Image

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി നടത്തീയ അഭിമുഖം (സിറിയക്ക് സ്‌കറിയ)

Published on 06 May, 2020
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി നടത്തീയ അഭിമുഖം (സിറിയക്ക് സ്‌കറിയ)
അടുത്തയിടക്ക് അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി സിറിയക്ക് സ്‌കറിയ 2014-ല്‍ നടത്തിയ അഭിമുഖം

ഇടുക്കി ബിഷപ്പ് ആദ്യമായ് ഒരു വിദേശ മാധ്യമത്തോട്...

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കേരളത്തിന്റെ പശ്ചിമഘട്ടത്തെ ആശങ്കാകുലമാക്കിയപ്പോള്‍ ജനവികാരത്തിനൊപ്പം നിന്ന ആത്മീയ സാന്നിദ്ധ്യമായിരുന്നു ഇടുക്കി ബിഷപ്പിന്റേത്.

അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഒരു ജനതയുടെ ഹൃദയത്തുടിപ്പുകള്‍ സമരമുഖത്തേക്ക് എത്തിച്ചതാകട്ടെ ഫാ.സെബാസ്റ്റ്യന്‍ കൊച്ചു പുരയ്ക്കലും.

പിന്നീടിങ്ങോട്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സംപ്രീതി നേടിയ അംഗീകാരമായ് ശ്രീ ജോയ്സ് ജോര്‍ജിന്റെ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്.

വിജയം തങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നു എന്ന വിനയഭാവമാണ് ആദ്യമായ് അമേരിക്കന്‍ മാധ്യമത്തിന് വേണ്ടി അഭിമുഖം നടത്തിയ എനിക്ക് നേരിട്ടനുഭവിച്ചറിയാനായത്.

ഈ അഭിമുഖം ആശയങ്ങളുടെ ആഴവും സത്യത്തിന്റെ ബോധ്യവും ചൂഴ്ന്നറിയാനാണ്.

മുല്ലപ്പെരിയാര്‍ കരാറിലൂടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരള ജനത പണയം വെയ്ക്കപ്പെട്ടതുപോലെ ഇനിയും ചതിക്കുഴികളില്‍ വീഴാതിരിക്കാനാണ്.

കേരളത്തിലെ പൊതുസമൂഹം മുന്‍വിധികളില്ലാതെ വസ്തുതകള്‍ വിലയിരുത്തുന്നതിനൊപ്പം പ്രബുദ്ധരായ പ്രവാസി സമൂഹത്തിന്റെ ആശയപങ്കാളിത്തത്തിനുമായി ഈ അഭിമുഖം സമര്‍പ്പിക്കട്ടെ.

ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലമുമായുള്ള സംവാദം.

സിറിയക്ക് സ്‌കറിയ

? ഒത്തിരി വിവാദങ്ങളും ആശയക്കുഴപ്പവും നിറഞ്ഞ പ്രശ്നമാണല്ലോ കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ പിതാവിന്റെ നിലപാടുകള്‍ക്ക് ബലം നല്‍കുന്ന ബോധ്യങ്ങള്‍ ഒന്നു ചുരുക്കി പറയാമോ?

= പ്രഥമദൃഷ്ട്യാ പറയട്ടെ, ജനങ്ങളുമായി സംവാദം നടത്താതെ തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകളാണ് മേല്‍ പറഞ്ഞ രണ്ടും. പശ്ചിമ ഘട്ടത്തിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായ് ഇവിടെ വസിക്കുന്ന കുടിയേറ്റ കര്‍ഷകരാണ്.

പ്രകൃതിയും അതിലെ ആവാസവ്യവസ്ഥയും ഏറ്റവും ബോധ്യമുള്ള ജനത. പരമ്പരാഗതമായ് ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ചുകൊണ്ട് അതിജീവനം നടത്തുന്നവര്‍.

അവരെ വിശ്വാസത്തിലെടുക്കാതെ വെറും പുസ്തകവിജ്ഞാനവും വൈദേശിക നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കി `വിയര്‍പ്പിന്റെ വിലയറിയാതെ' തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാനാവില്ല. യാഥാര്‍ത്ഥ്യബോധത്തോടെ പ്രയോഗിക വിജ്ഞാനത്തിലടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകൃതിസംരക്ഷണത്തിനായ് വേണമെന്ന് തന്നെയാണ് എന്റെ നിലപാട്. പ്രകൃതിസംരക്ഷണവും മാനവിക വികസനവും ഒരേ നാണയത്തിന്റെ ഇരുവശവുമായ് വരുമ്പോള്‍ സമുചിതമായ ഒരു മാര്‍ഗ്ഗരേഖ ഉരുത്തിരിയപ്പെടും.

അത്തരം ഒരു നിലപാടിലേക്ക് മോദി സര്‍ക്കാര്‍ നീങ്ങുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.എന്തായാലും ഇന്നത്തെ നിലയില്‍ നിലവിലുള്ള രണ്ടു റിപ്പോര്‍ട്ടുകളും മനുഷ്യനെയും യാഥാര്‍ത്ഥ്യത്തെയും കണക്കിലെടുത്തുകൊണ്ടുള്ളതല്ല.

? ഇടുക്കി രൂപതയുടെ നിലപാടുകള്‍ ഒത്തിരി വിമര്‍ശന വിധേയമായിട്ടുണ്ട്. ഇടുക്കി ജില്ലക്ക് പുറത്ത് ജനങ്ങളെ വിശ്വാസത്തിലെടുക്കുവാന്‍ കഴിഞ്ഞില്ല എന്നു കരുതുന്നുണ്ടോ?

= നിര്‍ഭാഗ്യമെന്ന് പറയട്ടെ മലയാളികളുടെ പ്രതികരണ സ്വഭാവം തങ്ങളുടെ സ്വകാര്യ സാമൂഹ്യലോകത്തിനകത്തു നിന്നാണ് ഉരുത്തിരിയപ്പെടുക.

മറിച്ച് തമിഴ് ജനതയാകട്ടെ രാഷ്ട്രീയം എന്തായാലും ഒരു പൊതുപ്രശ്നത്തില്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്യും. മുല്ലപ്പെരിയാര്‍ വിഷയം തന്നെ എടുത്താല്‍ ഇത് ബോധ്യമാകും.

കേരളത്തിന്റെ മധ്യതിരുവിതാംകൂര്‍ ദേശങ്ങളായ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളെയും എന്തിനുപറയണം, തൃശൂരും ആലപ്പുഴയേയുമൊക്കെ നേരിട്ട് ബാധിക്കാവുന്ന ഈ വിഷയത്തെ ഗൗരവമായ് കാണുന്നത് ഇടുക്കിക്കാര്‍ മാത്രമല്ലേയെന്ന് കാര്യങ്ങളുടെ ഗതി നോക്കിയാല്‍ കാണാനാവും.

കേരളത്തെ ഒരു നൂറുകൊല്ലം പുറകോട്ടടിക്കുന്ന ഈ പ്രശ്നത്തില്‍ വിവേകപരമായ ഒരു നിലപാട് സ്വീകരിക്കാതെ ദുരന്തം ഏറ്റുവാങ്ങാനായ് കാത്തിരിക്കുന്ന ഒരു സമീപനമാണ് ഉള്ളതെന്ന് പലപ്പോഴും തോന്നാറുണ്ട്.

* പശ്ചിമഘട്ട വിഷയത്തിലാണെങ്കിലും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ട് പ്രായോഗികതലത്തില്‍ കര്‍ഷകനെ വിശ്വാസത്തിലെടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് പൊതുസമൂഹം നിലകൊള്ളേണ്ടത്. ഒന്ന് മറ്റൊന്നിന് പരസ്പരപൂരകമായ് പ്രവര്‍ത്തിക്കുമ്പോഴാണ് നാം ഒരു സമൂഹമായ് വിജയിക്കുക. ഹൈറേജുക്കാരനെ സമതലങ്ങളില്‍ വസിക്കുന്നവര്‍ അല്ലെങ്കില്‍ നഗരവാസികള്‍ അവഗണിക്കുമ്പോള്‍ മാനവികതയുടെ അന്തസത്തയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

? ഇടുക്കി രൂപതയ്ക്കുനേരെയുള്ള പ്രധാന വിമര്‍ശനം മണല്‍, ക്വാറി മാഫിയയ്ക്കുവേണ്ടിയാണ് ഈ സമരം എന്ന ആക്ഷേപമാണ്. ഇത്തരം പരിഹാസങ്ങളെ എങ്ങനെ കാണുന്നു?

= തികഞ്ഞ വിവരമില്ലായ്മയാണിത്. മണല്‍, ക്വാറി മാഫിയ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും ഇടുക്കി രൂപതയുടെ നിയന്ത്രണത്തിലല്ല.

അതുപോലെ തന്നെ ഇവര്‍ക്കൊക്കെ ലൈസന്‍സ് നല്‍കുന്നതും ഞങ്ങളല്ല.

കാര്യങ്ങള്‍ തീരുമാനിക്കുന്നതും ലൈസന്‍സ് കൊടുക്കുന്നതും ഗവണ്‍മെന്റാണ്.

എന്തെങ്കിലും നയം സ്വീകരിക്കുന്നതും ഗവണ്‍മെന്റാണ്. വസ്തുതകള്‍ ഇതായിരിക്കെ ഞങ്ങളെങ്ങനെ മണല്‍ ക്വാറി മാഫിയയുടെ പിണിയാളുകളാവും?

= സാധാരണക്കാരുടെ പട്ടയ പ്രശ്നങ്ങളും, അതിജീവനവും ആണ് ഇടുക്കിരൂപതയുടെ മുമ്പിലുള്ള വിഷയങ്ങള്‍.

ബാക്കി കാര്യങ്ങള്‍ തീരുമാനിക്കണ്ടവര്‍ തീരുമാനിക്കട്ടെ.

? പട്ടയ പ്രശ്നത്തില്‍ ഇടുക്കി രൂപതയുടെ നിലപാട് ഒന്ന് വ്യക്തമാക്കാമോ?

= 1/1/1977 ന് മുമ്പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും 4 ഏക്കര്‍ വരെ ഉപാധികളില്ലാതെ പട്ടയം നല്‍കണം എന്നതാണ് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള രൂപതയുടെ നിലപാട്.

ജനങ്ങളുടെ അതിജീവനം അല്ലെങ്കില്‍ സാമൂഹിക പരിരക്ഷ തുടങ്ങിയവയുമായ് ബന്ധപ്പെട്ട കാര്യങ്ങളാണിതൊക്കെ.

കുടിയേറ്റത്തേയും കയ്യേറ്റത്തേയും വിവേചനപരമായ് കാണണമെങ്കില്‍ ഒരു കര്‍ഷകന്റെ ജീവിതം അടുത്ത് നിന്നറിയാനാവണം.

അടുത്തതായ് സംസാരിച്ചത് പിതാവിന്റെ വലംകയ്യായ ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക