Image

പ്രവാസി മലയാളികളുടെ ചരിത്ര വരവേല്‍പ്പിനൊരുങ്ങി സ്വന്തം നാട് (ശ്രീനി)

ശ്രീനി Published on 07 May, 2020
പ്രവാസി മലയാളികളുടെ ചരിത്ര വരവേല്‍പ്പിനൊരുങ്ങി സ്വന്തം നാട് (ശ്രീനി)
നിരന്തര പരാതികള്‍ക്കും മുട്ടിപ്പായ പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ വിദേശ മലയാളികള്‍ ഇന്നു മുതല്‍ നാടണയുകയാണ്.  കോവിഡ് ഭീഷണിയില്‍ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് മടങ്ങണമെന്ന് മനസാ ആഗ്രഹിച്ചവരാണ് ഇവരിലേറെയും. എന്നാല്‍ ജോലിനഷ്ടപ്പെട്ടും ഉപേക്ഷിച്ചും മനസില്ലാമനസോടെ പോരുന്നവരുമുണ്ട്. പലര്‍ക്കുമിനി ഗള്‍ഫ് ഒരു സ്വപ്നം മാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞതോടെ കമ്പനികള്‍ ജോലിക്കാരെയെല്ലാം പിരിച്ചു വിടുന്ന അവസ്ഥ. എന്തായാലും സമ്മിശ്ര വികാരത്തോടെ യാണവര്‍ നാടണയുന്നത്. നാട്ടില്‍ കാലുകുത്തിയാലും പക്ഷേ, വീടണയാന്‍ പിന്നെയുമെടുക്കും ദിവസങ്ങള്‍. കാരണം ഏറ്റവും കുറഞ്ഞത് ഏഴുദിവസം ക്വാറന്റൈനില്‍ പോകണമെന്ന കടുത്ത നിര്‍ദേശമുണ്ട്.

പ്രവാസികളുമായുള്ള ആദ്യ വിമാനങ്ങളിലൊന്ന് കൊച്ചി, നെടുമ്പാശേരിയിലും ഒന്ന് കോഴിക്കോട്, കരിപ്പൂര്‍ വിമാനത്താവളത്തിലുമായാണ് ഇറങ്ങുന്നത്. നേരത്തെ കരിപ്പൂരില്‍ രണ്ട് വിമാനങ്ങള്‍ ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സൗദി അറേബ്യയില്‍ നിന്നുള്ള വിമാനം മറ്റന്നാളേക്ക് മാറ്റി. അബുദാബിയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ എത്തുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരോ വിമാനത്തിലും 170ല്‍ താഴെ യാത്രക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. കേരളത്തില്‍ നിന്ന് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പ്രാവാസികളെ കയറ്റി ഉടന്‍ മടങ്ങും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് പ്രവാസി മലയാളികളെത്തുന്നത്. മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. എല്ലാവരും താമസസ്ഥലം മുതല്‍ യാത്രാ വേളയില്‍ ഉടനീളം പുലര്‍ത്തേണ്ട മുന്‍കരുതലുകളെയും ജാഗ്രതയെയും പറ്റി അറിയിട്ടിച്ചുണ്ട്. വിദേശമലയാളികള്‍ കേരളത്തിലെത്തി തുടങ്ങുമ്പോള്‍ ക്വാറന്റൈന് സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് കേരളം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍, ഐ.ടി.ഐകള്‍ എന്നിവയടക്കം ആകെ 27,000ത്തിലധികം കെട്ടിടങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ 6,701 സര്‍ക്കാര്‍ ആശുപത്രികളിലായി 5,549 കിടക്കകള്‍ സജ്ജീകരിക്കും. 1,311 സ്വകാര്യ ആശുപത്രികളിലായി 72380, 747 ഹോസ്റ്റലുകളില്‍ 80842, 57 ഐ.ടി.ഐകളില്‍ 440, 1659 ഹോട്ടലുകളില്‍ 35650, 2184 ലോഡ്ജുകളില്‍ 33773, 723 റിസോര്‍ട്ടുകളില്‍ 11285, 128 ആയുര്‍വേദ സെന്ററുകളില്‍ 1858 എന്നിങ്ങനെ കിടക്കകള്‍ സജ്ജീകരിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും. രണ്ട് ലക്ഷം കിടക്കകളാണ് ലക്ഷമിട്ടതെങ്കിലും അരലക്ഷത്തില്‍ കൂടുതല്‍ കിടക്കകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

1990ലെ കുവൈത്ത് യുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ ഒഴിപ്പിക്കലിന് 'വന്ദേഭാരത് മിഷന്‍' എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. വിമാനമാര്‍ഗ്ഗവും കപ്പല്‍ മാര്‍ഗ്ഗവുമാണ് പ്രവാസികളെ എത്തിക്കുക. അമേരിക്കയില്‍ നിന്ന് നാട്ടില്‍ പോകേണ്ടവര്‍ക്കായും വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന സര്‍വ്വീസ് ഇന്നാണ് തുടങ്ങുന്നതെങ്കിലും നാവിക സേന ദൗത്യം തുടങ്ങി. മാലിദ്വീപിലേക്കും ദുബായിലേക്കുമാണ് നാവികസേനയുടെ കപ്പലുകള്‍ നേരത്തെ പുറപ്പെട്ടത്.

പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് 'സമുദ്ര സേതു' എന്നാണ് നാവികസേന ഇട്ടിരിക്കുന്ന പേര്. ഐ.എന്‍.എസ് മഗര്‍, ഐ.എന്‍.എസ് ഷര്‍ദുല്‍, ഐ.എന്‍.എസ് ജലാശ്വ എന്നീ കപ്പലുകളാണ് യു.എ.ഇയിലേക്കും മാലിദ്വീപിലേക്കും പുറപ്പെട്ടത്. കൊച്ചിയിലേക്കാണ് മൂന്ന് കപ്പലുകളും പ്രവാസികളുമായി എത്തിച്ചേരുക. മഹാ ദൗത്യം മെയ് 13 ഉള്ളില്‍ തീര്‍ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 64 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 15,000 വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് പദ്ധതി. 

ഗള്‍ഫ് യുദ്ധ കാലത്തായിരുന്നു ചരിത്രപരമായ ഒഴിപ്പിക്കല്‍. 1990ലെ ഇറാഖ്-കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 1,70,000 ഇന്ത്യക്കാരെയാണ് അന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയന്‍ ഇവാക്കുവേഷനായി ഇതറിയപ്പെടുന്നു. ഇക്കാലത്ത് രംഗത്ത് വന്ന വ്യക്തിയാണ് ടോയോട്ട സണ്ണി, സണ്ണി മാത്യൂസ് എന്നീ പേരുകളില്‍ അരിയപ്പെട്ടിരുന്ന മാത്തുണ്ണി മാത്യൂസ്. കുവൈറ്റ് മലയാളിയായ ഇദ്ദേഹം 2017 മെയ് 20ന് അന്തരിച്ചു. ഇറാഖ്-കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 170,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയര്‍ലിഫ്റ്റ് ഇവാക്കുവേഷന്‍ നടത്തിയതിന് സഹായകരമായത് ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയന്‍ ഇവാക്കുവേഷനായിരുന്നു അത്. 

ഈ ചരിത്ര സംഭവം പ്രമേയമാക്കി അക്ഷയ് കുമാര്‍ നായകനായ 'എയര്‍ലിഫ്റ്റ്' എന്ന ചലച്ചിത്രം 2016ല്‍ റിലീസ് ചെയ്തിരുന്നു. 1990 ആഗസ്റ്റ് 13 മുതല്‍ 1990 ഒക്ടോബര്‍ 11 വരെ യുദ്ധത്തില്‍ കുടങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും, രക്ഷപ്പെടുത്തിയ ആ കഠിനപ്രയത്‌നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഇവാക്കുവേഷനുള്ള ഗിന്നസ് റെക്കോര്‍ഡ് എയര്‍ ഇന്ത്യ നേടി. 488 ഫൈളൈറ്റുകളാണ് ഇതിനായി എയര്‍ ഇന്ത്യ ഓപ്പറേറ്റ് ചെയ്തത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊറോണയുടെ പേരിലുള്ള ഈ രക്ഷാ ദൗത്യവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.

പ്രവാസി മലയാളികളുടെ ചരിത്ര വരവേല്‍പ്പിനൊരുങ്ങി സ്വന്തം നാട് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക