Image

കമല ദാസ് (ഷുക്കൂർ ഉഗ്രപുരം)

Published on 31 May, 2020
കമല ദാസ് (ഷുക്കൂർ ഉഗ്രപുരം)
തുഞ്ചൻറെ ഭാഷയിലെ
വാക്യങ്ങളെ ഉലയിലൂതി
ഉരുക്കി ഊതിക്കാച്ചി
തൂലികതണ്ടിൽ
ചൂടോടെ പകർന്ന് 
ആറും മുമ്പ്
കടലാസിലേക്ക്
ചുട്ടുപഴുത്ത
സ്വർണ്ണാക്ഷരങ്ങളെ
പ്രസവിച്ചിട്ട
മലയാളത്തിൻറെ 
എഴുത്തമ്മയാണവർ.
തൂലികയും കടലാസും
മഷിയും മഷിക്കുപ്പിയും
സ്നേഹക്കടലിലെ
തീർത്ഥമുപയോഗിച്ചാണ്
അവർ കഴുകിയിരുന്നത്.
ഭാഷാർത്ഥങ്ങളിലും
അക്ഷരങ്ങളിലെ
മടക്കുകളിലും
ചുളിവുകളിലുമെല്ലാം
സ്നേഹ സാഗരങ്ങൾ
ഒളിപ്പിച്ചിരുന്നു അവർ.
സർഗ്ഗ ഭാവനയുടെ
ആകാശവും നക്ഷത്രങ്ങളും
അനുരാഗത്തിൻ നീല
ചന്ദ്രികയും ഒളിപ്പിച്ച
രചനകളിൽ പോലും
പലരും തേടിയത്
കമലാദാസിനെയും
സുരയ്യയെയുമാണ്.
എന്നാൽ ആമിയുടെ
നിഘണ്ടുവിൽ
ഒരേയൊരു വാക്ക്
മാത്രമേ
ഉണ്ടായിരുന്നൊള്ളൂ 
അത് സ്നേഹം
സ്നേഹം മാത്രം
അമ്മ മലയാളമുള്ള
കാലത്തോളം
ഓർക്കാതിരിക്കാനാവില്ല
മലയാളത്തിൻറെ
സ്വന്തം ആമിയെ …
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക