകളോടെയും സൂക്ഷിച്ചാണ് നടക്കുന്നത്. PPE സ്യൂട്ട് ഉണ്ട്, ഫെസ്മാസ്ക്കും ഷീൽഡുമുണ്ട്. ഗ്ലൌസുണ്ട്. അതിനാൽ പേടിക്കണ്ട കാര്യമില്ല എന്നാണ്.അത് വരെ റാഷണലായും, ലോജിക്കായും ചിന്തിക്കാൻ ഒരു ഡാറ്റയും ഇല്ലാതിരുന്നപ്പോഴും, വളരെ ലോജിക്കലായി തോന്നിയ ഉത്തരം നൽകിയ ആശ്വാസം ചില്ലറ അല്ലായിരുന്നു. എന്നാലും സത്യം പറയാമല്ലൊ;  1% ചാൻസ്സ് ഓർത്ത് ഇടയ്ക്കിടെ പേടി വരും.

നമ്മുടെ അവസ്ഥ ഇതാണ്. അതിനാൽ കൊറോണയ്ക്കെതിരെ വളരെ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തികൾ വളരെ സാകൂതം ശ്രദ്ധിച്ചിരുന്നു. അവരിൽ പലരും ഭാര്യുടെ ക്ലാസ്മേറ്റ്സും സുഹൃത്തുക്കളുമൊക്കെ ആയതിനാൽ ഫീൽഡിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യങ്ങളുമുണ്ട്. ലോകത്തൊരിടത്തും ഇത്ര അച്ചടക്കത്തോടെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടായിരിക്കില്ല. എന്റെ ഭാര്യയൊക്കെ കോവിഡ് വാർഡിൽ നിന്ന് നേരെ വന്ന് കുളിച്ചതിന് ശേഷം സാദാ നോർമ്മൽ ലൈഫ് ആണ് നയിക്കുന്നത്. അപ്പോൾ കേരളത്തിൽ പല പ്രവർത്തകരും കുടുംബങ്ങളിൽ നിന്നൊക്കെ അകന്ന് 14 ദിവസം ഡ്യുട്ടിയും, 14 ദിവസം ക്വാറണ്ടീനും എന്ന മോഡിലാണ് ജോലി ചെയ്തിരുന്നത്. അതായത് മാർച്ച് തൊട്ട് ജൂണ് വരെ മക്കളെ കാണാതെ, കുടുംബത്തെ കാണാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുണ്ട് കേരളത്തിൽ.

ഇപ്പോൾ കേരളം ഏപ്രിലിൽ ഞങ്ങൾ (അമേരിക്കയിലെ ഈസ്റ്റ്കോസ്റ്റ്) ജീവിച്ചിരുന്ന അവസ്ഥയായി. ഈ അവസ്ഥയിൽ എത്താൻ അനേകം കാരണങ്ങളുണ്ട്. രാഷ്ട്രീയ കുത്തിത്തിരുപ്പകൾ, കേന്ദ്രവും സ്റ്റേറ്റും തമ്മിലുള്ള കോർഡിനേഷനില്ലായ്മ, കേന്ദ്രം ഇറക്കുന്ന പരസ്പര വിരുദ്ധമായ ഗൈഡൻസ്സുകൾ, അങ്ങനെ പലതും. അവസാനം പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. ആരോഗ്യ പ്രവർത്തകരെയും കൊറോണ തേടി എത്തി. സകല സുരക്ഷാ മാനദണ്ഢങ്ങളും ഉപയോഗിച്ച് ജോലി ചെയ്തിരുന്നവർക്ക് കൊറോണ ബാധിച്ചു തുടങ്ങി എന്നത് ഭയക്കണ്ട കാര്യമാണ്. അതായത്, ഗ്രോസറി സ്റ്റോറിനേക്കാൾ സുരക്ഷിതമാണ് ഹോസ്പിറ്റലുകൾ എന്ന് കരുതിയിരുന്ന പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന കാര്യമാണിത്.
ഈ അവസ്ഥയിലെത്തിയാൽ, ഒരു ലക്ഷം കിടക്കകളും, ക്വാറണ്ടൈൻ സെന്ററുകളും, ഐസലോഷൻ വാർഡുകളും ഒന്നും ഉണ്ടാക്കി ഇട്ടിട്ട് കാര്യമില്ല. ചികിത്സിക്കാനും പരിചരിക്കാനും ആളു വേണം. ആ സ്ഥിഥിയിലേയ്ക്ക് കേരളം അടുത്ത് കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ന് തൃശ്ശൂർ കളക്റ്ററുടെ വിജ്ഞാപനത്തിൽ നിന്ന് മനസ്സിലാവുന്നത്. കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരും മാസ്ക് ഇട്ട് ജോലിക്ക് ഹാജരാകണം എന്നതാണ് വിജ്ജാപനം. ഏപ്രിലിൽ ഇവിടെ അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റിലും അതായിരുന്നു സ്ഥിഥി. അഥവാ കൊറോണ ബാധിച്ചാലും ജോലിക്ക് ഹാജരാകണം എന്നതായിരുന്നു ഇവിടെയും ലഭിച്ച നിർദ്ദേശ്ശം. ഇന്ന് ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശ്ശം ഇത് തന്നെയാണ്.

ഇനി നിങ്ങൾ ന്യുയോർക്കിൽ നിന്ന് കേട്ട കഥകൾ കേരളത്തിൽ കേട്ട് തുടങ്ങും. നൂറു പേരെ ഒക്കെ കുഴിച്ചിടാനുള്ള വലിയ കുഴിമാടങ്ങൾ, ഹോസ്പിറ്റലിനു പുറത്ത് സജ്ജീകരിച്ച മേക്‌‌ ഷിഫ്റ്റ് മോർച്ചറികൾ അങ്ങനെ പലതും. ഈ അവസ്ഥയിൽ എത്തെണ്ടെങ്കിൽ ദയവു ചെയ്ത് കുത്തിത്തിരുപ്പുകൾ നിർത്തുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക