Image

ഫിർ ഭി തും മേരേ ദോസ്ത് : പുഷ്പമ്മ ചാണ്ടി

Published on 07 May, 2020
ഫിർ ഭി തും മേരേ ദോസ്ത്  : പുഷ്പമ്മ ചാണ്ടി
ഈ  പ്രാവശ്യം ജർമനിയിൽ പോയപ്പോൾ PIA യുടെ ബോർഡ്  കണ്ടു 
എയർപോർട്ടിൽ , . അപ്പോൾ    ഒരു  പഴയ കഥ എൻ്റെ  മനസ്സിലേക്ക് ഓടിയെത്തി ... 1981..ൽ ആദ്യമായി ഞാൻ ജർമ്മനിയിൽ എത്തി,   
ജർമ്മൻ ഭാഷ പഠിക്കാൻ പോയ ആദ്യ ദിവസം; ഞങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ എഴുന്നേറ്റു നിന്ന് പേരും , നാടും പറഞ്ഞു ഓരോരുത്തരെയായി പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു.
അവർ അവരുടെ പേര് പറഞ്ഞു .
"ഇഹ് ബിൻ മരിയ " ( ഞാൻ മരിയ ).
എല്ലാവരും എഴുന്നേറ്റു നിന്ന് , പേരും നാടും പറഞ്ഞു. മിക്ക പേരുകളും, നാടിൻറെ പേരും എനിക്ക് പിടി കിട്ടിയില്ല. പലരുടെയും പേരുകൾ ഇതുവരെ  കേൾക്കാത്ത ശബ്ദം ആയിരുന്നു.. എൻ്റെ പേരും അവർക്കും അങ്ങനെ തന്നെ ....പെട്ടെന്ന് ഒരു പെൺകുട്ടി എഴുന്നേറ്റു പറഞ്ഞു " ഇഹ് ബിൻ ഫാത്തിമ, പാകിസ്ഥാൻ". അവൾ ഇരുന്നപ്പോൾ ഞാൻ മെല്ലെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ഇന്റർവെൽ സമയത്ത് അവൾ എന്റെ   അടുത്ത് വന്നു എനിക്കു ഹസ്തദാനം ചെയ്തു... 
" ഐ ആം ഫാത്തിമ ഫ്രം പാകിസ്ഥാൻ , "
"പുഷ്പമ്മ ഫ്രം ഇന്ത്യ "  കാൾ മീ പുഷ്പ ഇറ്റ് വിൽ ബി ഈസി " 
അതൊരു സ്നേഹ ബന്ധത്തിൻറെ തുടക്കം ആയിരിന്നു .
അവളുടെ ഭർത്താവ് PIA യിൽ പൈലറ്റ് ആണ്. പാകിസ്ഥാനിൽ നിന്നും കല്യാണം കഴിഞ്ഞു വന്നതാണവൾ..ഭർത്താവിന്റെ അച്ഛൻ ഏതോ ബാങ്കിൽ ഉദ്യോഗസ്ഥൻ.
മിക്ക ദിവസവും ക്ലാസ് കഴിഞ്ഞ് അവൾ എനിക്ക് കാപ്പി വാങ്ങി തന്നു. എന്റെ പേഴ്സിന്റെ അവസ്ഥ പരിതാപകരമായിരുന്ന
തിനാൽ  തിരിച്ചുള്ള സൽക്കാരം വല്ലപ്പോഴും മാത്രമായിരുന്നു.
ക്ലാസ്സ് തീരാറായ ഒരു ദിവസം അവൾ ചോദിച്ചു, "നിനക്കു ജോലിക്കു പോകാൻ താല്പര്യം ഉണ്ടോ" 
"തീർച്ചയായും". ഞാൻ പറഞ്ഞു .
രണ്ടു ദിവസത്തിനകം കോഫി ഷോപ്പിൽ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു .

വലിയ ഒരു സന്തോഷ വർത്തമാനവുമായാണ്  ഫാത്തിമ വീണ്ടും വന്നത്..

"PIA യിൽ ഒരു ക്ലർക്കിന്റെ പണി ഉണ്ട്, നമുക്ക് ഒന്ന് പോയി നോക്കാം" അവിടുത്തെ ജനറൽ മാനേജർ അവരുടെ കുടുംബ സുഹൃത്താണ് ..
പിറ്റേ ദിവസം ഓഫീസിന്റെ വാതിൽക്കൽ 10 മണിക്ക് സാരിയൊക്കെയുടുത്തു  ബയോഡാറ്റയുമായി ഞാനും ഫാത്തിമയും എത്തി...
ഫാത്തിമയുടെ പേര് ഒരു കടലാസ്സിൽ എഴുതി അകത്തേക്ക്  കൊടുത്തു. അപ്പോൾ തന്നെ ഞങ്ങളെ അകത്തേക്ക് വിളിച്ചു. 
അവളെ കണ്ടതും മാനേജർ  എഴുനേറ്റു നിന്ന് അഭിവാദ്യം ചെയ്തു..ഫാത്തിമ മാനേജർക്ക് എന്നെ പരിചയപ്പെടുത്തി .
" മേരാ ദോസ്ത്  പുഷ്പ "
ഇവിടെ ഒരു ജോലി ഒഴിവുണ്ടെന്നു അറിഞ്ഞു. അത് ഇവൾക്കു കൊടുക്കുമോ ?
ഗ്രാജുവേറ്റ് ആണ് , ടൈപ്പിംഗ് അറിയാം, നല്ല ഇംഗ്ലീഷ്.." ( ഞാൻ  മനസ്സിൽ പറഞ്ഞു. അത്ര നല്ലതൊന്നും അല്ല ) അവൾ എന്നെ വാനോളം പുകഴ്ത്തി .
അപ്പോൾ അദ്ദേഹം ചോദിച്ചു 
" പാക്കിസ്ഥാനിൽ എവിടെ നിന്നാണ്? "
"  സർ , ഞാൻ ഇന്ത്യൻ ആണ് "
" ഇവിടെ വർക്ക് പെർമിറ്റ് ഉണ്ടോ ?"
" നോ സർ, സ്റ്റുഡൻറ് ആണ് ."
" ഉറുദു അറിയുമോ?"
അതിനു ഉത്തരം പറഞ്ഞത്  ഫാത്തിമയാണ്.
" ഹിന്ദി കുറേശ്ശേ അറിയാം സർ...കൂടുതലായി ഞാൻ പഠിപ്പിച്ചോളാം സർ.. "
അപ്പോൾ അദ്ദേഹം
" ഇന്ത്യൻ ...!"
" ഉറുദു അറിയില്ല..! "
" സ്റ്റുഡന്റ്...!  എങ്ങനെ ജോലി കിട്ടാനാ..?"

" നിങ്ങൾ ഇവളെ ഇവിടെ ആവശ്യം ഉണ്ടെന്നു പറഞ്ഞു ഒരു ലെറ്റർ കൊടുത്താൽ മതി . വർക്ക് പെർമിറ്റ്  കിട്ടും.. അവളൊരു അസറ്റായിരിക്കും PIA ക്ക് എന്ന് എഴുതിയാൽ മതി "

ഇത് കേട്ടതും മാനേജർ എഴുന്നേറ്റു  നിന്ന് ചിരിയോടെ ചിരി.

" പാക്കിസ്താനും , ഇന്ത്യയും തമ്മിൽ ഉള്ള  റിലേഷൻഷിപ്‌  അറിയുമോ ?"
ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി 
" ഇന്ത്യയും  പാകിസ്ഥാനും നല്ല റിലേഷൻഷിപ്‌   ഉള്ള രാജ്യങ്ങൾ അല്ല ,  ഹമാരാ ദുശ്മൻ ഹേ , ദുഷ്മൻ ."
അന്നു  കിലുക്കം സിനിമ ഇറങ്ങിയിട്ടില്ല . അത് അദ്ദേഹത്തിന്റെ സ്വന്തം ഡയലോഗ് ആയിരുന്നു .
പിന്നെയും അദ്ദേഹം  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല..

ഇന്ത്യ - പാകിസ്ഥാൻ 
പാകിസ്ഥാൻ- ഇന്ത്യ 
അത് മാത്രം  പിടികിട്ടി.
ബയോ ഡാറ്റ തിരികെ തന്നിട്ട് അയാൾ  ഞങ്ങളെ യാത്രയാക്കി..
പുറത്തിറങ്ങിയതും , ഫാത്തിമ എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിൽ...കരച്ചിലിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു,
"ഫിർ ഭി തും മേരേ ദോസ്ത് ,  യു ആർ നോട് മൈ എനിമി" എന്ന്... 
എനിക്ക് പിന്നീട് , ഇന്ത്യൻ കോൺസുലേറ്റിൽ ജോലി കിട്ടി .
ഞാനും ഫാത്തിമയും നല്ല കൂട്ടുകാരായിരുന്നു  അവർ അമേരിക്കയിൽ പോകുന്നത് വരെ....പിന്നീട് അവളെ പറ്റി ഞാൻ കേട്ടിട്ടില്ല. കുറെ നാൾ  ഫേസ്ബുക്കിലൊക്കെ അവളെ പരതിനോക്കി...കണ്ടില്ല... 
ഇടയ്ക്കൊക്കെ അവളുടെ ഓർമ്മകൾ ഹൃദയത്തിൽ നിറയുമ്പോൾ  ഞാൻ തനിയെ പറയും 'ഫാത്തിമ,
തും മേരെ ദോസ്ത് ...'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക