Image

നീലച്ചിറകുള്ള മൂക്കുത്തികൾ -15 - സന റബ്സ്

Published on 30 May, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -15 - സന റബ്സ്


          രാത്രി മുഴുവന്‍ ഉഴറിനടന്ന റായ് വിദേതന്‍ പിന്നീടെപ്പോഴോ അഗാധമായ ഉറക്കത്തിലേക്ക് ആണ്ടുപോയിരുന്നു. അലാറവും മുറിയിലേക്കുള്ള ബെല്ലുകളും ഫോണ്‍കോളുകളും അടിച്ചടിച്ച് നിന്നിട്ട് അവസാനം നാരായണ സാമി വാതിലില്‍ ഒരുപാട്തവണ മുട്ടിവിളിച്ചാണ് അയാള്‍ എഴുന്നേറ്റത്. പഴയതൊന്നും ഓര്‍മ്മകളിലേക്ക് കയറ്റിയിരുത്താതെ ദാസ്‌ പെട്ടെന്ന്തന്നെ ഓഫീസിലേക്ക് പോകാന്‍ റെഡിയായി.

കാറില്‍ കയറിയിരുന്ന് അന്നത്തെ ഓഫിസ്കാര്യങ്ങളുടെ മിനിട്ട്സ് നോക്കുന്ന ദാസിനെ സാമി ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.

“എന്തെങ്കിലും പറയാനുണ്ടോ?” ദാസ്‌ തന്‍റെ കൈയിലെ ഫയലില്‍നിന്നും മുഖം ഉയര്‍ത്താതെ സാമിയോടു ചോദിച്ചു.

“സാബ്, മാനേജര്‍ വിളിച്ചിരുന്നു. നീറ്റയുടെ എഗ്രിമെന്റ് ഇന്നാണ് ഒപ്പ് വെയ്ക്കുന്നത്.”

“അറിയാം...”

“അര മണിക്കൂറായി ഓഫീസില്‍ അവര്‍ സാബിനെ വെയിറ്റ് ചെയ്യുകയാണ്.”

“ഒഹ്...” ദാസ്‌ അറിയാതെ വാച്ചിലേക്ക് നോക്കിപ്പോയി. സമയം പതിനൊന്നരയോടടുക്കുന്നു. വളരെ വൈകിയിരിക്കുന്നു.

 “ആരാണ് നീറ്റയില്‍ നിന്നും വന്നത്? വേഗം വിളിക്കൂ...” ഓഫീസ്പടികള്‍ ഓടിക്കയറുന്ന ദാസിനെ കണ്ട് എല്ലാവരും ഉടനെ സജ്ജരായി. “അയാം സോറി.... കുറച്ച് ലേറ്റ് ആ....” ക്യാബിന്‍ തള്ളിത്തുറന്ന ദാസ്‌ താന്‍  പറഞ്ഞത് മുഴവനാക്കാതെ ഒരു നിമിഷം തറഞ്ഞുനിന്നു. പുതിയ ജ്വല്ലറിയുടെ മാതൃകയെ സാകൂതം നിരീക്ഷിക്കുകയായിരുന്ന ഒരു പെണ്‍കുട്ടി ശബ്ദം കേട്ട് അയാളുടെ നേരെ തിരിഞ്ഞു. ദാസ്‌ സംശയഭാവത്തില്‍ തന്‍റെ മാനേജെരുടെ നേരെയോന്നു നോക്കി അകത്തേക്ക് നടന്നു. “ഇറ്റ്‌സ് ഓക്കേ റായ് സര്‍, അരമണിക്കൂര്‍ നിങ്ങളുടെ ഓഫിസ് ആംബിയന്‍സ് എന്നെ ബോറടിപ്പിച്ചില്ല. ഇറ്റീസ് എക്സലന്റ് ആന്‍ഡ്‌ വണ്ടര്‍ഫുള്‍!” ആ പെണ്‍കുട്ടി ദാസിന്‍റെ മുഖത്തേക്ക്നോക്കി ചിരിച്ചു.

“ബൈ ദി ബൈ, ഞാന്‍ കരോലിന്‍.., കരോലിന്‍ നീറ്റാ. നീറ്റ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍പേര്‍സണ്‍..”

ഇരുപതോ ഇരുപത്തൊന്നോ വയസ്സ് തോന്നിക്കുന്ന നീണ്ടു വിടര്‍ന്നു മനോഹരമായ കണ്ണുകളുള്ള ആ പെണ്‍കുട്ടിയെ ദാസ്‌ സൂക്ഷിച്ചുനോക്കി. അവള്‍ ഷേക്ക്‌ഹാന്‍ഡിനായി കൈ നീട്ടി. ഞെട്ടിയത് പോലെ ദാസ്‌ ഉടനെ  തന്‍റെ കൈകളും നീട്ടി. “സോറി മേഡം... ഇരിക്കൂ...പ്ലീസ്...” അയാള്‍ കസേര ചൂണ്ടി.

കരോലിന്‍ അയാളുടെ എതിരില്‍ ഇരുന്നു. ഇത്രയും ചെറിയൊരു പെണ്‍കുട്ടി തന്‍റെ ബിസിനസ് പാര്‍ട്ണര്‍... ദാസിന്റെ ചിന്ത മനസ്സിലാക്കിയെന്ന പോലെ കരോലിന്‍ ചിരിച്ചു. “റായ്സര്‍, ഞാന്‍ ഋഷി ഭട്നാഗറുടെ മകളാണ്. നമ്മുടെ പേപ്പറുകള്‍ ഇന്ന് സൈന്‍ ചെയ്യാനായി അച്ഛന്‍ പറഞ്ഞു. ഞാന്‍ ഡല്‍ഹിയില്‍ ഇന്നുണ്ട്. ഇത് കഴിഞ്ഞ് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നു.”

“ഒഹ്... ശരി. മൈ പ്ലഷര്‍ ടൂ മീറ്റ്‌ യൂ...” ദാസ്‌  സൌഹ്യദപൂര്‍വ്വം ചിരിച്ചു.

ദാസിന്‍റെ മേശപ്പുറത്ത് നീറ്റ ഗ്രൂപ്പിന്‍റെ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു.  നീറ്റയുടെ പരസ്യങ്ങളുടെ കോപ്പികളും ഉണ്ടായിരുന്നു. സൂര്യന് നേരെ തിരിഞ്ഞു കയ്യില്‍ വജ്രാഭരണവുമായി  മനോഹരമായ ലഹന്ഗയനിഞ്ഞു മുഖമുയര്‍ത്തി നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രത്തില്‍ ദാസിന്റെ കണ്ണുകള്‍ പതിഞ്ഞു. അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി. കരോലിന്‍ പുഞ്ചിരിച്ചു. “ഞാന്‍ തന്നെയാണ് നീറ്റയുടെ മോഡല്‍, രണ്ട് വര്‍ഷമായി പുറത്തേക്ക് പരസ്യങ്ങള്‍ കൊടുക്കുന്നില്ല.”

“വെരി ഗുഡ്....വെരി ഗുഡ്...” അഭിനന്ദിക്കുന്നത്പോലെ ദാസ് തലയാട്ടി.

അല്‍പനേരംകൂടി അവര്‍  സംസാരിച്ചിരുന്നു. കരോലിന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ വാതില്‍വരെ ദാസ് അനുഗമിച്ചു. മുന്നോട്ട്പോയ കരോലിന്‍ തിരികെ വന്നു അയാളോട് പറഞ്ഞു. “റായ് സര്‍, കന്ഗ്രാചുലേഷന്‍സ് ഇന്‍ അഡ്വാന്‍സ്‌....”

ദാസ്‌ തലയുയാര്‍ത്തി “ഫോര്‍ അവര്‍ ന്യൂ സ്റ്റാര്‍ട്ട്‌?”

“നോ സര്‍, ഫോര്‍ യുവര്‍ വെഡിംഗ്. ഞാന്‍ മിലാന്‍ മേമിന്‍റെ ബിഗ്‌ ഫാന്‍ ആണ്. നിങ്ങളുടെ വിവാഹവാര്‍ത്ത ഞാനും കേട്ടിരുന്നു.”

“ഓക്കേ... താങ്ക്യൂ...” ഒന്ന് നിര്‍ത്തി അയാള്‍ പൂര്‍ത്തിയാക്കി. “വെരി മച്ച്‌..”

കരോലിന്‍ യാത്ര പറഞ്ഞു പോയപ്പോള്‍ ദാസ് ഒന്ന് ദീര്‍ഘശ്വാസമെടുത്തു. ഇനി അടുത്ത തിരക്കുകളിലേക്ക് പറക്കാന്‍ സമയമായി. അയാള്‍ ഫോണ്‍ എടുത്തുനോക്കി. അമ്മയെ കണ്ടതിന് ശേഷം വിവാഹത്തിന്റെ ഡേറ്റ് ഉറപ്പിക്കാന്‍ കാത്തിരുന്ന മിലാനോട് വിവഹം തന്നെ നീട്ടിവെക്കാന്‍ പറഞ്ഞത് അവളെ നിരാശപ്പെടുത്തിയിരിക്കും എന്നത് അയാള്‍ക്കുറപ്പായിരുന്നു. മിലാന്‍റെ മിസ്ഡ് കോളുകളോ വോയിസ്‌ മെസ്സെജോ അയാളുടെ ഫോണില്‍ വന്നില്ലായിരുന്നു. അതയാളെ കുറച്ചൊന്ന് ആശയക്കുഴപ്പത്തിലാക്കി. ഇന്നലെ മിലാന്‍ വിളിച്ചിരുന്നു എന്ന് പിഎ പറഞ്ഞത് അയാള്‍ ഓര്‍ത്തു.

അയാള്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അപ്പുറത്ത് മിലാന്‍ ഫോണ്‍ എടുത്തു. “വളരെ തിരക്കായിപ്പോയി. വിളിക്കാന്‍  കഴിഞ്ഞില്ല. നാളെ ഞാന്‍ സ്ഥലം വിടുകയാണ്.”

“ഞാനറിഞ്ഞു.” മിലാന്‍റെ സ്വരത്തില്‍ തണുപ്പ് കൂടിക്കലര്‍ന്നിരുന്നു.

“നീയെന്താ വിളിക്കാഞ്ഞത്?”

“ഒന്നുമില്ല. തിരക്കുള്ളവരെ അങ്ങനെ വിടുകയല്ലേ നല്ലത്. ഒരു ഫോണ്‍കാള്‍ ചെയ്യാന്‍ പൈസപോലും വേണ്ടാത്ത ഈ കാലത്ത് എന്തിനാണ് ആളുകളെ അങ്ങോട്ട്‌ വിളിച്ചു ശല്യം ചെയ്യുന്നത്?”

മറുപടി താമസിച്ചു. അയാള്‍ ആ വാചകത്തില്‍ വിരലോടിക്കയാണെന്ന് അവള്‍ക്ക് തോന്നി.. “ശരി.. അതുപോട്ടെ..എപ്പോഴാ പോകുന്നത്? മറ്റെന്തൊക്കെ വിശേഷം...?” അവള്‍ ചോദിച്ചു. വിഷയം മാറ്റിയതാണെന്ന് രണ്ടുപേര്‍ക്കും മനസ്സിലായി.

“ഇവിടെ അച്ഛനും അമ്മയും ചോദിക്കുന്നു....വിദേത് അവരെയൊന്നു വിളിക്കണം...” മിലാന്‍ തുടര്‍ന്നു.

“വിളിക്കാം... നീ വരുന്നോ അമേരിക്കയിലേക്ക്... ഒരുമിച്ചു പോകാമായിരുന്നു.” അയാള്‍ പറഞ്ഞു.

“നാളെ പോകണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് വിദേത്? അവിടെയൊരു പ്രോഗ്രാം ഉള്ളതായിരുന്നു. റിനു വിളിച്ചതാണ്. പക്ഷെ ഇവിടെ ചില തിരക്കുകള്‍... അതിനാല്‍...”

“ഓക്കെ, ഞാന്‍ പറഞ്ഞെന്നേയുള്ളൂ...തനൂജയാണ് യൂഎസ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്നത്.”

“ഉം...” മിലാന്‍ മൂളി.

“പിന്നേ....” ദാസ് ഒന്ന് നിറുത്തി. “നിന്നോടൊരു കാര്യം പറയാന്‍ ഓര്‍ത്തു.”

“എന്താണ്...” അവള്‍ ചോദിച്ചു.  തനൂജ വീട്ടില്‍വന്ന കാര്യവും ബിസിനസ്സില്‍ ഉടനെയുണ്ടായ കോണ്‍ഫ്ലിറ്റുകളും പറയാന്‍ അയാള്‍  തുടങ്ങിയെങ്കിലും പുറത്തേക്ക് വാചകങ്ങള്‍ വന്നത് മറ്റൊരു തരത്തിലായിരുന്നു. “ഇന്നലെ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തു. അരികില്‍ ഉണ്ടായെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു. വല്ലാതെ...”

അപ്പുറത്ത് മിലാന്‍ നിശബ്ദയായി.

“വല്ലാതെ തോന്നുന്നു കാണാന്‍....” അയാള്‍ പതുക്കെ പറഞ്ഞതും അവള്‍ കേട്ടു.

“എക്സാം വരുന്നു വിദേത്.., ഇല്ലെങ്കില്‍ ഞാന്‍ വരുമായിരുന്നു. മാത്രല്ല നമ്മള്‍ ഏറ്റെടുത്ത കുട്ടികളുടെ വിദ്യാഭ്യാസവും കുടിവെള്ള പദ്ധതിയുമൊക്കെ ഉണ്ട്. അതിന്‍റെതായ കാര്യങ്ങള്‍ ചെയ്തുവരികയാണ്.”

“ശരി, ഞാന്‍ പറഞ്ഞെന്നേയുള്ളൂ.” ദാസ് തുടര്‍ന്നു.” അവിടെത്തെ കാര്യങ്ങള്‍ എവിടേവരെയായി? എനിക്കതൊന്ന് അനേഷിക്കാന്‍ പോലും സമയം കിട്ടിയില്ല.”

“വെള്ളത്തിനു വേണ്ടി സോനഗാച്ചിയിലെ ചില ഭാഗങ്ങള്‍  കുഴിക്കാന്‍ ഒരു പ്രൊജക്റ്റ്‌ നോക്കുന്നുണ്ട്. സ്ഥലം ചെക്ക്‌ചെയ്തു വരികയാണ്. വലിയൊരു സ്പേസ് വേണം. ജലലഭ്യതയും നോക്കണം.” മിലാന്‍ വിശദീകരിച്ചു.

“ഓക്കെ..., കാര്യങ്ങള്‍ നടക്കട്ടെ.. ഞാന്‍ വിളിക്കാം.... മിസ്സ്‌ യൂ...” അയാള്‍ പറഞ്ഞപ്പോള്‍ മിലാനും മിസ്സ്‌ യൂ റ്റൂ എന്ന് പറയാന്‍ ആഗ്രഹിച്ചു. പക്ഷെ അവളുടെ നാവിലേക്ക് അക്ഷരങ്ങള്‍ കയറി വന്നതേയില്ല. ഒരു നിമിഷം കൂടി കാത്തിട്ടു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

പിറ്റേന്ന് അമേരിക്കയിലേക്കുള്ള യാത്രയില്‍ ദാസ്‌ എയര്‍പോര്‍ട്ടില്‍ തന്നെ തനൂജയെ പ്രതീക്ഷിച്ചെങ്കിലും കാണാനായില്ല. അവസാനനിമിഷത്തിലാണ്  അയാള്‍ വിമാനത്തില്‍ കയറിയത്.  പിഎ നാരായണസാമി അയാളുടെ കാതില്‍ പറഞ്ഞു. “തനൂജാമേഡം നാല് സീറ്റുകള്‍ക്കപ്പുറമാണ്.”

അയാള്‍ തിരിഞ്ഞുനോക്കിയില്ല. പകരം കണ്ണുകളടച്ചു സീറ്റിലേക്ക് ചാഞ്ഞു.

വിമാനമിറങ്ങി ഭാരവാഹികളോടൊപ്പം രണ്ട്കാറുകളില്‍ തന്നെയാണ് തനൂജയും ദാസും ഹോട്ടലില്‍ എത്തിയത്.  ഔപചാരിക കുശലങ്ങളില്‍ പോലും ദാസ് പിശുക്ക് കാണിക്കുന്നുണ്ടായിരുന്നു. ഒരേ ഹോട്ടലിലെ അഭിമുഖമായുള്ള രണ്ട് സ്യൂട്ടുകളിലേക്ക് കയറിപ്പോകുമ്പോഴും ദാസിന്‍റെ ചിന്തകള്‍ അലഞ്ഞുകൊണ്ടിരുന്നു.

 സമയവിത്യാസത്തിന്റെ പ്രഷര്‍കൊണ്ടോ എന്തോ അയാള്‍ക്ക് ജെറ്റ്ലാഗ് തോന്നുണ്ടായിരുന്നു. വസ്ത്രംമാറി ഗ്ലാസ്സിലേക്ക്‌ വോഡ്കയും ഐസ്ക്യൂബുകളും നിറയ്ക്കുമ്പോള്‍  തലേന്നത്തെതിന് മുന്‍പുള്ള രാത്രി അയാളുടെ മനസ്സിലേക്ക് കയറിവന്നു. എന്താണ് തനിക്കന്നു തോന്നിയത്... ഇതിനു മുന്‍പൊരിക്കലും ഉണ്ടായിട്ടേയില്ലാത്ത  അനുഭവമായിരുന്നു അത്.

 ആലോചിച്ചിരുന്നു അയാളൊന്നു മയങ്ങിപ്പോയി. കോളിംഗ് ബെല്ലടിച്ചു വാതിലില്‍ തട്ടി  ഒരു സ്വരം മുന്നിലെത്തി. “റായ്... ആര്‍ യു ഓക്കേ? ടയേഡാണോ?”

അയാള്‍ തനൂജയെയൊന്ന് നോക്കി. ലോക്ക് ചെയ്തിരുന്ന തന്‍റെ വാതിലിലേക്കും.  ഇവളെങ്ങനെ അകത്തു വന്നു?

“വാട്ട്‌ ആര്‍ യൂ ടൂയിംഗ് ഹിയര്‍?” അയാളുടെ പരുക്കന്‍ശബ്ദം കേട്ട് തനൂജ കൈയെടുത്തു വിലക്കി. “സോറി റായ്, എന്നെ തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞാല്‍ റായ് വിശ്വസിക്കില്ല. അതറിയാമെനിക്ക്.  പക്ഷെ ഒന്നോര്‍ക്കണം, മന:പൂര്‍വം റായിയെ അപമാനിക്കാന്‍ ഞാന്‍ മുതിരുമോ? ഹരിലാല്‍ മെഹ്റാ ബിസിനസ്സില്‍ മറ്റൊരു പാര്‍ട്ട്ണറെ ലിക്വിഡ് ക്യാഷിന് വേണ്ടി തിരഞ്ഞു. അതറിഞ്ഞപ്പോള്‍ ഞാനയാള്‍ക്ക് പണം കൊടുത്തു.  അത്രേയുള്ളൂ. എനിക്ക് അങ്ങനെ മുന്‍പേ ആഗ്രഹമുണ്ടെങ്കില്‍ റായിയോടു നേരിട്ട് ചോദിക്കാവുന്നതേയുള്ളൂ എന്ന് റായ് മറക്കരുത്.”

അയാള്‍ തന്‍റെ ഗ്ലാസ് ചുണ്ടോട്ചേര്‍ത്തു ഒന്ന് ചാഞ്ഞിരുന്നു.

“പിന്നെ മിലാനെ  പരസ്യത്തില്‍ നിന്നും ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞത് എന്‍റെയൊരു ചെറിയ സ്വാര്‍ത്ഥത എന്ന് തന്നെ പറയാം. കാരണം മറ്റൊരു ടെലിഫിലിമില്‍ നിന്നും റായ് കൂടി അറിഞ്ഞിട്ട് എന്നെ തഴഞ്ഞല്ലോ....” അവള്‍ അയാളുടെ മുന്നിലെ കുഷ്യനിട്ട ചെറിയ കസേരയിലെക്കിരുന്നു.

“സോറി റായ്.... അന്ന്  ഞാന്‍ പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ചിരുന്നു. മുറിയില്‍ വന്നപ്പോള്‍ അപ്പോഴത്തെ മൂഡില്‍ ഞാന്‍ റായിയെ വിവഹം കഴിക്കണം എന്നൊക്കെ പറഞ്ഞുപോയി. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതല്ല. വല്ലാതെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട് എങ്കില്‍കൂടി.....” താഴേക്ക്‌ നോക്കിയാണവള്‍ പറഞ്ഞുകൊണ്ടിരുന്നത്.. അയാള്‍ തന്റെ മുഖത്തേക്ക് നോക്കുന്നു എന്ന് മനസ്സിലായതുപോലെ തനൂജ നിറുത്തി. പേടിച്ചതുപോലെ ആ മുഖം കാണപ്പെട്ടു

“മിലാനുമായി റായ് വളരെ അടുപ്പത്തിലാണെന്ന് അറിയാമെനിക്ക്. ഒഫ് കോഴ്സ് മിലാനും നിങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്കറിയാം ഞാന്‍ അല്പം  വൈകിപ്പോയെന്ന്.” തനൂജ ദാസിന്‍റെ മുഖത്തേക്ക് അപ്പോഴും മിഴികള്‍ ഉയര്‍ത്തിയിരുന്നില്ല. ദാസ്‌ കൈയിലെ മദ്യകുപ്പിയും ഗ്ലാസും ടീപ്പോയിലേക്ക് വെച്ചിട്ട് എഴുന്നേറ്റു.

“എങ്ങനെയാണീ വാതില്‍ നീ തുറന്നത്? നീ ബുക്ക്‌ ചെയ്ത ഹോട്ടല്‍ എന്ന ഫ്രീഡം ആണോ?”

“റായ്.... നിങ്ങള്‍ റിസപ്ഷനില്‍ നിന്നും കീകാര്‍ഡ് വാങ്ങിയിരുന്നോ? അത് നല്‍കാന്‍ വേണ്ടി ഇവിടെ റൂംബോയ്‌ വന്നിരുന്നു. ഡിഎന്‍ബി (ഡു നോട്ട് ടിസ്റ്റർബ്) ബോര്‍ഡ് കണ്ടതിനാല്‍ പുറത്ത് മാനേജരുമായി സംസാരിച്ചു നിന്നിരുന്ന എന്നെ ഏല്‍പ്പിച്ചു. ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞു. “ഇതാ കാര്‍ഡ്‌....” തനൂജ കാര്‍ഡ്‌ ടീപ്പോയില്‍ വെച്ചു. “റൂം തുറന്നത് ഇപ്പോള്‍ ഞാന്‍തന്നെ. ബെല്ലടിച്ചു വാതിലില്‍ തട്ടിയാണ് ഞാന്‍ അകത്തേക്ക് വന്നത്. അയാം സോറി. വീണ്ടും പറയുന്നു. ഇതൊന്നും നടന്നത് റായിയെ വിഷമിപ്പിക്കണമെന്ന് കരുതിയല്ല. മനപ്പൂര്‍വവുമല്ല. പ്ലീസ് ബിലീവ് മി....”

ദാസ്‌ അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകളില്‍ നിഷ്കളങ്കമായ ഭാവം നിഴലിക്കുന്നുണ്ടോ? രാത്രിയാണെങ്കിലും ഫ്ലൈറ്റില്‍ കണ്ട ഡ്രസ്സ്‌ തന്നെയാണ് ഇട്ടിരിക്കുന്നത്. ഏതോ തിരക്കില്‍ നിന്നെഴുന്നേറ്റു വന്നതുപോലെ കണ്ണില്‍ കണ്ണടയും കൈയില്‍ ഒരു പേനയും ഉണ്ടായിരുന്നു. കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ തനൂജ തല താഴ്ത്തി.

“ഇറ്റ്‌സ് ഓക്കേ തനൂജാ... നെവെര്‍ മൈന്‍ഡ്..... താന്‍ പൊയ്ക്കോള്ളൂ... ഗുഡ്നൈറ്റ്‌...” ദാസ്‌ പറഞ്ഞത് കേട്ട് തനൂജയുടെ മുഖത്തൊരു വാടിയ ചിരി പൊഴിഞ്ഞുവീഴുന്നത് കണ്ടു.

“താങ്ക്യൂ റായ്... ഞാനെപ്പോഴും റായിയുടെ നല്ല സുഹൃത്ത് ആയിരിക്കും. എപ്പോ വേണെമെങ്കിലും എന്നെ വിളിക്കാം. എല്ലാ സഹായവും ഉണ്ടായിരിക്കും. നാളത്തെ നമ്മുടെ ഐപിഎല്‍ മീറ്റിംഗ് കാര്യങ്ങള്‍ക്കു മുന്നേ റായുടെ തെറ്റിദ്ധാരണ മാറ്റണമെന്ന് തോന്നി. കാണാം, നാളത്തേക്ക് കുറച്ച്കൂടി വര്‍ക്കുകള്‍ തീര്‍ക്കാനുണ്ട്. ഗുഡ്നൈറ്റ്‌...” കൈ ഉയര്‍ത്തി ഗുഡ്നൈറ്റ്‌ പറഞ്ഞുകൊണ്ട് തനൂജ വാതിലിനുനേരെ നടന്നു.

വാതിലടയും മുന്‍പേ തനൂജയൊന്നു തിരിഞ്ഞു നോക്കി. ദാസിന്‍റെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി കണ്ട് വീണ്ടും കൈവീശി  അവള്‍ വാതിലിനപ്പുറം മറഞ്ഞു. പുറത്ത് കാത്തുനിന്നിരുന്ന റൂംബോയിക്ക്‌ ഡോളറുകള്‍ എറിഞ്ഞുകൊടുക്കുമ്പോള്‍ അവളുടെ മനസ്സ് ആര്‍ത്തട്ടഹസിച്ചു. ഇല്ല റായ്... നിങ്ങള്‍ അത്രമാത്രം എന്നെ ഭ്രമിപ്പിക്കുന്നുണ്ട്. ഇന്നുവരെ ആഗ്രഹിച്ചതെല്ലാം നേടിയിട്ടേയുള്ളൂ ഈ തനൂജ. എന്നെ നോക്കുമ്പോള്‍ ഒരിക്കല്‍ ആ കണ്ണുകളില്‍ പൂത്ത സ്നേഹത്തെ ഞാന്‍ തിരിച്ചു പിടിക്കും. അതൊരു വെറും മിസ്‌ മുംബൈയുടെ കിടപ്പറയില്‍ അടിയറ വെയ്ക്കാനുള്ളതല്ല.... അമേരിക്കയില്‍ നിന്നും തിരിച്ചുപോകുമ്പോഴേക്കും നിങ്ങളെ ഞാന്‍ സ്വന്തമാക്കിയിരിക്കും... നിങ്ങളെ മാത്രമല്ല, നിങ്ങളുടെ സാമ്രാജ്യവും!

 റൂം തുറന്നു അകത്ത്കയറിയ തനൂജ ഫോണ്‍ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു. “സോറി റായ്... വണ്‍സ് അഗൈന്‍ സോറി...ഗുഡ്നൈറ്റ്‌...”

 നിശാവസ്ത്രങ്ങള്‍ അണിഞ്ഞ് കിടക്കയിലേക്ക് വീണപ്പോള്‍ അവളുടെ ഫോണില്‍ പച്ചവെളിച്ചമുണ്ടായി. ദാസിന്‍റെ മെസ്സേജായിരുന്നു അത്. “ഇറ്റീസ് ഓക്കേ, ലീവ് ഇറ്റ്... ഗുഡ് നൈറ്റ്‌.., സീറ്റ് ഡ്രീംസ്...”

ഫോണ്‍ കിടക്കയിലേക്കെറിഞ്ഞു തനൂജ വീണ്ടും ചിരിച്ചു. തലയിണയെ ഇറുകെ പുണര്‍ന്ന അവളുടെ കൈയിലപ്പോള്‍  ദാസിന്‍റെ അമ്മ താരാദേവി അണിയിച്ച വംഗി കൂടുതല്‍ ശോഭയോടെ മിന്നിക്കളിക്കുന്നുണ്ടായിരുന്നു.

(തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -15 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക