-->

America

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 83 : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ്

Published

on

ഞങ്ങള്‍ കാത്തു കാത്തിരുന്ന ഞങ്ങളുടെ ആന്‍സി അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. 'സ്പൗസ് '  വിസക്ക് വേണ്ടി  വരുന്നതിനേക്കാള്‍  വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നത്  ' ഫിയാന്‍സി ' വിസയാണെന്നു മനസിലാക്കിയതിനാല്‍ ആ സ്റ്റാറ്റസില്‍ ആണ് ഫയല്‍ ചെയ്തത്. അത് കൊണ്ട് തന്നെയാവണം, ഫയല്‍ ചെയ്ത് ആറ് മാസം കഴിഞ്ഞതോടെ ആള്‍ സ്ഥലത്തെത്തി. പിന്നീടുള്ള നിയമ പരമായ പ്രൊസീജിയറുകള്‍ കുറച്ചു കട്ടിയാണെങ്കിലും പെട്ടെന്ന് ഒന്ന് ചേരാന്‍ കൊതിക്കുന്ന കമിതാക്കള്‍ക്ക് ഇതാണ് നല്ല മാര്‍ഗ്ഗം എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. 

ഞങ്ങളുടെ മരുമകന്‍  ശ്രീ പൊന്നച്ചന്‍ ചാക്കോ   സ്റ്റാറ്റന്‍ ഐലന്‍ഡ്  കേരള സമാജത്തിന്റെ അന്നത്തെ പ്രസിഡണ്ട്  ആയിരുന്നതിനാലും, ആന്‍സി നല്ലൊരു നര്‍ത്തകി ആണെന്ന് അറിയാമായിരുന്നത് കൊണ്ടും, ആയിടെ നടന്ന കേരള സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ വേദിയില്‍ ഒരു നൃത്തം അവതരിപ്പിക്കുവാന്‍ ആന്‍സിയെ ക്ഷണിക്കുകയും, അവള്‍ വളരെ ഭംഗിയായി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തുവെങ്കിലും, പിന്നീട് വന്ന ഓഫാറുകളൊന്നും സ്വീകരിക്കുവാന്‍ കുട്ടികള്‍ തയ്യാറായില്ല. 

പൂനയിലെ ഒരു ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നെങ്കിലും, ഇവിടെ അമേരിക്കയില്‍ നഴ്സായി ജോലി ചെയ്യണമെങ്കില്‍ ഇവിടെ നിലവിലുള്ള ' ആര്‍. എന്‍.' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രെജിസ്‌ട്രേഡ് നഴ്സിനുള്ള പരീക്ഷ പാസ്സാവണം എന്നതിനാല്‍ അതിനുള്ള ശ്രമങ്ങളാണ് ആദ്യം തുടങ്ങിയത്. രണ്ടു മാസത്തിലധികം രാപകലിലാതെ പഠിച്ചു പരീക്ഷയെഴുതിയെങ്കിലും, പരാജയത്തിന്റെ രുചി  എന്തെന്നറിയുവാന്‍ മാത്രമാണ് അതിടയാക്കിയത്. 

ഒരാള്‍ ജോലിക്കു പോയില്ലെങ്കിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു പോകുന്ന തരത്തിലുള്ള ഒരു സാന്പത്തിക ഭദ്രതയില്‍ ഇതിനകം ഞങ്ങള്‍ എത്തിയിരുന്നുവെങ്കിലും, ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നതില്‍ ആന്‍സിക്ക് വിഷമം ഉണ്ടെന്നു ഞാന്‍ മനസിലാക്കി. അത് പുറത്തു പറയാതെ വീട്ടു കാര്യങ്ങളില്‍ മമ്മിയെ  സഹായിച്ചു കൊണ്ട് അവള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു.

ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള ഈ ഇടവേളയാണ് ഡ്രൈവിങ് പഠിക്കാനുള്ള ഏറ്റവും നല്ല സമയം എന്ന് അറിഞ്ഞിരുന്നത് കൊണ്ട് അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എതാനും ഡ്രൈവിങ് സ്‌കൂള്‍ ക്ലാസുകള്‍ക്ക് ശേഷം ഞാന്‍തന്നെ മുന്‍കൈയെടുത്താണ് ആന്‍സിയെ ഡ്രൈവിങ് പഠിപ്പിച്ചെടുത്തത്. എല്ലാം ശരിയായി പഠിച്ചതിന്  ശേഷമാണ് അവള്‍ റോഡ് ടെസ്റ്റിന് പോയത് എന്നതിനാല്‍ ആദ്യ തവണ തന്നെ അവള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടി. 

എന്റെ ജോലി സ്ഥലമായ സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററില്‍ പര്‍ച്ചേസിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന മിസ്റ്റര്‍ ഫ്രെഡ് മാന്‍ ഒരു അസിസ്റ്റന്റിനെ നോക്കുന്നുണ്ട് എന്ന വിവരം എനിക്ക് കിട്ടി. മിസ്റ്റര്‍ ഫ്രെഡ് മാന്‍ തന്നെയാണ് എന്നോട് ഈ വിവരം പറഞ്ഞത്. തന്റെ വീട്ടിലെ ചില സാധനങ്ങളുടെ റിപ്പയറിങ്ങിനു വേണ്ടി എപ്പോഴും എന്നെയാണ് അദ്ദേഹം സമീപിച്ചിരുന്നത്. ജോലിയില്‍ ഇതിനകം നല്ലൊരു കാര്‍പ്പെന്റര്‍ ആയി അറിയപ്പെട്ടിരുന്ന ഞാന്‍  പല ജോലികളും അദ്ദേഹത്തിന് വേണ്ടി ചെയ്തു കൊടുത്തിരുന്നു. ഒരു പ്ലാനും അളവും കിട്ടിയാല്‍ അദ്ദേഹം മനസ്സില്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ അല്‍പ്പം മേലെ അത് ചെയ്തു കൊടുക്കുവാന്‍ എനിക്ക് സാധിച്ചിരുന്നു എന്നതിനാലാവാം എപ്പോഴും എന്നെത്തന്നെ അദ്ദേഹം സമീപിച്ചിരുന്നത്. 

എന്റെ മരുമകള്‍ ഇന്ത്യയില്‍ നിന്ന് വന്നിട്ടുണ്ടെന്നും, പുതിയ ജോലി അവള്‍ക്കു കൊടുക്കാമോ എന്നും ഞാന്‍ മിസ്റ്റര്‍ ഫ്രെഡ് മാനോട് ചോദിച്ചു. സ്ഥാപനത്തിലെ കിച്ചനിലും, ഹവ്‌സ് കീപ്പിങ്ങിലും  അനേകം മലയാളികള്‍ എന്റെ റെക്കമെന്റേഷന്‍ വഴി ജോലി നേടിയിട്ടുണ്ട് എന്നതിനാലും അവരൊക്കെ നന്നായി ജോലി ചെയ്യുന്നവരാണ് എന്ന ഒരു ധാരണ മാനേജ് മെന്റിനു ഉള്ളതിനാലും, മാനേജ് മെന്റിന്റെ ഭാഗമായ മിസ്റ്റര്‍ ഫ്രെഡ് മാന് എന്നെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. 

ആന്‍സിയെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. കുറച്ചെങ്കിക്കും എക്‌സ്പീരിയന്‍സ് ഉള്ളവരെയാണ് കന്പനി നോക്കുന്നത് എന്നും, എങ്കിലും നഴ്സായി ജോലി ചെയ്തിട്ടുള്ള ഒരാളായത് കൊണ്ട് പരിഗണിക്കാം എന്നും, കിട്ടിയിട്ടുള്ള അപേക്ഷകളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയിട്ടേ അവസാന തീരുമാനം എടുക്കുകയുള്ളു എന്നും അദ്ദേഹം എന്നെ അറിയിച്ചു. 

ഇന്റര്‍വ്യൂവിന്റെ ദിവസം വന്നു. നാലോ, അഞ്ചോ അപേക്ഷകര്‍ ഉണ്ടായിരുന്നു. എല്ലാ യോഗ്യതകളും, പര്‍ച്ചേസിങ്ങില്‍ മുന്‍ പരിചയവുമുള്ള ഒരാള്‍ വന്നിട്ടുണ്ടെന്നും, അയാളെ നിയമിക്കുകയല്ലാതെ വേറേ മാര്‍ഗ്ഗമില്ലെന്നും മിസ്റ്റര്‍ ഫ്രെഡ് മാന്‍ എന്റെ അടുത്തു വന്ന് എന്നോട് പറഞ്ഞു. അസന്നിഗ്ദ്ധമായ അവസ്ഥകളില്‍ വന്നു നിറയാറുള്ള ആ ഊര്‍ജ്ജം പെട്ടെന്ന് എന്നില്‍  നിറഞ്ഞു. 'ആന്‍സിയെ എടുക്കുകയാണെങ്കില്‍ അവള്‍ക്ക് മെഡിക്കല്‍ കവറേജ് വേണ്ട ' എന്ന് അപ്പോള്‍ തോന്നിയത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 

മിസ്റ്റര്‍ ഫ്രെഡ് മാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലേക്ക് കയറിപ്പോയി. അല്‍പ്പ നേരം കഴിഞ്ഞു അദ്ദേഹം എന്നെയും, ആന്‍സിയെയും അകത്തേക്ക് വിളിപ്പിച്ചു. ' കണ്‍ഗ്രാജ്. യു സെലക്ടിഡ് ' എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അങ്ങിനെ സ്വന്തമായി ഫോണും  കംപ്യൂട്ടറും ഓഫീസും ഒക്കെയുള്ള   ഒരു ജോലിയില്‍ ആന്‍സി പ്രവേശിച്ചു. ശന്പളം അല്‍പ്പം കുറവായിരുന്നെങ്കിലും, വളരെ സ്വസ്ഥതയുള്ള ഒരു ജോലി ആയിരുന്നു അത്. ( ' മെഡിക്കല്‍ കവറേജില്ലാതെ ജോലി ചെയ്യുവാന്‍ താന്‍ തയാറല്ലാ ' എന്ന് പറഞ്ഞ് ആന്‍സിയുടെ എതിരാളി സ്വയം ഒഴിഞ്ഞു പോവുകയായിരുന്നുവെന്ന്  മിസ്റ്റര്‍ ഫ്രെഡ് മാന്‍ പിന്നീട് എന്നോട് പറഞ്ഞു. മകന്റെ കവറേജില്‍ ഭാര്യ കൂടി ഉള്‍പ്പെട്ടിരുന്നതിനാല്‍ ആന്‍സിക്ക് ജോലിയിലെ കവറേജ് ആവശ്യമുണ്ടായിരുന്നുമില്ല. ) 

( പില്‍ക്കാലത്ത് അവിടെത്തന്നെ പര്‍ച്ചേസ് മാനേജരുടെ കസേരയില്‍ എത്തിച്ചേര്‍ന്നു ജോലി ചെയ്യുന്നതിനിടയില്‍ ആര്‍. എന്‍. പരീക്ഷ പാസായി വന്ന ആന്‍സിക്ക് മാനേജുമെന്റിന്റെ പ്രത്യേക പരിഗണനയില്‍ നഴ്സിംഗിലെ ഒരുയര്‍ന്ന പൊസിഷന്‍ തന്നെ ലഭിക്കുകയും, അഭിമാനത്തോടെയും, സന്തോഷത്തോടെയും അവിടെ ജോലി ചെയ്തു വരികയുമാണിപ്പോള്‍.)

അമേരിക്കയില്‍ വിവാഹിതരാവുന്ന യുവ മിഥുനങ്ങളില്‍ അധികം പേരും വിവാഹത്തിന് മുന്‍പ് തന്നെ സ്വന്തമായി അപ്പാര്‍ട്ടുമെന്റ് എടുത്ത് ഫര്‍ണിഷിങ്ങും നടത്തിയിട്ടാണ് വിവാഹ മണ്ഡപത്തില്‍ കയറുന്നത് എന്നാണു കണ്ടിട്ടുള്ളത്. വിവാഹ ശേഷം അപ്പന്റ /അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നേയില്ല. മക്കളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുന്പാവുന്നില്ല എന്ന കാരണം പറഞ്ഞ് തള്ളക്കോഴികളും, അവരുടെ തന്തപ്പൂവന്മാരും തങ്ങളുടെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു മാറ്റിക്കളയുന്ന കാഴ്ചയാണ് നമ്മുടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാധാരണ കണ്ടു വരുന്നത്. എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ ഞങ്ങളോടൊപ്പം താമസിക്കാനും, സുഖ ദുഃഖങ്ങള്‍ പങ്കു വയ്ക്കുവാനും,  തയാറായിക്കൊണ്ട് ജീവിത ഭാരത്തിന്റെ കടും ചുമട് പരസ്പരം ഭാഗം വച്ച് ചുമക്കാന്‍ തയാറായത് കൊണ്ട് ജീവിതം സന്തോഷകരവും, ആനന്ദ കരവുമായ ഒരനുഭവമാക്കി മാറ്റുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. 

മകന്റെ മൂത്ത കുട്ടിയായ '  നിയ ' എന്ന സുന്ദരിക്കുട്ടി പിറന്നതോടെ ഞങ്ങളുടെ കുടുംബത്തില്‍ ജീവിത താളത്തിന്റെ മറ്റൊരു മനോഹര സംഗീതം കൂടി ഒഴുകിയെത്തി. അവളുടെ ചെറുമോണ പൂഞ്ചിരികളില്‍, അരിമുല്ല പല്ലുകളില്‍,  പിച്ചക്കാലുകളില്‍, കൊഞ്ചല്‍ത്തുന്പികളില്‍ എല്ലാമെല്ലാം മറ്റൊരു വസന്തം വിരുന്നിനെത്തി. അവളുടെ വല്യമ്മച്ചിയായ മേരിക്കുട്ടിയുടെ തനി ഛായയാണ് അവള്‍ക്കെന്ന് ബന്ധുക്കളുടെയും, ,സുഹൃത്തുക്കളുടേയും കമന്റുകള്‍ വന്നു. 

ദൈവാനുഗ്രഹത്തിന്റെ കുളിര്‍ തെന്നലില്‍  ജീവിതം പച്ച പിടിച്ചു വരുന്നതിന്റെ മനോസുഖം അനുഭവിച്ചു കഴിയുന്ന കാലത്താണ് ഇടി വെട്ടു പോലെ അപ്രതീക്ഷിതമായി ആ വാര്‍ത്ത വന്നെത്തിയത്. അനീഷിന് സുഖമില്ല, ഐ. സി. യൂ. വില്‍ ആണ്. 

ഇഷ്ട പ്രണയിനി മുന്‍ കയ്യെടുത്ത് നടന്ന വിവാഹത്തോടെ ലണ്ടനില്‍ എത്തിയ അനീഷ് അവിടെ നല്ല നിലയില്‍ ജീവിക്കുകയായിരുന്നു. കലാ കാരനും, സഹൃദയനും, സല്‍സ്വഭാവിയുമായിരുന്ന അനീഷ് ലണ്ടനിലെ മലയാളി കൂട്ടായ്മകളുടെ സജീവ സാന്നിധ്യമായിരുന്നു.

 ' വാനവും, ഭൂമിയും മത്സരിച്ചായിരം, 
ദേവതാരുക്കളില്‍ പൂ വിടര്‍ത്തി .., 
ഓശാനപ്പാട്ടിന്റെ രാഗങ്ങള്‍ യോര്‍ദ്ദാന്റെ, 
ഓളങ്ങളില്‍ പോലും തങ്ങി നിന്നു...! 
എന്ന് തുടങ്ങുന്ന ' ബേത്ത് ശേബ ' എന്ന അവന്റെ കഥാപ്രസംഗം നാട്ടിലും, ലണ്ടനിലുമായി പല തവണ അവന്‍ അവതരിപ്പിച്ചിരുന്നു. 

അഞ്ചു വയസില്‍ താഴെയുള്ള തങ്ങളുടെ പിഞ്ചു പെണ്‍കുട്ടികള്‍ക്ക് അന്ന, മറിയ, സാറ എന്നീ നാടന്‍ പേരുകളിട്ടു വളര്‍ത്തുന്ന അനീഷിനും, ജിഷക്കും തിരിച്ചു നാട്ടില്‍ പോകണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. തങ്ങളുടെ പരന്പരാഗത തൊഴിലായ കൃഷി ചെയ്തു ജീവിക്കണം എന്നാഗ്രഹിച്ചിരുന്ന അവര്‍ ചാത്തമറ്റത്തും, ചുറ്റിലുമായി പതിനഞ്ച് ഏക്കറിലധികം വരുന്ന കൃഷി ഭൂമിയും വാങ്ങിച്ചു സ്വന്തമാക്കിയിരുന്നു. തന്റെ പപ്പയെക്കാള്‍ വല്യപ്പച്ചനായ ഞാനാണ് അവന്റെ റോള്‍മോഡല്‍ എന്ന് പരസ്യമായി പറയുമായിരുന്ന അനീഷ് എല്ലാ വീക്കെന്‍ഡുകളിലും ' വെല്ലുമ്മച്ചീ, ഇതനീഷാ ' എന്ന മുഖവുരയോടെ പതിവായി മേരിക്കുട്ടിയെയും വിളിച്ചിരുന്നു. 

ഞങ്ങളുടെ വീടിന്  തൊട്ടു  ചേര്‍ന്നുള്ളതും, അനീഷ് സ്വന്തമായി വാങ്ങിച്ചതുമായ പുരയിടത്തില്‍ ലണ്ടന്‍ ശൈലിയിലുള്ള ഒരു വീട് പണിതു കൊണ്ടിരിക്കുകയായിരുന്നു അവന്‍. വാര്‍ക്ക പൂര്‍ത്തിയായ വീടിന്റെ മറ്റു പണികള്‍ കൂടി കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് ചേക്കേറി ശിഷ്ട കാലം അവിടെ ജീവിച്ചു തീര്‍ക്കാന്‍ തയാറെടുത്തു നില്‍ക്കുകയായിരുന്നു അവര്‍.

അനീഷ് മുഖാന്തിരം ലണ്ടനില്‍ എത്തിയ അവന്റെ സഹോദരി നിമിഷയും. അവളുടെ ഭര്‍ത്താവും, കുടുംബമായി ലണ്ടനില്‍ തന്നെയായിരുന്നു താമസം. നിമിഷയുടെ ഭര്‍ത്താവ് എല്‍ദോസ് അപ്പന്റെ  കൂട്ടു കൃഷിക്കാരനായിരുന്ന അന്പാട്ടെ വറുഗീസ് അപ്പാപ്പന്റെ ഇളയ  മകനും, നാട്ടിലെ എന്റെ നല്ല സുഹൃത്തുക്കളില്‍  ഒരാളുമായിരുന്ന അന്പാട്ടെ ഞ്ഞൂഞ്ഞാപ്പന്റെ ഏക മകനായിരുന്നു. ഒരേ കാലത്തു ഞങ്ങളുടെ പ്രദേശത്തേക്ക് കുടിയേറിയ കുടുംബങ്ങള്‍ എന്ന നിലക്ക് തലമുറകളായി നില നില്‍ക്കുന്നതാണ് ഞങ്ങളുടെ ബന്ധങ്ങള്‍.

അനീഷിന്റെയും, നിമിഷയുടെയും വീടുകളിലേക്ക് വിളിച്ചിട്ട് ആരും ഫോണ്‍ എടുക്കുന്നില്ല. അല്‍പ്പം വിവരങ്ങള്‍ അറിയുന്നത് നാട്ടില്‍ നിന്നാണ്. ജോലി കഴിഞ്ഞു വന്ന അനീഷിന് കലശലായ തലവേദന ഉണ്ടായിയെന്നും, ആംബുലന്‍സില്‍ പോകും വഴി ബോധം നഷ്ടപ്പെട്ടുവെന്നും, ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ആണെന്നുമുള്ള വിവരമാണ് നാട്ടില്‍ കിട്ടിയതെന്ന് അറിഞ്ഞു. 

അല്‍പ്പം കഴിഞ്ഞപ്പോള്‍ നിമിഷയുടെ വിളി വന്നു. മേരിക്കുട്ടിയാണ് ഫോണ്‍ എടുത്തത്. ' ചേട്ടായി വെന്റിലേറ്ററിലാണ്, ഒരു ഡോക്ടര്‍ വരാന്‍ കാക്കുകയാണ് ' എന്ന് മാത്രം പറയുവാനേ അവള്‍ക്കു കഴിഞ്ഞുള്ളു. എല്ലാ നിയന്ത്രണങ്ങളും വിട്ട് അവള്‍ പൊട്ടിക്കരഞ്ഞു ഫോണ്‍ വച്ചിട്ട് പോയി.  റോയിയും കുടുംബവും ഞങ്ങളോടൊപ്പം എല്ലാം കേട്ടു  കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കേട്ടതിനെക്കാളും, അറിഞ്ഞതിനെക്കാളും സീരിയസ്സാണ് കാര്യം എന്ന് എല്ലാവര്‍ക്കും മനസിലായി. 

ലണ്ടന്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ബേബിയുടെ മകന്‍ സുനില്‍ അന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. എല്‍ദോസ് അവനെ വിളിച്ചു. വിവരമറിഞ്ഞ് അവന്‍ അനീഷിന്റെ അടുത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും, അവിടെ ചെന്നിട്ട് തിരിച്ചു വിളിക്കാമെന്നും സുനില്‍ പറഞ്ഞു. 

വിമൂകമായ നിമിഷങ്ങള്‍ ഇഴയുകയാണ്. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. സ്വന്തം ചിന്തകളുടെ തട്ടകങ്ങളില്‍ സ്വയം തളക്കപ്പെട്ട പോലെ ഞങ്ങള്‍ ഇരിക്കുകയാണ്. ടീപ്പോയിമേല്‍ വച്ചിട്ടുള്ള ടിഷ്യു പേപ്പര്‍ ഒന്നൊന്നായി നനഞ്ഞ് ഗാര്‍ബേജ് ക്യാനില്‍  വീണു കൊണ്ടേയിരിക്കുന്നു. 

എല്‍ദോസിന്റെ ഫോണിലേക്ക് സുനിലിന്റെ വിളി വന്നു. എല്ലാവര്‍ക്കുമായി സ്പീക്കര്‍ മോഡിലിട്ട ആ ഫോണിലൂടെ ഞങ്ങള്‍ സുനിലിന്റെ തേങ്ങല്‍ കേട്ടു. ആ തേങ്ങലില്‍ ഇട കലര്‍ന്ന് കാട്ടുമുള പൊട്ടും പോലെ അവന്റെ ശബ്ദം പൊട്ടിച്ചിതറി ' അനീഷ് ചേട്ടായി മരിച്ചു പോയി.'

ഒരാഴ്ച കഴിഞ്ഞു നാട്ടിലെത്തിയ മൃതദേഹം സ്വീകരിക്കാന്‍ ഞങ്ങളെല്ലാം എത്തിയിരുന്നു. സ്‌നേഹിച്ചു തീരാത്ത പപ്പയെ യാത്രയയക്കാന്‍ കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ജിഷയും, മൂന്നു പിഞ്ചു പെണ്‍മക്കളും നെടുന്പാശേരിയില്‍ ഇറങ്ങി. മൃത ദേഹത്തോടൊപ്പം അനീഷിന്റെ സുഹൃത്തുക്കളായ ഏതാനും ലണ്ടന്‍ മലയാളികളും എത്തിയിരുന്നു. ലണ്ടനിലെ നിയമ പരമായ പ്രൊസീജിയറുകള്‍ പൂര്‍ത്തിയാക്കാനും, ബോഡി എംബാം ചെയ്ത് നാട്ടിലെത്തിക്കുന്നതിനുമെല്ലാം നിശബ്ദരായി ഓടി നടന്നു പ്രവര്‍ത്തിച്ചിരുന്നത് ലണ്ടനിലെ മലയാളി സുഹൃത്തുക്കളും, അവരുടെ സംഘടനകളും ആയിരുന്നുവെന്നത് ഇവിടെ നന്ദിയോടെ അനുസ്മരിക്കുന്നു. ( അമേരിക്കയില്‍ വച്ചാണ് ഇത്തരം ഒരു സംഭവം നടന്നിരുന്നതെങ്കില്‍ നമ്മുടെ മോന്തക്കാട്ടി നേതാക്കളുടെ മോര്‍ഫിയന്‍ ചിത്രങ്ങള്‍ കൊണ്ട് പത്രങ്ങളും, സൈബര്‍ ഇടങ്ങളും നിറയുമായിരുന്നു എന്നും, അതെല്ലാം കണ്ടും, വായിച്ചും സാദാ മലയാളി തല കറങ്ങി വീഴുമായിരുന്നു എന്നും ഉള്ള സത്യം പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.) 

എയര്‍ പോര്‍ട്ടിലെ കാര്‍ഗോ ഏരിയായില്‍ നിന്ന് ഏറ്റു വാങ്ങിയ ബോഡി ആംബുലന്‍സില്‍ വീട്ടിലേക്കു കൊണ്ട് പോവുകയാണ്. പെട്ടിയുടെ ചില്ലു ജാലകത്തിലൂടെ ദൃശ്യമാവുന്ന അനീഷിന്റെ സുന്ദര മുഖം ോക്കി അവന്റെ പപ്പയായ എന്റെ അനുജന്‍ ജോര്‍ജ് തറയിലിരിക്കുകയാണ്. തന്റെ മുട്ടയും വഹിച്ചു കൂടു മാറുന്ന ഉറുന്പിനെ ഓര്‍മ്മപ്പെടുത്തുന്ന ആ ദാരുണ ചിത്രം മനുഷ്യ സ്വപ്നങ്ങളുടെ നൈമിഷികതയുടെ നേര്‍ ചിത്രങ്ങള്‍ എന്റെ മനസ്സില്‍ കോറിയിടുന്‌പോള്‍, ഉറുന്പിന്‍ മുട്ടയില്‍ ഒരു ജീവന്‍ തുടിക്കുന്നുണ്ട് എന്ന സ്വപ്നം ഉറുന്പിനുള്ളപ്പോള്‍, എന്റെ അനുജന് അത് പോലുമില്ലല്ലോ എന്ന് എന്റെ അകം നീറുകയായിരുന്നു. 

മൃത ദേഹം വീട്ടിലെത്തിയ രംഗം. വീട്ടുകാരുടെയും, നാട്ടുകാരുടെയും സ്വപ്നങ്ങള്‍ക്ക് കടല് കടന്നു പോയി ആവും വിധം നിറച്ചാര്‍ത്തു പകര്‍ന്ന മുപ്പത്താറുകാരന്‍ യുവാവ്. ഒരു വയസു പോലും തികയാത്ത ഇളയതുള്‍പ്പടെ മൂന്നു പെണ്‍ കുഞ്ഞുങ്ങള്‍. ഒരു വശത്ത് വാര്‍ക്ക കഴിഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ മോഡല്‍ സ്വപ്ന വീട്.

പൊട്ടിത്തകര്‍ന്ന സ്വപ്നങ്ങളുടെ ഒരു ചില്ലുകൂടായിത്തീരുന്നു ഞങ്ങളുടെ വീട്. അവിടെ നിന്നുയര്‍ന്ന കൂട്ടക്കരച്ചിലില്‍ ഞങ്ങളുടെ ഗ്രാമം മുഴുവനും കരഞ്ഞു. ഗ്രാമ ജീവിതത്തിന്റെ ആരംഭം മുതല്‍ ഇന്ന് വരെയും ഒരു മനുഷ്യനെയും മനഃപൂര്‍വം ഉപദ്രവിച്ചിട്ടില്ലാത്ത ചരിത്രം മാത്രമുള്ള ഞങ്ങളുടെ കുടുംബത്തിന്റെ വേദന സ്വന്തം വേദനയായി കാണാന്‍ കഴിഞ്ഞത് കൊണ്ട് കൂടിയായിരിക്കണം ഒരു ഗ്രാമം ഒന്നാകെ വാവിട്ടു കരഞ്ഞു പോയത്.

ചാത്തമറ്റം പള്ളിയുടെ സെമിത്തേരിയില്‍ ' സ്‌നേഹിച്ചു തീരാത്ത പപ്പക്ക് ' എന്ന അടിക്കുറിപ്പോടെ ഒരു വയലിന്റെ ചിത്രവുമായി അനീഷിന്റെ സ്മരണാകുടീരം ഉയര്‍ന്നു നില്‍ക്കുന്നു. പ്രിയപ്പെട്ടവരുടെ ആത്മാവുകളില്‍ ഒരു വയലിന്റെ തേങ്ങലായി ഉണരുന്ന സ്മരണകളോടെ ജന്മാന്തരങ്ങളുടെ പടവുകള്‍ കടന്ന് ജീവിതം ഒഴുകിക്കൊണ്ടേയിരിക്കുന്നു.

വാനവും, ഭൂമിയും മത്സരിച്ചായിരം 
ദേവതാരുക്കളില്‍ പൂ വിടര്‍ത്തി .., 
ഓശാനപ്പാട്ടിന്റെ രാഗങ്ങള്‍ യോര്‍ദ്ദാന്റെ 
ഓളങ്ങളില്‍പ്പോലും തങ്ങി  നിന്നു !   

എന്ന് സ്വയം മീട്ടിയിരുന്ന അവന്‍ എന്ന വയലിന്‍ പോലെ ആ ശവകുടീരം തെങ്ങുന്നുണ്ടായിരുന്നുവോ എന്ന് ഓരോ തവണയും അവിടെയെത്തുന്‌പോള്‍ എനിക്ക് തോന്നിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

View More